Wednesday, January 19

യുഎസ് കുടിയേറ്റം: ഭിന്നശേഷിയുള്ള ഇന്ത്യന്‍ കുഞ്ഞിനെ അമ്മയില്‍ നിന്നും വേര്‍പ്പെടുത്തി

യുഎസില്‍ അഭയം തേടി മെക്‌സിക്കോയില്‍ നിന്നും അമേരിക്കയിലേക്ക് കടന്ന ഇന്ത്യന്‍ വനിതയുടെ അഞ്ചുവയസുള്ള ഭിന്നശേഷിക്കാരനായ മകനെ അമ്മയില്‍ നിന്നും വേര്‍പ്പെടുത്തി. ഇന്നലെയാണ് ഞെട്ടിക്കുന്ന ഈ വാര്‍ത്ത മാധ്യമങ്ങള്‍ പുറത്തുകൊണ്ടുവന്നത്. യുഎസ് അതിര്‍ത്തിയില്‍ വച്ച് കുഞ്ഞുങ്ങളെ മാതാപിതാക്കളില്‍ നിന്നും വേര്‍പ്പെടുത്തുന്ന യുഎസിന്റെ വിവാദമായ ‘സീറോ ടോളറന്‍സ്’ നയം മൂലം ഇതിനകം 2,000 കുട്ടികള്‍ അവരുടെ മാതാപിതാക്കളില്‍ നിന്നോ രക്ഷകര്‍ത്താക്കളില്‍ നിന്നോ വേര്‍പ്പെടുത്തപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. ട്രംപ് ഭരണകൂടത്തിന്റെ വികലനയത്തിനെതിരെ വ്യാപക പ്രതിഷേധമാണ് അമേരിക്കയിലും ലോകത്തിന്റെ മറ്റ് ഭാഗങ്ങളിലും ഉയരുന്നത്.
ഭാവന പട്ടേല്‍ എന്ന 33കാരിക്ക് അരിസോണ കോടതി ജൂണ്‍ 26ന് 30,000 ഡോളറിന് ജാമ്യം അനുവദിച്ചിട്ടുണ്ട്. എന്നാല്‍ ഭിന്നശേഷിക്കാരനായ തന്റെ പുത്രനെ അവര്‍ക്ക് ഉടന്‍ കാണാനാവുമോ എന്ന് കാര്യത്തില്‍ വ്യക്തതയില്ലെന്ന് വാഷിംഗ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. നയം നടപ്പിലാക്കി തുടങ്ങിയതിന് ശേഷം ഒരു ഇന്ത്യന്‍ കുഞ്ഞിനെ മാതാപിതാക്കളില്‍ നിന്നും വേര്‍പ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് പരസ്യവിവരം പുറത്തുവരുന്നത് ആദ്യമായാണ്.
അഹമ്മദാബാദിലെ വീട്ടില്‍ പീഢനം സഹിക്കാനാവാതെയാണ് അഞ്ചുവയസുകാരനായ മകനോടൊപ്പം അമേരിക്കയില്‍ അഭയം തേടാന്‍ ഭാവന പട്ടേല്‍ തയ്യാറായതെന്ന് അവരുടെ അറ്റോര്‍ണി ജാമ്യപേക്ഷയിലെ വാദത്തിനിടയില്‍ കോടതിയെ അറിയിച്ചു. ഇന്ത്യയില്‍ നിന്നും ഗ്രീസ് വഴിയാണ് അവര്‍ മെക്‌സിക്കോയില്‍ എത്തിയത്.
യുഎസ് ജയിലുകളിലുള്ള ഇന്ത്യക്കാരുടെ യഥാര്‍ത്ഥ കണക്കുകള്‍ ലഭ്യമല്ല. എന്നാല്‍ മതിയായ രേഖകളില്ലാത്ത 200 ഇന്ത്യക്കാര്‍ വാഷിംഗ്ടണ്‍, ന്യൂ മെക്‌സിക്കോ, ഓറിയോണ്‍, പെന്‍സര്‍വാനിയ ജയിലുകളിളുണ്ടെന്ന് ചില റിപ്പോര്‍ട്ടുകള്‍ പറയുന്നു. പഞ്ചാബ്, ഗുജറാത്ത് സംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണ് ഇവരില്‍ ഭൂരിപക്ഷവും. ഇന്ത്യക്കാരുടെ യഥാര്‍ത്ഥ വിവരങ്ങള്‍ അറിയുന്നതിന് ഇന്ത്യന്‍ എംബസി ഈ ജയിലുകളിലേക്കെല്ലാം മുതിര്‍ന്ന നയതന്ത്രപ്രതിനിധികളെ അയച്ചിരുന്നു. എന്നാല്‍ ഔദ്ധ്യോഗിക കണക്കുകള്‍ ഇനിയും ലഭ്യമാകാനിരിക്കുന്നതേയുള്ളു.

Spread the love
Read Also  പൊതുമാപ്പില്‍  നാട്ടിലേക്ക് മടങ്ങുന്ന ഇന്ത്യക്കാര്‍ക്ക് സൗജന്യമായി ഇസി നല്‍കുമെന്ന് ഇന്ത്യന്‍ എംബസി