ഒരു സിനിമയിലെ എല്ലാ ഗാനങ്ങളും ഹിറ്റായി മാറുക. അതും ബോളിവുഡിൽ നിന്നും കടന്നു വന്ന് മലയാളത്തിൽ ആദ്യമായി കമ്പോസു ചെയ്ത ഗാനങ്ങൾ. പറഞ്ഞു വരുന്നത് 1970 ൽ പുറത്തു വന്ന ‘മൂടൽമഞ്ഞ്’ എന്ന സിനിമയിലെ ഗാനങ്ങളെക്കുറിച്ചാണ്.മലയാളികൾ ഗുഹാതുരത്വത്തോടെ ഇന്നും നെഞ്ചേറ്റി നടക്കുന്ന ആ മധുര ഗാനങ്ങൾ ഒരുക്കിയ ഉഷാ ഖന്നയെ എങ്ങനെ മറക്കുവാൻ കഴിയും.

നൗഷാദ് ഉൾപ്പെടെയുള്ള പുരുഷ സംഗീത സംവിധായകർ കൊടികുത്തി വാണിരുന്ന ഹിന്ദി സിനിമാ സംഗീത ലോകത്ത് തന്റെ ഇമ്പമാർന്ന ട്യൂണുകൾ കൊണ്ട് കൈയ്യൊപ്പ് ചാർത്തിയ വനിതയാണ് ഉഷാ ഖന്ന.

1941 ഒക്ടോബർ 7 ന് ഗ്വാളിയോറിൽ ജനിച്ച അവരുടെ പിതാവ് സംഗീതജ്ഞനായ മനോഹർ ഖന്നയായിരുന്നു. ശാസ്ത്രീയമായി സംഗീതം അഭ്യസിച്ചിട്ടില്ലാതിരുന്ന അവരെ സിനിമാ മേഖലയിൽ കൊണ്ടുവരുന്നത് സംഗീത സംവിധായകൻ ഒ.പി.നയ്യാറായിരുന്നു. ഗായിക ആയി തുടങ്ങാൻ ആഗ്രഹിച്ചുവെങ്കിലും സംഗീത സംവിധാന രംഗത്തേക്ക് എത്തപ്പെടുകയായിരുന്നു.1959-ൽ ദിൽ ദേക്കേ ദേഖോ എന്ന ചിത്രത്തിലൂടെ പതിനേഴാമത്തെ വയസ്സിൽ സംഗീത സംവിധാന രംഗത്തേക്ക് അരങ്ങേറ്റം കുറിച്ച ഉഷ പിന്നീട് തൊട്ടതെല്ലാം പൊന്നാക്കുന്ന അത്യന്തം വിസ്മയകരമായ കാഴ്ചയാണ് സിനിമാലോകം കണ്ടത്.

അതോടെ ഗോസിപ്പുകളും ഉണ്ടാകാൻ തുടങ്ങി. സംഗീത സംവിധാന രംഗത്ത് ഒരു സ്ത്രീ അത്ഭുതങ്ങൾ സൃഷ്ടിക്കുന്നത് സിനിമാ മേഖലയിലെ പലർക്കും അലോസരമുണ്ടാക്കി.ഉഷയ്ക്ക് പിന്നിൽ പുരുഷ കരങ്ങളുണ്ടെന്നുള്ള പ്രചാരണം ശക്തമായി. സിനിമാ പ്രസിദ്ധീകരണങ്ങൾ ഉൾപ്പെടെയുള്ള മാധ്യമങ്ങൾ നന്നായി തന്നെ ഇത്തരം വാർത്തകളെ പ്രോത്സാഹിപ്പിച്ചു കൊണ്ടും ഇരുന്നു. നിരവധി ഹിറ്റു ഗാനങ്ങൾ സമ്മാനിച്ചു കൊണ്ട് ആവുന്നതും അവർ പിടിച്ചു നിന്നു.

റാഫിയും കിഷോറും ലതയുമെല്ലാം അവരുടെ ട്യൂണുകൾക്ക് ജീവൻ നൽകി.ഗാനരചയിതാവ് സാവൻകുമാറിനെ വിവാഹം കഴിച്ച ഉഷ അദ്ദേഹവും മൊത്ത് നിരവധിഗാനങ്ങൾ കമ്പോസ് ചെയ്തു.(സാവൻ കുമാറുമായുള്ള ബന്ധം പിന്നീട് വേർപെടുത്തി). അനുപമാ ദേശ്പാണ്ഡെ, പങ്കജ് ഉദാസ്, ഹേമലത, സോനു നിഗം ഉൾപ്പെടെ നിരവധി പുതുഗായകരെ സിനിമയിൽ അവർ പരിചയപ്പെടുത്തി. 30 വർഷത്തോളം ചലച്ചിത്ര സംഗീത സപര്യയുമായി നിറഞ്ഞു നിന്നു.

ഹിന്ദിയിൽ പ്രശസ്തിയുടെ നെറുകയിൽ നിൽക്കുമ്പോഴാണ് ഉഷാ ഖന്ന മലയാളത്തിലേക്ക് കടന്നു വരുന്നത്.വി.എസ്.പിക്ചേഴ്സിന്റെ ബാനറിൽ വാസുദേവൻ നായർ നിർമ്മിച്ച് സുദിൻ മേനോൻ സംവിധാനം ചെയ്ത 1970-ൽ റിലീസ് ചെയ്ത ‘മൂടൽമഞ്ഞിലെ ‘അഞ്ചു ഗാനങ്ങളും ശ്രോതാക്കൾ ഏറ്റെടുത്തു വെങ്കിലും മലയാള സിനിമയിൽ കാലുറപ്പിക്കുവാൻ അവർക്ക് കഴിഞ്ഞില്ല.

ആദിപാപം , ഊമക്കത്ത്, അഗ്നി നിലാവ്, പുത്തൂരം പുത്രി ഉണ്ണിയാർച്ച തുടങ്ങിയ ചിത്രങ്ങളിലെ ഗാനങ്ങൾ ശ്രദ്ധിക്കപ്പെട്ടില്ല. എന്നാൽ നമ്മുടെ ഗാന ഗന്ധർവന് ഹിന്ദിയിൽ അവസരം കൊടുക്കുന്നതിൽ യാതൊരു പിശുക്കും അവർ കാട്ടിയില്ല 1979-ൽ യേശുദാസിന് ഫിലിം ഫെയർ അവാർഡ് ലഭിച്ച ‘ദാദ ‘സിനിമയിലെ ”ദിൽക്കെ ടുക്ക ഡെ….. ” എന്ന ഗാനം കമ്പോസ് ചെയ്തത് അവരായിരുന്നു. 2010 ൽ സ്വരലയ സംഗീത പുരസ്ക്കാരം നൽകി കൊണ്ട് മലയാള ചലച്ചിത്ര ലോകം ഉഷാ ഖന്നയെ ആദരിച്ചു

Read Also  ഹേയ് അപ്പൂപ്പാ, അനശ്വരസംഗീതജ്ഞന്‍ ബാലസാഹിത്യമെഴുതുന്നു

 

പ്രതിപക്ഷം ഫേസ്‌ബുക്ക് പേജ്

പ്രതിപക്ഷം വാട്ട്സാപ്പിൽ

LEAVE A REPLY

Please enter your comment!
Please enter your name here