മലയാള സിനിമ അത്രകണ്ട് പറഞ്ഞ് ശീലിച്ചിട്ടില്ലാത്ത, കേട്ടു പഴകിയിട്ടില്ലാത്ത കഥയാണ് ‘ഉയരെ’ പറയുന്നത്. ആസിഡ് ആക്രമണത്തിനിരയായ നായിക കേന്ദ്രകഥാപാത്രമാകുന്ന വാണിജ്യ സിനിമ !

പതിനാലാം വയസ്സ് മുതൽ വിമാനവും, ആകാശവുമാണ് പല്ലവി രവീന്ദ്രന്റെ സ്വപ്നങ്ങൾ. പ്രണയത്തിനും, സ്വപ്നങ്ങൾക്കുമിടയിൽ സ്വയം അടയാളപ്പെടുത്താനാകാതെ തന്നോടു തന്നെ കലഹിച്ചാണ് പല്ലവി തന്റെ ടീനേജ് ജീവിച്ചു തീർക്കുന്നത്. കാമുകന്റെ ഇഷ്ടത്തിനനുസരിച്ച് ഹെയർ സ്റ്റൈലും, ധരിക്കുന്ന വസ്ത്രവുമുൾപ്പടെയെല്ലാം തെരഞ്ഞെടുക്കേണ്ടി വരുന്ന പെൺകുട്ടിയുടെ കാഴ്ച സിനിമയിൽ പുതിയതും നമുക്കു ചുറ്റും സർവ്വസാധാരണവുമാണല്ലോ?
നിശ്ചയദാർഢ്യത്തിലൂടെ പ്രതിസന്ധികളെയൊക്കെ തരണം ചെയ്ത് സ്വപ്നങ്ങളിലേക്ക് പറന്നിറങ്ങാനൊരുങ്ങുമ്പോഴാണ് ദുരന്തം ആസിഡ് ആക്രമണത്തിന്റെ രൂപത്തിൽ പല്ലവിയെത്തേടിയെത്തുന്നത്. ഈ സിനിമയുടെ തന്നെ ഭാഷയിൽ പറഞ്ഞാൽ ഒരു ക്രാഷ് ലാൻഡിങ്! പല്ലവി രവീന്ദ്രൻ പാർവ്വതിയുടെ കയ്യിൽ സുഭദ്രമായിരുന്നു. എപ്പോഴുമെന്നപോലെ, ചേരുവകളൊക്കെയും കിറുകൃത്യം .അതല്ലെങ്കിലും പാർവ്വതിയിൽ നിന്നതിൽ കുറഞ്ഞതൊന്നും നമ്മൾ പ്രതീക്ഷിക്കുന്നുമില്ലല്ലോ!.

 

സ്ക്രീനിൽ പല്ലവിയുടേത് മാത്രമാകേണ്ടിയിരുന്ന സിനിമയെ നിർവികാരത നിറഞ്ഞ മുഖത്തോടെ തന്റേത് കൂടെയാക്കുന്ന ഒരാളുണ്ട്. ആസിഫ് അലിയുടെ ഗോവിന്ദ്. അരക്ഷിതമനസ്സും പൊസസ്സീവ്നെസ്സും, ആണധികാരബോധവും ചേർന്ന സങ്കീർണകഥാപാത്രമായുള്ള ആസിഫ് അലിയുടെ പകർന്നാട്ടം അതിഗംഭീരമാണെന്ന് പറയാതെ വയ്യ.

കോർപ്പറേറ്റ് ലുക്കിൽ, പല്ലവിക്ക് നല്ല കൂട്ടുകാരനായി ടോവിനോയുമുണ്ട്. അസാധാരണ പ്രകടനങ്ങളാൽ മുൻ ചിത്രങ്ങളിലെ തന്റെ തന്നെ കഥാപാത്രങ്ങളെ സ്ക്രീനിൽ നിഷ്ഭ്രമമാക്കുന്ന പതിവ് സിദ്ദിഖ് ഇവിടെയും തുടരുന്നു, കരുതലുള്ള അച്ഛനായി !

Image result for uyare movie asif ali

അന്തരിച്ച സംവിധായകൻ രാജേഷ് പിള്ളയുടെ സംവിധാന സഹായിയായിരുന്ന മനു ആശോകന്റെ ആദ്യ ചിത്രമാണ് ‘ഉയരെ’. . രാജേഷ് പിള്ളയ്ക്ക് പറഞ്ഞ് മുഴുവിപ്പിക്കാനാകാതെ പോയ കഥകൾ പറയാൻ മനു അശോനുണ്ടാകും ഇനി. അയാളിൽ നിന്ന് ഇനിയുമേറെ പ്രതീക്ഷിക്കാം.

പകയ്ക്ക് വഴിമാറിയ ടീനേജ് പ്രണയങ്ങൾ രണ്ട് പെൺകുട്ടികളുടെ മരണത്തിലെത്തിലെത്തിയത് കണ്ടു ഞെട്ടൽ മാറുന്നതിന് മുന്നേയാണ് ഉയരെ മലയാളിയുടെ മുന്നിലെത്തുന്നത്. ബോബി – സഞ്ജയുടെ തിരക്കഥ ചർച്ച ചെയ്യപ്പേടണ്ടതും, ഉയരെ കണ്ടിരിക്കേണ്ട ചിത്രമാകുന്നതും ഈ പശ്ചാത്തലത്തിലാണ്.

രണ്ട് മണിക്കൂറും അഞ്ച് മിനിട്ടും മാത്രം ദൈർഘ്യമുള്ള ഒരു കൊച്ചു സിനിമയാണ് ‘ഉയരെ’. ഗുരുതരമായ ഒരു വിഷയം ചർച്ച ചെയ്യുന്നതിനിടയിൽ വാണിജ്യസിനിമയിൽ പ്രതീക്ഷിക്കുന്ന വിനോദ ഘടകങ്ങൾ കുറഞ്ഞ് പോയെന്നു പോലും ചിന്തിക്കാനിട നൽകാതെയാണ് ചിത്രം മുന്നോട്ട് പോകുന്നത്. ഗോപി സുന്ദറിന്റെ സംഗീതമുൾപ്പടെ മറ്റു സാങ്കേതിക വിഭാഗങ്ങളൊക്കെയും കഥ പറച്ചിലിനോട് ചേർന്നു നിന്നു. പാട്ടുകൾ പ്രത്യേകിച്ചും.

തുടങ്ങിയിടത്ത് തന്നെ നിർത്താം;
ആസിഡ് ആക്രമണത്തിനിരയായ നായിക കേന്ദ്രകഥാപാത്രമാകുന്ന മലയാള വാണിജ്യ സിനിമ !
പുതുതലമുറ സിനിമാപ്രേക്ഷകരിൽ ഇത്രയധികം വിശ്വാസമർപ്പിച്ച ‘ഉയരെ’യുടെ പിന്നണിക്കാർ വമ്പൻ വിജയത്തിൽ കുറഞ്ഞതൊന്നും അർഹിക്കുന്നില്ല. കോടി കിലുക്കങ്ങൾക്കിടയിൽ വരും നാളുകളിൽ ജനിക്കാൻ പോകുന്ന നല്ല സിനിമകൾക്കായുള്ള നമ്മുടെ നിക്ഷേപമങ്ങനെയുമാകാം !

Read Also  അമ്മയുടെ നിലപാടറിയാൻ യോഗം വിളിക്കണമെന്ന് അമ്മയിലെ WCC അംഗങ്ങൾ

LEAVE A REPLY

Please enter your comment!
Please enter your name here