Friday, January 21

നാമജപ ഘോഷയാത്രയും വിശ്വാസ സംരക്ഷണ ജാഥയും ഒന്നാണെന്ന് വി. ഡി. സതീശൻ

കോൺഗ്രസ് നേതൃത്വത്തിനെതിരെ വി. ഡി. സതീശൻ വീണ്ടും രംഗത്ത്. ബിജെപി നടത്തുന്ന നാമജപ ഘോഷയാത്രയും കോൺഗ്രസ് നടത്തുന്ന വിശ്വാസ സംരക്ഷണയാത്രയും ഒന്നാണെന്ന രീതിയിലാണ് ജനങ്ങൾ കാണുന്നത്. കോൺഗ്രസ് നടത്തുന്ന ജാഥകൾക്ക് വിശ്വാസ സംരക്ഷണ ജാഥ എന്ന പേരിനുപകരം രാഷ്ട്രീയപ്രചാരണ ജാഥ എന്നായിരുന്നു പേര് വേണ്ടതെന്നും വി ഡി സതീശൻ പറഞ്ഞു. ഇതോടെ വിശ്വാസ സംരക്ഷണ ജാഥയുമായി ബന്ധപ്പെട്ട് നേതാക്കൾ ഏകപക്ഷീയമായി എടുത്ത തീരുമാനം ആണെന്നും പാർട്ടിയിൽ ചർച്ച ചെയ്തിട്ടില്ലെന്നും വ്യക്തമായി. നേരത്തെ തന്നെ വി. ഡി. സതീശൻ, വി. ടി. ബൽറാം എന്നിവർ കോൺഗ്രസ് നേതൃത്വത്തിന്റെ ശബരിമല നിലപാടുകൾക്കെതിരെ രംഗത്ത് വന്നിരുന്നു. ശബരിമല വിഷയത്തിൽ കോൺഗ്രസ് പ്രസിഡന്റ് രാഹുൽഗാന്ധിയുടെ അഭിപ്രായത്തിനോടാണ് തനിക്ക് യോജിപ്പെന്നും അദ്ദേഹം പറഞ്ഞു. ഇൻകാസ് ഷാർജ കമ്മിറ്റി നൽകിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സാമൂഹികമാധ്യമങ്ങളിലൂടെ ചില നേതാക്കളോടുള്ള ആരാധന കാരണം മറ്റു നേതാക്കളെ തെറിപറയരുതെന്നും സതീശൻ അഭ്യർത്ഥിച്ചു. ഇത്തരം നിലപാടുകൾ കോൺഗ്രസിന് ക്ഷീണമാണ് ഉണ്ടാക്കുകയെന്നും ഏതെങ്കിലും കോൺഗ്രസ് നേതാക്കൾ ബി.ജെ.പി.യിലേക്ക് പോവുകയാണെന്ന് സാമൂഹികമാധ്യമങ്ങൾ പ്രചരിപ്പിക്കുമ്പോൾ തങ്ങൾ പോകില്ല എന്ന് പത്രസമ്മേളനം വിളിച്ചു മറുപടി പറയേണ്ട കാര്യമില്ലെന്നും സതീശൻ പറഞ്ഞു. കെ. സുധാകരനെ ബിജെപിയിലേക്ക് ക്ഷണിച്ചിരുന്നതായും എന്നാൽ താൻ അങ്ങോട്ടില്ലെന്നും സുധാകരൻ പത്ര സമ്മേളനത്തിൽ വ്യക്തമാക്കിയിരുന്നു. ഇതുദ്ദേശിച്ചാണ് സതീശന്റെ പ്രസ്താവന.

Spread the love
Read Also  പോലീസിന്റെ സമീപനം മികച്ചത്; പോലീസിനോട് സഹകരിക്കണം: രാഹുല്‍ ഈശ്വര്‍

61 Comments

Leave a Reply