Monday, July 6

ഞാനും അർബൻ നക്സലാണ്.. ഗിരീഷ് കർണാട് കടന്നു പോകുമ്പോൾ

ഒരു കലാകാരന്റെ പരിപൂർണ്ണമായ അവസ്ഥകളെന്തൊക്കെയോ അതിലെല്ലാം എത്തപ്പെട്ടിട്ടുള്ള മനുഷ്യൻ. കവി, തിരക്കഥാകൃത്ത്, നടൻ , സംവിധായകൻ,വിമർശകൻ,പരിഭാഷകൻ, സാംസ്‌കാരിക സംഘടനാ പ്രവർത്തകൻ എല്ലാമായിരുന്നു ഗിരീഷ് കർണാട്.’നവോത്ഥാന മനുഷ്യൻ’ എന്നദ്ദേഹത്ത വിളിച്ചവരുണ്ട്. ധരം വീർ ഭാരതി, മോഹൻ രാകേഷ്,വിജയ് തെണ്ടുൽക്കർ, ഇവരൊക്കെ സമകാലികരായി ദേശീയ നാടക വേദിയിൽ നിൽക്കുമ്പോഴും ഗിരീഷ് കർണാടിന്റെ വഴികൾ വ്യത്യസ്തമായിരുന്നു. കന്നഡ സാഹിത്യത്തിൽ അദ്ദേഹം കുറിച്ചിട്ട നാടകങ്ങളെല്ലാം മറ്റു ഭാഷകളിലേക്ക് സ്വീകരിക്കപ്പെടുകയും അതിനുപരി മൊഴിമാറ്റം ചെയ്യപ്പെട്ട് അവതരിപ്പിക്കുകയും ചെയ്തിട്ടുണ്ട്. മിത്തുക്കളെ തിരുത്തിയെഴുതുകയായിരുന്നു, അതല്ലെങ്കിൽ പുതിയ വ്യാഖ്യാനം ചമയ്ക്കയുകയായിരുന്നു അദ്ദേഹം. തദ്ദേശീയമായ നാടക രൂപങ്ങൾ കണ്ടുവളർന്ന ഗിരീഷ് കർണാട് പിന്നീട് അതിന്റെ വിപുലമായ സാദ്ധ്യതകൾ അന്വേഷിക്കുകയായിരുന്നു രചനകളിലൂടെ. യക്ഷഗാനത്തിന്റെയും നാടക മണ്ഡലി യുടെയും സ്വാധീനം അദ്ദേഹത്തിന്റെ അരങ്ങിനെപ്പറ്റിയുള്ള ധാരണയിൽ ഒപ്പം നിൽക്കുകയായിരുന്നു. മറ്റെല്ലാം കലാരൂപങ്ങളിലും അദ്ദേഹത്തിന്റെ സാന്നിധ്യമുണ്ടായിരുന്നെങ്കിലും നാടകമായിരുന്നു പ്രധാന വേദിയെന്നു തന്നെ പറയാം.എക്കാലത്തെയും ഏറ്റവും കൂടുതൽ വായിക്കപ്പെടുന്ന ഗിരീഷ് കർണാടിന്റെ നാടകമായിരുന്നു തുഗ്ലക്ക്. ആധികാരിക നാടക രചനയിൽ അദ്ദേഹത്തിന്റേതായി രണ്ടാമത് പുറത്തുവന്ന നാടകം.1972 ലാണ് തുഗ്ലക്ക് കന്നഡ ഭാഷയിൽ അദ്ദേഹം എഴുതുന്നത്. പറഞ്ഞുപഴകിയ തുഗ്ലക്ക് മണ്ടത്തരത്തിൽ നിന്നല്ലായിരുന്നു അദ്ദേഹത്തിന്റെ തുഗ്ലക്ക് അരങ്ങിൽ ജീവിച്ചത്. ഒരു ഭരണാധികാരി എത്രതന്നെ പുരോഗമനാത്മകമായ കാര്യങ്ങൾ ജനങ്ങൾക്കായി ചെയ്താലും വ്യക്തിപരമായി മാത്രമേ അയാൾ വിലയിരുത്തപ്പെടുള്ളൂ എന്ന ചിന്തയായാണ് തുഗ്ളക്കിൽ കാണുന്നത്. പിതാവിനെയും അടുത്ത യഥാർത്ഥ കിരീടാവകാശിയെയും പ്രാർത്ഥനാ സമയത്ത് കൊലപ്പെടുത്തിയ ചരിത്രമുള്ള തുഗ്ലക്ക് എന്ന പ്രതിച്‌ഛായയിൽ നിന്നും ജീവിതത്തിൽ മറികടക്കാൻ കഴിയാതെ പോയതാണ് തുഗ്ളക്കിനെ പിന്നീടുള്ള കാലഘട്ടത്തിൽ വളരെ മോശപ്പെട്ട ഭരണാധികാരി എന്ന തരത്തിൽ ജനങ്ങൾ വിലയിരുത്താൻ കാരണം. ഒരു തരത്തിലുള്ള മനശാത്രപരമായ അന്വേഷണമായിരുന്നു ഈ നാടകം.

പിന്നീട് ശ്രദ്ധിക്കപ്പെട്ട നാഗമണ്ഡലയിലും ഹയവദനയിലും ഗിരീഷ് കർണാട് സമാനമായ പരീക്ഷണം തന്നെയാണ് നടത്തിയത് പുരാണകഥകൾ അതേപടി അവതരിപ്പിക്കാതെ കഥാപാത്രങ്ങളുടെ മാനസിക വ്യാപാരങ്ങളിലൂടെ കടന്നു പോകുകയായിരുന്നു അദ്ദേഹം. ഇന്ത്യൻ സാംസ്കാരികത എന്നത് അതിന്റെ നാടോടി രൂപങ്ങളിലാണെന്നുള്ള കണ്ടെത്തലായിരുന്നു അദ്ദേഹം നടത്തിയത്.ഈ സാഹിത്യയാത്രതന്നെയാണ് നിലവിലുള്ള ഹിന്ദുത്വവാദത്തിനെതിരായി അദ്ദേഹം നിലകൊള്ളാനുള്ള കാരണവും.
 നവഹിന്ദുത്വവാദികൾ കന്നടയിൽ നടത്തിയ ഭീകരതയുടെ ഒടുവിലെ രക്തസാക്ഷിയായ ഗൗരി ലങ്കേഷിന്റെ കൊലപാതകത്തിൽ പ്രതിഷേധിക്കാനും പദ്മ അവാർഡ് ജേതാവും ജ്ഞാനപീഠപുരസ്‌കാര ജേതാവുമായ ഗിരീഷ് കർണാടുമുണ്ടായിരുന്നു – ഞാനും അർബൻ നക്സലാണെന്ന കാർഡും വഹിച്ചുകൊണ്ട്. ‘നമ്മൾ ജീവിക്കുന്നത് ഒരു ജനാധിപത്യ രാജ്യത്താണ്. അവർക്കു കേസ് ഫയലുചെയ്യാനുള്ള അവകാശം പോലെത്തന്നെ എനിക്ക് എന്താണ് പറയേണ്ടതെന്നുപറയാനുള്ള അവകാശവുമുണ്ട്.നിയമവ്യവസ്ഥ എന്നൊന്നുണ്ട്.’ എന്ന ശക്തമായ പ്രതികരണമായിരുന്നു വയോധികനായ ഗിരീഷ് കർണാടിൽ നിന്നുണ്ടായത്. ശ്രീരാമ സേനയുടെ നേതാവായ മുത്തലിക്ക്‌ ഗിരീഷ് കർണ്ണാടിന്റെ ബഹുമതികൾ തിരിച്ചെടുക്കണമെന്ന നിർദ്ദേശവുമായി രംഗത്തുവന്നതും അദ്ദേഹത്തിന്റെ വസതിയ്ക്കുമുന്പിൽ പ്രതിഷേധം നടത്തിയതും പുതിയകാലത്തെ ഇന്ത്യയുടെ ഹിന്ദുത്വ മുഖങ്ങളാണെന്നദ്ദേഹം മനസിലാക്കിയിരുന്നു.
കടന്നുപോയത് ഇവിടെ സ്വാഭാവിക മരണത്തിനുള്ള അവകാശം ലഭിച്ച ജ്ഞാന വാർദ്ധക്യമായിരുന്നു. ധാബോൽക്കറും പന്സാരെയും കൽബുർഗ്ഗിയും കൊല്ലപ്പെട്ട ഇന്ത്യയിൽ ഗിരീഷ് കർണ്ണാടിനുകിട്ടിയ ഭാഗ്യമായിരുന്നു ഈ സ്വാഭാവിക അന്ത്യമെന്ന് കൂടി കുറിക്കട്ടെ.

Spread the love
Read Also  കലയിലൂടെ വളർന്ന ഗോപാലകൃഷ്ണനും വിഡ്ഢിപ്പെട്ടിയിലൂടെ വളർന്ന ഗോപാലകൃഷ്‍ണനും

Leave a Reply