Sunday, May 31

‘ഉണ്ട’ താരത്തെ നടനാക്കി മാറ്റുന്നു.അവശേഷിച്ച എട്ട് ഉണ്ടകൾ തരുന്ന പണി

ഛത്തീസ്ഘട്ടിൽ മാവോയിസ്റ്റ് ഭീഷണിയുള്ള ഒരു കാടകത്തിലേക്ക് ഇലക്ഷൻ ഡ്യൂട്ടിക്ക് പോകുന്ന കേരളാപോലീസുകാരായ മണിയനും അയാളുടെ പിള്ളാരും പക്ഷെ ലാത്തികൊണ്ട് തുരത്തുന്നത് മാവോയിസ്റ്റുകളെയല്ല എന്നതാണ് ഈ സിനിമ പറയുന്ന രാഷ്ട്രീയം. അതെ, മാവോയിസ്റ്റുകൾ ഇന്ത്യ മുഴുവൻ നിറയുന്നുവെന്നും അത് ആദിവാസി മേഖലയിലാണെന്നും ഇന്നു പൊതുവെ ചർച്ചചെയ്യപ്പെടുന്ന സന്ദർഭത്തിലാണ് ഈ കഥയിലെ നിരായുധരായ, വെടിവെക്കാൻ പോയിട്ട് തോക്ക് എങ്ങനെ ഉപയോഗിക്കണമെന്നുപോലും ശരിക്കറിയാതെ നിൽക്കുന്ന കേരളാപോലീസ് കടന്നു ചെല്ലുന്നത് . നമുക്ക് വെടിവയ്‌ക്കേണ്ടിവന്നിട്ടില്ല. ഭീകരവാദികളെ അതെ നാണയത്തിൽ നേരിടേണ്ടിവന്നിട്ടില്ല. ഇതെല്ലം നമ്മുടെ പോലീസിന്റെ ലിമിറ്റേഷനാണെന്നു പറയുമ്പോൾ തന്നെ മലയാളിയുടെ പൊതുവെയുള്ള നിസംഗതയും ഒരു കാര്യത്തിലും സീരിയസല്ലാത്തതുമായ ആ അവസ്ഥതന്നെയാണ് അവരെ മറ്റുള്ളവരിൽ നിന്നും മാറ്റിനിർത്തുന്നത്.ആ അവസ്ഥ തന്നെയാണ് ഉണ്ടയിൽ നമ്മൾ കാണുന്നതും.


ഉണ്ട ഒരു അശ്ലീലപദമല്ല. പക്ഷെ അതിൽ ചില അശ്ലീലം ഒളിഞ്ഞിരിക്കുന്നുണ്ട് എന്ന് പറഞ്ഞാൽ എതിരിടാനും കഴിയില്ല. പക്ഷെ ഇനി ഏതു കുടുംബസദസിലും മലയാളിക്ക് ഉപയോഗിക്കാം, ഈ വാക്ക്.
പിക്ക് നിക്ക് കണ്ടിട്ടുണ്ടോ? വർഷങ്ങൾക്കു മുമ്പ് മലയാളിക്ക് ആദിവാസിയെ പരിചയപ്പെടുത്തിയ സിനിമ.. ഏതോ പക്ഷിയുടെ തൂവലും ഒക്കെ ഫിറ്റു ചെയ്തു പുലിത്തോലുപോലുള്ള തുണിയുമുടുത്ത്‌,യഥാർത്ഥ ആദിവാസി സമൂഹവുമായി ഒരു ബന്ധവുമില്ലാത്ത വിചിത്ര സ്വഭാവങ്ങളുമായി ,നമ്മുടെ ആസ്വാദനമണ്ഡലത്തിലേക്കന്നു കയറിവന്ന ആദിവാസിയെന്ന ‘കാട്ടുമനുഷ്യ’നെയാണ് പിന്നീട് നമ്മൾ അവഹേളിച്ചുകൊണ്ടേയിരുന്നു.  ബാംബു ബോയ്സ് എന്ന സിനിമയിലൂടെ ശരിക്കും ഈ അവഹേളനം അതിന്റെ പീക്കിലെത്തി.  ബഹിരാകാശത്തേക്ക് ‘മനുഷ്യൻ’ പോയപ്പോഴും ഇതൊന്നുമറിയാതെ ജീവിക്കുന്ന കാടന്മാർ എന്ന സംജ്ഞ നൽകി അവതരിപ്പിക്കപ്പെട്ട അവരെ കണ്ട നമ്മളിൽ പലരും ആർത്തു ചിരിച്ചു. കാലം കുറെ കഴിയേണ്ടിവന്നു , കുറച്ചുകൂടി കൃത്യതയുള്ള ലോർഡ് ലിവിങ്‌സ്റ്റൻ…. എന്ന അനിൽ രാധാകൃഷണമേനോന്റെ ചിത്രം വരുവാൻ. പക്ഷെ ഇതിൽ നിന്നെല്ലാം വ്യത്യസ്തമായി നമ്മുടെ യഥാർത്ഥ ആദിവാസി സമൂഹത്തിന്റെ ഇന്നത്തെയവസ്ഥയെന്തെന്നുള്ളത് ഒരു മുഖ്യധാരാ സിനിമയിലൂടെ പറഞ്ഞുവയ്ക്കാൻ ഖാലിദ് റഹ്‌മാനുകഴിഞ്ഞു.  ഒന്നാമത്തെ ഉണ്ട ഇതാണ്.


പഠിച്ചു പരീക്ഷയെഴുതി നേടിയ ഉദ്യോഗപദവിയിലും ശരിയായ ശാരീരിക അളവുകൾ പോലും പാലിക്കുന്ന ലുക്ക്മാൻ അവതരിപ്പിക്കുന്ന ബിജുകുമാർ എന്ന പോലീസ് ഓഫിസർ അതെ പദവിലുള്ളവരാൽ അപമാനിക്കപ്പെടുന്നെങ്കിൽ അത് കാട് എന്ന ജീവിതാവസ്ഥയിൽ നിന്നും വന്നവനെന്നും കറുത്തവനെന്നും ഉള്ള ധാരണകൾ പുറം ലോകം വച്ച് പുലർത്തുന്നതുകൊണ്ടാണ്. അവിടെ ബുദ്ധിയുടെ അളവുകോൽ മാറ്റിപിടിച്ചുകൊണ്ട് ജനനത്തിന്റെ പരാധീനതയിൽ കൊണ്ട് തളയ്ക്കുന്നു. ശരിക്കും പൊളിറ്റിക്കലാവുന്ന അവസ്ഥ. ഒരു പാട് തെളിയിക്കേണ്ടതുണ്ട് ഷെഡ്യുൾഡ് കാറ്റഗറിയിൽ പെട്ട സർക്കാർ സംവിധാനത്തിൽ ജോലി ചെയ്യുന്ന മനുഷ്യർക്ക് അവരുടെ കഴിവ് ബോധ്യപ്പെടുത്താൻ. എങ്കിലും അവമതിക്കപ്പെടുന്നതിങ്ങനെത്തന്നെയാണ്. നമ്മുടെ കപട നവോഥാന മൂല്യങ്ങളിലേക്കു പായുന്ന രണ്ടാമത്തെ ഉണ്ട.
മാവോയിസ്റ്റുകൾ ആരാണെന്നുള്ള മനസിലാക്കലിൽ പുരോഗമന സമൂഹം അത് ഓരോ ആദിവാസിയുമാണെന്നു പറഞ്ഞു തരുന്നുണ്ട്. പ്രത്യേകിച്ചും അക്ഷരത്തിന്റെ സാന്നിധ്യമുള്ള ആദിവാസികൾ. അതുകൊണ്ടുതന്നെ അവരെ ഭീതിയോടേയും വെറുപ്പോടെയും കാണുവാൻ നമ്മൾ ശീലിക്കുന്നു. ഈ ധാരണയെ പൊളിച്ചെഴുതുകയാണ് മൂന്നാമത്തെ ഉണ്ട.
നിലമ്പൂർ വനമേഖലയിൽ മാവോയിസ്റ് ഇറങ്ങിയിട്ടുണ്ട് എന്നുപറയുമ്പോൾ കൊലയാളിയായ ഒറ്റയാൻ ഇറങ്ങുന്നതുപോലെയും ,പുലിയിറങ്ങുന്നതുപോലെയും ഉള്ള ഭീതിയിൽ കാണുവാൻ ശീലിപ്പിച്ച മാധ്യമങ്ങളാണ് നമുക്കുള്ളത്. ആ പദം പോലും സമാനമാണ് ‘ഇറങ്ങിയിട്ടുണ്ട്’.  പിന്നെ എൻകൗണ്ടർ ആയി.പ്രത്യാക്രമണത്തിൽ പേരിൽ പലരെയും നമ്മുടെ ഫോഴ്‌സ് വെടിവച്ചിട്ടു. വെടികൊണ്ടുവീണവരുടെ ചരിത്രം സമാനമായി രചിക്കപ്പെട്ടു. ഭീകരർ എന്ന വിധിപ്രസ്താവവും വന്നു.ഈ ധാരണയെ എത്രകൃത്യമായാണ് നാലാമത്തെ ഉണ്ടപ്പായിച്ചുകൊണ്ടു ഖാലിദും കൂട്ടരും പൊളിച്ചടുക്കിയത്.
പോലീസ് സ്റ്റേഷൻ എന്ന അശ്ലീലത്തെയാണ് മണിയൻ ആദ്യമേ തകർക്കുന്നത്. ജീവനുണ്ടെങ്കിൽ സ്റ്റേഷനിൽ ജോലിചെയ്യാൻ പോകരുതെന്നാണ് കാര്യകാരണം നിരത്തി മണിയൻ എസ് ഐ കൂട്ടത്തിലുള്ള പോലീസ് പിള്ളേരോട് പറയുന്നത്.അതെ കൊന്നവനെ കിട്ടിയില്ലെങ്കിൽ കിട്ടിയവനെ കൊലയാളിയാക്കാൻ നമ്മുടെ പോലീസ് സ്റ്റേഷനുകൾക്ക് കഴിയുന്നു.കേരളത്തിലെ പോലീസ് സംവിധാനത്തിന്റെ ആകെയുള്ള മെറിറ്റ് ബുദ്ധിമാത്രമാണെന്നും അതുകൊണ്ടാണ് പിടിച്ചുനിൽകുന്നതെന്നും പറയുമ്പോൾ…ഒരാളുടെ ശാരീരികസ്ഥിതിപോലും പോലീസ് സേനയിൽ സർവീസ് കാലത്ത് അപ്‌ഡേറ്റ് ചെയ്യുന്നുണ്ടോ എന്ന് പരിശോധിക്കപ്പെടുന്നില്ല. നോക്കു,  ഒരു ഡപ്പി നിറയെ മരുന്നുമായി മാവോയിസ്റ്റുകളെ നേരിടാനുള്ള ടീമിനെ നയിക്കുന്ന മണിയൻ പോലീസിന്റെ അവസ്ഥയിലൂടെ അതു തുറന്നു കാട്ടുന്നിടത്ത് മറ്റൊരു ഉണ്ട പായുന്നു.
നമ്മുടെ പൊളിറ്റിക്കൽ മാഫിയകൾക്ക് നേരെ പായുന്ന ഉണ്ടകൾ മാവോയിസ്റ്റായും ജനാധിപത്യവാദികളായും അവർ അവതരിക്കുന്നു. ബൂത്തുകൾ പിടിച്ചെടുക്കുമ്പോൾ കുഴിബോംബുകൾ ഉപയോഗിക്കുമ്പോൾ അവർ മാവോയിസ്റുകളായി പുറം ലോകത്തേക്ക് വേഷം മാറുന്നു. അതെ ഭയം സൃഷ്ടിക്കുന്നത് അവരാണ്.

Read Also  മാവോയിസ്റ്റ് ഭീകരത; തെലുങ്കാനയിൽ ടിആർഎസ് നേതാവിനെ കൊലപ്പെടുത്തി

Image result for unda
പിന്നെ അറിഞ്ഞോ അറിയാതെയോ പൊട്ടിയ ഉണ്ട മറ്റൊന്നാണ്.സൂപ്പർ മെഗാ പദവിയില്ലാതെ ഒരു നടനെന്ന മ്മൂട്ടിയെ മലയാളത്തിന് തിരിച്ചു തരാൻ ഖാലിദിനും പുതിയ കൂട്ടുകാർക്കും കഴിഞ്ഞു. രാജാപ്പാർട്ടുകളിലല്ല മറിച്ചു സാധാരണ മനുഷ്യന്റെ നിസ്സഹായതയിലും ജീവിത അവസ്ഥയിലുമൊക്കെയാണ് ഒരു നല്ല നടൻ ജീവിക്കുന്നത്. കിരീടവും തനിയാവർത്തനവുമൊക്കെ ഈ വേഷം കെട്ടലുകൾക്കു മുൻപിൽ ഇപ്പോഴും ഓർമ്മിക്കപ്പെടുന്നത് അതുകൊണ്ടുതന്നെയാണ്. ‘I am Mani… S I… from Kerala… Electiion Duty’ എന്ന് പറയുന്നിടത്ത് ഒരു സാധരണ മലയാളിയായ മധ്യവസ്കനായ പോലീസുകാരനുണ്ട്. അയാളിലെ വീര്യത്തെ വരച്ചുകാട്ടുവാൻ ഷൗട്ട് ചെയ്തു അറിയാൻ പാടില്ലാത്ത ഭാഷ പ്രയോഗിക്കുന്നതിലല്ല ഖാലിദ് ശ്രദ്ധിച്ചത് . കൂട്ടത്തിൽ ജൂനിയറായവൻ ഹിന്ദി പറയുന്നത് കേട്ട് നോക്കി നിൽക്കുന്ന എസ് ഐ മണിയൻ. എല്ലാം തികഞ്ഞ നായകസങ്കല്പം തകർത്ത മറ്റൊരു ഉണ്ട ഇതാണ്. 
പക്ഷേ മറ്റു ചില ഗുണങ്ങൾ അയാൾക്കുണ്ടായിരിക്കണം എന്നതിലാണ് ഒടുവിൽ ചെന്നെത്തുന്നത് . ആ നേതൃഗുണത്തിന്റെ തിരിച്ചറിവാണ് ഉണ്ടയിൽ ഏറ്റവും കൈയടി നേടിയ ആ സീനിൽ കാണുന്നത്. ആശാൻ ഒന്ന് വീണപ്പോൾ അയാളുടെ പിള്ളേർ ശത്രുവിനുനേരെ ഉണ്ടയില്ലാത്തതെങ്കിലും തോക്കു ചൂണ്ടി പിടിച്ചു നിന്ന് വിറപ്പിച്ച സീൻ .
മലയാളിയുടെ കപടസദാചാരത്തിനും അലസതയ്ക്കും നിസംഗതയ്ക്കുമൊക്കെ നേരെ പായുന്ന അവസാന റൗണ്ട് വെടിയായി ഈ ഉണ്ട സിനിമ അവസാനിക്കാതിരിക്കട്ടെ.

Leave a Reply

Your email address will not be published.