മലയാളത്തിലെ മുഖ്യധാരയിലെ സദാചാരപ്രസിദ്ധീകരണങ്ങൾ നിരസിച്ച `പുരുഷാർഥം` ഞങ്ങൾ പ്രസിദ്ധീകരിക്കുകയാണു. മലയാള സാഹിത്യത്തിൽ ലൈംഗികതയുടെ സൗന്ദര്യം ഏറ്റവും ശക്തിയായി ആവിഷ്കരിച്ച ഒ വി വിജയൻ നമുക്ക് മുന്നേ സഞ്ചരിച്ചപ്പോൾ നേരിട്ട പ്രതിസന്ധികൾ നാം നേരിട്ടതാണു . അതിനും മുമ്പ് ബഷീർ ശബ് ദങ്ങളിലൂടെ സ്വവർഗ്ഗരതിയെക്കുറിച്ചെഴുതിയപ്പോൾ സദാചാരവാദികൾ ഗൗരവമായി വായനയെക്കാണുന്നവരുടെ മുന്നിൽ നിറഞ്ഞാടിയതും മുൻ തലമുറ പറഞ്ഞത് നമുക്കറിയാം. വിജയൻ എട്ടുകാലിയും ധർമ്മപുരാണവുമൊക്കെ എഴുതിയ വേളയിൽ നേരിട്ട ഒരു കാലത്തിൻ്റെ ബന്ധനം പൊട്ടിച്ച് നാം പുറത്തുവന്നിട്ടും ഒരു എഴുത്തുകാരനു ഇന്നും ലൈംഗികത സ്വതന്ത്രമായി ആവിഷ്കരിക്കാനാവുന്നില്ല. അതുതന്നെയാണു ഷിനിലാലും നേരിട്ടത്. മുഖ്യധാരാ മാധ്യമങ്ങൾ ഇത്തരമൊരു കഥ പ്രസിദ്ധീകരിക്കുന്നതിൽ വിമുഖത കാണിക്കുമ്പോൾ ആ നിലപാടിനു വായനക്കാരുടെ അഭിപ്രായം കൂടി അറിയേണ്ടതുണ്ട്,  കഥ പ്രതിപക്ഷം പ്രസിദ്ധീകരിക്കുന്നു. തുടർന്നു വായിക്കുക

 

സ്വന്തം ലിംഗത്തിൽ ഒരു തവണയെങ്കിലും ഒന്നുമ്മ വയ്ക്കണമെന്ന് ഡേവിഡിന് തോന്നലുണ്ടായി. ഇതെന്തൊരു വിചിത്രമായ ചിന്തയാണപ്പാ എന്ന് സ്വയം ചോദിച്ചുകൊണ്ട് അവൻ വീണ്ടും റോഡിന്റെ വക്കിലേക്ക് നോക്കി. എത്ര അഭ്യസിച്ചാലും സാധ്യമാവാനിടയില്ലാത്ത ആ ആഗ്രഹത്തിന് പ്രേരകനായി ഒരു നായ അനായാസമായി തന്റെ ലിംഗത്തെ നാവ് കൊണ്ട് വെടുപ്പാക്കുകയായിരുന്നു അപ്പോൾ.

പുരുഷജീവിക്ക് ആ രസം നിഷേധിക്കപ്പെട്ടതിന്റെ കാരണം, ഒരുപക്ഷേ, പ്രത്യുൽപാദന പരിപാടിയിൽ നിന്നും അവൻ പിന്തിരിഞ്ഞു പോയേക്കാമെന്നുള്ള പ്രകൃതിയുടെ ഭയമായിരിക്കാം, എന്നെല്ലാം ചിന്തിക്കാനുള്ള ബൗദ്ധികശേഷിയുള്ളവനാകുന്നു ഇരുപത്താറ്കാരനായ ഈ മുട്ടൻ. സ്വന്തം ലിംഗത്തെ പരിചരിക്കാൻ സ്വന്തം നാവോളം പ്രാപ്തിയുള്ള ഒരവയവവും ലോകത്ത് സൃഷ്ടിക്കപ്പെട്ടിട്ടുണ്ടാവില്ല എന്നും ഡേവിഡ് ചിന്തിച്ചു.

ഡേവിഡ് ഇപ്പോൾ എം.ജി.റോഡിലെ ട്രാഫിക് സിഗ്നലിൽ നിൽക്കുകയാണ്. സിഗ്നലിൽ പച്ച മനുഷ്യൻ തെളിഞ്ഞാൽ സീബ്രയുടെ മുതുകത്ത് കയറി അയാൾ റോഡ് മുറിക്കും.ഒമ്പത് നിലകളിൽ തലപൊക്കി നിൽക്കുന്ന ഷോപ്പിങ് മാളിലേക്ക് ഓടിക്കയറും. നാലാം നിലയിലെ മൊബൈൽ ഷോപ്പിൽ കുറച്ച് നേരം ചുറ്റിനടക്കും. ഒടുവിൽ മൂന്ന് മാസത്തെ ഗഹനമായ അന്വഷണ നിരീക്ഷണ പരീക്ഷണങ്ങൾക്ക് ശേഷം തീരുമാനിച്ചുറപ്പിച്ച സാംസങ്ങ് ഫോൺ വാങ്ങും. ലിഫ്റ്റിൽ കയറി തിരികെ ഇറങ്ങും. ലോഡ്ജിലേക്ക് മടങ്ങും വഴിക്ക് നഗര കുലീനതക്ക് സമാന്തരമായൊഴുകുന്ന ആമയിഴഞ്ചാൻതോടിന് മുന്നിൽ ഒന്ന് നിൽക്കും. എണ്ണമറ്റ നഗ്നകേളികൾ ഗൂഗിളിൽ നിന്നും കെട്ടിയിറക്കിയ പഴയ സാംസങിനെ തോട്ടിലുപേക്ഷിക്കും.
അത് സംഭവിക്കാൻ ഇനി 167 സെക്കന്റുകൾ കൂടി കഴിയണമെന്ന് ട്രാഫിക് സിഗ്നലിലെ ഡിജിറ്റൽ ബോർഡ് പറയുന്നു. ക്രമമായി മിടിച്ചമരുന്ന, എന്നാൽ അതിദീർഘമായ ഈ ഇടവേളയിൽ മിക്ക പുരുഷൻമാരെയും പോലെ അയാൾക്കും ചൂട്, ആഗോള താപനം, ഹരിത ഗൃഹ വാതകങ്ങൾ, പാരീസ് ഉച്ചകോടി, ശശി തരൂർ, സുപ്രീം കോടതി, ശബരിമല, അയ്യപ്പൻ, ബ്രഹ്മചര്യം, സ്ത്രീ, ആർത്തവം, പിണറായി വിജയൻ ,വെള്ളപ്പൊക്കം തുടങ്ങി പലതിനെ കുറിച്ചും ചിന്തിക്കാവുന്നതേയുള്ളു.

സത്യമായിട്ടും ഡേവിഡ് അപ്രകാരം ചിന്തിച്ച് തുടങ്ങിയതുമാണ്.

ആ സമയത്താണ് അയാളുടെ ചിന്തകളെ മുറിച്ചുകൊണ്ട് സ്വന്തം ലിംഗത്തിൽ നാവുര സി രസിക്കുന്ന തെരുവ്നായ പ്രത്യക്ഷപ്പെട്ടത്. അതോടെ ഡേവിഡിന്റെ ചിതറിക്കിടന്ന ചിന്തകൾ ഒറ്റ ബിന്ദുവിൽ സന്ധിച്ചു. ലിംഗം.
ആഗ്രഹിക്കുന്നതെന്തോ അതു മാത്രമേ മനുഷ്യന് കാണാനാവൂ എന്ന നിയമപ്രകാരം നാലു ചുറ്റും ഉയർന്നു നിൽക്കുന്ന കൂറ്റൻ പരസ്യപ്പലകകളിൽനിന്നും പുരുഷലിംഗങ്ങൾ തുറിച്ചു. ലിപ്സ്റ്റിക്കിന്റെ, അടിവസ്ത്രത്തിന്റെ, ബോഡിസ്പ്രേയുടെ ഒക്കെ പരസ്യങ്ങളിൽ നിന്നും ഊർദ്ദ്വലിംഗരായി അർദ്ധനഗ്ന പുരുഷൻമാർ അവന്റെ തലച്ചോറിലേക്ക് കടന്നു. ഒരു റോസാപ്പൂവും അതിൽ പറ്റിപ്പിടിച്ച മഞ്ഞുതുള്ളിയും കണ്ടപ്പോൾ അയാളുടെ മനസ്സിലൂടെ ഒരു കവിത മിന്നായം പാഞ്ഞു.

Read Also  കെ എൻ പ്രശാന്തിൻ്റെ പെരടിയും മറ്റ് രണ്ട് കഥകളും ; എം ടി രാജലക്ഷ്മി എഴുതുന്നു

‘പനിനീർ പൂവിതളിലെ
തുഷാരബിന്ദു പോലെ,
ലിംഗാഗ്രത്തിലെ ശുക്ളബിന്ദു.’

മനസിലെഴുതിയ കവിതയിലെ ശുക്ളം എന്ന വാക്ക് അശ്ളീലമായതിനാൽ അവൻ രേതസ്സ് എന്ന് എഡിറ്റ് ചെയ്തു മാറ്റി.

 

അതോടെ അസമയത്ത് അകാരണമായി പൊന്തുക എന്ന ദയനീയാവസ്ഥയിലേക്ക് ഡേവിഡിന്റെ ലിംഗം ഉയർത്തപ്പെട്ടു. സ്ഥലകാലബോധമില്ലാത്ത ആ ചിന്താമാപിനി അയാളുടെ അടിവസ്ത്രത്തിൽ പുറം ഉന്തിയ ഒരു ചന്ദ്രക്കല തീർത്തു. കാന്ത സൂചി പോലെ അത് മിടിച്ചു.
സിഗ്നലിൽ നിന്നും ഇപ്പോൾ 87 സെക്കന്റുകൾ അടർന്ന് വീണിരിക്കുന്നു. ബാക്കി 80 സെക്കന്റുകൾ. മുൻകൂട്ടി തയ്യാറാക്കിയ കാര്യപരിപാടിയിൽ ഡേവിഡ് ചെറിയൊരു മാറ്റം വരുത്തി. അത് പ്രകാരം അയാൾ:-
ഷോപ്പിങ് മാളിലേക്ക് ഓടിക്കയറും.
ഒന്നാമത്തെയോ രണ്ടാമത്തെയോ നിലയിലുള്ള പുരുഷൻമാരുടെ ടോയ്‌ലെറ്റ് കണ്ടെത്തും.
അതിനുള്ളിൽ കയറും.
വാതിലടക്കും.
ഒളിക്യാമറകൾ ഇല്ലെന്ന് ഉറപ്പു വരുത്തും.
പാന്റ്സിന്റെ സിബ്ബഴിക്കും.
സ്വയംഭോഗം ചെയ്യും.
അതിന് ശേഷം മാത്രമേ അയാൾ നാലാം നിലയിലേക്ക് പോവുകയുള്ളു.സിഗ്നലിൽ നിന്നും 40 സെക്കന്റുകൾ വീണ്ടും അടർന്നു. ട്രാഫിക് പോലീസുകാരന്റെ മുഖപേശികൾ കൂടുതൽ പിരിമുറുകിക്കൊണ്ടിരുന്നു.
ഡേവിഡപ്പോൾ തന്റെ സിബ്ബിന്റെ മുഴപ്പിൽ വലതു കൈ കൊണ്ട് തൊട്ടു. സ്ഥലകാലമോർത്തപ്പോൾ ‘അയ്യേ’ എന്ന് കൈ വലിച്ചു. എന്നാൽ അയാളുടെ വരുതിയിൽ നിൽക്കാതെ ആ മാപിനി മിടിപ്പ് തുടർന്നു. ഏതൊരു പുരുഷന്റെയും ദൈന്യത ഇതാണല്ലോ എന്നോർത്തപ്പോൾ അയാൾക്ക് #metoo കഥകളിൽ വില്ലൻമാരായി മാറിയ ചില പുരുഷന്മാരെ ഓർത്ത് സഹതാപം വന്നു.
ഏതൊരു പുരുഷനെയും പോലെ ഡേവിഡ് ഏറ്റവും സ്നേഹിക്കുന്നത് തന്റെ ലിംഗത്തെയാണ്. അയാൾക്ക് തന്റെ അമ്മയെ ഇഷ്ടമാണ്. എന്നാൽ അതിലുമേറെ അയാൾ തന്റെ ലിംഗത്തെ സ്നേഹിക്കുന്നു.
അയാൾക്ക് …..
തൊട്ടു മുന്നിൽ കൂടി ഒരു സ്കൂൾ ബസ് കടന്നു പോയി.
‘…. ഞാൻ എന്റെ ലിംഗത്തെ സ്നേഹിക്കുന്നു. അതിന്റെ ഗാംഭീര്യത്തിൽ അഭിമാനം കൊള്ളുന്നു……’ അവൻ മനസ്സിൽ പറഞ്ഞു.
കാര്യങ്ങൾ മുൻനിശ്ചയപ്രകാരം നടക്കുകയാണെങ്കിൽ വരുന്ന ജനുവരി മുപ്പത്തൊന്നിന് ഡേവിഡ് വിവാഹിതനാവും. അയാൾ തന്റെ ഭാര്യയെ അതിയായി സ്നേഹിക്കും.എന്നാൽ അവളെക്കാൾ അയാൾക്കിഷ്ടം തന്റെ ലിംഗത്തെയായിരിക്കും. അയാൾക്ക് കുഞ്ഞുങ്ങൾ ജനിക്കുകയും അയാൾ അവരെ ജീവന് തുല്ല്യം സ്നേഹിക്കുകയും ചെയ്യും. എന്നാൽ അവരെക്കാൾ അയാൾ ഇഷ്ടപ്പെടുന്നത് തന്റെ ലിംഗത്തെ തന്നെയായിരിക്കും. അയാൾക്ക് തന്റെ കണ്ണുകളെ വളരെ ഇഷ്ടമാണ്. എന്നിരുന്നാലും….

 

ഒരു നിമിഷമെങ്കിലും ഏറ്റവും വാത്സല്യം തുളുമ്പി നിൽക്കുന്ന ചുണ്ടുകൾകൊണ്ട് അതിനെ ഒന്ന് അനുമോദിക്കണം. തരളസ്പർശത്തിൽ അത് തളർന്നുവീഴണം.

രാഷ്ട്രീയക്കാരനോ, ബ്യൂറോക്രാറ്റോ, ഭരണാധികാരിയോ, ഭിക്ഷക്കാരനോ ആകട്ടെ, പുരുഷനാണെങ്കിൽ അവൻ ഏറ്റവും സ്നേഹിക്കുന്നത് തന്റെ ലിംഗത്തെയായിരിക്കും എന്ന് സ്വാനുഭവത്തിന്റെ വെളിച്ചത്തിൽ, ആ കൊടുംവെയിലിൽ നിന്ന് ഡേവിഡ് നിഗമനം നടത്തി. എപ്പോൾ വേണമെങ്കിലും ഇരുന്നു വീണേക്കാമെന്ന ഒരാദിമഭയം അവനെ പിന്തുടരുന്നുവെന്നും ഡേവിഡ് ചിന്തിച്ചു.
സിഗ്നലിൽ പച്ച മനുഷ്യൻ തെളിഞ്ഞു. അതിന് കൈ, കാൽ, തല, എന്നീ അവയവങ്ങൾ ഉണ്ടായിരുന്നുവെങ്കിലും ലിംഗം ഉണ്ടായിരുന്നില്ല. ഡേവിഡിന് പാവം തോന്നി.

Read Also  മനുഷ്യശരീരം ഒരുപാട് ജലം കൊണ്ട് നിർമ്മിക്കപ്പെട്ടതാണ് ; സാറ അലൂക്കോ

വരയൻകുതിരപ്പുറത്ത് കയറി ഡേവിഡ് നഗരത്തിന്റെ മറുപുറത്തേക്ക് പാഞ്ഞു.

നിരവധി അത്ഭുതങ്ങൾ സ്വരുക്കൂട്ടി നഗരത്തിന്റെ മറുപാതി ഡേവിഡിനെ കാത്തുകിടന്നു.

 

ഭൂമിയിലെ ഏത് ആധുനിക നഗരത്തെയും പോലെ അസ്ഥിരമായിരുന്നു ആ നഗരവും. പരസ്യനിർമ്മാണ കമ്പനിയിൽ ജോലിക്കാരനായി ഡേവിഡ് നഗരത്തിൽ വന്നിട്ട് നാലു വർഷങ്ങളായി. ഒരേസമയം ശാന്തവും കലുഷിതവുമായിരുന്നു അതിന്റെ ഉള്ളറകൾ. സമാന്തരമായ പല റോഡുകളെ പോലെ പരസ്പരം ചേരാത്ത ഭിന്ന താൽപ്പര്യങ്ങളുടെ കുടിയിരിപ്പായിരുന്നു നഗരം.
ഷോപ്പിങ് മാളിന്റെ കണ്ണാടിവാതിൽ തുറന്ന് ശീതളിമയിലേക്ക് ഡേവിഡ് നടന്നുകയറി. അതിനുള്ളിൽ കയറിയതും അയാൾക്ക് മനുഷ്യരെ കാണാനുള്ള ശേഷി നഷ്ടപ്പെട്ടു. നേർത്ത തുണിയാവരണങ്ങൾക്കുള്ളിൽ മറഞ്ഞിരിക്കുന്ന മുലകൾ, നാഭികൾ, നിതംബങ്ങൾ, തുടകൾ ഇതെല്ലാമാണ് അയാൾ കണ്ടത്.
കാഴ്ചകളെ വകഞ്ഞ് അയാൾ രണ്ടാം നിലയിലെ ടോയ്‌ലെറ്റിൽ കടന്നു. അസംഖ്യം സുന്ദരിമാർ അയാളുടെ തലച്ചോറിലൂടെ പദസഞ്ചലനം തുടങ്ങി. അയാൾ വാതിലടച്ചു. അരക്ക് താഴെ വിവസ്ത്രനായി.
അദമ്യമായ ആ ആഗ്രഹം അയാളിലുണർന്നു.
അയാൾ വില്ല് പോലെ വളഞ്ഞു.
ആർത്തിയോടെ നാവ് നീട്ടി.

ആ നിമിഷം.

അത്യുഗ്രമായ സ്ഫോടനത്തിൽ ഷോപ്പിങ് മാൾ കിടുങ്ങി. അയാൾ ചവിട്ടിനിന്ന തറ വിറച്ചു. ചുവരുകളിൽ മിന്നൽപ്പിണറുകൾ തെളിഞ്ഞു.
സ്ഫോടനത്തിന് വിധേയമാവാനുള്ള സാധ്യതകൾ പിന്നിലുപേക്ഷിച്ചുകൊണ്ടാണ് ആ നഗരവും വികസിച്ചത്.
ചോര ത്രസിച്ചു നിന്ന ഔദ്ധത്യത്തിൽ നിന്നും ഡേവിഡ് യാഥാർത്ഥത്യത്തിലേക്ക് കണ്ണ് തുറന്നു. ഉരുക്ക് ചീൾ പാഞ്ഞുവരുന്നതും വെല്ലുവിളിച്ചുനിന്ന തന്റെ ലിംഗത്തെ മുറിച്ച് നിലത്ത് വീഴ്ത്തുന്നതും ഡേവിഡിന്റെ മനസ്സിൽ ഒറ്റനിമിഷം തെളിഞ്ഞു.

ചോര ചീറ്റുകയാണ്.
കാഴ്ച മങ്ങുകയാണ്.
ബോധം മറയുകയാണ്.
ഒമ്പത് നിലകളുള്ള ചില്ലലമാര അയാളുടെ ഉടലിലേക്ക് അമരാൻ തുടങ്ങുകയാണ്. ചുവരുകളുടെ അമർച്ചയിൽ മന്വന്തരങ്ങളുടെ മുഴുപ്പുള്ള നിമിഷങ്ങളിൽ നിലത്ത് ചോര വാർന്ന് കിടക്കുന്ന തന്റെ ലിംഗത്തെ ഡേവിഡ് അവസാനമായി കണ്ടു. അയാൾ അതിനെ കൈ നീട്ടിയെടുത്തു. അതീവ വാത്സല്യത്തോടെ തലോടി. വിരലുകളിൽ ചുടുരക്തം നനഞ്ഞു.
സ്വപ്നസാക്ഷാൽക്കാരത്തിന്റെ ആനന്ദത്തിൽ അയാൾ തന്റെ മുറുക്കിപ്പിടിച്ച കൈ ചലിപ്പിച്ചു.

സ്വന്തം ലിംഗത്തിൽ ഒരു തവണയെങ്കിലും ഒന്നുമ്മ വയ്ക്കണമെന്ന് ഡേവിഡിന് തോന്നി.

 

 

 

1 COMMENT

LEAVE A REPLY

Please enter your comment!
Please enter your name here