കേരളത്തിൽ ഏറ്റവും അധികം പട്ടികജാതി വിഭാഗത്തിൽ പെടുന്നവർ താമസിക്കുന്ന ജില്ല പാലക്കാടാണ്. ജാതി ശ്രേണിയിലെ ഉന്നതകുലജാതരും ഇവിടെത്തന്നെ ധാരാളമുണ്ട്, പണിയെടുത്ത് തളർന്ന കറുത്ത ശരീരങ്ങളാണ് എന്നാലും പാലക്കാട് ചെന്നാൽ അധികവും കാണാൻ കഴിയുന്നത്. സൂര്യന്റെ ചൂടിനെ വെല്ലുവിളിച്ചുകൊണ്ട് എല്ലുമുറിയെ പണിചെയ്യുമ്പോഴും ആ പഴയ മുദ്രാവാക്യം അവരിലുണ്ടാകും ”നമ്മള് കൊയ്യും വയലെല്ലാം നമ്മുടേതാവും പെൺകൊടിയേ ..”ഇനിയും നടക്കാതെപോയ ഒരു സുന്ദര സുരഭില മന്ത്രമായി അതിനിയും കൊണ്ടുനടക്കുന്നെങ്കിൽ അതിന്റെ പിന്നിൽ ഈ കറുത്ത ശരീരമുള്ള മനുഷ്യർ ഒഴുക്കിയ വിയർപ്പിന്റെ വില നിസാരമായി കാണരുത്. താത്വികമായ വിശകലനങ്ങൾ മാറ്റിവയ്ക്കാം. ഇപ്പോഴു പാലക്കാടിന്റെ നിറം കറുപ്പ് തന്നെയാണ്. അഗളിയും അട്ടപ്പാടിയും നമ്മൾ അങ്ങനെതന്നെക്കാത്ത് സൂക്ഷിക്കുകയാണല്ലോ? വാളയാറും നമ്മൾ അതേപോലെതന്നെ കാത്ത് സൂക്ഷിക്കുകയാണ്. കേരളത്തിന്റെ വളർച്ച എത്രതന്നെ ഗ്രാഫിക്കലായി ഉയർന്നാലും ഇവിടെ ജീവിക്കുന്ന അടിസ്ഥാനവർഗ്ഗത്തിന്റെ ജീവിതാവസ്ഥയ്ക് അത്രതന്നെ മാറ്റം ഉണ്ടാകുന്നില്ലെന്നതിന്റെ തെളിവാണ് വാളയാർ കേസിന്റെ വിധി.
സ്‌കോളർഷിപ്പും ഗ്രാന്റുകളും റേഷൻ വിഹിതവും മാത്രമല്ല ഒരു ജനതയുടെ സുരക്ഷാബോധത്തെ ഉയർത്തുന്നത് , നമ്മൾ സമയം കിട്ടുമ്പോഴത്തെല്ലാം പറയുന്ന ഒരു വാക്കുണ്ട് ഇന്ത്യൻ ഭരണഘടന എന്ന ആ വലിയ ഡിപ്പന്റബിൾ ടെക്സ്ററ്. ഭരണഘടനയുടെ കാവലാൾ എന്നുള്ളത്തരത്തിൽ നമ്മൾ ഇടതു ചിന്തകൾ ഉയർത്തി വലതു ഭീകരതയെ എതിർക്കും ഉത്തരേന്ത്യൻ സംസ്ഥാനങ്ങളെ നമ്മൾ തരം കിട്ടുമ്പോഴെല്ലാം ഇത് ഓർമ്മപെടുത്തും. നല്ലതാണ്. നമ്മൾ പ്രബുദ്ധരാണ് കശ്മീരിലെ 370 ഉം അസമിലെ എൻ ആർ സിയും ഒരു പ്രദേശിക ലോകത്ത് ഇന്ത്യയിൽ കൂടുതൽ എഴുതപ്പെട്ടിട്ടുണ്ടെങ്കിൽ- വായിക്കപ്പെട്ടിട്ടുണ്ടെങ്കിൽ- അത് മലയാളത്തിൽ മാത്രമായിരിക്കും നമ്മൾ ഇഴകീറി പരിശോധിക്കും അതും നല്ലത്.
ഈ അവസ്ഥയിൽ നിന്ന് വേണം നമ്മൾ വാളയാർ പോകാൻ… നമ്മുടെ ഇടയിൽ ജീവിച്ചിരുന്ന രണ്ടു പെണ്കുഞ്ഞുങ്ങളാണ് ആത്മഹത്യചെയ്തതെന്നു നമ്മൾ വായിക്കുന്നത്

2017 ജനുവരി, മാര്‍ച്ച് മാസങ്ങളിലായാണ് പെണ്‍കുട്ടികളെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. 13ഉം ഒമ്പതും വയസ്സുള്ള കുട്ടികള്‍ പലതവണ ക്രൂരമായ ലൈംഗിക പീഡനത്തിന് ഇരയായതായി പോസ്റ്റ്‍മോര്‍ട്ടം റിപ്പോര്‍ട്ടില്‍ കണ്ടെത്തിയിരുന്നു.                                                            പെണ്‍കുട്ടികള്‍ ആത്മഹത്യ ചെയ്‍തതാണെന്ന് പറഞ്ഞ് പോലീസ് ആദ്യം അന്വേഷണം അവസാനിപ്പിച്ചിരുന്നു. എന്നാല്‍ പിന്നീട് സംഭവം വിവാദമായതോടെ ഡിവൈഎസ്‍പി സോജന്‍റെ നേതൃത്വത്തില്‍ വീണ്ടും അന്വേഷണം തുടങ്ങി.

പ്രായപൂര്‍ത്തിയാകാത്ത ഒരാള്‍ ഉള്‍പ്പെടെ അഞ്ചുപേരാണ് കേസില്‍ പ്രതികളായത്. ഇതില്‍ മൂന്നാം പ്രതിയെ നേരത്തെ കോടതി വെറുതെ വിട്ടിരുന്നു. ഇതോടെ ഇപ്പോള്‍ കേസില്‍ നാല് പ്രതികളും കുറ്റവിമുക്തരായി. പ്രായപൂര്‍ത്തിയാകാത്ത ആളുടെ വിചാരണ ജുവൈനല്‍ കോടതിയില്‍ നടക്കുകയാണ്.ഇതാണ് അവസ്ഥ
ഒരു പെൺകുട്ടിപോലും ആക്രമിക്കപ്പെടരുത് എന്ന് നമ്മൾ ഉരുവിട്ടുകൊണ്ടു ദീപം തെളിച്ചിട്ടിട്ടുണ്ട്, സമൂഹമെന്ന ഓര്ഗാനിക്ക് ബോഡിയിൽ വിവിധ തരം ആളുകൾ ഉണ്ട് അതുകൊണ്ടുതന്നെ കുറ്റകൃത്യങ്ങളും അധമ വാസനകളും എന്നും നിഴൽപോലെ നിലനിൽക്കുകയും ചെയ്യും. വാളയാർ കേസിന്റെ പരിപ്രേക്ഷ്യത്തിലേക്കു പോയാൽ ഇവിടെ ദുരൂഹമായി മരിച്ച രണ്ടു പെൺകുട്ടികളും പ്രായപൂർത്തിയാകാത്ത വരായിരുന്നു. പ്രായപൂർത്തിയെന്നാൽ നിയമപരമായ നിർവചനം നിലനിൽക്കുന്നതിനാൽ പോക്സോ കോടതിയാണ് കേസ് ഏറ്റെടുത്തത്. നല്ലത്. പക്ഷെ കോടതി വിധിയാണ് ഇപ്പോൾ ഇവിടെ ചർച്ചയാകുന്നത്.കൃത്യമായ തെളിവുകൾ കുട്ടികളുടെ മരണത്തെ സംബന്ധിച്ച് നൽകാൻ നമ്മുടെ പോലീസ് ഏമാന്മാർക്കു കഴിയാതെ പോയതിനാൽ കോടതി കേസ് നിലവിലെ പ്രതികൾക്ക് അനുകൂലമായിവിധിക്കുന്നു . അതെ കൂടാത്തതായിയും നടി ആക്രമിക്കപ്പെട്ട കേസും ഒക്കെ വളരെ കൃത്യമായി അന്വേഷിച്ച നമ്മുടെ പോലീസ് വിഭാഗമാണ് ഇപ്പോൾ പ്രതിസ്ഥാനത്ത് വരുന്നത് , കൃത്യമായ ലൈംഗിക അതിക്രമം ഈ രണ്ടു പെൺ കുഞ്ഞുങ്ങൾക്കും നേരെ ഉണ്ടായി എന്ന പോസ്റ്റ് മോർട്ടം റിപ്പോർട്ട് നിലനിൽക്കുമ്പോഴാണ് നമ്മുടെ പോലീസ് സംഘം അത് എങ്ങനെ നടന്നെന്ന് കണ്ടു പിടിക്കാൻ കഴിയാതെ കേസ് മടക്കിയത് . ഇതാണ് വയലുകൾ സ്വന്തമാകും എന്ന് പകൽ കിനാവ് കണ്ട ജനവിഭാഗത്തിന്റെ അവസ്ഥ,

Read Also  കേരളത്തില്‍ ആദ്യമായി സ്‌കിന്‍ ബാങ്ക് വരുന്നു

കഷ്ടമാണ് ഇവിടെ ദളിത് ജീവിതം, ഇപ്പോഴും. അതും പട്ടികജാതി ക്ഷേമം കൈകാര്യം ചെയ്യുന്ന മന്ത്രി പ്രമുഖൻ കൂടി ഈ ജില്ലയിൽനിന്നും ഉള്ള ആളാണെന്നു വസ്തുത നിലനിൽക്കുമ്പോൾ. മന്ത്രി സഭയിലെ ശക്തൻ മുഖ്യമന്ത്രിയുടെ വിശ്വസ്തൻ പാർട്ടിയിലെ മുതിർന്ന അംഗം ഈ നിലകളിൽ എല്ലാം നിറഞ്ഞു നിൽക്കുന്ന ബാലൻ മന്ത്രി ഒന്നോർക്കണം ,ഇരട്ടനീതിയെന്ന സങ്കൽപം കേരളത്തിൽ ഉണ്ടാകരുത്. ഇത് നവകേരളമാണെന്നും അത് കുട്ടായ്മയാണെന്നും മതിലുയർത്തി പ്രതിജ്ഞ ചെയ്‌താൽ തീരുന്നതല്ല കേരളത്തിലെ അടിത്തട്ടു ജീവിതങ്ങളുടെ പ്രശ്നങ്ങൾ; സാംസ്‌കാരിക കേരളത്തിന്റെ കളിത്തൊട്ടിലിൽ നിന്നാണ് രണ്ടു പെൺ കുഞ്ഞുങ്ങളെ നമുക്ക് നഷ്ടമായത്.ദീപം കൊളുത്തി പ്രാർത്ഥിക്കാൻ അവർ വെളുത്തനിറമുള്ളവരോ സമൂഹത്തിന്റെ ഉന്നതശ്രേണിയിൽ വിഹരിക്കുന്നവരോ അല്ലായിരുന്നു. കാഞ്ച ഐലയ്യ സൂചിപ്പിക്കുന്നത് പോലെ കുടുംബത്തിൽ ആരെങ്കിലും മരിച്ചാൽ അലമുറയിട്ടും കരയുന്ന ആണുംപെണ്ണും നിറയുന്ന സമൂഹത്തിൽ ഉള്ളവരായിരുന്നു.അതെ ദളിത് ജീവിതം ഇപ്പോഴും സുരക്ഷിതമല്ല കേരളത്തിൽ. താരതമ്യം നടത്തുന്നരീതി തന്നെ ശരിയല്ല എങ്കിലും മരടും ശബരിമലയും ഒക്കെയുള്ള കേരളത്തിൽ തന്നെയാണ് വാളയാർ. മധുവിനെ സംരക്ഷിച്ച അതെ ഗവണ്മെന്റും ആണ് ഇപ്പോഴും ഇവിടെ ഭരിക്കുന്നത് .ഇവിടെ നീതി ലഭ്യമായില്ലെകിൽ അത് സി പി എം ഉൾപ്പെടുന്ന ഭരണ സംഘം ഉയർത്തുന്ന ഇടതുപക്ഷ മൂല്യങ്ങളുടെ കാപട്യത്തെയാവും വെളിപ്പെടുത്തുക.

*ചിത്രങ്ങൾ കടപ്പാട് : നവ മാധ്യമങ്ങളിൽ പങ്കു വച്ചു വന്നത് 

LEAVE A REPLY

Please enter your comment!
Please enter your name here