Wednesday, January 19

ഹിന്ദുക്കൾക്ക് വേണ്ടി വനിതാ മതിൽ സർക്കാർ തന്നെ ഉയർത്തുമ്പോൾ എന്തിന് അയ്യപ്പ ജ്യോതി? രഘു നന്ദനൻ എഴുതുന്നു

അയ്യപ്പ ജ്യോതി നടത്തുമ്പോൾ സർക്കാർ എന്തിന് വനിതാമതിൽ പണിയണം?

കേരളം ഇപ്പോൾ രണ്ട് തട്ടിലാണ്. സർക്കാർ സ്പോൺസർ ചെയ്യുന്ന വനിതാ മതിലിനെ അനുകൂലിക്കുന്നവരും വനിതാ മതിലിനെ ഹിന്ദു വനിതാ മതിൽ ആണെന്നും അത് വർഗീയ മതിൽ ആണെന്നും പ്രഖ്യാപിക്കുന്നവരും എന്നിങ്ങനെ രണ്ട് തട്ടിലാണ്. അതിനിടയിലാണിന്ന്‍  ആർഎസ്എസ് സ്‌പോൺസേർഡ് ശബരിമല കർമ്മ സമിതിയുടെ അയ്യപ്പ ജ്യോതി തെളിയിക്കൽ. എല്ലാം ശബരിമലയുടെ കാര്യത്തിന് വേണ്ടി ആണെന്നതാണ് ആശ്വാസം. ആർഎസ്എസ് അയ്യപ്പ ജ്യോതി നടത്തുന്നതും സർക്കാർ വനിതാ മതിൽ പണിയുന്നതും ഒരേ ഉദ്ദേശ്യ ലക്ഷ്യത്തോടെയാണ്. ശബരിമലയിൽ സ്ത്രീകളെ പ്രവേശിപ്പിക്കരുത്. ആ ഒരൊറ്റ ഉദ്ദേശ്യം മാത്രമാണ് അയ്യപ്പ ജ്യോതിയ്ക്കും വനിതാ മതിലിനും ഉള്ളത്.

സർക്കാരിന് സ്ത്രീകളെ ശബരിമലയിൽ പ്രവേശിപ്പിക്കാൻ താൽപ്പര്യമില്ലെന്ന് പലതവണ വ്യക്തമാക്കിയിട്ടുള്ളതാണ്. നേരിട്ടും അല്ലാതെയും സർക്കാർ ഇത് വ്യക്തമാക്കിയതാണ്. എങ്കിലും ചില നിഷ്കു നവോത്ഥാന ജീവികൾ മാത്രം ഈ സർക്കാരിന്റെ തള്ളലിൽ ഇപ്പോഴും വിശ്വസിച്ചിരിക്കുന്നുവെന്നതൊഴിച്ചാൽ പച്ചവെള്ളം കുടിക്കുന്നവർക്കൊക്കെ സർക്കാർ നിലപാട് വ്യക്തമാകുന്നുണ്ട്.

അപ്പോൾ പിന്നെ എന്തിനാണ് അയ്യപ്പ ജ്യോതിയും വനിതാ മതിലും എന്നതാണ് ചോദ്യം?

ങേ! അതിന് അയ്യപ്പജ്യോതി സംഘപരിവാറും വനിതാ മതിൽ സിപിഐഎം സർക്കാരും നടത്തുന്നതല്ലേ?

ആര് നടത്തിയാലും രണ്ടിന്റെയും ഉദ്ദേശ്യം എന്നതാ?

അത് ശബരിമലയിൽ സ്ത്രീകളെ കയറ്റാതിരിക്കാൻ.

അപ്പോള്‍ ആർഎസ്എസും സർക്കാരും സമാന്തരമായി രണ്ട് പരിപാടികൾ സംഘടിപ്പിക്കേണ്ടതുണ്ടോ?

അത് പിന്നെ ആർഎസ്എസ് തീവ്രവാദ സംഘടന അല്ലേ? സിപിഐഎം സർക്കാർ അങ്ങനെയാണോ?

സിപിഐഎം സർക്കാർ എന്താണ് ചെയ്യുന്നത്?

ഹിന്ദുക്കളുടെ വിശ്വാസസംരക്ഷണത്തിനായി ഹിന്ദുസംഘടനകളെ പങ്കെടുപ്പിച്ചുകൊണ്ട് വനിതാ മതിൽ പണിയുന്നു.

ഹാ അപ്പോൾ ആർഎസ്എസ് എന്താണ് ചെയ്യുന്നത്?

ഹിന്ദുക്കളെ പങ്കെടുപ്പിച്ചുകൊണ്ട് ശബരിമലയിൽ സ്ത്രീകളെ പ്രവേശിപ്പിക്കരുതെന്ന് ആവശ്യപ്പെട്ട് അയ്യപ്പ ജ്യോതി തെളിക്കുന്നു.

അപ്പൊ രണ്ടു കൂട്ടരും ചെയ്യുന്നത് ഒരേ കാര്യമല്ലേ?

 അതേ! അതാണ്!

എന്ത് കൊണ്ടാണ് വനിതാമതിൽ വർഗീയ മതിൽ അല്ലെങ്കിൽ ഹിന്ദു വനിതാ മതിൽ ആകുന്നത്?

സർക്കാർ പറയുന്നത് ഇത് നവോത്ഥാന വനിതാമതിലാണെന്നാണ്. എങ്കിൽ ഇതാണ് ചോദ്യം.

കേരളം നവോത്ഥാനത്തിൽ ഹിന്ദുസംഘടനകൾ മാത്രമാണോ സംഭാവനകൾ നൽകിയിട്ടുള്ളത്?

എന്ത് കൊണ്ടാണ് ഹിന്ദു സംഘടനകളെ മാത്രം ഉൾപ്പെടുത്തി സർക്കാർ ഇത്തരമൊരു മതിൽ നിർമ്മിക്കുന്നത്?

ഒരു പ്രത്യക മതവിഭാഗത്തിന് വേണ്ടി സർക്കാർ പൊതുഖജനാവിൽനിന്ന് പണം ഉപയോഗിച്ച് രാഷ്ട്രീയനേട്ടം ഉണ്ടാക്കുന്നത് ശരിയാണോ?

എന്തുകൊണ്ട് വനിതാമതിലിൽ ക്രിസ്ത്യൻ-മുസ്ളീം സംഘടനകളോടും മറ്റ് നവോത്ഥാന ചരിത്രത്തിൽ പങ്കാളികൾ ആയിട്ടുള്ള രാഷ്ട്രീയ സാമൂഹികസംഘടനകളോടും സർക്കാർ അഭിപ്രായം ചോദിച്ചില്ല?

ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് സർക്കാർ വനിതാ മതിൽ തീർക്കുമ്പോൾ അതിന് നവോത്ഥാന വനിതാ മതിൽ എന്ന് കൂടെ പേര് പറയുമ്പോൾ നവോത്ഥാനത്തിൽ സ്ത്രീകൾ പേരിൽ മാത്രം മതിയോ? എന്ത് കൊണ്ട് സർക്കാർ ശബരിമലയിൽ സ്ത്രീകളെ പ്രവേശിപ്പിക്കാൻ തയ്യാറായില്ല? ശബരിമലയിൽ സ്ത്രീകളെ പ്രവേശിപ്പിക്കാൻ സർക്കാരിന് താൽപ്പര്യം ഇല്ലെന്ന് മുഖ്യമന്ത്രി തന്നെ പറയുന്നു. അപ്പോൾ ഇത് നവോത്ഥാന വനിതാ മതിൽ ആണോ? വർഗീയ പിന്തിരിപ്പൻ വനിതാ മതിൽ ആണോ?

Read Also  ഹാദിയയെ തെരുവിൽ ഭോഗിക്കാൻ ആഹ്വാനം ചെയ്തയാൾ വനിതാ മതിലിന്റെ ജോ. കൺവീനർ

സർക്കാർ നവോത്ഥാനമെന്ന് ചുമ്മാ തള്ളുന്നതാണ് എന്ന് ഇനിയെങ്ങനെയാണ് മനസ്സിലാക്കി തരേണ്ടത്?

നവോത്ഥാനത്തിനായിരുന്നെങ്കിൽ ആ മതിൽ പണിയേണ്ടത് ശബരിമലയിലേക്ക് അല്ലായിരുന്നോ? അതിനുള്ള ഇരട്ട ചങ്ക് ഇല്ലല്ലേ? തള്ളൽ വേറെ, കാര്യം വേറെ അല്ലേ?

ശബരിമല വിഷയത്തിൽ വിഘടിക്കപെട്ട ഹിന്ദുവോട്ടുകളെ ഹിന്ദുസംഘടനകളെ കൂട്ടൂപിടിച്ച് കേന്ദ്രീകരിക്കാനുള്ള ശ്രമം മാത്രമാണ് ഈ വനിതാ മതിൽ. ഇത് വർഗീയ മതിൽ മാത്രമാണ്.

ആർഎസ്എസ് നടത്തുന്ന അയ്യപ്പജ്യോതിയിൽ വരെ വേർതിരിവിന്റെ മതിലല്ല തങ്ങൾ പടുത്തുയർത്തുന്നത് എന്നതാണ് മുദ്രാവാക്യം. അത്രപോലും ബോധവും വിവരവും വിപ്ലവകമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് ഇല്ലാതായിപ്പോയല്ലോ.

ഒന്നാം തീയതി സോഷ്യൽ മീഡിയകളിൽ, ദേശാഭിമാനി പത്രത്തിലൊക്കെ നിറയുന്ന ചില ചിത്രങ്ങൾ ഉണ്ടാകും. അത് മുസ്ളീം യുവതി തന്റെ കുട്ടിയേയും പിടിച്ച് വനിതാ മതിലിൽ പങ്കെടുക്കുന്നത് ആയിരിക്കും. അല്ലെങ്കിൽ കുരിശ് വെളിയിൽ കാണുന്ന തരത്തിൽ യുവതികൾ വനിതാമതിലിൽ പങ്കെടുക്കുന്നതായിരിക്കും. എമ്മാതിരി തള്ളുകള്‍  സഹിച്ചാലാണ് നമ്മൾ ഈ കാലഘട്ടത്തിലൂടെ ഒന്ന് ജീവിച്ചു പോകുക എന്നോർക്കുമ്പോഴാണ് ഹോ …

ചെന്നിത്തല സംഘി ക്യാമ്പിൽ ആണെന്ന് പറയുമ്പോഴും അദ്ദേഹം രാഷ്ട്രീയ ലാഭത്തിനാണെങ്കിലും ഈ വനിതാ മതിൽ വർഗീയ മതിൽ ആണെന്ന് പറയാനുള്ള ആർജ്ജവം കാണിച്ചതിന് കൊടുക്കണം ഒരു കുതിരപ്പവൻ. ആർഎസ്എസ് തങ്ങളുടെ ആക്രമണരാഷ്ട്രീയം വിട്ട് ജനാധിപത്യരീതിയിൽ സിപിഐഎം സർക്കാർ സംഘടിപ്പിക്കുന്നതുപോലുള്ള ഇത്തരം ജനാധിപത്യ വർഗീയ അയ്യപ്പ ജ്യോതിയും വനിതാ മതിലുമൊക്കെ സംഘടിപ്പിക്കുന്നതിന്, സഖാവ് കാനം രാജേന്ദ്രൻ പറഞ്ഞതുപോലെ സ്വാഗതം ചെയ്യുകയാണ് വേണ്ടത്. ആക്രമണം അല്ലാലോ, ജനാധിപത്യരീതിയിൽ വർഗീയത കുത്തിവെക്കുകയാണല്ലോ എല്ലാവരും. അത്രയും ആശ്വസിക്കാം. ആക്രമണം ഒഴിവാക്കിയതിന് നല്ല നമസ്ക്കാരം.

views are personel

Spread the love

Leave a Reply