Thursday, January 20

മഹത്വപ്പെടാത്ത വരത്തന്‍: അമല്‍ നീരദിന്‍റെ ഗ്രാഫ് താഴേയ്ക്ക്

ഇതൊരു നാട്ടിന്‍പുറമാണ്. ഇവിടെ അതിന്‍റേതായ ചില ആചാരങ്ങളൊക്കെയുണ്ട് എന്ന് ട്രെയിലറിലെ വാചകം കേട്ട് നാട്ടിന്‍പുറത്തിന്‍റെ ആചാരങ്ങള്‍ കാണാന്‍ തിയേറ്ററില്‍ കയറിയവര്‍ക്ക് നിരാശയാവും ഫലം. ഓ, പണ്ടു മുതലേ നാം കണ്ടതിനപ്പുറം ഒന്നുമില്ലാത്ത ഒരു സിനിമ എന്നാണ് സിനിമ കണ്ടിറങ്ങിയ ഒരു പ്രേക്ഷകന്‍ പറയുന്നത് കേട്ടത്. അപ്പോള്‍ കയറിയതിനും ഇറങ്ങിയതിനുമിടയില്‍ എന്തു സംഭവിക്കുന്നുവെന്ന് നോക്കാം.

സിനിമ തുടങ്ങുന്നത് ദുബായിലാണ്. തുടക്കം കൊള്ളാം. എബിയെന്ന ഐ ടി പ്രൊഫഷണല്‍ തന്‍റെ പ്രൊജക്റ്റ് പ്രസന്‍റേഷന്‍ നടത്തി സ്വീകാര്യനല്ലാതെ തിരികെ പോകുന്നു. നിരാശനായി വീട്ടിലെത്തിയ എബി ഭാര്യയുടെ ഗര്‍ഭം അലസിയ കാര്യവും അറിയുന്നു. ദുബായില്‍ നടക്കാന്‍ പോകുന്ന ഏതോ ത്രില്ലറാകും എന്ന് കരുതുന്നവരെ അമല്‍ നീരദ് വഴി തെറ്റിക്കുന്നു. എബിയും ഭാര്യ പ്രിയയും നാട്ടിലേക്ക് മടങ്ങുന്നു. നാട്ടില്‍ തിരിച്ചെത്തുന്ന അവര്‍ കുറച്ചു കാലം മാറി നില്ക്കാനായി പതിനെട്ടാം മൈലില്‍ കുറെക്കാലമായി അടഞ്ഞു കിടക്കുന്ന പ്രിയയുടെ കുടുംബവീട്ടിലേക്ക് പോകുന്നു. ഹൊറര്‍ എന്നോ ത്രില്ലര്‍ എന്നോ പ്രേക്ഷകനെ തെറ്റിദ്ധരിപ്പിക്കും വിധം കാര്യങ്ങള്‍ സജ്ജമാക്കുന്ന സംവിധായകന്‍ പ്രേക്ഷകന്‍റെ കാഴ്ചയെ വലിച്ചിഴച്ചു കൊണ്ടു പോവുകയാണ്. അവിടെ അവര്‍ക്ക് നേരിടേണ്ടി വരുന്ന ചില പ്രശ്നങ്ങള്‍ക്കൊടുവില്‍ സിനിമയെ ത്രില്ലറാക്കുന്നിടത്താണ് പ്രേക്ഷകനെ അല്പമെങ്കിലും ത്രസിപ്പിക്കുന്നത്. അത് മാത്രമായിരിക്കും തന്‍റെ പ്രേക്ഷകരിലേക്ക് കയറിക്കൂടാന്‍ അമല്‍ നീരദ് വിജയിക്കുന്നിടവും. അതായത് ഇഴഞ്ഞു നീങ്ങുന്ന പരാജയത്തിനൊടുവില്‍ തന്‍റേതായ കാണികള്‍ക്കിടയില്‍ അമല്‍ നീരദിന്‍റെ വിജയവും.

സമകാലമലയാളസിനിമയ്ക്ക് പുതുതായി ഒന്നും തന്നെ സംഭാവന ചെയ്യുന്നില്ല എന്നതാണ് പ്രമേയം മുതല്‍ വരത്തന്‍റെ പരാജയം. വര്‍ഷങ്ങളായി സിനിമയില്‍ കണ്ടു പഴകിയ പ്രമേയമാണ് വരത്തനുമുള്ളത്. അതായത് നായികാനായകന്മാരുടെ സ്വസ്ഥജീവിതത്തിലേക്ക് അതിക്രമിച്ചു കടക്കുന്ന ഛിദ്രശക്തികളെ ഒടുവില്‍ നായകന്‍ സംഘട്ടനത്തിലൂടെ ഇല്ലായ്മ ചെയ്യുന്നു. ഇത് പഴയ കാല പ്രേംനസീര്‍ സിനിമ മുതല്‍ നാം കണ്ടു പഴകിയതാണ്. എന്നാല്‍ സാങ്കേതികതയുടെ സമകാലപ്രയോഗം എന്നതിനപ്പുറം വരത്തനെ പഴയ കുപ്പിയില്‍ പുതിയ വീഞ്ഞ് എന്ന് പോലും പറയാനാകില്ല.

സിനിമയുടെ പശ്ചാത്തലമായി ഹൈറേഞ്ച് തിരഞ്ഞെടുക്കുമ്പോള്‍ ഇയ്യോബിന്‍റെ പുസ്തകത്തില്‍ അമല്‍ നീരദിന് തലയ്ക്ക് പിടിച്ച പ്രകൃതിയുടെ ഹാങ് ഓവറാണ് വരത്തനില്‍ തല പെരുപ്പായി മാറുന്നത്. ഹൈറേഞ്ചിലെ പതിനെട്ടാം മൈലിലേക്കുള്ള എബിയുടെയും പ്രിയയുടെയും യാത്രയുടെ തുടക്കം മുതല്‍ അമല്‍ നീരദ് സസ്പെന്‍സ് സൃഷ്ടിക്കാന്‍ ശ്രമിക്കുന്ന പെടാപാട് കാണാം. പതിനെട്ടാം മൈലില്‍ അവര്‍ ചായ കുടിക്കുന്ന കട മാത്രമാണ് സിനിമയിലെ നാട്ടിന്‍പുറവും കഥാപാത്രങ്ങളും. അവരുടെ പ്രതികരണങ്ങളിലും സംവിധായകന്‍ സസ്പെന്‍സ് സൃഷ്ടിച്ച് കാണികളെ വഴി തെറ്റിക്കുന്നുണ്ട്. നായകനും പ്രതിനായകസ്ഥാനത്തെത്തുന്നവരും ആ നാട്ടിന്‍പുറത്ത് വരത്തരാണ്.

എബിയും പ്രിയയും എത്തിച്ചേരുന്ന എസ്റ്റേറ്റ് ബംഗ്ലാവ് അവതരിപ്പിക്കുന്നിടത്താണ് സംവിധായകന്‍ ഹൊറര്‍ പ്രതീതി ജനിപ്പിക്കുന്നത്. അതു മാത്രമല്ല സിനിമയുടെ അന്ത്യത്തില്‍ ഉപയോഗിക്കാനുള്ള വസ്തുവകകളെയും സസ്പെന്‍സിനായി സംവിധായകന്‍ അവിടെ നിരത്തിയിട്ടുണ്ട്. ഇരുട്ടില്‍ കാണാനാവുന്ന കണ്ണടയും തോക്കുമൊക്കെ പ്രോപ്പര്‍ട്ടികളായി കാണിക്കുന്ന സംവിധായകന്‍ നായകനെ അവതരിപ്പിക്കുന്നത് വളരെ ശാന്തശീലനായാണ്. പാറ്റയെ കൊല്ലുന്ന നായികയും അതിനെ എതിര്‍ക്കുന്ന നായകനും കഥാപാത്രസ്വഭാവത്തിന്‍റെ ആവിഷ്കരണമാണ്. എന്നു മാത്രമല്ല നാട്ടിന്‍പുറത്തെക്കുറിച്ചുള്ള നായകന്‍റെ ഡയലോഗുകളും അതിന് സഹായകരമാണ്. സംസ്കാരസമ്പന്നനായ നായകനും സമ്പന്നരായ പ്രതിയോഗികളും സിനിമയുടെ പതിവ് കഥാപാത്രസങ്കല്പങ്ങളാണ്.

സിനിമയിലെ സംഭവപരമ്പരകള്‍ ആദ്യപകുതിയില്‍ തികച്ചും വലിച്ചിഴയ്ക്കുകയാണ്. അതാകട്ടെ ഒരു ത്രില്ലര്‍ രൂപപ്പെടുത്താന്‍ പര്യാപ്തമല്ലാത്തതുമാണ്. എന്നാല്‍ സിനിമയുടെ അവസാന അരമണിക്കൂറോളം നായകനും പ്രതിയോഗികളും തമ്മിലുള്ള ദീര്‍ഘമായ സംഘട്ടനമാണ് അമല്‍ നീരദിന്‍റെ പ്രേക്ഷകരായ ത്രില്ലര്‍ പ്രേമികളെ ആശ്വസിപ്പിക്കുന്നത്. അതാകട്ടെ കത്തിയും തോക്കും കെട്ടിടം തകര്‍ക്കലുമൊക്കെയായി അടി ഇടി വെടി പഴയകാല പ്രേംനസീര്‍ സിനിമയുടെ ആവിഷ്കരണമായി തന്നെ തുടരുന്നു. ആദ്യം ശാന്തനായിരുന്ന നായകന് അന്ത്യസംഘട്ടനത്തില്‍ വരുന്ന മാറ്റമാണ് ഫഹദ് ഫാസിലിന്‍റെ നായകനിലേക്കും പ്രേക്ഷകരെ അടുപ്പിക്കുന്നത്. അഭിനയത്തിന്‍റെ കാര്യത്തില്‍ ഫഹദ് നിരവധി സിനിമകളില്‍ കണ്ടിട്ടുള്ള സ്വതസിദ്ധമായ ശൈലി തീര്‍ത്തും പാലിക്കുന്നുണ്ട്. പ്രിയയായി അഭിനയിക്കുന്ന ഐശ്വര്യ ലക്ഷ്മി സമകാലനടിമാരില്‍ മുന്‍നിരയിലേക്ക് കയറുന്നുണ്ട്. വില്ലനായെത്തുന്ന ഷറഫുദീനും മെച്ചപ്പെടുമ്പോള്‍ സമീപകാലസിനിമകളില്‍ ശക്തമായ സാന്നിധ്യം പാലിച്ചിട്ടുള്ള ദിലീഷ് പോത്തന് ഇതില്‍ കാര്യമായി ഒന്നും ചെയ്യാനില്ലെന്നായിരിക്കുന്നു.

ദൃശ്യാവിഷ്കാരത്തിന്‍റെ കാര്യത്തില്‍ ഛായാഗ്രാഹകന്‍ ലിറ്റില്‍ സ്വയമ്പിനെ ക്യാമറാമാന്‍ കൂടിയായ സംവിധായകനാണ് നയിക്കുന്നതെന്ന് മനസ്സിലാകും. സമകാലദൃശ്യപരതയില്‍ സിനിമയില്‍ വിതരണം ചെയ്യാറുള്ള മുകളില്‍ നിന്നുള്ള ദൃശ്യങ്ങള്‍ക്ക് ഈ സിനിമയില്‍ വളരെയധികം പ്രാധാന്യം നല്കുമ്പോള്‍ ചിലപ്പോഴെങ്കിലും അത് അരോചകവുമാകുന്നുണ്ട്. രാത്രിയുടെ പശ്ചാത്തലത്തില്‍ ആരംഭിക്കുന്ന സിനിമയുടെ അന്ത്യസംഘട്ടനരംഗം പകുതി കഴിയുമ്പോഴേക്കും പകല്‍വെളിച്ചത്തിലാകുന്നിടത്ത് സംവിധാകന്‍റെ ശ്രദ്ധക്കുറവോ കാലത്തുടര്‍ച്ചയുടെ ആവിഷ്കാരത്തിലെ പരാജയമോ ആയി കണക്കാക്കേണ്ടി വരും.

സമീപകാലത്ത് സിനിമയിലെ ശബ്ദസാധ്യതയുടെ ഉപയോഗം ഏറെപ്പേരാല്‍ വാഴ്ത്തപ്പെടുമ്പോഴും ഈ സിനിമയിലും അത് ആവശ്യത്തിലധകമാവുന്നുണ്ട്. തിയേറ്ററില്‍ തല പെരുപ്പിക്കുന്ന ശബ്ദകോലാഹലം സൃഷ്ടിക്കുന്നതില്‍ സംഗീത സംവിധായകന്‍  സുശിന്‍ ശ്യാം അങ്ങേയറ്റത്താണ്. മിതത്വമില്ലായ്മ ശബ്ദത്തെ സംബന്ധിച്ചിടത്തോളം പോരായ്മ തന്നെയാണ്. പിന്നെ ത്രില്ലറല്ലെ സംവിധായകന്‍ അവതരിപ്പിക്കുന്നത് എന്ന് മാത്രം ആശ്വസിക്കാം.

നാട്ടുമ്പുറത്തിന്‍റെ സദാചാരപ്രവര്‍ത്തികളെ പൊളിച്ചുകാട്ടുന്നതില്‍ സംവിധായകന്‍ നന്നേ വിജയിച്ചിട്ടുണ്ട്. ചായക്കട വരാന്തയില്‍ വായിക്കുന്ന പത്രത്തിലും ടോയ്ലറ്റ് ജനലില്‍ ഒട്ടിക്കുന്ന പത്രക്കടലാസിലെയും വാര്‍ത്തകളില്‍ കേന്ദ്രീകരിക്കുന്ന ദൃശ്യങ്ങളില്‍ സംവിധായകന്‍ തന്‍റെ കപടരാഷ്ട്രീയാവിഷ്കാരം സാധ്യമാക്കുന്നുമുണ്ട്. അതാകട്ടെ സിനിമയിലെ രാഷ്ട്രീയാവിഷ്കാരത്തില്‍ സംവിധായകന്‍റെ പരിമിതിയെ വെളിപ്പെടുത്തുകയും ചെയ്യുന്നു. സമഗ്രതയില്‍ സിനിമ പരാജയമാകുമ്പോഴും അവസാന അര മണിക്കൂര്‍ നീളുന്ന ചോര ചിന്തുന്ന തീപ്പൊരി സംഘട്ടനം അമല്‍ നീരദിന്‍റെ കാണികളെ തൃപ്തിപ്പെടുത്തുന്നുണ്ടാവുമെന്ന് കരുതാം.

Spread the love
Read Also  പ്രിയദര്‍ശന്‍ - മോഹന്‍ലാല്‍, ‘മരയ്ക്കാര്‍: അറബിക്കടലിന്‍റെ സിംഹം’ മൂന്ന് സംഗീതസംവിധായകര്‍ പ്രണവ് മോഹന്‍ലാലും ഉണ്ടാകും

Leave a Reply