ഭീമ കൊറേഗാവ് കേസിൽ യു എ പി എ ചുമത്തി ജയിലിലടയ്ക്കപ്പെട്ട കവിയും രാഷ്ട്രീയ പ്രവർത്തകനുമായ വരവര റാവുവിന് ബോംബെ ഹൈക്കോടതി ആറുമാസത്തേക്ക് ഇടക്കാല ജാമ്യം അനുവദിച്ചു .
2018 മുതൽ വിചാരണ കാത്തിരിക്കുന്ന റാവു, ആറുമാസത്തെ ജാമ്യത്തിന് ശേഷം കീഴടങ്ങുകയോ ജാമ്യ കാലാവധി നീട്ടാൻ അപേക്ഷിക്കുകയോ ചെയ്യണമെന്ന് ബെഞ്ച് പറഞ്ഞു.
മുംബൈയിൽ തന്നെ ഉണ്ടാകണമെന്നും അന്വേഷണത്തിന് ഹാജരാകണമെന്നുമുള്ള വ്യവസ്ഥയിലാണ് റാവുവിന് ജാമ്യം ലഭിച്ചത്. 50000 രൂപയുടെ ജാമ്യത്തുക കെട്ടിവെക്കണം. വിചാരണയ്ക്കായി എൻഐഎ കോടതിയിൽ ഹാജരാകണം. റാവുവിന്റെ ആരോഗ്യവസ്ഥ മെച്ചപ്പെടുമ്പോൾ നാനാവതി ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്യും.
റാവുവിന്റെ ഭാര്യ ഹേമലത മെഡിക്കൽ ജാമ്യാപേക്ഷയും റിട്ട് ഹരജിയും വൈദ്യസഹായം നൽകാത്തത് മൗലികാവകാശങ്ങളുടെ ലംഘനമാണെന്ന പരാതിപ്പെടുകയും ചെയ്തിരുന്നു .
2017 ഡിസംബർ 31 ന് പൂനെയിൽ നടന്ന എൽഗാർ പരിഷത്ത് കോൺക്ലേവിൽ നടത്തിയ പ്രസംഗമാണ് കേസിനാധാരമായ സംഭവം. പ്രസംഗം പ്രകോപനപരമാണെന്നും ഇതുമൂലം അടുത്ത ദിവസം പടിഞ്ഞാറൻ മഹാരാഷ്ട്ര നഗരത്തിന്റെ പ്രാന്തപ്രദേശത്തുള്ള കൊറെഗാവ്-ഭീമ യുദ്ധസ്മാരകം അക്രമത്തിനിരയായതായും ആരോപിച്ചു പോലീസ് വരവരറാവു ഉൾപ്പെടെ 15 പേരെ അറസ്റ്റ് ചെയ്തിരുന്നു. –