നാളെ മുതൽ പ്രീത ഷാജിയുടെ വീട് കാവൽ സമരം. വീടൊഴിഞ്ഞ് താക്കോല്‍ വില്ലേജ് ഓഫീസര്‍ക്ക് കൈമാറിയാല്‍ മാത്രമേ ഷാജി ഫയല്‍ ചെയ്ത ഹര്‍ജി പരിഗണിക്കൂ എന്ന ഹൈക്കോടതി നിർദ്ദേശത്തെ തുടർന്ന് നാളെ 3 മണിക്ക് പ്രീത ഷാജി വീടൊഴിയും.
അതേസമയം കുടിയിറങ്ങുന്ന പ്രീതാഷാജിയുടെ കിടപ്പാടം സംരക്ഷിക്കാന്‍ വീട് കാവല്‍ സമരവുമായി മുന്നോട്ടുപോകാന്‍ സമരസമിതി തീരുമാനിച്ചു. വീട് കാവല്‍ സമരം പ്രശസ്ത സാമൂഹ്യപ്രവര്‍ത്തകനായ എന്‍.എം. പിയേഴ്സണ്‍ വെള്ളിയാഴ്ച 3 മണിക്ക് ഉദ്ഘാടനം ചെയ്യും.
ഡെബ്റ്റ് റിക്കവറി ട്രിബ്യൂണല്‍ ഉത്തരവ് ഉണ്ടായി 3 വര്‍ഷത്തിനകം വില്പന നടത്തേണ്ടിയിരുന്ന ഈട് വസ്തു കാലഹരണപ്പെട്ട് 9 വര്‍ഷത്തിന് ശേഷമാണ് റിക്കവറി ഓഫീസര്‍ വില്പന നടത്തിയിട്ടുള്ളത് എന്നതുകൊണ്ട് റിക്കവറി നടപടി നിലനില്‍ക്കില്ല എന്ന് കാണിച്ച് ഷാജി ഫയല്‍ ചെയ്ത ഹര്‍ജിയിലാണ് വാദം കേള്‍ക്കണമെങ്കില്‍ കുടിയൊഴിഞ്ഞ് കോടതിയലക്ഷ്യ ഹര്‍ജി തീര്‍പ്പാക്കണമെന്ന ഉപാധി കോടതി നിര്‍ദ്ദേശിച്ചത്. ഇത് അംഗീകരിച്ചാണ് പ്രീത ഷാജി വീട് ഒഴിയുന്നത്. അതേസമയം കോടതി നടപടികൾ അവസാനിക്കുന്നത് വരെ ജപ്തി നടപടികൾ നടക്കാതിരിക്കാനാണ് വീട് കാവൽ സമരത്തിന് സമരസമിതി തീരുമാനിച്ചിരിക്കുന്നത്.