Thursday, January 20

ശബരിമലയുടെ പേരിൽ ഇപ്പോൾ നടക്കുന്നത് സവർണ്ണ സമരമെന്ന് വെള്ളാപ്പള്ളി നടേശൻ

ശബരിമലയുടെ പേരിൽ ഇപ്പോൾ നടക്കുന്നത് സവർണ്ണ സമരമെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. കുഞ്ഞുങ്ങളേയും സ്ത്രീകളേയും കൊണ്ട് തെരുവിലിറങ്ങുന്നതിന് പിന്നിൽ വ്യക്തമായ അജണ്ടയുണ്ടെന്നും തമ്പ്രാക്കൻമാർ തീരുമാനിച്ചു, അടിയാൻമാർ പുറകെ ചെന്നോളണം എന്ന സമീപനം ആണ് ഇതെന്നും ഈ സമീപനം എസ്എൻഡിപി അംഗീകരിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. തന്ത്രികുടുംബവും പന്തളം രാജകുടുംബവും എൻഎസ്എസും മാത്രമല്ല ഹിന്ദുക്കൾ സർക്കാർ കണക്ക് പ്രകാരം കേരളത്തിൽ 28 ശതമാനം ഈഴവരുണ്ട്. ഈഴവരെയോ പട്ടികജാതി, പട്ടികവർഗ്ഗ, ധീവര സമുദായത്തെയോ ഒന്നും വിളിച്ച് ഹിന്ദുക്കളുടെ പേരിലുള്ള സമരത്തെക്കുറിച്ച് ആരും ആലോചിച്ചിട്ടില്ല. ചില കേന്ദ്രങ്ങളിൽ നിന്ന് ഉണ്ടായ ആഹ്വാനപ്രകാരം ഉണ്ടായ സമരം മാത്രമാണ് നടക്കുന്നത്. സർക്കാരിനെതിരെ വിമോചന സമരം നടത്താനാണ് ഇവർ ഉദ്ദേശിക്കുന്നതെങ്കിൽ ഇതിനെതിരെ സമര പരിപാടികളുമായി എസ്എൻഡിപി രംഗത്ത് വരുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു.

രാജ്യത്തെ ഭ്രാന്താലയമാക്കുന്ന നിലപാടിനോട് യോജിക്കാൻ കഴിയില്ലെന്നും പത്താളെ കൂടെ കൂട്ടാനുള്ള നടപടികൾ ആണ് ബിജെപി ഇതിലൂടെ നടത്തുന്നതെന്നും വെള്ളാപ്പള്ളി കുറ്റപ്പെടുത്തി. ദേവസ്വം ബോർഡ് പ്രസിഡന്റ് പത്മകുമാറിനെതിരെയും രൂക്ഷ വിമർശനമാണ് വെള്ളാപ്പള്ളി നടേശൻ നടത്തിയത്. നിലപാടും നിലവാരവും ഇല്ലാത്ത ദേവസ്വം ബോർഡ് പ്രസിഡന്‍റാണ് പത്മകുമാർ എന്നും സർക്കാരിന് റിവ്യൂ ഹർജി കൊടുക്കാനാകില്ല എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കിയിട്ടും ദേവസ്വം ബോർ‍ഡ് പ്രസിഡന്‍റിന് സർക്കാർ നയത്തിനെതിരെ എങ്ങനെ സംസാരിക്കാനാകും എന്നും വെള്ളാപ്പള്ളി ചോദിച്ചു. ദിവസവും നിലപാട് മാറ്റിപ്പറഞ്ഞ് സർക്കാരിനെതിരായ പ്രക്ഷോഭത്തിൽ പത്മകുമാർ പരമാവധി എണ്ണയൊഴിച്ചുകൊടുക്കുകയാണ് ചെയ്തത്. പത്മകുമാർ എൻഎസ്എസിന്‍റെ ആളാണോ പാ‍ർട്ടിയുടെ ആളാണോ എന്നും വെള്ളാപ്പള്ളി ചോദിച്ചു. രണ്ട് വഞ്ചിയിൽ കാലുവയ്ക്കുന്ന, ഇടതുപക്ഷത്തിന്‍റെ കൂടെ നിന്ന് കുതികാല് ചവിട്ടുന്ന പത്മകുമാർ രാജിവയ്ക്കണം എന്നാവശ്യപ്പെട്ട് അദ്ദേഹത്തിന്‍റെ വീട്ടിലേക്ക് മാർച്ച് ചെയ്ത യുവമോർച്ച പ്രവർത്തകർക്ക് താൻ ഓരോ മഞ്ഞ പൂക്കൾ കൊടുക്കുന്നതായും വെള്ളാപ്പള്ളി പറഞ്ഞു.

ദേവസ്വം ബോർഡ് ജീവനക്കാരിൽ 96 ശതമാനവും സവർണ സമുദായക്കാരാണ്. പിന്നോക്കക്കാരും പട്ടികജാതിക്കാരുമായി വെറും നാല് ശതമാനം പേരാണ്. ശബരിമലയിലെ പരമ്പരാഗത ആചാരമായ വെടിവഴിപാട് മുഹമ്മ ചീരപ്പൻ ചിറയിലെ സുശീല ഗോപാലന്‍റെ വീട്ടുകാരിൽ നിന്ന് സവർണ്ണസമുദായക്കാർ പിടിച്ചെടുത്തു. മകരജ്യോതി തെളിയിക്കുന്നതിനുള്ള പരമ്പരാഗത അവകാശം ആദിവാസികളിൽ നിന്ന് പിടിച്ചെടുത്തു. ഇതിനെതിരെ ആരും പ്രക്ഷോഭത്തിന് പോയില്ല. ശബരിമലയിൽ സ്ത്രീകളെ പ്രവേശിക്കാതായത് 1991 മുതൽ മാത്രമാണ്. സ്ത്രീകൾ ശബരിമലയിൽ കയറി വഴിപാട് നടത്തുന്നതിന്‍റേയും കുഞ്ഞുങ്ങളുടെ ചോറൂണ് ചടങ്ങ് നടത്തുന്നതിന്‍റേയും ചിത്രങ്ങളുണ്ട്. എസ്എൻഡിപി എന്തായാലൂം സർക്കാരിനെതിരെ സമരത്തിനില്ലെന്നും വെള്ളാപ്പള്ളി വ്യക്തമാക്കി. ഹീന്ദുക്കളുടെ ഏജൻസി ഏറ്റെടുക്കാൻ ക്ഷേത്രം ഉപദേശികസമിതികൾ ആരാണെന്നും വെള്ളാപ്പള്ളി ചോദിച്ചു.

Spread the love
Read Also  നിലയ്ക്കലിൽ സംഘർഷം; സന്ദർശനത്തിനർത്തിയവരെ തടയുന്നു

Leave a Reply