Saturday, January 22

ഈ മഹാനായ മനുഷ്യന് ഗുരുവന്ദനം

സ്വന്തം കർമ്മരംഗത്തെ അവധാനതയോടെ പിന്തുടർന്ന് ജീവിതത്തെ സാര്‍ത്ഥകമാക്കുന്ന ചിലരുണ്ട്. നിർവ്വേദം എന്ന അവസ്ഥ കൊണ്ട് ലൌകികജീവിതത്തിൻ്റെ എല്ലാ പാറ്റേണുകളെയും അവർ അതിജീവിക്കും. അത്തരക്കാർ മറ്റുള്ളവർക്ക് മാർഗ്ഗദർശകരാവും. ജ്ഞാനത്തിന്‍റെ വിതരണം നടത്തിയിരുന്ന അത്തരം ഗുരുക്കന്മാരുടെ തലമുറയ്ക്ക് വംശനാശം നേരിട്ടിരിക്കുകയാണ്. ഇവിടെയിതാ ഗുരുപരമ്പരയുടെ അവസാന കണ്ണി എന്നൊക്കെ പറയാവുന്ന തരത്തിൽ ഒരാള്‍. കഴിഞ്ഞ 54 വർഷമായി അടൂരിന്‍റെ അക്ഷരവെളിച്ചമായി തുടരുന്ന വെളുത്തകുഞ്ഞ് രാമന്‍ ആശാന്‍.

 

വെളുത്ത കുഞ്ഞ് ആശാനെ സന്ദർശിച്ച പ്രതിപക്ഷം.ഇന്നിന്‍റെ പ്രവർത്തകരോട് വെളുത്തകുഞ്ഞ് ആശാന്‍ ജീവിതവും ദർശനവും പങ്ക് വെക്കുന്നു.

 

തൊഴിലിലേക്ക്

ടി ടി സി യ്ക്ക് പോകണമെന്നായിരുന്നു ആഗ്രഹം. പറ്റിയില്ല. പഠനം നിർത്തിയതിന് ശേഷം തൊഴില്‍ കിട്ടുമെന്ന് കരുതി എംപ്ലോയ്മെന്റിലൊക്കെ രജിസ്റ്റർ ചെയ്തു. അച്ഛന്‍ മുന്നേ മരിച്ചു പോയതിനാല്‍ കുടുംബം പുലർത്തണമായിരുന്നു. അമ്മയെയും ആറ് സഹോദരിമാരെയും സംരക്ഷിക്കണമായിരുന്നതിനാല്‍ മൂന്നാലു വർഷം കൂലിപ്പണിയ്ക്ക് പോയി. പഠിക്കുമ്പോഴും ഒഴിവു സമയത്ത് കൂലിപ്പണിക്ക് പോകുമായിരുന്നു. അന്ന് ഒന്നേകാല് രൂപയായിരുന്നു കൂലി കിട്ടുമായിരുന്നത്. ഒരു രൂപാ വീട്ടിലേക്ക് കൊടുക്കുമായിരുന്നു.

പഠിക്കുന്ന സമയത്തെ അധ്യാപകനാകണമെന്ന് വലിയ ആഗ്രഹമായിരുന്നു. കൊച്ചു കുട്ടികള്‍ക്ക് പറഞ്ഞ് കൊടുത്താല്‍ കിട്ടുന്ന തൃപ്തിയാണ് അന്ന് അങ്ങനെ ചിന്തിപ്പിച്ചത്. ക്ലാസില്‍ ഇരിക്കുമ്പോള്‍ പഠിപ്പിക്കുന്ന അധ്യാപകരുടെ ശൈലി നിരീക്ഷിക്കുമായിരുന്നു.

കൂടെ പഠിച്ച ഒരു കൂട്ടുകാരിയാണ് ഈ തൊഴിലിലേക്ക് എത്തിച്ചത്. അവരുടെ മകനെ പഠിപ്പിക്കണമെന്ന് ആവശ്യപ്പെട്ടു അങ്ങനെയായിരുന്നു തുടക്കം. അത് വിജയിക്കുമെന്ന് മനസ്സിലായി വിജയിക്കുകയും ചെയ്തു.

മുപ്പതാം വയസ്സില്‍ 1964ലായിരുന്നു തുടക്കം അക്കാലത്ത് അവിടെയുണ്ടായിരുന്ന ശ്രീരാമാകൃഷ്ണാശ്രമം സഹായിച്ചു. കുട്ടികളെ പഠിപ്പിക്കാനായി അവരുടെ ഹരിജന്‍ മണ്ഡപം തുറന്നു തന്നു. അക്കാലത്ത് 54 കുട്ടികള്‍ വരെ ഉള്ള ക്ലാസ്സായിരുന്നു. 

അന്ന് കുട്ടികള്‍ ഓലയിലായിരുന്നു എഴുതി പഠിച്ചിരുന്നത്. പക്ഷെ കുട്ടികള്‍ ഓല അടിച്ചു പൊട്ടിക്കുമായിരുന്നതിനാൽ ഒരു വശത്തെ ഭിത്തിയില്‍ കറുപ്പടിച്ചു. കുട്ടികള്‍ക്ക് അവിടെ എഴുതി പഠിക്കാനായി ചോക്കും വാങ്ങി വെക്കുമായിരുന്നു.

കുട്ടികളെ അക്ഷരം മാത്രമായിരുന്നില്ല പഠിപ്പിച്ചിരുന്നത്. മലയാളവും കണക്കും എനിക്കറിയാവുന്ന ചെറിയ ഇംഗ്ലീഷും പഠിപ്പിക്കുമായിരുന്നു. ഹൈസ്കൂളില് ഞാൻ ഇംഗ്ലീഷ് പഠിച്ചിട്ടുണ്ടായിരുന്നു. അന്നൊക്കെ അഞ്ചാം ക്ലാസ്സിലായിരുന്നു എ ബി സി ഡി ഇംഗ്ലീഷ് പഠിച്ച് തുടങ്ങുക. അഞ്ചാം ക്ലാസില് ഞാൻ തോറ്റിരുന്നു.

ആദ്യകാലത്ത് വീടുകളിൽ പോയി അര മണിക്കൂർ പഠിപ്പിക്കുന്നതിന് മാസം മൂന്ന് രൂപയായിരുന്നു കൂലി. ഇപ്പോൾ സാറന്മാര്‍ക്ക് നല്ല ശമ്പളമാണല്ലോ. ദൂരെ ദൂരെ ആകുമെന്നതിനാൽ കൂടുതല്‍ വീടുകളില്‍ പഠിപ്പിക്കാന്‍ പോകാനാവുമായിരുന്നില്ല. വീടുകളില്‍ നിന്ന് ചായ കുടിക്കും. പഠിപ്പിക്കും. പിന്നെയും നടന്ന് ദൂരെയുള്ള വീടുകളിലേക്കാണ് പോകേണ്ടത്.

മലയാളഭാഷയും ഇ എം എസും, ഇംഗ്ലീഷ് വിരോധമില്ല

ശ്രീരാമകൃഷ്ണാശ്രമത്തിൽ 54 കുട്ടികൾ വരെയൊക്കെ ഉണ്ടായിരുന്നതാണ്.  ഇംഗ്ലീഷ് മീഡിയങ്ങൾ കടന്നു വന്നതോടെ മലയാളത്തില്‍ ആളുകള്‍ക്ക് താല്പര്യം കുറഞ്ഞു. കുട്ടികൾ കുറഞ്ഞു. അക്കാലത്താണ് കേരളത്തെപ്പറ്റി, മലയാളത്തെപ്പറ്റി ഇഎംഎസ് എഴുതിയത് വായിച്ചത്. അതോടെ ആവേശമായി മലയാളം വേണമെന്നായി.

അർത്ഥവത്തായി കാര്യങ്ങള് അറിയിക്കാന്‍ പറ്റുന്ന ഭാഷയാണ് മലയാളം. പല രീതിയില്‍ പറഞ്ഞ് മനസ്സിലാക്കാം. എനിക്ക് ഇംഗ്ലീഷ് വിരോധമൊന്നുമില്ല.

ശിഷ്യരോട്, ശിഷ്യരെ പറ്റി

നാല് കാര്യങ്ങളിലായിരുന്നു കുട്ടികളോട് എനിക്ക് നിർബന്ധം. പുസ്തകം വലിച്ചു കീറരുത്, കുത്തി വരയ്ക്കരുത്, അലക്ഷ്യമായി ഇടരുത്, സൂക്ഷിക്കണം. എന്നിവയായിരുന്നു അത്. പുസ്തകം എടുത്തു വരാന്‍ പറഞ്ഞാൽ അത് അലമാരയിൽ നിന്നും കൃത്യമായി എടുത്തു കൊണ്ടു വരാൻ കഴിയണം. അവിടവിടെ അലക്ഷ്യമായി വലിച്ചെറിഞ്ഞ് ഇട്ടേക്കുന്നതായിരിക്കരുത്.

കുട്ടികളെ ശിക്ഷിക്കാറില്ലായിരുന്നു. രണ്ടു പ്രാവശ്യം രണ്ടു പേരെ ചെറുതായി തല്ലിയിട്ടുണ്ട്. ഒന്ന് എന്‍റെ അനന്തരവൻ്റെ മകളെ. മറ്റൊരു കുട്ടിയേയും. അനന്തരവന്‍റെ  മകൾ കരഞ്ഞുകൊണ്ട് അപ്പൂപ്പാ ഇനി എന്നെ അടിക്കല്ലേ, ഞാന്‍ പഠിച്ചോളാം എന്ന് പറഞ്ഞപ്പോള് വലിയ വിഷമമായിപ്പോയി.

പഠിപ്പിച്ചവരില്‍ പലരും വലിയ നിലയിലാണ്. സിവില്‍ സർവ്വീസുകാര്, ഡോക്ടർമാർ, പി എച്ച് ഡിക്കാർ, പോലീസ് ആഫീസര്‍മാര്‍ , ഇഞ്ചിനീയർമാർ ഇവരൊക്കെയായി. കുന്താലിപ്പണിക്കാരായവർ വരെയുണ്ട്. എന്നാലും വഴിയിലൊക്കെ കാണുമ്പോള് അവരിൽ നിന്ന് കിട്ടുന്ന സ്നേഹം വളരെ വലുതാണ്.

രാഷ്ട്രീയം

രാഷ്ട്രീയം താല്പര്യമില്ല. അതാത് സമയത്ത് പോയി വോട്ടു ചെയ്യും. പാർട്ടികളെ പറ്റി എന്താ പറയേണ്ടത് എന്നറിയില്ല. പല ആൾക്കാരണ്, പല രീതിയാണ്.

ജാതിയെ പറ്റി

ജാതിഭേദം എനിക്കറിയില്ല. ജാതി ഇല്ല, വ്യത്യാസം ഇല്ല. ശ്രീരാമകൃഷ്ണാശ്രമത്തിൽ  ബ്രാഹ്മണർ മുതൽ സാംബവർ വരെ കയറുമായിരുന്നു. എന്നെ ബ്രാഹ്മണമഠങ്ങളിലും കയറ്റുമായിരുന്നു.  ബ്രാഹ്മണമഠം മുതൽ സാംബവവീടുകളിൽ വരെ എനിക്കു കയറാമായിരുന്നു. എന്നെ ആരും വെളിയിൽ നിർത്തിയില്ല. അതിനാൽ ജാതി എന്തെന്ന് എനിക്കറിയില്ല.

ശബരിമല പ്രശ്നം.

ഹൃദയം കൊണ്ടാണ് ദൈവത്തെ വിശ്വസിക്കുന്നത്. ഇപ്പോഴത്തെ ശബരിമല പ്രശ്നം അതൊക്കെ കോടതിയും ഗവണ്മെന്റും പരിഹരിക്കട്ടെ.

ജോലിയെ പറ്റി

അഗ്രഹിച്ച ജോലിയായിരുന്നു. ചേന്നംപള്ളി നാണുക്കുറുപ്പാശാനാണ് എന്നെ മലയാളം പഠിപ്പിച്ചത്. കൊടുക്കുന്നത് തിരിച്ചു കിട്ടുമെന്ന് ആശാനിൽ നിന്നാണ് ഞാൻ മനസ്സിലാക്കിയത്. ആശാൻ ശിഷ്യന്മാർക്ക് അങ്ങേയറ്റം സ്നേഹം കൊടുത്തു. ആശാന് അത് തിരിച്ചു കിട്ടുകയും ചെയ്തു. ആശാന് ഞാൻ കൊടുത്ത സ്നേഹം എനിക്ക് തിരിച്ചു കിട്ടുന്നു.

മറ്റ് രംഗങ്ങൾ

സ്കൂളിൽ പഠിക്കുമ്പോൾ പാട്ട് മത്സരത്തിന് ചേർന്ന് ഏഴ് വർഷം സമ്മാനം വാങ്ങിയിട്ടുണ്ട്. എൻ്റെ സഹോദരിമാരും നന്നായി പാടുന്നവരാണ്. ശ്രീരാമകൃഷ്ണാശ്രമത്തിൽ സ്വാമി ഭജന പഠിപ്പിച്ചു. അങ്ങനെ ഭജനയൊക്കൊക്കെ പാടാൻ പോകുമായിരുന്നു. അയ്യപ്പഭക്തിഗാനം സ്വയമെഴുതി ട്യൂണ് ചെയ്ത് പാടിയിട്ടുണ്ട്. (അത്തരം ഒരയ്യപ്പഭക്തിഗാനം ആശാന് പാടിക്കേൾപ്പിക്കുകയും ചെയ്തു.) കുറെ ലളിതഗാനങ്ങളും എഴുതിയിട്ടുണ്ട്.

പഠിപ്പിക്കുമ്പോൾ അതൊരു സഹായമായി. കുട്ടികളെ കോലാഹലമില്ലാതെ ഇരുത്താൻ ഇടയ്ക്കിടെ ക്ലാസ്സിൽ പ്രത്യേകമായി കൊച്ചു കൊച്ചു പാട്ടുകളൊക്കെ പാടുമായിരുന്നു.

സ്കൂളിൽ പഠിക്കുമ്പോൾ പടം വരയ്ക്കുന്നതിലും താല്പര്യം ഉണ്ടായിരുന്നു. ഡ്രായിംങ് മാഷെ അതിശയിപ്പിച്ച് വരച്ചിട്ടുണ്ട്. ഒരു പൂച്ച ചുരുങ്ങി ഇരിയ്ക്കുന്നത് (ആംഗ്യം കാണിച്ചുകൊണ്ട്) സാർ വരച്ച് നിമിഷങ്ങൾക്കകം ഞാൻ അത് സാറിനെ അതിലും നന്നായി വരച്ചു കാട്ടി അത്ഭുതപ്പെടുത്തിയിട്ടുണ്ട്. പിന്നെ വരയിൽ വലിയ ശ്രദ്ധ കൊടുത്തില്ല.

ബാല്യം, കുടുംബം

1934ല്‍ ചേന്നമ്പള്ളി  അമ്മകണ്ടങ്കരയിലായിരുന്നു ജനനം. കൂലിപ്പണിക്കാരായിരുന്ന രാമനും സക്കിയുമാണ് മാതാപിതാക്കള്‍ ആറ് സഹോദരിമാരുടെ ഏകസഹോദരനായിരുന്നു. (അഞ്ച് പേരാണ് നേർപെങ്ങന്മാർ. ഒരു കൊച്ചച്ചന്‍റെ  മകള്‍ ഞങ്ങള്‍ക്കൊപ്പമായിരുന്നു. അവളെയും മാറ്റി നിർത്താനാവില്ല. അങ്ങനെ സഹോദരിമാർ ആറായി) ചേന്നംപള്ളി എല്‍ പി എസിലും അടൂർ ഹൈസ്കൂളിലുമായിരുന്നു വിദ്യാഭ്യാസം. സിനിമാസംവിധായകന്‍ അടൂർ ഗോപാലകൃഷ്ണന്‍ അടൂർ ഹൈസ്കൂളില്‍ സഹപാഠിയായിരുന്നു. സിക്സ്ത് ഫോം വരെ പഠിച്ചു.

വിവാഹം

അവിവാഹിതനാണ്. ചെറുപ്പത്തിൽ കല്യാണം കഴിക്കാനായി രണ്ടിടത്ത് പെണ്ണ് കാണാൻ പോയി. പെണ്ണിൻ്റെ വീട്ടുകാർ ജോലി അന്വേഷിച്ചു. കൂട്ടികളെ പഠിപ്പിക്കുകയാണെന്ന് പറഞ്ഞ ബ്രോക്കറോട് പെണ്ണിൻ്റെ വീട്ടുകാര്, പിള്ളാരെ പഠിപ്പിച്ച് എങ്ങനെ ജീവിക്കും എന്ന് ചോദിക്കുന്നത് കേട്ടു. രണ്ടിടത്തും ഇത് തന്നെയായിരുന്നു അനുഭവം. അതോടെ വിവാഹം വേണ്ടെന്ന് വെച്ചു. ഇപ്പോൾ സഹോദരിമാരുടെ ഒപ്പം കഴിയുന്നു.

ആരോഗ്യം

84 വയസ്സായി, പ്രത്യേകിച്ച് അസുഖമൊന്നുമില്ല. ഏത് ആഹാരവും കഴിക്കാം. മാസാമാസം പോയി പരിശോധന നടത്തും.

ഒരിക്കൽ കണ്ണിനു സുഖമില്ലാതായി. നൂറനാട്ടു പോയി ഡോക്ടറെ കണ്ടു. അദ്ദേഹം കുറെ മരുന്നൊക്കെ തന്നു. കണ്ണട വെക്കേണ്ട ആവശ്യം ഇല്ലെന്ന് ഡോക്ടർ പറഞ്ഞു.എങ്കിലും ഞാൻ ഒരു കണ്ണടയ്ക്ക് കുറിച്ചു വാങ്ങി. പക്ഷെ അന്ന് വാങ്ങിയ കണ്ണട ദിവസങ്ങൾക്കകം വീണുടഞ്ഞു. പിന്നെ കണ്ണട വെച്ചിട്ടില്ല. കണ്ണട വെക്കാതെ ഇപ്പോഴും വായിക്കാനാവുന്നുണ്ട്.

ആഗ്രഹം

മുന്നേപ്പോലെ ജോലി ചെയ്യാൻ ഇപ്പോൾ ആരോഗ്യം അനുവദിക്കുന്നില്ല. 54 കുട്ടികളെയൊക്കെ പഠിപ്പിച്ചിരുന്നു. ഇപ്പോൾ മൂന്ന്, നാലു കുട്ടികളായി. ഈ വർഷം ഹൈസ്കൂളിനടുത്ത്  മൂന്നാലു കുട്ടികളെ പഠിപ്പിക്കാം എന്നേറ്റിട്ടുണ്ട്. അവരെ പഠിപ്പിക്കണം. കൊച്ചു കുട്ടികള്ക്ക് പറഞ്ഞു കൊടുക്കുമ്പോളുള്ള ആ തൃപ്തി അവസാനം വരെ അത് അനുഭവിക്കണം. നടക്കാനാവുന്നതുവരെ കൊച്ചു കുട്ടികളെ അക്ഷരം പഠിപ്പിക്കണം എന്നാണ് ആഗ്രഹം. 

സംസാരം അവസാനിപ്പിച്ചപ്പോള് ആശാൻ താൻ എഴുതി സംഗീതം കൊടുത്തിട്ടുള്ള അക്കാലം ഇനിയും വരുമോ, ആ ക്ലാസില് നമുക്കൊന്നിച്ചിരിക്കാൻ എന്ന ഗൃഹാതുരമാക്കുന്ന ഒരു ഗാനം പാടി. ഇടയ്ക്ക് വന്ന മഴ അകമ്പടിയായി. പാട്ടവസാനിച്ചപ്പോൾ ആശാൻ്റെ സഹോദരി  ചായ തന്നു. ചായ കുടിച്ച് ആശാൻ്റെ സന്തോഷം പങ്കിട്ടിറങ്ങുമ്പോൾ കിട്ടിയ ഊര്ജ്ജം ഇതാ, മഹാനായ ഒരു ഗുരുവിനെ, മനുഷ്യനെ കണ്ടിരിക്കുന്നു എന്നുള്ളതായിരുന്നു.

Read Also  കേരളത്തിലെ ബിജെപിക്ക് പ്രാപ്തിയില്ല, അടൂര്‍ പ്രകാശ് കുലംകുത്തി തന്നെ: വെള്ളാപ്പള്ളി

 

 

Spread the love