മുത്തൂറ്റ് ഗ്രൂപ്പിന്റെ ഉടമസ്ഥതയിൽ വേമ്പനാട്‌ തീരത്തെ റിസോർട്ട് പൊളിച്ചു നീക്കണമെന്ന് സുപ്രീം കോടതി ഉത്തരവ്. നേരത്തെ കാപികോ റിസോർട്ട് എന്ന പേരിലുള്ള പ്രശസ്തമായ ഹോട്ടൽ സങ്കേതം പൊളിക്കണമെന്ന കേരള ഹൈക്കോടതി ഉത്തരവിനെതിരേ ഉടമകൾ നൽകിയ ഹർജി തള്ളിക്കൊണ്ടാണ് കോടതി ഉത്തരവ്. മരടിലെ ഫ്‌ളാറ്റുകള്‍ പൊളിക്കാൻ മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കേയാണ് തീരദേശ നിയമം ലംഘിച്ചു പണിത കാപികോ പൊളിക്കണമെന്ന സുപ്രധാന വിധി പുറത്ത് വന്നിരിക്കുന്നത്.

ഏറെ പ്രശസ്തമായ പാണാവള്ളി നെടിയതുരുത്തിലെ കാപികോ റിസോര്‍ട്ട് പൊളിക്കണമെന്ന് നേരത്തെ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഇതിനെതിരേ പിന്നീട് കാപികോ റിസോര്‍ട്ട് ഉടമകളായ മുത്തൂറ്റ് ഗ്രൂപ്പ് സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു. ഉടമകളുടെ ഹർജി തള്ളിക്കൊണ്ട് ജസ്റ്റിസ് വി രാമസുബ്രഹ്മണ്യമാണ് ഉത്തരവ് പുറപ്പെടുവിച്ചത് . ജസ്റ്റിസ് റോഹിംഗ്ടൺ നരിമാനും വി രാമസുബ്രഹ്മണ്യവും വിശദമായ വാദം കേട്ട ശേഷമാണ് വിധി പുറപ്പെടുവിച്ചത്.

വേമ്പനാട്ടു കായലിനു ഭീഷണിയായി തീരദേശ നിയമം ലംഘിച്ചു കെട്ടിയുയർത്തിയ റിസോർട്ടിനെതിരെ നേരത്തെ സുപ്രീം കോടതി സ്വമേധയാ കേസെടുത്തിരുന്നു. ഇതുമായി ബന്ധപ്പെട്ട റിപ്പോർട്ട് കേന്ദ്രപരിസ്ഥിതി മന്ത്രാലയത്തോട് ആവശ്യപ്പെട്ടിരുന്നു. അതനുസരിച്ചു ലഭിച്ച റിപ്പോര്‍ട്ടിലാണ് തീരദേശനിയമം ലംഘിച്ചുകൊണ്ടുള്ള കാപികോ, വാമികോ റിസോര്‍ട്ടുകളുടെ അനധികൃത നിര്‍മ്മാണത്തെകുറിച്ചുള്ള റിപ്പോര്‍ട്ടു സമർപ്പിച്ചത് . ആലപ്പുഴ, എറണാകുളം തുടങ്ങിയ ജില്ലകളിലെ 18ഓളം കെട്ടിടങ്ങളുടെ നിയമലംഘനം സംബന്ധിച്ച് ഇതിൽ പരാമര്‍ശങ്ങളുണ്ടായിരുന്നു.

സംസ്ഥാന സർക്കാരും പാരിസ്ഥിതിക പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയിരുന്നു. വേമ്പനാട്ട് കായല്‍ അതി പരിസ്ഥിതി ദുര്‍ബല തീരദേശ മേഖലയാണെന്ന് 2011-ലെ വിജ്ഞാപനത്തില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. തുടര്‍നടപടിയായണ് 2018ല്‍ കേരള ഹൈക്കോടതി കാപികോ വാമികോ റിസോര്‍ട്ടുകൾ പൊളിച്ചു നീക്കണമെന്ന് ഉത്തരവിട്ടത്. സംസ്ഥാന സര്‍ക്കാരും സംസ്ഥാന തീരദേശ പരിപാലന അതോറിറ്റിയും സ്വീകരിച്ച നിലപാടും റിസോർട്ട് പൊളിക്കുന്നതിനു അനുകൂലമായിരുന്നു

സുപ്രീം കോടതി ഉത്തരവിന് പിന്നാലെ തീരദേശനിയമം ലംഘിച്ചു കെട്ടിയുയർത്തിയ പല റിസോർട്ടുകളും ഇനിയും പൊളിക്കേണ്ടി വരുമെന്നുറപ്പായിരിക്കുകയാണ്

Read Also  പിറവം പള്ളി കളക്ടർ ഏറ്റെടുത്തു ; പ്രതിഷേധിച്ച മെത്രാന്മാരെയും പുരോഹിതരെയും അറസ്റ്റ് ചെയ്തു

1 COMMENT

LEAVE A REPLY

Please enter your comment!
Please enter your name here