Wednesday, January 19

റിബല്‍ ആക്ടര്‍ വിട വാങ്ങി

മുതിര്‍ന്ന കന്നട നടനും മുന്‍ കേന്ദ്രമന്ത്രിയുമായിരുന്ന അംബരീഷ് അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് ബാംഗ്ലൂരിലെ ആശുപത്രിയില്‍ ശനിയാഴ്ച രാത്രിയായിരുന്നു അന്ത്യം. 66 വയസ്സായിരുന്നു.

 

ശനിയാഴ്ച വൈകിട്ട് വീട്ടില്‍ വെച്ച് ഹൃദയാഘാതമുണ്ടായ അദ്ദേഹത്തെ നഗരത്തിലെ വിക്രം ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ശ്വാസകോശ, വൃക്ക രോഗങ്ങളുടെ ചികിത്സയുമായി കുറെക്കാലം സിംഗപ്പൂരില്‍ ചികിത്സയിലായിരുന്നു അദ്ദേഹം.

കര്‍ണ്ണാടക മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമി ഇന്നലെ രാത്രി തന്നെ ആശുപത്രിയില്‍ സന്ദര്‍ശനം നടത്തി. നമ്മുടെ പ്രിയങ്കരനായ നടനും രാഷ്ട്രീയനേതാവുമായിരുന്ന അദ്ദേഹത്തിന്‍റെ ശവസംസ്കാരം കണ്ഠീരവ സ്റ്റുഡിയോയില്‍ നടത്തുമെന്നും, ആരാധകര്‍ക്ക് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ ഞായറാഴ്ച വൈകിട്ട് 7.30മുതല്‍ കണ്ഠീരവ സ്റ്റേഡിയത്തില്‍ മൃതദേഹം പൊതുദര്‍ശനത്തിന് വെക്കുമെന്നും മുഖ്യമന്ത്രി പ്രഖ്യാപിച്ചു. സംസ്ഥാനത്ത് മൂന്ന് ദിവസത്തെ ഔദ്യോഗിക ദുഃഖാചരണവും പ്രഖ്യാപിച്ചിട്ടുണ്ട്.

1972ല്‍ ആദ്യചിത്രമായ നാഗരഹാവുവിലെ അഭിനയത്തിന് ദേശീയ അവാര്‍ഡ് ലഭിക്കുകയുണ്ടായി. 200ലധികം സിനിമകളില്‍ അഭിനയിച്ചിട്ടുള്ള അംബരീഷിനെ കന്നട സിനിമാലോകം റിബല്‍ ആക്ടര്‍ എന്നായിരുന്നു വിശേഷിച്ചിരുന്നത്. ചക്രവ്യൂഹ എന്ന സിനിമയിലെ അഭിനയമാണ് റിബല്‍ ആക്ടര്‍ എന്ന പദവി നേടിക്കൊടുത്തത്.

കോണ്‍ഗ്രസ് ടിക്കറ്റില്‍ മാണ്ഡ്യ എം എല്‍ എ ആയിട്ടായിരുന്നു അംബരീഷിന്‍റെ രാഷ്ട്രീയപ്രവേശനം. പില്‍ക്കാലത്ത് മാണ്ഡ്യ എം പി യായ അദ്ദേഹം മന്‍മോഹന്‍സിംഗ് മന്ത്രിസഭയില്‍ വാര്‍ത്താ വിതരണ പ്രക്ഷേപണ വകുപ്പ് മന്ത്രിയായിരുന്നു. 1998-99, 1999-2004, 2004-2009 കാലയളവുകളിലായി മൂന്ന് തവണ മാണ്ഡ്യ മണ്ഡലത്തിലെ എം പിയായിരുന്നു അദ്ദേഹം.

അംബരീഷും സുമലതയും

പ്രധാനമന്ത്രി നരേന്ദ്ര മോദി, മുന്‍ കര്‍ണ്ണാടക മുഖ്യമന്ത്രി സദാനന്ദ ഗൗഡ, സിദ്ധാരാമയ്യ, രജനീകാന്ത്, എന്നിങ്ങനെ രാഷ്ട്രീയരംഗത്തെയും സിനിമാ രംഗത്തെയും പല പ്രമുഖരും അംബരീഷിന്‍റെ മരണത്തില്‍ അനുശോചിക്കുകയുണ്ടായി.

Spread the love
Read Also  അബ്ദു നാസ്സർ മഅ്ദനിയുടെ മാതാവ് നിര്യാതയായി

Leave a Reply