ചില കാര്യങ്ങൾ പറയാതിരിക്കാൻ എത്ര ശ്രമിച്ചാലും സാധിക്കില്ല. കാലത്തിൻ്റെ അനിവാര്യതയോ സത്യത്തിൻ്റെ താങ്ങാനാവാത്ത സുതാര്യതയോ ഒക്കെയാവാം കാരണം. ഒരാളുടെ പേരിൽ അതും കേരളത്തിൻ്റെ  ആഘോഷിക്കപ്പെടുന്ന സാംസ്കാരിക വേദിയിലെ സാന്നിധ്യവും ഇപ്പോൾ സ്മൃതി പഥത്തിൽ ജീവിക്കുകയും ചെയ്യുന്ന കാവാലം നാരായണപ്പണിക്കർക്കെതിരേ കുറിപ്പ് ലഭിക്കുമ്പോൾ അതിൻ്റെ ആധികാരികതയെപ്പറ്റി പരിശോധിക്കേണ്ടിയിരുന്നു  എന്ന തരത്തിലുള്ള ആരോപണങ്ങളാണിപ്പോൾ ഞങ്ങൾക്ക് (പ്രതിപക്ഷം.ഇൻ) നേരിടേണ്ടി വരുന്നത്. പ്രതിപക്ഷം .ഇൻ എന്ന ഓൺ ലൈൻ പോർട്ടലിൻ്റെ ഭാഗമാണെങ്കിൽ കൂടി ഈ കുറിപ്പ് വളരെ വ്യക്തിപരമായി കാണാനാണിഷ്ടം.

എൻ്റെയൊക്കെ പള്ളിക്കൂടം കാലത്ത് പലപ്പോഴും റേഡിയോയിൽ കേൾക്കുന്ന പേരുകളായിരുന്നു വെട്ടിയാർ പ്രേം നാഥും ഭവാനി പ്രേം നാഥും.”ഇനി  വെട്ടിയാർ പ്രേം നാഥും സംഘവും അവതരിപ്പിക്കുന്ന നാടൻ പാട്ടുകൾ കേൾക്കാമെന്ന് “ പറയുമ്പോൾ അമ്മ പറയുമായിരുന്നു കൊച്ചാട്ടൻ്റെ പാട്ടാണെന്ന്. ഞാൻ നേരിട്ടു കണ്ടിട്ടില്ലെങ്കിലും നാടൻ പാട്ടെന്നു പറയുന്ന അടിയാളരുടെ പാട്ടും മേളപ്പെരുമയും ആദ്യമായി കേൾക്കുന്നത് അങ്ങനെയൊക്കെയായിരുന്നു. പിന്നെയെപ്പോഴോ ഒരു ചരമക്കോളത്തിൽ സാദാ വാർത്തയായി മാറിയ പ്രേംനാഥെന്ന മനുഷ്യൻ വേഗം തന്നെ വിസ്മൃതിയിലേക്ക് മറയുകയും ചെയ്തു. ഒരു കാര്യം സത്യമാണ്. അതു ഈ മനുഷ്യൻ്റെ ജീവിതം തന്നെയാണ്. അടിയാള സംസ്കൃതിയുടെ വേരുകൾ നിറയുന്ന നാടൻ പാട്ടുകൾ സമാഹരിക്കുക തന്നെയായിരുന്നു ആ ജീവിതത്തിൻ്റെ ലക്ഷ്യം. അതിൻ്റെ ജയപരാജയങ്ങൾ സാമ്പത്തിൻ്റെയോ പ്രശസ്തിയുടേയോ അളവുകോൽ വച്ചളക്കാൻ സാധിക്കില്ല. അതൊക്കെ മറ്റ് പലർക്കും പറഞ്ഞിട്ടുള്ളതാണെന്ന തിരിച്ചുള്ള വായനയും ഇവിടെ സമർപ്പിക്കുന്നു. അതുകൊണ്ട് തന്നെ മലയാള സാഹിത്യത്തിൻ്റെ അക്കാദമിക്ക് സംസ്കൃതിയിലൊന്നും ഈ പേരുകൾ കൂട്ടിച്ചേർത്തിട്ടില്ലയെന്നതിൻ്റെ വിശദീകരണം  ശ്രീമതി പ്രമീള പ്രേംനാഥ് ഞങ്ങളിലൂടെ പ്രസിദ്ധീകരിച്ച ലേഖനം പറയാതെ പറയുന്നു.

“ജന്മിമാർക്ക് ഇഷ്ടാനുസരണം കന്നുകാലികളെപ്പോലെ വിൽക്കുന്നതിനും വാങ്ങുന്നതിനും എന്തിന് കൊല്ലുന്നതിനും, മഴയത്തും മഞ്ഞത്തും വെയിലത്തും കണ്ണു കീറി വെളുക്കുന്നത് മുതൽ ഇരുട്ടുന്നതുവരെ പണിയെടുപ്പിക്കുന്നതിനുള്ള ഒരു ഉപകരണം മാത്രമായിരുന്നു അടിയാളൻ. ഇവരിൽനിന്നുമാണ് അവരിലൊരാളായി പ്രേംനാഥ് തൻറെ കർമ്മ മണ്ഡലത്തിലേക്ക് വരുന്നത്.” മലയാളിയുടെ സാംസ്കാരിക മണ്ഡലത്തിലെ അന്നത്തെ അവസ്ഥതന്നെയാണ് പ്രമീള പ്രേംനാഥി ൻ്റെ കുറിപ്പിലൂടെ വ്യക്തമാകുന്നത്. 

ഇതൊരു മകൾ അച്ഛനെക്കുറിച്ചെഴുതിയതാണ്. അതുകൊണ്ട് തന്നെ അനുഭവത്തിൻ്റെ സാക്ഷ്യപ്പെടുത്തലേറെയുണ്ട്. അതു പലതും വേദനയുടെയും അതിജീവനത്തിൻ്റേയുമൊക്കെയാണ്. ജാതി-സാംസ്കാരിക നായകന്മാർ എങ്ങനെയാണ് ‘അതി ബുദ്ധി’കാണിക്കുന്ന ദളിതരോടിടപെടുന്നതെന്നതിൻ്റെ തെളിവുകൂടിയാണീക്കുറിപ്പ്. പ്രമീള വളരെ വ്യക്തമായിത് സൂചിക്കുന്നത്. നമ്മൾ കൾച്ചറൽ ഐക്കണുകളായി  കാണുന്ന പലരുടേയും മുഖം ചിലപ്പോഴെങ്കിലും ഒന്ന് തിരിച്ചറിയേണ്ടതായുണ്ട്. ശൂരനാട് കുഞ്ഞൻ പിള്ളയുൾപ്പടെ പുലർത്തുന്ന അസ്വസ്ഥതയും അവരെപ്പോലുള്ളവരെ  സമീപിക്കേണ്ടിവരുന്നതിലെ ആശ്രിതത്വവും പ്രത്യേകം ശ്രദ്ധേയമാകുന്നു.

കാലം മാറിയതുകൊണ്ട് തന്നെയാണ്. കാരണം ഇന്ന് പ്രതിപക്ഷം .ഇൻ പോലെ യുള്ള  ഇടങ്ങൾ നൽകുന്ന സാധ്യതതന്നെയാണ്. അതുകൊണ്ടുതന്നെയാണ് വർഷങ്ങളായി ഇത് പറയാൻ ശ്രമിച്ചിട്ടും സാധിക്കാതിരുന്നതും ഇപ്പോൾ പറയാൻ സാധിക്കുന്നതും. എന്നാൽ പ്രതിചേർക്കപ്പെട്ടവരുടെ നിഴൽ രൂപങ്ങൾ പ്രതിവാദവുമായി രംഗത്തു വരികയും പതിവുപോലെ അപദാനങ്ങൾ പാടിയും തെളിവുകൾ നിരത്താൻ ശ്രമിച്ചുകൊണ്ടുമിരിക്കുന്നു. ഒരു കാര്യം ശ്രദ്ധേയമാകുന്നു അത് പ്രേം നാഥെന്ന മനുഷ്യൻ അന്നനുഭവിച്ച ജാത്യാലുള്ള അപമാനവപ്പെടുത്തൽ ഇന്ന് പ്രത്യക്ഷത്തിലുണ്ടാകുന്നില്ല.

പ്രേംനാഥ് ചെയ്തിരിക്കാം; പക്ഷേ, കാവാലം അത് അദ്ദേഹത്തിൻ്റേതാണെന്നെങ്ങും പറഞ്ഞിട്ടില്ലല്ലോ.  എന്നൊക്കെയുള്ള തരത്തിലുള്ള ആരോപണങ്ങൾ. പിന്നെ മരിച്ചു മൺ മറഞ്ഞുപോയ മനുഷ്യനേപ്പറ്റി വെറുതേ ആരോപണങ്ങൾ ഉയർത്തണോ എന്നൊക്കെയുള്ള തരത്തിലാണ് തിരിഞ്ഞും മറിഞ്ഞുമുള്ള രേഖപ്പെടുത്തൽ.  അതേ ഒന്നോർക്കുക, ഇപ്പുറത്തുള്ളതും ആഗ്രഹം സഫലമാകാതെ മരിച്ച ഒരു മനുഷ്യനാണ്.

Read Also  'ആലായാൽ തറ വേണം'..... പാട്ട് കാവാലത്തിൻ്റെതല്ല പി ആർ വാര്യരുടെത് : കാവാലത്തിൻ്റെ ഭാര്യ

അജ്ഞാതരായ ഏതൊക്കെയോ കറുത്ത മനുഷ്യർ അവരുടെ ജീവിതത്തിലെ അന്ധകാരത്തിലുരുന്ന് രൂപപ്പെടുത്തിയ കലയെ അത്രമേൽ വിവരമില്ലാത്ത പലരും മഹാനായ കവിയുടെ പേരിൽ ചേർത്തു വയ്കുമ്പോൾ  സെലിബ്രിറ്റി മൂഡിലിരുന്ന് അതാസ്വദിക്കുമ്പോൾ, അതൊരു വട്ടമെങ്കിലും തൻ്റേതല്ലെന്ന് പൊതു സമക്ഷത്തിൽ പറഞ്ഞിരുന്നുവെങ്കിൽ ഒരു പക്ഷേ പ്രേം നാഥെന്ന മനുഷ്യൻ്റെ മകൾക്ക് ഇങ്ങനെയൊരു കുറിപ്പെഴുതേണ്ടിവരില്ലായിരുന്നു.

കേരളത്തിൻ്റെ അക്കാദമിക സാഹിത്യമണ്ഡലത്തിൽ ചർച്ച ചെയ്യപ്പെടേണ്ട ഒരു വിഷയം തന്നെയാണിത്. പ്രമീളയുടേ ലേഖനത്തിൽ സൂചിപ്പിക്കുന്നതുപോലെ  കേരളത്തിലെ അന്നത്തെ ചില സവർണ സാംസ്കാരികനായകർ എങ്ങനെയൊക്കെയാണ് ഒരു മനുഷ്യൻ്റെ സർഗ്ഗാത്മകതയെ ചൂഷണം ചെയ്തതെന്ന ചർച്ച കൂടിയാവണം ഇവിടെയുണ്ടാകേണ്ടത്.  

വെട്ടിയാർ പ്രേം നാഥിനെപ്പറ്റിയുള്ള ലേഖനം പ്രസിദ്ധീകരിച്ച ദിവസം ശ്രീമതി പ്രമീള പ്രേം നാഥിനെ വിളിച്ചപ്പോൾ അവർ നൽകിയ മറുപടി വളരെ വികാരപരമായിരുന്നു.  “ഈ ജീവിതത്തിൽ ഇത്രമാത്രം സന്തോഷമുണ്ടായ ദിവസം ഉണ്ടായിട്ടില്ലെന്ന് ..” അത് മറ്റൊരാളെ അപകീർത്തിപ്പെടുത്തുന്നതിലുള്ളതല്ല മറിച്ച് അച്ഛനോടുള്ള കടപ്പാട് രേഖപ്പെടുത്തിയതിലുള്ള ആത്മഹർഷമാണ്. നൂറ്റാണ്ടുകളായി ഒച്ച നഷ്ടപ്പെട്ടവർക്ക് ഒരു ദിവസമെങ്കിലും ജീവിതത്തിൽ സർഗ്ഗാത്മകതയുടെ സന്തോഷം നൽകാൻ കഴിഞ്ഞതാണ് ഇപ്പോൾ  പ്രതിപക്ഷം .ഇന്നിൻ്റെ പ്രസക്തി. അതിൻ്റെ ഭാഗമാകാൻ കഴിഞ്ഞതിലുള്ള സംതൃപ്തികൂടി ഇവിടെ പങ്കു വയ്ക്കുന്നു.

1 COMMENT

  1. ആര് പറഞ്ഞു, ആ പാട്ട് കാവാലത്തിന്റെ താണ് എന്ന്… എന്റെ തല്ല എന്നേ കാവാലം പറഞ്ഞിട്ടുള്ളു…. വെറുതേ ആക്ഷേപം പറയരുത്…

LEAVE A REPLY

Please enter your comment!
Please enter your name here