ഏതാനും ദിവസമായി ഫോണിലൂടെയുള്ള  നിരന്തര ബന്ധത്തിനുശേഷവും അന്വേഷണത്തിനുശേഷവുമാണ്  ഫോക് ലോര്‍ ഗവേഷകനായ വെട്ടിയാര്‍ പ്രേംനാഥിനെപ്പറ്റിയുള്ള ലേഖനം പ്രസിദ്ധീകരിക്കുന്നത്. ആരോപണ വിധേയനില്‍ പ്രധാനി ഇന്ന് ജീവിച്ചിരിക്കാത്തയാളും  ചിരപ്രതിഷ്ഠ നേടിയതും പദ്മഭൂഷന്‍ ബഹുമതിവരെ നല്‍കി ആദരിക്കപ്പെട്ടയാളുമാണ്. അതുകൊണ്ടുതന്നെയാണ് ഇത് പ്രസിദ്ധീകരിക്കാന്‍ വൈകിയതും. അദ്ദേഹത്തെ അപമാനിക്കാന്‍ വേണ്ടിയല്ല ഇത്തരമൊരു ലേഖനം പ്രസിദ്ധീകരിക്കുന്നത്. പക്ഷെ ഇതില്‍ ഉന്നയിക്കുന്ന ആരോപണങ്ങള്‍ക്ക് യാഥാര്‍ത്ഥ്യവുമായി ഗാഢബന്ധമുണ്ടെന്നു തോന്നിയതിനാലാണ് ഇന്ന് ഇതിനു മുതിരുന്നത്. എല്ലാ മേഖലയിലും  എല്ലാക്കാലത്തും ഇപ്പോഴും ദളിതര്‍ തന്നെയാണ്  ഇരകള്‍ എന്നത് ഈയിടെ നടന്ന സാഹിത്യ മോഷണങ്ങളിലൂടെയും വെളിപ്പെടുന്നു. ഇന്ന് സാഹിത്യം മോഷണം നടത്തിയാല്‍ വേഗത്തില്‍ തിരിച്ചറിയപ്പെടും. പക്ഷെ അര നൂറ്റാണ്ടുകാലം മുമ്പ് അതൊരിക്കലും ആരും അറിയാതെപോകുന്ന സാഹചര്യമായിരുന്നു.  ഈ ആരോപണങ്ങള്‍ ചില അപൂര്‍വ്വമായ നാടന്‍പാട്ടുകളേയും ഗവേഷണ വിവരങ്ങളെയും പറ്റിയുള്ളതാണ്. അതുതന്നെ വാമൊഴിപ്പഴക്കം കൊണ്ട് നമ്മളിൽ പലരും കേട്ടും പാടിയും നടക്കുന്നതാണ്.  ഇവിടെ സൂചിപ്പിക്കുന്ന സംഭവങ്ങളുടെ കാലപരമായ കൃത്യതയൊന്നു മാത്രം മതി ഈ ലേഖനം പ്രതിപക്ഷം.ഇന്നിനു ഇവിടെ പ്രസിദ്ധീകരിക്കുവാൻ. പിന്നെ കേട്ടറിവിൽ പല ദളിത് എഴുത്തുകാരുമെങ്ങനെയെല്ലാം ചൂഷണം ചെയ്യപ്പെടുന്നുവെന്നും വ്യക്തമാക്കുന്നു. വായനയ്ക്കും മനസിലാക്കലിനും ഇവിടെ സമർപ്പിക്കുന്നു.

-പ്രതിപക്ഷം.ഇന്‍  

കാക്ക തേടി കുളമ്പത്തി ഉണ്ടു

പ്രമീള പ്രേംനാഥ്

(വെട്ടിയാർ പ്രേം നാഥിൻ്റെ മകൾ)

കലേഷിൻറെ കവിത മോഷ്ടിക്കപ്പെട്ടതു മാത്രമല്ല. ഫോക്‌ലോർ രംഗത്തും സ്വതന്ത്ര ഗവേഷകരുടെ കണ്ടെത്തലുകൾ (അദ്ധ്വാനം) അക്കാദമിക് ബുദ്ധി ജീവികളാൽ മോഷ്ടിക്കപ്പെട്ടിട്ടുണ്ട്.

വെട്ടിയാർ പ്രേംനാഥിന്റെ  ജീവിതം മുഴുവൻ സമർപ്പിച്ചു നേടിയെടുത്ത അധ്വാനത്തിന്റെ ഫലം അനുഭവിക്കുന്നത് മറ്റു ചിലരാണെന്ന വസ്തുത വെളിപ്പെടുത്താനായി മാർഗ്ഗമന്വേഷിച്ചു നടക്കുമ്പോഴാണ് കലേഷിന്റെ കവിതാചോരണവുമായി ബന്ധപ്പെട്ട വിവാദം ശ്രദ്ധയിൽപെടാനിടയായത്. അതെനിക്ക് കൂടുതൽ ധൈര്യം പകർന്നുതന്നു.

വെട്ടിയാർ പ്രേംനാഥ്

1947 മുതൽ നാടോടിപ്പാട്ടുകളുടെ ശേഖരണത്തിന് തുടക്കമിട്ട ഗവേഷകൻ. നാലായിരത്തിലധികം നാടൻപാട്ടുകളും 350 ലേറെ നാടൻകലകളും രാപകലെന്യെയുള്ള അധ്വാനത്തിലൂടെ വെളിച്ചത്തുകൊണ്ടുവന്ന നാടൻപാട്ടിൻ്റെ ഉപാസകൻ. അവ ശേഖരിക്കുന്നതിനായി ഇന്ത്യ മുഴുവനും സഞ്ചരിച്ചു. നാടൻ പാട്ടുകൾ മനോഹരമായ രീതിയിൽ പാടി പ്രശസ്തി നേടിയയാൾ 

ദലിതർ. ഉടുതുണിക്ക് മറുതുണിയില്ലാതെ വിശപ്പടക്കുവാൻ ആഹാരമില്ലാതെ പട്ടിണിയും പരിവട്ടവുമായി യാതനയും വേദനയുംപേറി കൃമിതുല്യരായി ഈ മണ്ണിൽ ജീവിച്ച ഒരു കൂട്ടം മനുഷ്യർ.

ജന്മിമാർക്ക് ഇഷ്ടാനുസരണം കന്നുകാലികളെപ്പോലെ വിൽക്കുന്നതിനും വാങ്ങുന്നതിനും എന്തിന് കൊല്ലുന്നതിനും, മഴയത്തും മഞ്ഞത്തും വെയിലത്തും കണ്ണു കീറി വെളുക്കുന്നത് മുതൽ ഇരുട്ടുന്നതുവരെ പണിയെടുപ്പിക്കുന്നതിനുള്ള ഒരു ഉപകരണം മാത്രമായിരുന്നു അടിയാളൻ. ഇവരിൽനിന്നുമാണ് അവരിലൊരാളായി പ്രേംനാഥ് തൻറെ കർമ്മ മണ്ഡലത്തിലേക്ക് വരുന്നത്.

അടിയാളൻറെ ചരിത്രവും ജീവിതവും സംസ്കാരവും ഒക്കെയായ പാട്ടുകളും കലകളും അനുഷ്ഠാനങ്ങളും എല്ലാംതന്നെ വേറിട്ട ഒരു സംസ്കാരവും ജീവിതവുമാണ് പ്രതിനിധാനം ചെയ്യുന്നത് എന്നുള്ള തിരിച്ചറിവാണ് ഈ മേഖലയിൽ പ്രവർത്തിക്കാനുള്ള അദ്ദേഹത്തിൻറെ പ്രചോദനം.

അദ്ദേഹം ശേഖരിച്ച കേരളത്തിലെ നാടോടിപ്പാട്ടുകളും കലകളും അതിലുള്ള ചിലത് പ്രസിദ്ധീകരിച്ചപ്പോൾ അടിയാളന് ചരിത്രം രചിക്കുന്നു എന്ന് പരിഹസിച്ച് തൻറെ കർമമണ്ഡലത്തിൽനിന്നും ഇല്ലായ്മ ചെയ്യുവാനാണ് കേരളത്തിലെ അന്നത്തെ ചില സവർണ സാംസ്കാരികനായകർ ശ്രമിച്ചത്. അദ്ദേഹത്തെയും ഭാര്യയെയും വിളിച്ചുവരുത്തി സവർണമാടമ്പിമാർ ആ പുസ്തകത്തിൻറെ കോപ്പികൾ അവരുടെ മുന്നിലിട്ടു ചുട്ടുകരിച്ചു.

അടിയാളനായി ജനിച്ചതുകൊണ്ടുമാത്രം കർമമണ്ഡലത്തിൽ നീതി നിഷേധിക്കപ്പെട്ടു. വിശ്രമരഹിതമായ അലച്ചിലും കഠിനാധ്വാനവും അദ്ദേഹത്തെ രോഗിയാക്കി. നിരന്തരമായ അലച്ചിലിനും കഷ്ടപ്പാടിനും പട്ടിണിക്കും അറുതി വരുത്തികൊണ്ട് 1973 സെപ്റ്റംബർ എട്ടിന് ഈ ലോകത്തോട് അദ്ദേഹം വിട പറഞ്ഞു.

ജീവിച്ചിരുന്നപ്പോൾ സാമ്പത്തിക പരാധീനത കാരണം അദ്ദേഹത്തിന് ആ ശേഖരം മുഴുവനും പ്രസിദ്ധീകരിക്കുവാൻ കഴിഞ്ഞില്ല.

പ്രേംനാഥിൻറെ മരണശേഷം അദ്ദേഹത്തിൻറെ ശേഖരം പ്രസിദ്ധീകരിച്ചു കാണുവാനുള്ള ആഗ്രഹംകൊണ്ടും സ്വന്തമായി അച്ചടിക്കാനുള്ള കാശില്ലാത്തതിനാൽ സഹായത്തിനായി അദ്ദേഹത്തിൻറെ ഭാര്യ സർക്കാരിനെ സമീപിക്കുകയുണ്ടായി.

ഉന്നതവിദ്യാഭ്യാസം ഒന്നുമില്ലാത്ത ആ സാധുസ്ത്രീ സർക്കാരിൻറെ വാക്ക് വിശ്വസിച്ച് കോളേജ് സാറന്മാരുടെ ഒരു (അ) വിദഗ്ധ സമിതിക്കു മുന്നിൽ ഒരു ജീവിതം മുഴുവൻ കൊണ്ട് ശേഖരിച്ച പ്രേംനാഥിൻറെ കയ്യെഴുത്തുപ്രതികൾ പരിശോധനയ്ക്കായി സമർപ്പിച്ചു. കാരണം പറയൻറെയും, പുലയൻറെയും ഇടയിലുള്ള പാട്ടുകളും കലകളും ഒക്കെയാണല്ലോ. കൂടാതെ ഒരു പറയൻ ശേഖരിച്ചതും അല്ലെ, അപ്പോൾ തീർച്ചയായും വിദഗ്ധസമിതി പരിശോധിക്കണമല്ലോ. സമിതിയുടെ കനിവിനാൽ അവർ തെരഞ്ഞെടുത്ത ചിലത് ഒരു പുസ്തകമായി സർക്കാർ പുറത്തിറക്കി.
ഇവിടെ പരാമർശിക്കുന്ന മിക്കവരും മരിച്ചുപോയവരാണ്. അവരെ അപമാനിക്കൽ അല്ല എൻറെ ലക്ഷ്യം. പക്ഷേ സംഭവിച്ചത് പറയാതിരിക്കാനും ആവില്ല.

Read Also  സാംസ്കാരിക അടിമത്വത്തിൻ്റെ രേഖപ്പെടുത്തൽ തന്നെയാണ് വെട്ടിയാർ പ്രേം നാഥിൻ്റെ ജീവിതം അത് തിരിച്ചറിയേണ്ടതാണ്

ചെങ്ങന്നൂർ കുഞ്ഞാതിയുടെ അവതാരിക എഴുതിയ ശൂരനാട് കുഞ്ഞൻപിള്ള എഴുതിയത് നോക്കൂ

‘മധ്യ തിരുവിതാംകൂറിൻറെ മിക്ക ഭാഗങ്ങളുമായി നേരിട്ട് പരിചയമുണ്ടായിരുന്നിട്ടും എനിക്ക് ഈ പാട്ടിനെപ്പറ്റിയാകട്ടെ, കുഞ്ഞാതിയെപ്പറ്റിയാകട്ടെ യാതൊരു അറിവും ഉണ്ടായിരുന്നില്ല. പാട്ട് പറയരുടെ വകയെന്നോ പഴയതെന്നോ പറയാൻ വലിയ വക കാണുന്നില്ല. വടക്കൻപാട്ടും മറ്റും കണ്ട ഒരാളിൻറെ കയ്പാടും ഈ പാട്ടിൽ അങ്ങിങ്ങ് തെളിഞ്ഞു വിളയാടുന്നുണ്ട്.’— ശൂരനാട് കുഞ്ഞൻപിള്ള.

അവതാരികയിൽ ഈ വൃക്തി ഒരു വിവാദവും കൂടെ പരിഹാസവുമാണ് മുന്നോട്ട് വെക്കുന്നത്. അവതാരികയുടെ ഒപ്പം തന്നെ പ്രേംനാഥ് ഒരു മുഖവുര കൂടെ പറയുന്നുണ്ട്.

1956-ൽ ‘ചെങ്ങന്നൂർ കുഞ്ഞാതി’യെന്ന ശീർഷകത്തിൽ ഈ പാട്ടുകഥയുടെ ഒന്നാം അങ്കം മാതൃഭൂമി ആഴ്ചപ്പതിപ്പിൽ പ്രസിദ്ധികരിച്ചപ്പോൾ.

‘ഹരിജനങ്ങൾക്ക് ചരിത്രം സൃഷ്ടിക്കുവാൻ വേണ്ടി, ഞാൻ നിർമ്മിച്ച പാട്ടുകൾ ആണെന്നുള്ള ധാരണ വായനക്കാരിൽ ഉളവാക്കത്തക്കവണ്ണം ‘അജ്ഞാതനെന്ന’ നാമധേയത്തിൽ നിരൂപണം എഴുതിയവരും, ആ സരണിയിൽ കൂടി ചിന്തിക്കുന്നവരും, ഈ പാട്ടിലെ ഈരടികൾ സാക്ഷ്യം വഹിക്കുന്ന, നാടുവാഴികളുടേയും, രാജാക്കന്മാരുടെയും കാലഘട്ടങ്ങളും അന്നത്തെ സാമുഹ്യ വൃവസ്ഥിതികളും മറ്റും ഗവേഷണംചെയ്തു വെളിച്ചത്തു കൊണ്ടു വരികയെന്നുളളത് ചരിത്രകാരന്മാരുടെ കടമയാണ്. അക്കാലഘട്ടങ്ങളിൽ മദ്ധൃതിരുവിതാംകൂറിൽ ഉണ്ടായിരുന്ന രാജാക്കന്മാരുടെ ചരിത്രരേഖകളും, സാഹിത്യ ഗ്രന്ഥങ്ങളും എല്ലാം കണ്ടുപിടിക്കേണ്ടതും അവരുടെ കർത്തവ്യമത്രേ.’— വെട്ടിയാർ പ്രേംനാഥ് എഴുതുന്നു

ചെങ്ങന്നൂർ കുഞ്ഞാതിയുടെ ജാതി, അതു ശേഖരിച്ചതും അതേ ജാതിക്കാരൻ, അവരെ അംഗീകരിക്കുവാനുളള പ്രയാസം കാരണമാവാം ഇങ്ങനെ എഴുതിയതെന്നു കരുതുന്നു. ഇത് പറയാനാണ് എൻറെ ഫെയ്‌സ് ബുക്ക് പോസ്റ്റിൽ അടിയാളരിലെ രണ്ടു ജാതി സൂചിപ്പിച്ചത്.

പരിശോധന കമ്മറ്റിയുടെ തലവനായിരുന്ന പി.കെ.ശിവശങ്കരപ്പിളള വലിയ അടിച്ചു മാറ്റൽ ഒന്നും നടത്തിയില്ല. അദ്ദേഹത്തിൻറെ ഒപ്പമുണ്ടായിരുന്ന രണ്ടുപേർ ചുമ്മാർചൂണ്ടലും, പ്രൊഫ: വി. ആനന്ദക്കുട്ടൻ നായരും.ചുമ്മാർ ചൂണ്ടലാണ് കൈയ്യെഴുത്തുപ്രതികൾ തൻറെ വിദ്യാർത്ഥികളെക്കൊണ്ട് പകർത്തിച്ചത്. വെളിപ്പെടുത്തിയത് മുൻ മന്ത്രിയും കോൺഗ്രസ്സ് നേതാവുമായ പി.കെ.വേലായുധനും. അന്ന് അച്ഛൻ്റെ രചനകൾ പ്രസിദ്ധീകരിക്കാനായി സഹായം ആവശ്യപ്പെട്ട്  സമീപിച്ചപ്പോൾ അദ്ദേഹം തന്നെയാണ് അമ്മയോട് ഇക്കാര്യം പറഞ്ഞത്

ആനന്ദക്കുട്ടൻ നായർ പുറത്തിറക്കിയ കേരള ഭാഷാഗാനങ്ങൾ , അതിൻറെ രണ്ടാം ഭാഗത്തിൽ ചെങ്ങന്നൂർ കുഞ്ഞാതിയുടെ പാട്ടും ചേർത്തിട്ടുണ്ട്. കൂടാതെ പ്രേംനാഥിന്റെ ശേഖരത്തിലെ നിരവധി പാട്ടുകൾ തന്റെ ശേഖരണമെന്ന പേരിലുണ്ട്. അവയിൽ ചിലതിനെപ്പറ്റി. ‘കോലംതുള്ളൽ’ അതിലുളള കോലങ്ങളെപ്പറ്റിയുളള പാട്ടുകളും, ഗന്ധർവൻപാട്ട്, കൃഷിപ്പാട്ടുകൾ, അതിലെ എല്ലാപ്പാട്ടുകളും, ഓണപ്പാട്ടുകളിലെ തുംബപ്പൂവേപ്പൂത്തിരളേ, ഓണംവന്നു, പൊന്നരിമാൻ കോട്ടയിലെ കുഞ്ഞിക്കണ്ണൻ, പലവക ,എന്നതിലെ എല്ലാപ്പാട്ടുകളും. ഒരു സ്വപ്നം, കറുത്തപെണ്ണ്, ആലായാൽ തറവേണം. ചെങ്ങന്നൂർ കുഞ്ഞാതിയിൽ പ്രേംനാഥ് 21 ആദിമാരെപ്പറ്റിയും, പതിനെട്ടു കളരികളെപറ്റിയും സൂചിപ്പിക്കുന്നുണ്ട്. അതിനെ പറ്റി വ്യക്തമാക്കാത്തതുകൊണ്ടു , മോഷ്ടിച്ചപ്പോൾ ആനന്ദകുട്ടൻ നായർക്കു അതിനെപറ്റി ഒട്ടും വിശദീകരിക്കാൻ സാധിച്ചില്ല. പ്രേംനാഥ് തൻറെ പാട്ടുകളിൽ ചില വാക്കുകളുടെ അർഥംവരെ രേഖപ്പെടുത്തിയിട്ടുണ്ട് , അതടക്കമാണ് മോഷ്ടിച്ചിരിക്കുന്നത്.
ഇതിൽ ആലായാൽ തറ വേണം….. ആലിയാലി മണപ്പുറത്ത് ഒരു മത്തേം തയ്യും… ഇവ കാവാലം നാരായണ പണിക്കരുടെ രചനകളായി പുറത്തു വന്നു.

പ്രേംനാഥ്, 1961-63 ൽ കേരള സംഗീത നാടക അക്കാദമിയിൽ റിസർച്ച് സ്‌കോളറായി പ്രവർത്തിച്ചിരുന്നപ്പോൾ സമർപ്പിച്ച ശേഖരത്തിൽ ഉള്ളതാണവ. ആനന്ദക്കുട്ടൻനായരുടെ പുസ്തകത്തിൽ നാടൻപാട്ടാണെന്നു പറയുന്നവ എങ്ങനെ കാവാലം നാരായണപണിക്കരുടെ രചനകളായി?
1961 – 63 കാലഘട്ടത്തിലാണ് വെട്ടിയാർ പ്രേംനാഥ് കേരളം സംഗീത നാടക അക്കാദമിയിൽ ഗവേഷണം നടത്തുന്നത്. 1961 ലാണ് കാവാലം നാരായണപ്പണിക്കർ സംഗീത നാടക അക്കാദമി സെക്രട്ടറിയായി നിയമിതനാകുന്നത്. പ്രേംനാഥ് തന്റെ ഗവേഷണത്തിന്റെ തിസീസ് സമർപ്പിക്കുമ്പോൾ അദ്ദേഹം അത് വായിച്ചിരിക്കുമല്ലോ. പക്ഷെ അക്കാലത്തതൊന്നും അത് പ്രസിദ്ധീകരിക്കാൻ തയ്യാറായില്ല. അതിന്റെ കാരണവും മറ്റൊന്നുമല്ല.

Read Also  'ആലായാൽ തറ വേണം'..... പാട്ട് കാവാലത്തിൻ്റെതല്ല പി ആർ വാര്യരുടെത് : കാവാലത്തിൻ്റെ ഭാര്യ

ഇതിനുശേഷം ആ തിസീസ് പ്രസിദ്ധീകരിക്കാതിരുന്നപ്പോൾ അത് തിരികെ ചോദിച്ചെങ്കിലും തന്നില്ല. ‘അമ്മ പല തവണ അവിടെ കയറിയിറങ്ങിയതാണ്. അപ്പോഴൊക്കെ അങ്ങനെയൊരു തിസീസ് അവിടെയില്ല എന്ന മറുപടിയാണ് ലഭിച്ചത്. പിന്നീട് ‘ആലായാൽ തറവേണം…’ എന്ന പാട്ടു അതെ രീതിയിൽ പ്രസിദ്ധീകരിച്ചു. കറുത്ത പെണ്ണെ എന്ന പാട്ടിൽ ചെറിയ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. റേഡിയോയിലൊക്കെ ഈ പാട്ടു കേൾക്കുമ്പോൾ രചന കാവാലം എന്ന് പറയുന്നതുകേട്ടു അന്ന് ചിന്തിച്ചിട്ടുണ്ട്. അച്ഛൻ ശേഖരിച്ച പാട്ടുകളാണല്ലോ എന്ന്

സാഹിത്യരംഗത്ത് കവിതയും കഥയുമൊക്കെ മോഷ്ടിയ്ക്കുന്നതുപോലെ തന്നെ വലിയ കുറ്റം തന്നെയാണ് സ്വതന്ത്ര ഗവേഷകരുടെ ഫോക് ലോർ ഗവേഷണ വിവരങ്ങൾ മോഷ്ടിക്കുന്നതും. അത് വളരെ ഗൗരവമുള്ളതാണ്. അച്ഛൻ വലിയ അക്കാദമിക് ബുദ്ധിജീവിയൊന്നുമല്ല. അച്ഛന് ഉന്നത വിദ്യാഭ്യാസമൊന്നും ഉണ്ടായിരുന്നില്ല. അങ്ങനെയുള്ളവരുടെ ഗവേഷണ വിവരങ്ങൾ തട്ടിയെടുക്കുന്നത് പണ്ടുമുതലേ ഉള്ള കാര്യങ്ങളാണ്. ഇതിന്റെയൊക്കെ തെളിവുകളായി പലതിന്റെയും കയ്യെഴുത്ത് പ്രതികൾ ഞങ്ങളുടെ കൈവശമുണ്ട്.

ചെങ്ങന്നൂർ കുഞ്ഞാതിക്കു ശൂരനാട് കുഞ്ഞൻപിള്ള എഴുതിയ അവതാരിക വായിച്ചാവാം. അടിച്ചുമാറ്റിയ ആനന്ദക്കുട്ടൻ നായരും പാട്ടിനു പഴക്കം
പോരെന്നു പ്രസ്താവിക്കുന്നുണ്ട്. അങ്ങനെയെങ്കിൽ തൻറെതെന്ന പേരിൽ എന്തിനു നാടൻ പാട്ടായി കാവാലം പ്രസിദ്ധികരിച്ചു?
കൂടാതെ ഈ പാട്ട് ആളുകൾ പാടിയിരുന്നു എന്നും മറ്റും പറയുന്നതും ?
ഡോ. പ്രശോഭൻ (കേരള യുണിവേഴ്സിറ്റി) പി.ജി.ക്ളാസ്സുകളിൽ പ്രാചീനകവിത, നാടൻപാട്ടുകൾ എന്നിവകൾ പഠിപ്പിക്കുമ്പോൾ കുഞ്ഞൻപിള്ളയുടെ നിരൂപണമായിരിക്കാം അവലംബം. വടക്കൻപാട്ടുകളുടെ രീതിയിൽ എഴുതിയത് ആണെന്നും ഈ കളളനാണയത്തെ തിരിച്ചറിയണമെന്നുമൊക്കെ ഘോരഘോരം വിദ്യാർത്ഥികളെ ബോധവൽക്കരിക്കുന്നുണ്ട്.

അങ്ങനെയെങ്കിൽ ഈ പാട്ട് അടിച്ചുമാറ്റി തൻറെതാക്കി ഒരേ സമയം പ്രസിദ്ധീകരിച്ച കാവാലത്തെയും ആനന്ദക്കുട്ടൻ നായരെയുംപറ്റി അദ്ദേഹം ഒന്നും പറയാത്തതെന്ത് ?

കുഞ്ഞാതിയേയും പ്രേംനാഥിനെയും പരിഹസിച്ചു അവതാരിക എഴുതിയവരും പാട്ടുകൾ മോഷ്‌ടിച്ചു തൻറെതാക്കിയവരും, പ്രേംനാഥിനെ
കള്ളനാക്കി പരിഹസിച്ചു ക്ലാസ് എടുത്തവർക്കും, അറിയാത്ത കഷ്ടപ്പാടിൻറെയും വേദനയുടേതുമായ ഒത്തിരി കാര്യങ്ങൾ ഇതിന് പിന്നിലുണ്ട്.

നാടോടി സാഹിത്യത്തിനു യാതൊരുവിധ വിലയും പ്രചാരവുമില്ലാതിരുന്ന കാലത്ത് ഇവ ശേഖരിക്കുവാൻ അനുഭവിച്ച കഷ്ടപ്പാടുകളെപ്പറ്റി പ്രേംനാഥ് രേഖപ്പെടുത്തിയിട്ടുണ്ട്. ‘പാട്ട് ശേഖരണം അത്ര ഒന്നും എളുപ്പമായിരുന്നില്ല. യാത്രാസൗകര്യങ്ങളോ, ആധൂനിക സജ്ജികരണങ്ങളോ ഒന്നുമില്ല. പാട്ടു പാടി തരേണ്ടവർ വെളുക്കുന്നതുമുതൽ ഇരുട്ടുന്നതുവരെ തമ്പിരാക്കൻമാർക്കുവേണ്ടി വേലയെടുത്തു തളർന്നിരിക്കും. നിരന്തരമായുള്ള അവരോടുള്ള സംമ്പർക്കം മൂലമാണ് ഒരു ദിവസം തരപ്പെടുന്നത്. അപ്പോൾ വിളക്കിൽ മണ്ണെണ്ണ ഉണ്ടാവില്ല. ചൂട്ട് കറ്റയുടെ വെളിച്ചത്തിലോ, മങ്ക് കൂട്ടിയിട്ട് കത്തിച്ചതിൻറയോ വെളിച്ചത്തിലാണ് ഈ പാട്ടുകളെല്ലാം പകർത്തിയെടുത്തിയിട്ടുള്ളത്.. ഒരു പാട്ടിൻറെ മുഴുവനും ഒരു സമയത്തു കിട്ടിയെന്ന് വരില്ല. അങ്ങനെയുള്ളപ്പേൾ പല പ്രാവശൃം പോകേണ്ടതായിവരും. അടിയാളനായാലും അപരിചിതരുടെ മുന്നിലേക്ക് പാട്ടറിയാവുന്ന സ്ത്രീകൾ വരില്ല. അങ്ങനെയുള്ളപ്പോൾ അച്ഛനും അമ്മയും ഒരുമിച്ചാണ് പോവുക. ദാഹിച്ചു തൊണ്ട പൊട്ടിയാൽ പുറത്ത് എവിടെയെങ്കിലും നിന്നും അടിയാളനാണെന്നറിഞ്ഞാൽ ഒരു തുള്ളി പച്ചവെള്ളംപോലും കിട്ടുമായിരുന്നില്ല.’ — വെട്ടിയാർ പ്രേംനാഥ് എഴുതുന്നു
ഇന്നത്തെ തലമുറയ്ക്ക് അവിശ്വസനീയമായി തോന്നാം. എന്നാൽ അതായിരുന്നു യാഥാർത്ഥ്യം. സതൃത്തെ എക്കാലവും കുഴിച്ചു മൂടാൻ ആവില്ലല്ലോ

സാംസ്കാരിക അടിമത്വത്തിൻ്റെ രേഖപ്പെടുത്തൽ തന്നെയാണ് വെട്ടിയാർ പ്രേം നാഥിൻ്റെ ജീവിതം അത് തിരിച്ചറിയേണ്ടതാണ്

 

പാ രഞ്ജിത്ത് രജനി കാന്തിലൂടെ ബി ജെപി അജണ്ട നടപ്പാക്കുകയാണ്’:ലീന മണിമേകലൈ

സ്ത്രീകളെ നിങ്ങൾ ഒറ്റക്കെട്ടായി ശബരിമലയിലേക്ക് പോകുവിൻ ; നിത്യചൈതന്യയതിയുടെ കുറിപ്പ് വൈറലാകുന്നു

 

 

7 COMMENTS

  1. കാവലത്തിനെ മോഷ്ടാവായി ചിത്രീകരിച്ചിരിക്കുന്നത് തെറ്റിദ്ധാരണയിലാണ്. ‘ആലായാൽ തറ വേണം’ എന്നത് കാവാലത്തിന്റെ രചനല്ല. അതൊരു പഴം പാട്ടാണ്. ‘നാടൻ പാട്ടു പാടുന്നവർ കാവാലം രചന എന്നു പറഞ്ഞ് പാടാറുണ്ട്. ചിലർ അയ്യപ്പപ്പണിക്കരുടെ പട്ടാണെന്നും പറയുന്നുണ്ട്. അതിനു കാരണം 1970 ൽ തുടങ്ങിയ കവിയരങ്ങുകളിൽ കാവാലം, അയ്യപ്പപ്പണിക്കർ, കടമ്മനിട്ട തുടങ്ങിയ കവികൾ നടത്തിയിരുന്ന കവിയരങ്ങുകളിൽ നാടൻ പാട്ടിെന്റെ അവതരണത്തിനു വേണ്ടി ഈ പഴം പാട്ട് പാടാറുണ്ടായിരുന്നു. കൂടുതൽ വേദികളിൽ പാടിയിരുന്നത് നടുമുടി വേണുവാണ്. പിൽക്കാലത്ത് ആ പാട്ട് ജനകീയമായപ്പോൾ പിൻതലമുറക്കാർ തെറ്റിദ്ധരിച്ച് പാട്ടിന്റെ പിതൃത്വം കാവാലത്തിന്റെ പേരിൽ കൊണ്ടെത്തിച്ചു. ഞാൻ കൂടി പങ്കെടുത്തിട്ടുള്ളവേദികളിൽ കാവാലത്തിന്റെ പേരുപറഞ്ഞ് പാടിക്കേട്ടിണ്ട്. അവിടെയൊക്കെ ഞാൻ തിരുത്തി പറഞ്ഞിട്ടുണ്ട്. കാവാലം ഒരിക്കലും അത് തന്റെ രചനയാണെന്ന് എവിടേം പഞ്ഞിട്ടില്ല, കാവാലത്തിന്റെ കവിതാ സമാഹാരത്തിലോ മറ്റു രചനകളിലോ ഈ പാട്ടുകൾ ഇല്ല. ഇല്ലാത്ത രചനയുടെ വക്താവാക്കുന്നതും മോഷ്ടാവാക്കുന്നതും തെറ്റിദ്ധാരണ കൊണ്ടാണ്. കാവാല്ത്തിന്റെ കവിതകളിൽ നമ്മുടെ ഫോക്കിന്റേയും നാടൻ പാട്ടുകളുടേയും സ്വാധീനമുണ്ട്, അതിൽ വെട്ടിയാർ പ്രേംനാഥിനെപ്പോലുള്ള വിലപ്പെട്ട ഗവേഷകരുടേയും സംഭാവനകൾ വലി പങ്കു വഹിച്ചിട്ടുണ്ടെന്ന കാര്യത്തിൽ സംശയമില്ലെന്നുള്ളത് കുറേ നാളത്തെ അനുഭവത്തിൽ നിന്നും പറയാൻ കഴിയും. വെട്ടിയാർ പ്രേംനാഥിന്റെ ഗവേഷണ പരമ്പരയിൽ ഏറ്റവും മികച്ചത് ചെങ്ങന്നൂർ കുഞ്ഞാതിയാണ്.ഒരു പക്ഷെ വടക്കൻ വീരഗാഥയോളം എടുത്തുവയ്ക്കാൻ കഴിയുന്ന ഒരു മദ്ധ്യകേരള നാടൻ പാട്ടുകഥയാണ്. അത് സിനിമയോ സീരിയ ലോ ആക്കണമെന്നതല്പര്യത്തിൽ പലരേയും സമീപിച്ചു. ഇതു വരെ നടന്നിട്ടില്ല. ആരെങ്കിലും തയ്യാറാവണമെന്ന് ആഗ്രഹിക്കുന്നു.ഇത് സന്ദർഭോചിതമായി പറഞ്ഞെന്നേയുള്ളൂ. ഏതായാലും മലയാള സാഹിത്യത്തിനും കേരളകലയ്ക്കും വിലപ്പെട്ട സംഭാവനകൾ നൽകിയിട്ടുള്ള യശശ്ശരീരനായ ആ മഹാപ്രതിഭയെക്കുറിച്ച് അപകീർത്തികരമായ കാര്യങ്ങൾ എഴുതിപ്പിടിപ്പിക്കുന്നതിനു മുൻപ് നിജസ്ഥിതിയറിയാൻ ശ്രമിക്കണമായിരുന്നു. കെ.കലാധരൻ

    • കലാധരൻ പറഞ്ഞതാണ് ശരി. ആലായാൽ തറ വേണം എന്നത് കാവാലത്തിന്റേത് അല്ല എന്ന് ഇവിടത്തെ മലയാളികൾ കൊക്കെ അറിയാം. കാവാലവും ഒരിടത്ത് അങ്ങിനെ പറഞ്ഞിട്ടില്ല.പ്രേംനാഥ് നാടൻപാട്ട് ശേഖരിക്കും പോലെ കാവാലവും അടിയാളർക്കിടയിൽ നിന്ന് അവരുടെ ഒരു പാട് പണിപ്പാട്ടുകൾ ശേഖരിച്ചിട്ടുണ്ട്. അതിനിടയിൽ മുഴുകുമ്പോൾ വരികളുടേയോ വാക്കുകളുടേയോ സ്വാധീനം അറിയാതെ വരാം. ഇപ്പോ ‘കറ്റ കറ്റകയറിട്ടു ,കയറാലഞ്ചു മടക്കിട്ടു.. ‘.. ഇത് കാവാലം ഉപയോഗിച്ചിട്ടുണ്ട്. ഇത് കാവാലത്തിന്റെ രചനയിൽ വന്നിട്ടുണ്ടെങ്കിൽ നാടോടി പാട്ടുകളുമായുള്ള നിരന്തര സമ്പർക്കത്തിൽ നിന്ന് ഉടലെടുത്തതായിട്ടേ പറയാൻ കഴിയുകയുള്ളു. “കറുത്ത പെണ്ണേ ” എന്ന് പ്രയോഗിച്ചാൽ അത് മോഷണമാണെന്ന് പറയാൻ പറ്റുമോ?

    • ആലായാൽ തറയുൾപ്പടെയുള്ള നാടൻ പാട്ടുകൾ വെട്ടിയാർ പ്രേംനാഥിന്റെ ശേഖരത്തിൽ നിന്ന് കാവാലം മോഷ്ടിച്ചതാണെന്ന വെളിപ്പെടുത്തൽ നടത്തിയ വെട്ടിയാർ പ്രേം നാഥിന്റെ മകൾ പ്രമീള പ്രേം നാഥ്‌ https://youtu.be/VFfYy7-si6s

  2. ആലായാൽ തറവേണം എന്ന പാട്ട് കിളിമാനൂർ വിശ്വംഭരൻ്റെ ഒരു നൂറ് നാടൻ പാട്ടുകൾ എന്ന എന്ന കൃതിയിൽ വളരെമുമ്പേ ഉൾപ്പെടുത്തിയിട്ടുണ്ട് അത് തൻറെ സ്വന്തം രചനയാണെന്ന് കാവാലം എവിടെയും അവകാശപ്പെട്ടിട്ടില്ല

  3. കാവാലത്തിന്റെ മകൻ ആലായാൽ തറ വേണം പാടുന്നത് ഞാൻ നേരിട്ട് കേട്ടിട്ടുണ്ട്. അദ്ദേഹം ഒരു നാടൻ പാട്ട് ആണ് എന്ന് പറഞ്ഞാണ് പാടിയത്

  4. അടിയാളൻ അധ്വാനിച്ച് ഉണ്ടാക്കിയ വാഴക്കുലകൾ മാത്രമല്ല,അവന്റെ സാഹിത്യ സൃഷ്ടികളും സവർണ തമ്പുരാക്കന്മാർ എടുത്തു കൊണ്ട് പോവുമെന്ന് ചുരുക്കം.

  5. കാവാലത്തെപ്പോലുള്ള ഒരു വ്യക്തിയുടെ മേൽ ഒരു കാരണവുമില്ലാതെയോ, അടിസ്ഥാനമില്ലാത്തതോ ആയ ആരോപണങ്ങൾ ഉന്നയിക്കുമെന്ന് ചിന്തിക്കാൻ കഴിയുന്നില്ല. ഈ ആരോപണം ശെരിയാണെങ്കിൽ, കാവാലത്തെ സാഹിത്യലോകം എങ്ങനെ കാണും എന്നുള്ള കാര്യം കാലികപ്രസക്തമാണ്… സാഹിത്യമോഷണങ്ങൾ ഏറി വരുന്നു എന്നുള്ള പ്രത്യേക സാഹചര്യത്തിൽ..

Leave a Reply to Anonymous Cancel reply

Please enter your comment!
Please enter your name here