Monday, January 17

കൂട്ടബലാല്‍സംഗത്തിലെ ഇര ആത്മഹത്യ ചെയ്തു, പിന്നാലെ മുഖ്യ പ്രതിയും

യുപിയിലെ ഫിറോസബാദില്‍ കൂട്ട മാനഭംഗത്തിന് ഇരയായ 28 കാരി ആത്മഹത്യ ചെയ്ത് ഒരു ദിവസത്തിന് ശേഷം കേസിലെ മുഖ്യ പ്രതി അമിത് കുമാര്‍ എന്ന 24കാരനെ തൂങ്ങിമരിച്ച നിലയില്‍ പോലീസ് കണ്ടെത്തി. രണ്ട് സംഭവസ്ഥലങ്ങളില്‍ നിന്നും ലഭിച്ച ആത്മഹത്യ കുറിപ്പുകള്‍ കൈയക്ഷര വിദഗ്ധരുടെ പരിശോധനയ്ക്ക് അയച്ചിരിക്കുകയാണെന്നും പോലീസ് മാധ്യമങ്ങളോട് പറഞ്ഞു. കൂട്ടമാനഭംഗ കേസില്‍ അമിതിനോടൊപ്പം പ്രതി ചേര്‍ക്കപ്പെട്ട അനിലിനെയും ഇളയ സഹോദരന്‍ ജിതേന്ദ്രയെയും കണ്ടെത്താനുള്ള ഊര്‍ജ്ജിത ശ്രമത്തിലാണ് പോലീസ്.

കേസില്‍ നാടകീയ സംഭവങ്ങളാണ് അരങ്ങേറുന്നത്. ഇരയുടെ ആത്മഹത്യയില്‍ ഭര്‍ത്താവിനും മൂന്ന് സഹോദരങ്ങള്‍ക്കും പങ്കുണ്ടെന്ന് കാണിച്ച് അമിതിന്റെ മൂത്ത സഹോദരന്‍ താര ചന്ദ് ഞായറാഴ്ച പോലീസില്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ ഈ കേസില്‍ ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. ഇതിനിടെ കേസന്വേഷണത്തില്‍ അലംഭാവം കാണിച്ച ജസ്രാന പോലീസ് സ്‌റ്റേഷന്‍ എസ്എച്ച്ഒ മുനേഷ് ചന്ദ്ര, കൂട്ടബലാല്‍സംഗ കേസിലെ അന്വേഷണ ഉദ്യോഗസ്ഥന്‍ സോംപാല്‍ സിംഗ് എന്നിവരെ എസ്പി സച്ചീന്ദ്ര പട്ടേല്‍ സസ്‌പെന്റ് ചെയ്തിട്ടുണ്ട്.

ശനിയാഴ്ച പോലീസ് കണ്ടെടുത്ത അമിതിന്റെ ആത്മഹത്യ കുറിപ്പില്‍ അനിലും ജിതേന്ദ്രയും നിരപരാധികളാണെന്ന് പറയുന്നു. ഇരയായ സ്ത്രീയുമായി തനിക്കുള്ള ബന്ധത്തെ കുറിച്ചും അമിത് ആത്മഹ്യ കുറിപ്പില്‍ സൂചിപ്പിച്ചിട്ടുണ്ട്. തന്റെ ഭാര്യയെ അവഹേളിക്കുന്നതരത്തിലുള്ള ഫോട്ടോഗ്രാഫുകള്‍ അമിതും അനിലും ജിതേന്ദ്രയും സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നതായി ഇരയുടെ ഭര്‍ത്താവ് ജൂലൈ 16ന് പോലീസിന് നല്‍കിയ പരാതിയില്‍ പറഞ്ഞിരുന്നു. തന്റെ ഭാര്യയെ ബ്ലാക്‌മെയില്‍ ചെയ്യാനാണ് പ്രതികള്‍ ശ്രമിക്കുന്നതെന്നും ഫോട്ടോഗ്രാഫുകള്‍ മടക്കി ചോദിച്ച തന്നെ അവര്‍ ആക്രമിച്ചതായും ഭര്‍ത്താവ് പരാതിയില്‍ പറഞ്ഞിരുന്നു. ഈ പരാതിയുടെ വെളിച്ചത്തില്‍ മൂവര്‍ക്കുമെതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു.

മൂന്ന് മാസങ്ങള്‍ക്ക് മുമ്പ് പ്രതികള്‍ ബലാല്‍ക്കാരമായി തന്റെ വീട്ടില്‍ കടന്നുകയറി തന്നെ മാനഭംഗപ്പെടുത്തിയതായി ജൂലൈ 26ന് ഇര പോലീസിന് മൊഴി നല്‍കിയിരുന്നു. ഇതിന്റെ വെളിച്ചത്തില്‍ കൂട്ടമാനഭംഗത്തിനും വീട്ടില്‍ അതിക്രമിച്ചുകയറിയതിനും മനഃപൂര്‍വം പരിക്കേല്‍പ്പിച്ചതിനും പ്രതികള്‍ക്കെതിരെ കുറ്റം ചുമത്തിയിരുന്നു. ഇരയെ വൈദ്യപരിശോധനയ്ക്ക് വിധേയയാക്കിയെങ്കിലും അതിന്റെ റിപ്പോര്‍ട്ട് ഇനിയും ലഭിച്ചിട്ടില്ല. ജൂലൈ 28ന് മജിസ്‌ട്രേറ്റിന്റെ മുന്നില്‍ ഇരയുടെ മൊഴി രേഖപ്പെടുത്താനിരിക്കുകയായിരുന്നു.

എന്നാല്‍ വെള്ളിയാഴ്ച ഇര തൂങ്ങി മരിച്ചുവെന്ന റിപ്പോര്‍ട്ടാണ് പോലീസിന് ലഭിച്ചത്. തന്റെ മരണത്തിന് അമിത്, അനില്‍, ജിതേന്ദ്ര എന്നിവരാണ് ഉത്തരവാദികളെന്ന് ആത്മഹത്യ കുറിപ്പില്‍ ഇര ആരോപിച്ചിരുന്നു. പ്രാഥമിക അന്വേഷണത്തില്‍ ഇരയും അമിതുമായി ബന്ധമുണ്ടായിരുന്നു എന്ന് വ്യക്തമായതായും പോലീസ് പറയുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കൈയക്ഷര പരിശോധന നടത്താന്‍ പോലീസ് തീരുമാനിച്ചിരിക്കുന്നത്.

Spread the love
Read Also  ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ പ്രതികളെ പോലിസ് വെടിവെച്ചു കൊലപ്പെടുത്തി

Leave a Reply