Monday, January 17

ശബരിമല സന്ദര്‍ശനം ; തൃപ്തി ദേശായിയുടെ ആവശ്യങ്ങള്‍ സര്‍ക്കാര്‍ നിരസിച്ചു

സുപ്രീം കോടതിയുടെ  ശബരിമല യുവതീപ്രവേശന വിധി നിലനില്‍ക്കുന്നതിനാല്‍ മല ചവിട്ടാനെത്തുന്ന ഭൂമാതാ ബ്രിഗേഡ് പ്രവര്‍ത്തക തൃപ്തി ദേശായിക്ക് പ്രത്യേക സുരക്ഷ നല്‍കാനാവില്ല. ഇന്നലെയാണ് തനിക്കും ഒപ്പമുള്ള ആറുപേര്‍ക്കും ശബരിമല സന്ദര്‍ശനത്തിനു പ്രത്യേക സൌകര്യമോരുക്കണമെന്നു ആവശ്യപ്പെട്ടു തൃപ്തി ദേശായി കേരള പോലീസ് മേധാവി ലൊക്നാഥ് ബഹ്രക്ക് കത്തയച്ചത്.

മറ്റു തീര്‍ത്ഥാടകരെപ്പോലെ മാത്രമേ തൃപ്തിയെയും പരിഗണിക്കാന്‍ കഴിയുകയുള്ളൂവെന്നു പോലീസ് വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു. തൃപ്തിയുടെ താമസത്തിന്റെയും ഭക്ഷണത്തിന്റെയും ചെലവ് സ്വന്തമായി തന്നെ വഹിക്കേണ്ടിവരും. തൃപ്തി അയച്ച കത്തിന് ഔദ്യോഗികമായി മറുപടിയും നല്‍കില്ല. 

കൊച്ചിയില്‍ വിമാനമിറങ്ങിയ ശേഷം ശബരിമല ദര്‍ശനം കഴിഞ്ഞു മടങ്ങുന്നതുവരെയുള്ള താമസവും  ചെലവുമുള്‍പ്പടെ എല്ലാം കേരള സര്‍ക്കാര്‍ വഹിക്കണമെന്നാണ് തൃപ്തി ദേശായിയുടെ  ആവശ്യം. നാളെയാണ് തൃപ്തിയും സംഘവും നെടുമ്പാശ്ശേരിയില്‍ വിമാനമിറങ്ങുന്നത്. എയര്‍പോര്‍ട്ടില്‍ നിന്നും കാര്‍
മാര്‍ഗ്ഗമാണ് കോട്ടയത്തേയ്ക്ക് പോകുന്നത്. സുരക്ഷ ഭീഷണി നിലനില്‍ക്കുന്നതിനാല്‍ സര്‍ക്കാര്‍ വാഹനം നല്‍കണമെന്ന് കത്തില്‍  ആവശ്യപ്പെട്ടിരുന്നു.  ശക്തമായ പോലീസ്  സുരക്ഷയും വേണം. 

കോട്ടയത്ത് ഹോട്ടല്‍ മുറിയോ സര്‍ക്കാര്‍ ഗസ്റ്റ് ഹൌസ് സംവിധാനമോ വേണം. അവിടെയും പോലീസ് കാവലുണ്ടായിരിക്കണം. 

കൂടുതല്‍ ഭക്തര്‍ തന്നോടൊപ്പം വരുന്നതുകൊണ്ടാണ് വലിയ സുരക്ഷ ആവശ്യപ്പെട്ടതെന്ന് തൃപ്തി ദേശായി പ്രതികരിച്ചു. തനിക്കും സംഘത്തിനും എന്തെങ്കിലും സംഭവിച്ചാല്‍ അതിന്‍റെ ഉത്തരവാദി സര്‍ക്കാര്‍ ആയിരിക്കുമെന്നും തൃപ്തി പറഞ്ഞു. പോലീസ് ഇക്കാര്യത്തില്‍ അനുകൂല നിലപാടല്ല സ്വീകരിക്കുന്നത് എന്നു വ്യക്തമായതോടെയാണ്  തൃപ്തിയുടെ പ്രതികരണം  പുറത്തുവന്നത്‌. എന്നാല്‍ എല്ലാവര്‍ക്കും ലഭിക്കുന്ന സുരക്ഷ ഇവര്‍ക്കും ലഭിക്കുമെന്ന് പോലീസ് വൃത്തങ്ങള്‍ സൂചിപ്പിച്ചു.

മണ്ഡലകാലം  ആരംഭിക്കാനിരിക്കെ  ശബരിമലയിലും പമ്പയിലും നിലയ്ക്കലും പോലീസ്  ശക്തമായ  സുരക്ഷയോരുക്കിയിട്ടുണ്ട്. ഇന്ന് സുരക്ഷ വിലയിരുത്താനായി ഡി ജി പി ലോക്നാഥ് ബെഹ്ര ശബരിമലയില്‍ എത്തുന്നുണ്ട്. 

Spread the love
Read Also  ശിവദാസന്‍റെ മരണം തുടയെല്ല് പൊട്ടി രക്തസ്രാവമുണ്ടായതിനെ തുടര്‍ന്നെന്നു പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

Leave a Reply