Tuesday, August 4

ഈ കഥകൾ മാന്ത്രികന്റേതാണ് ; വിവേക് ചന്ദ്രന്റെ ‘വന്യം’ എന്ന ചെറുകഥാ സമാഹാരത്തെക്കുറിച്ച്

മലയാളത്തിൽ മുൻ മാതൃകകൾ ഇല്ലാത്ത കഥകളാണ് വിവേക് ചന്ദ്രന്റേത് എന്ന് നിരീക്ഷിച്ചത് പി.എഫ്. മാത്യൂസ് എന്ന പൂർവ്വഗാമിയായ കഥാകൃത്താണ്. ആധുനികതയുടെ തീക്ഷ്ണകാലത്തുപോലും മലയാളത്തിൽ ഇത്തരം ഭ്രമാത്മകമായ, മാന്ത്രികമായ കഥകൾ എഴുതപ്പെട്ടിട്ടില്ല. സരളമായി നീങ്ങുന്ന കഥകളല്ല വിവേക് ചന്ദ്രന്റേത്. നല്ല വായനക്കാരനെ മഥിച്ചുകളയും വിധം യന്ത്ര ചുറ്റുകൾ നിറഞ്ഞ ആഖ്യാന രീതിയാണ് ‘വന്യം’ എന്ന കഥാസമാഹാരത്തിലെ ആറു കഥകളിലും ഉള്ളത്.

കാടിനു സമീപത്തു താമസിക്കുന്ന എന്റെയൊരു വിദ്യാർത്ഥി അവന്റെ ജീവിതാനുഭവങ്ങൾ പറയുകയായിരുന്നു. ഒരു വലിയ കാടും ഒരു ചെറിയ കാടും അവന്റെ വീടിനിരുപുറത്തുമായുണ്ട്. അപ്പന്റെ അപ്പൻ വെട്ടിത്തെളിച്ചെടുത്ത പതിനേഴു സെന്റ് സ്ഥലത്താണ് വീട്. അക്കാലം മുതൽ അവർ അനുഭവിച്ച കാട്ടോരജീവിതകഥകൾ അവനും പകർന്നു കിട്ടിയിട്ടുണ്ട്. കാട്ടിലൂടെയാണ് അവൻ സമീപമുള്ള ചെറിയ ടൗണിലേക്കു പോയും വന്നും ഇരുന്നത്. എന്നാൽ ഈയിടെ വലിയ കാട്ടിൽ നിന്ന് ഒരു കൂട്ടം ആനകൾ വേലി പൊളിച്ച് ചെറിയ കാട്ടിൽ ഇറങ്ങിയിട്ട് തിരിച്ചു പോയില്ല. അവ വീടിന്റടുത്തു വരെ രാത്രിയിൽ എത്തും. പടക്കവും ഊത്തുമൊക്കെയായി അവയെ ഓടിക്കുന്നതിന്റെ ബഹളത്തിനിടയിലാണ് അവൻ പരീക്ഷ എഴുതാൻ വരുന്നത്.


കാട് ഇങ്ങനെ നിരവധി റിയലിസ്റ്റിക്കായ സംഭവ കഥകൾ നിരന്തരം ആവിഷ്കരിക്കുന്നുണ്ട്. എന്നാൽ വിവേക് ചന്ദ്രന്റെ കാട്ടോര കഥ `വന്യം` ഈ റിയലിസത്തെ വിട്ട് അസാധാരണമായ മറ്റൊരു തലത്തിലേക്ക് നീങ്ങുന്നു. അത്യസാധാരണമായ ഭാഷയും ഭാവനയും കൊണ്ട് പണിതു കെട്ടിയ ഒരു കഥയിലെ കഥ ചുരുക്കിപ്പറയുന്നതൊക്കെ എരണം കെട്ട ഏർപ്പാടാണ്. കഥ വായിക്കുക തന്നെ വേണം അതിന്റെ മാന്ത്രിക അനുഭവം അറിയാൻ. വിവേക് ചന്ദ്രന്റെ കഥകൾ വായിക്കാത്തവർ മലയാള ചെറുകഥയുടെ നവ്യമായ ഒരു പ്രദേശം കാണാത്തവരാണ്.

വളരെ സാധാരണക്കാരായ കഥാപാത്രങ്ങളും ചെന്നായകളും ചെന്നായ വളർത്തി ചെന്നായ ആയി മാറിയ കുട്ടിയും മാലാഖമാരും ചേർന്ന് കഥയെ ഭ്രമാത്മകമാക്കുന്നു. യാഥാർത്ഥ്യത്തിന്റെയും ഭ്രമാത്മകതയുടെയും ഇടയ്ക്കുള്ള കറണ്ടു പായുന്ന കമ്പിവേലിയിൽ കുരുങ്ങിക്കരിഞ്ഞ് വന്യമായ അധോ ലോകത്തേക്കു വായനക്കാരന്റെ മനസ്സിനെ തെളിച്ചുകൊണ്ടു പോകുന്നു ഈ കഥ.
ഈ കാലത്തെ മലയാള കഥകൾ പലതും വായിച്ചിട്ട് എന്തിനാണിങ്ങനെ യാഥാർത്ഥ്യത്തിൽ അധിഷ്ഠിതമായ ഈ സരളാഖ്യാനങ്ങൾ പടയ്ക്കുന്നത് എന്ന് തോന്നാറുണ്ട്. നമ്മുടെ നവോത്ഥാന റിയലിസ്റ്റിക് കഥാകാരൻമാർ അതൊക്കെ പറഞ്ഞു കഴിഞ്ഞില്ലേ. സ്കൂൾ കലോത്സവത്തിനു നാടകമാക്കാൻ പറ്റിയ കഥകൾ എഴുതുന്നവരുടെ നിരയിൽ നിന്ന് അനേകായിരം കാതങ്ങൾ ഉയരെയാണ് ഈ കഥാകൃത്ത്.


കഥാ നിർമ്മാണത്തിന് മറ്റാരും ഉപയോഗിക്കാത്ത അത്ഭുതപ്പെടുത്തുന്ന യന്ത്ര കോപ്പുകൾ നിറഞ്ഞ ഖനിയിൽ നിന്ന് ഉൽഖനനം ചെയ്തെടുത്ത കഥകളാണ് ‘വന്യ’ ത്തിലേത്. ദുരാത്മാക്കളും മാലാഖമാരും ജന്തുക്കളും പക്ഷികളും പാവകളും നിറഞ്ഞ അന്തരീക്ഷത്തിലാണ് കഥ നടക്കുന്നത്. ഭ്രാന്തമായ മാനസികാവസ്ഥകൾ പേറുന്നവരാണ് പല കഥാപാത്രങ്ങളും.

Read Also  മല്ലികപ്പൂക്കളുടെയും മലക്കുകളുടെയും സ്രഷ്ടാവാരാണ്? 'എ ഗോസിപ്പ് അക്കോർഡിംഗ് ടു ഹരിശങ്കരനശോകൻ'

ഭ്രാന്തമായി തിളയ്ക്കുന്ന മനസ്സിനെ എങ്ങനെയൊക്കെയോ ആറ്റി തണുപ്പിക്കാനല്ലേ നമ്മൾ പലരും വായനയിൽ അഭയം തേടുന്നത്. പൊള്ളുന്ന കഥകൾ വായിച്ച് പൊള്ളുന്ന മനസ്സിനെ ചന്ദനക്കുളിരുള്ളതാക്കി തീർക്കുന്ന അവ്യാഖ്യേയമായ ഒരു രസതന്ത്രമാണല്ലോ സാഹിത്യാനുശീലനത്തിൽ സംഭവിക്കുന്നത്. അത്തരമൊരു രസതന്ത്രം വിവേക് ചന്ദ്രന്റെ കഥകളിൽ ഉണ്ട്. ഏകാന്തവും രുഗ്ണവുമായ തന്റെ സ്വത്വത്തിലേക്ക് ഈ കഥകൾ പരകായപ്രവേശം ചെയ്യുന്നു എന്ന് എൻ.ശശിധരൻ സാക്ഷ്യപ്പെടുത്തുന്നുണ്ട്. ഈ കഥകൾക്ക് നൽകാവുന്ന ഏറ്റവും കൃത്യമായ സർട്ടിഫിക്കറ്റാണത്.

പ്രഭാതത്തിന്റെ പശ്ചാത്തലത്തിൽ കറങ്ങുന്ന യന്ത്ര ഊഞ്ഞാലിൽ കയറി സ്വപ്നാത്മകമായ ഒരു അന്തരീക്ഷത്തിലൂടെ ഏതോ മാന്ത്രിക വേല നിമിത്തം നടക്കുന്ന അനിയന്ത്രിത യാത്രകൾ ഈ കഥകൾ ഒരുക്കി വെച്ചിരിക്കുന്നു.

Spread the love

Leave a Reply