Monday, January 17

ജനാധിപത്യത്തിൽ ഒരു പൗരന്റെ ജാഗ്രതയാണ് ആ “പക്ഷേ” എന്നത്: വിടി ബൽറാം മുഖ്യമന്ത്രിയോട് ചോദിക്കുന്നു

നവകേരള നിർമ്മാണത്തിൽ ചോദ്യങ്ങളുമായി കോൺഗ്രസ് എംഎൽഎ വിടി ബൽറാം. കേരളീയരുടെ ഒരുമാസത്തെ ശമ്പളം കൊണ്ട് നവകേരളം എങ്ങനെ നിർമ്മിക്കാൻ സാധിക്കുമെന്നും ചോദ്യങ്ങൾ ചോദിക്കുന്നവരെ കേരളീയ ഭീകരർ ആക്കുന്ന പ്രവണതയെയും കേന്ദ്രത്തിൽ നിന്ന് അർഹതപ്പെട്ട ഫണ്ട് മേടിച്ചെടുക്കാൻ സർക്കാർ തലത്തിൽ നടപടികൾ സ്വീകരിക്കണമെന്നും വിടി ബൽറാം ആവശ്യപെടുന്നു.

വിടി ബൽറാം മുഖ്യമന്ത്രിക്കയച്ച തുറന്ന കത്ത്

ബഹുമാന്യനായ മുഖ്യമന്ത്രി,
കോൺഗ്രസ് പാർട്ടിയുടെ ഒരു എംഎൽഎ എന്ന നിലയിൽ പാർട്ടി നേതൃത്വത്തിന്റെ ആഹ്വാന പ്രകാരം ഒരു മാസത്തെ ശമ്പളം പ്രളയ ദുരിതാശ്വാസ ഫണ്ടിലേക്ക് നൽകാനായി നേരത്തെത്തന്നെ തീരുമാനമെടുത്തിട്ടുള്ളയാളാണ് ഞാൻ. തവണകളായിട്ടല്ല, ഒരുമിച്ച് തന്നെ ആ തുക പാർലമെന്ററി പാർട്ടി വഴി നൽകാനാണ് ഉദ്ദേശിക്കുന്നത്. പ്രളയത്തിന്റെ ആദ്യ ദിവസങ്ങളിൽത്തന്നെ, നാശനഷ്ടങ്ങൾ ഇത്രത്തോളം കനത്തതാവുമെന്ന് പ്രതീക്ഷിച്ചിരിക്കാത്ത സമയത്ത് പോലും വ്യക്തിപരമായ ഒരെളിയ സംഭാവന മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് ഒരു തുടക്കമെന്ന നിലയിൽ നൽകിയിട്ടുമുണ്ട്. കോൺഗ്രസ് പാർട്ടി തീരുമാനപ്രകാരം 1000 വീടുകൾ പുനർനിർമ്മിക്കുന്നതിന്റെ ഭാഗമായി എന്റെ സഹോദരന്മാരുമായി ചേർന്ന് ഒരു വീട് നിർമ്മിച്ചു നൽകാനും ഉദ്ദേശിക്കുന്നുണ്ട്.

ഇത്രയും പറഞ്ഞത് സോഷ്യൽ മീഡിയയിലെ ചില ഭക്ത്കളുടെ തെറിവിളി കുറക്കാൻ കഴിയുമെന്നുള്ള പ്രതീക്ഷ കൊണ്ടൊന്നുമല്ല, ആമുഖമായി പറഞ്ഞു എന്നേയുള്ളൂ. വിമർശിക്കുന്നവരേയും ചോദ്യങ്ങൾ ഉന്നയിക്കുന്നവരേയും ഒറ്റയടിക്ക് “രാജ്യദ്രോഹി”കളും ”സംസ്ഥാന ദ്രോഹി”കളുമൊക്കെയായി ബ്രാൻഡ് ചെയ്യുന്ന രീതിയാണല്ലോ സോഷ്യൽ മീഡിയയിൽ പൊതുവിലുള്ളത്. അങ്ങേക്ക് പത്തിൽ പത്ത് മാർക്ക് നൽകാത്തവരൊക്കെ ഇപ്പോൾ ഇവിടെ നോട്ടപ്പുള്ളികളാണ് എന്നത് തിരക്കുകൾ മൂലം അങ്ങയുടെ ശ്രദ്ധയിൽ വന്നിട്ടുണ്ടാവില്ല എന്ന് കരുതുന്നു.

ഏതായാലും അത് പോകട്ടെ, കാര്യത്തിലേക്ക് വരാം.

ദേശീയ, അന്തർദേശീയ തലങ്ങളിൽ വലിയ അനുഭവ പരിചയമുള്ള ശ്രീ ജോൺ സാമുവൽ Js Adoor ആശയരൂപത്തിൽ തുടങ്ങിവച്ച്, ഏഷ്യാനെറ്റ് ചർച്ചയിലൂടെ കേരള മുഖ്യമന്ത്രിയായ അങ്ങ് അഭ്യർത്ഥനാ രൂപത്തിൽ മുന്നോട്ടുവച്ച “എല്ലാ മലയാളികളും ഒരു മാസത്തെ ശമ്പളം/വരുമാനം സർക്കാരിന് നൽകുക” എന്ന നിർദ്ദേശത്തെ ഒരു പൗരൻ എന്ന നിലയിലും ജനപ്രതിനിധി എന്ന നിലയിലും ഞാനും അംഗീകരിക്കുന്നു. നേരത്തെ സൂചിപ്പിച്ചത് പോലെ അങ്ങയുടെ ഈ ആഹ്വാനം ഇല്ലായിരുന്നുവെങ്കിലും ഞാനടക്കമുള്ള കോൺഗ്രസ് എംഎൽഎമാർ ഇക്കാര്യത്തിൽ തീരുമാനമെടുത്തിട്ടുണ്ട്. കേരളീയ സമൂഹത്തിൽ നല്ലൊരു വിഭാഗം അങ്ങയുടെ ഈ നിർദ്ദേശത്തിൽ ഇതിനോടകം താത്പര്യം പ്രകടിപ്പിച്ച് കാണുന്നത് ആശാവഹമാണ്. എന്നാൽ ചില സംശയങ്ങളും ആശങ്കകളും പ്രായോഗിക പ്രശ്നങ്ങളും കൂടി ഉയർന്നു വരുന്നത് കാണാതിരുന്നുകൂടാ.
എത്ര കുടുംബങ്ങളിൽ നിന്നായി, എത്ര രൂപ വച്ച്, എത്ര കോടി രൂപയുടെ ഫണ്ടാണ് കേരളത്തിന്റെ സമഗ്രമായ പുതുക്കിപ്പണിയലിനായി സംഭാവനയായി സമാഹരിക്കാൻ ഉദ്ദേശിക്കുന്നതെന്ന് മുഖ്യമന്ത്രിയായ അങ്ങ് ഇതുവരെ വിശദീകരിച്ചു കണ്ടില്ല. ആയതിനാൽ ചില അനുമാനങ്ങളിലേക്ക് പ്രവേശിക്കേണ്ടി വരുന്നു. ജെ.എസ്.അടൂരിന്റെ പോസ്റ്റിൽ കണ്ടതുപോലെ കേരളത്തിൽ ഏതാണ്ട് 1.12 കോടി കുടുംബങ്ങളുള്ളതിൽ ഒരു 80 ലക്ഷം കുടുംബങ്ങളെങ്കിലും (അതായത് ഏതാണ്ട് 72%) ഈ ‘സാലറി ചാലഞ്ച് ‘ ഏറ്റെടുത്താൽ മാത്രമേ ഇതിൽ നിന്ന് കാര്യമായ ഒരു തുക ജനറേറ്റ് ചെയ്യാൻ സാധിക്കൂ. എന്നാൽ ഇത് വളരെ അതിരുകടന്ന ഒരു ശുഭപ്രതീക്ഷയാണ്. കാരണം, ഭക്ഷ്യ സുരക്ഷാ പദ്ധതി പ്രകാരം 40% ആളുകൾക്ക് മുൻഗണനാ വിഭാഗത്തിൽ (പഴയ BPL) റേഷൻ കാർഡ് നൽകിയിട്ടും ഇനിയും ലക്ഷക്കണക്കിനാളുകൾ ആ വിഭാഗത്തിലുൾപ്പെടാനുള്ള തത്രപ്പാടിലാണ്. യഥാർത്ഥത്തിൽ ദാരിദ്ര്യരേഖക്ക് താഴെയുള്ളവരോട് ഒരു മാസത്തെ ശമ്പളം നൽകാൻ ആവശ്യപ്പെടുന്നത് അനുചിതം മാത്രമല്ല, ക്രൂരത കൂടിയാണല്ലോ. ദാരിദ്ര്യരേഖക്ക് താഴെ ഉൾപ്പെടാനും അതനുസരിച്ചുള്ള ആനുകൂല്യങ്ങൾ സർക്കാരിൽ നിന്ന് ഇങ്ങോട്ട് കിട്ടാനും തങ്ങൾക്ക് യോഗ്യതയുണ്ടെന്ന് കരുതുന്നവരിൽ നിന്നും ഇങ്ങനെ സർക്കാരിലേക്ക് തിരിച്ചുള്ള സംഭാവനയൊന്നും പ്രതീക്ഷിച്ചിട്ട് കാര്യവുമില്ല. ഇതിനു പുറമേ ഏതാണ്ട് 10 ലക്ഷത്തോളം കുടുംബങ്ങൾ ഇപ്പോൾ പ്രളയദുരിതം അനുഭവിക്കുന്ന ഇരകളാണ്. അവർക്കും സംഭാവന നൽകാൻ കഴിഞ്ഞെന്ന് വരില്ല. എന്നുവച്ചാൽ, താത്പര്യമുള്ള മുഴുവൻ ആളുകളെ അണിനിരത്തിയാലും 80 ലക്ഷം പോയിട്ട് 40 ലക്ഷം കുടുംബങ്ങളേപ്പോലും ഇതിലേക്ക് സഹകരിക്കാൻ ലഭിച്ചു എന്നു വരില്ല.
ഒരു ശരാശരി കുടുംബത്തിന്റെ മാസ വരുമാനം 15,000 രൂപ ആണെന്ന് വക്കുക. കൂടുതൽ സംഭാവന ചെയ്യുന്നവരുടേതടക്കം ആവറേജ് ചെയ്യുമ്പോൾ കുടുംബമൊന്നിന് 20,000 രൂപ പ്രതീക്ഷിക്കാം. 40 ലക്ഷം കുടുംബങ്ങൾ മുഴുവൻ സഹകരിച്ചാലും പരമാവധി 8,000 കോടിയാണ് ലഭിക്കുക.

Read Also  സിപിഐഎമ്മിനു പുറമെ ലീഗ് പ്രവർത്തകരുടെ കള്ളവോട്ടും സ്ഥിരീകരിച്ചു

ഈ തുക കൊണ്ട് അങ്ങ് പറഞ്ഞ നവകേരളം സാധ്യമാക്കാൻ എത്രത്തോളം കഴിയും? നവകേരളത്തിന്റെ നിർമ്മിതിക്കായി നമുക്കാവശ്യം ഒരു 50,000- 75,000 കോടിയെങ്കിലും ആണെന്നിരിക്കേ ഈ 8000 കോടി എന്നത് തീർത്തും നിസ്സാരമല്ലേ? അപ്പോൾ ബാക്കി തുക എങ്ങനെ സമാഹരിക്കാനാണ് സർക്കാർ ഉദ്ദേശിക്കുന്നത്? ഇപ്പോൾത്തന്നെ 50,000 കോടി രൂപ കിഫ്ബി വഴി കടമെടുത്ത് വികസന പ്രവർത്തനങ്ങൾ ചെയ്യുന്നുണ്ടല്ലോ. അതിന്റെ കൂടെ ഒരു 10,000 കോടി കൂടി കണ്ടെത്തിയാൽ പൊതുജനങ്ങളിൽ നിന്നുള്ള ഈ സംഭാവന പിരിവ് ഒഴിവാക്കാവുന്നതല്ലേ? കൊടുക്കുന്നവർക്ക് ഒരു വലിയ ഭാരമാകുകയും എന്നാൽ കിട്ടുന്ന സർക്കാരിന് ആവശ്യകത വച്ച് നോക്കുമ്പോൾ കാര്യമായ പ്രയോജനം ലഭിക്കാത്തതുമായ ഇങ്ങനെയൊരു ഫണ്ട് സമാഹരണത്തിൽ മാത്രമായി നമ്മുടെ മുഴുവൻ സമയവും ഊർജ്ജവും ശ്രദ്ധയും ചെലവഴിക്കപ്പെടുന്നത് ഒരു വലിയ ദുരന്തമായിരിക്കും. അതുകൊണ്ട് സർക്കാർ ഇക്കാര്യത്തിൽ കുറച്ചു കൂടി വ്യക്തത വരുത്താൻ അടിയന്തിരമായി തയ്യാറാകണം.

അങ്ങ് ആവശ്യപ്പെടുന്ന പണം നൽകാൻ തയ്യാറാണ്, പക്ഷേ ചില കാര്യങ്ങളിൽ വ്യക്തത വേണം എന്ന് പറയുന്ന മുഴുവൻ പൗരന്മാരേയും സംഘികളായി മുദ്രകുത്തി വായടപ്പിക്കാനാണ് അങ്ങയുടെ സപ്പോർട്ടേഴ്സായി സ്വയം അവതരിച്ചിരിക്കുന്ന ‘കേരള സ്നേഹി’കളുടെ ശ്രമം. “പക്ഷേ” എന്ന് പറയരുതത്രേ! ഇതെങ്ങനെ അംഗീകരിക്കാൻ പറ്റും? ജനാധിപത്യത്തിൽ ഒരു പൗരന്റെ ജാഗ്രതയാണ് ആ “പക്ഷേ” എന്നത്. താൻ നൽകുന്ന പണം ഉദ്ദേശിക്കുന്ന ലക്ഷ്യത്തിന് മാത്രമായി, കൃത്യവും കാര്യക്ഷമവും പക്ഷപാത രഹിതവുമായി ചെലവഴിക്കപ്പെടും എന്ന ഉറപ്പ് ഓരോ മലയാളിക്കും ലഭിച്ചാൽ മാത്രമേ അവരിലെ മഹാഭൂരിപക്ഷത്തേയും അണിനിരത്താൻ ഉദ്ദേശിച്ചിരിക്കുന്ന ഈ വലിയ ധനസമാഹരണ യജ്ഞം വിജയിക്കുകയുള്ളൂ. കണ്ണുമടച്ച് സംഭാവന ചെയ്യാൻ തയ്യാറുള്ളവർ മാത്രം മതി എന്നാണെങ്കിൽ ഈ മഹായജ്ഞം കേവലം ചില ആവേശക്കാരിലും പാർട്ടി ഭക്തരിലും മാത്രമായി പരിമിതപ്പെട്ടു പോകും. അങ്ങനെയാവില്ലല്ലോ താങ്കളും ആഗ്രഹിക്കുന്നത്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നിർദ്ദേശിച്ച പോലെ മുഖ്യമന്ത്രി നേരിട്ട് (പ്രയോഗതലത്തിൽ മുഖ്യമന്ത്രിയുടെ ഓഫീസ്) നിയന്ത്രിക്കുന്ന, കൃത്യമായ മാനദണ്ഡങ്ങളില്ലാത്ത CMDRF അല്ല ഇനി മുതൽ ഈയാവശ്യത്തിലേക്ക് വേണ്ടത്, മറിച്ച് രാഷ്ട്രീയ മുതലെടുപ്പിന് സാധ്യതയില്ലാത്ത തരത്തിൽ വ്യക്തമായ ചട്ടക്കൂടുകളുള്ള ഒരു കേരള പുനർനിർമ്മാണ ഫണ്ട് ആണ്. എത്രയും വേഗം അത്തരമൊരു പുതിയ ഫണ്ട് രൂപീകരിക്കാൻ അങ്ങ് തന്നെ മുൻകൈ എടുക്കണം. ഇനിയുള്ള സംഭാവനകൾ അതിലേക്ക് സ്വീകരിക്കണം. അതുപയോഗിച്ചുള്ള ചെലവുകൾ എങ്ങനെയായിരിക്കും എന്നതിനേക്കുറിച്ച് സുതാര്യമായ മാനദണ്ഡങ്ങൾ ഉടൻ പുറപ്പെടുവിക്കണം. ഓഖി ദുരിതാശ്വാസത്തിന് കിട്ടിയ തുകയുടെ കാര്യത്തിലുയർന്ന പരാതികൾ ഇനി ആവർത്തിച്ചുകൂടാ.

Lead by example എന്നത് ഇത്തരുണത്തിൽ വളരെ പ്രധാനമാണ്. ധൂർത്തും ആഡംബരവും ഒഴിവാക്കി സർക്കാർ തന്നെ മാതൃക കാട്ടണം. സർക്കാരിന്റെ പാഴ്ച്ചെലവുകൾ; ഈ പ്രളയത്തിനിടക്ക് പ്രത്യേകിച്ച് ഒരു കാരണവുമില്ലാതെ ഖജനാവിന് അധികഭാരമായി മാറിയ മന്ത്രി-ചീഫ് വിപ്പ് നിയമനങ്ങൾ, സിപിഎമ്മിലെ അധികാര സമവാക്യങ്ങളെ ശരിയാക്കാൻ സർക്കാർ ചെലവിൽ അടിച്ചേൽപ്പിക്കപ്പെട്ട ഭരണ പരിഷ്ക്കാരക്കമ്മീഷൻ, ജാതി സംഘടനയെ പ്രീണിപ്പെടുത്താനുള്ള മുന്നോക്ക സമുദായ കോർപ്പറേഷൻ ചെയർമാന്റെ കാബിനറ്റ് പദവി, കാക്കത്തൊള്ളായിരം ഉപദേശികൾ, മുഖ്യമന്ത്രിയെ “പുലിമുരുകൻ” എന്ന് സ്തുതിപാടിയ ഘടക കക്ഷി നേതാവിന്റെ മരണാനന്തരം ഒരു മാനദണ്ഡവുമില്ലാതെ ഖജനാവിൽ നിന്ന് നൽകിയ 25 ലക്ഷം രൂപ, സിപിഎം എംഎൽഎ സ്വാഭാവിക മരണത്തിന് കീഴടങ്ങിയപ്പോൾ കുടുംബത്തിന് നൽകിയ 10 ലക്ഷം രൂപയും സർക്കാർ ജോലിയും, കേരളം പോലെ സമാധാനപൂർണമായൊരു നാട്ടിലും മുഖ്യമന്ത്രിയുടെ സുരക്ഷയുടെ പേരിൽ വർദ്ധിപ്പിച്ച സന്നാഹങ്ങളുടെ അധികച്ചെലവുകൾ, എന്നിങ്ങനെ ജനങ്ങൾക്ക് അവിശ്വാസം ജനിപ്പിച്ച നിരവധി അനുഭവങ്ങൾ ഈ സർക്കാരിന്റെ ചെയ്തികളായിട്ടുണ്ട്. അതുകൊണ്ടൊക്കെയാണ് സർക്കാരിന് മുമ്പിൽ ഇത്രയധികം “പക്ഷേ”കൾ ഉയർന്നു വരുന്നത്. ആവശ്യമായ തിരുത്തലുകൾ വരുത്തി എല്ലാ വിഭാഗം ജനങ്ങളേയും വിശ്വാസത്തിലെടുക്കുക എന്നത് സർക്കാരിന്റെ മാത്രം ഉത്തരവാദിത്തമാണ്.
ഒരു നൂറ്റാണ്ടിലെ ഏറ്റവും വലിയ പ്രളയ ദുരന്തത്തെ നേരിടുന്ന കേരളത്തിന് ഒരു 20,000 കോടിയുടെയെങ്കിലും സ്പെഷൽ പാക്കേജ് കേന്ദ്രത്തിൽ നിന്ന് ലഭിക്കാൻ അർഹതയില്ലേ? ബീഹാറിന് 1,25,000 കോടിയുടെ പാക്കേജ് പ്രധാനമന്ത്രി പ്രഖ്യാപിച്ചിരുന്നല്ലോ! ബംഗാളും ആന്ധ്രാപ്രദേശുമൊക്കെ വലിയ സാമ്പത്തിക പാക്കേജുകൾക്കായി ശക്തമായി മുറവിളി കൂട്ടുമ്പോൾ നമുക്കവകാശപ്പെട്ടത് നേടിയെടുക്കാൻ കേരള സർക്കാരിനും കഴിയേണ്ടതല്ലേ? ദുരന്തത്തിന്റെ തീവ്ര നാളുകളിൽ അങ്ങ് ഒരു വാക്ക് കൊണ്ടു പോലും കേന്ദ്രത്തെ കുറ്റപ്പെടുത്താതെ ഏവരാലും പ്രശംസിക്കപ്പെട്ട സംയമനവും സ്ഥൈര്യവും മാന്യതയും ഒക്കെ പ്രദർശിപ്പിച്ചത് നന്നായി എന്നാണ് എന്റെയും അഭിപ്രായം. എന്നാൽ ഇനി വരുന്ന ഘട്ടങ്ങളിൽ ആവശ്യം വരുന്ന പക്ഷം സംസ്ഥാനത്തിന്റെ താത്പര്യങ്ങൾക്ക് വേണ്ടി കേന്ദ്രത്തിന് മുൻപിൽ ശക്തമായ നിലപാട് സ്വീകരിക്കാൻ അങ്ങേക്ക് കഴിയണം എന്ന അഭിപ്രായമാണ് ഞങ്ങൾക്കുള്ളത്.

Read Also  ശബരിമലയിലെ അന്തിമവിധി ലോക്സഭാ തിരഞ്ഞെടുപ്പിനുശേഷം: ബാബരി മസ്ജിദ്/ അയോധ്യ വിഷയങ്ങളെ വോട്ടാക്കാൻ ബിജെപി ശ്രമം

ഏതായാലും ഇങ്ങനെ പൊതുജനങ്ങളിൽ നിന്ന് സംഭാവന വാങ്ങി നാട്ടിലെ വികസന, ക്ഷേമ പ്രവർത്തനങ്ങൾ സംഘടിപ്പിക്കാൻ നോക്കുന്ന അങ്ങ് ഒരു സിപിഎം മുഖ്യമന്ത്രി ആയത് എന്തുകൊണ്ടും നന്നായി. ഉമ്മൻചാണ്ടിയോ മറ്റ് ഏതെങ്കിലും കോൺഗ്രസ് നേതാവോ ആയിരുന്നു മുഖ്യമന്ത്രി പദത്തിലിരുന്ന് ഇത്തരമൊരു നിർദ്ദേശം മുന്നോട്ടുവച്ചിരുന്നത് എങ്കിൽ എന്താകുമായിരുന്നു അങ്ങയുടെ പാർട്ടി അതിനേച്ചൊല്ലി ഉണ്ടാക്കുമായിരുന്ന പുകിൽ എന്ന് ആലോചിക്കാൻ കൂടി വയ്യ. “വികസനം ഭിക്ഷയെടുത്തിട്ടല്ല നടത്തേണ്ടത്, കേന്ദ്രത്തിൽ നിന്ന് അർഹതപ്പെട്ട സഹായം ലഭിക്കേണ്ടത് കേരളത്തിന്റെ അവകാശമാണ്, അത് ചോദിച്ചു വാങ്ങാൻ കഴിയാത്തത് ഉമ്മൻ ചാണ്ടിയുടെ പിടിപ്പുകേടാണ് ” എന്നൊക്കെയുള്ള വിമർശനങ്ങളായിരിക്കും സ്വാഭാവികമായും അങ്ങയുടെ പാർട്ടി നേതാക്കൾ ഉന്നയിക്കുക. ജനങ്ങളിൽ നിന്ന് ചാരിറ്റി സ്വീകരിച്ച് ഭരണം നടത്തേണ്ടി വരുന്നതിന്റെ പുറകിലെ നവലിബറൽ കാലത്തെ പങ്കാളിത്ത ജനാധിപത്യത്തിന്റേയും നാലാം ലോക വാദത്തിന്റേയും അപകടങ്ങളേക്കുറിച്ച് കമ്യൂണിസ്റ്റ് സൈദ്ധാന്തികന്മാരുടെ വിതണ്ഡവാദങ്ങൾ വേറെയും പറന്നു നടന്നേനെ. ഇതിപ്പോൾ പിണറായി വിജയനെന്ന മുഴുവൻ നേതാവ് (Complete Leader) മുന്നിൽ നിന്ന് നയിക്കുന്ന പണപ്പിരിവ് ആയതിനാൽ ആ വക വിമർശകരൊന്നും തലയുയർത്താൻ ധൈര്യപ്പെടില്ലെന്ന് ആശ്വസിക്കാം.

അങ്ങേക്ക് എല്ലാ നിലക്കുമുള്ള പിന്തുണയും വിജയാശംസകളും ഒരിക്കൽക്കൂടി അറിയിക്കുന്നു.

സ്നേഹാദരങ്ങളോടെ,
വി.ടി.ബൽറാം എംഎൽഎ

Spread the love