പൊതുവെ മുസ്ലിം പുരോഹിതർക്കും യാഥാസ്ഥിതികവിശ്വാസികൾക്കും പുരോഗമനസ്വഭാവമുള്ള കലാരൂപങ്ങളോടും അനുഷ്ഠാന കലകളോടുമെല്ലാം തന്നെ എന്നും ഒരു അകൽച്ചയായിരുന്നു എന്ന ആക്ഷേപം ഇന്നും നിലനിൽക്കുന്നുണ്ട്. പക്ഷെ ഇതില്ലാതാക്കാനാണു  മധ്യപൂർവേഷ്യൻ രാജ്യങ്ങളിൽ സജീവമായ  ചിന്തകരും കവികളും സാഹിത്യകാരന്മാരുമായ സൂഫികളുടെ സുവർണകാലഘട്ടമായ എട്ടാം നൂറ്റാണ്ട് ശ്രമിച്ചത്. ഇവർ മുസ്ലിങ്ങളെ കലയിലേക്ക് ആനയിച്ചുകൊണ്ടുവരാനായുള്ള ദൗത്യത്തിനു നാന്ദി കുറിച്ചിരുന്നെങ്കിലും ഒരിക്കലും സഹൃദയരാകാൻ കഴിയാത്ത മതമൗലികവാദികൾ അതിനു പ്രതിബന്ധങ്ങൾ സൃഷ്ടിച്ചുകൊണ്ടിരുന്നു. ഇതു സമുദായത്തിനുള്ളിലെ പുതുതലമുറയിൽ രാഷ്ട്രീയപ്രതിസന്ധികൾ ഉരുണ്ടുകൂടുന്നതിനും കാരണമായിട്ടുണ്ട് എന്ന യാഥാർഥ്യം നിഷേധിക്കാനാവില്ല

പക്ഷെ  യൂറോപ്പിൻ്റെ പാശ്ചാത്യസംസ്കാരം പിന്തുടരുന്ന രാജ്യങ്ങളിലെപോലെ തന്നെ തുർക്കിയിലെ ജനങ്ങളിൽ ഭൂരിപക്ഷവും  തങ്ങളുടെ കണ്ണുകളെ പടിഞ്ഞാറേക്ക് തിരിച്ചുവിട്ടു. അതുകൊണ്ടാണു പാരമ്പര്യവും തനതുകലകളും സമന്വയിക്കുന്ന കലാരൂപങ്ങൾ ഉദയംകൊണ്ട തുർക്കിയിൽ നിന്നും നിലവാരമുള്ള ചലച്ചിത്രങ്ങൾ നമുക്ക് സമ്മാനിക്കപ്പെട്ടത്. ഇറാൻ പോലുള്ള രാജ്യങ്ങൾ ഇരുപതാം നൂറ്റാണ്ടിൻ്റെ അവസാനമാണു ചലച്ചിത്രരംഗത്തേക്ക് കടന്നുവന്നതെങ്കിലും തുർക്കി 1908 മുതൽ തന്നെ സിനിമാ പ്രവർത്തനം തുടങ്ങിവെച്ചിരുന്നു. ഇന്ന് തുർക്കിയുടെ നഗരങ്ങൾ യൂറോപ്പിൻ്റെ സംസ്കാരത്തോഴുകിച്ചേർന്നിരിക്കുന്നു. എങ്കിലും തങ്ങളുടെ  സംസ്കാരത്തനിമയും നാടോടി പാരമ്പര്യങ്ങളും അവർ  ഉപേക്ഷിക്കുന്നില്ല

ഏഷ്യൻ ഭാഗത്തും യൂറോപ്യൻ ഭാഗത്തുമുള്ള ഇസ്താംബൂളിൻ്റെ ഇടുങ്ങിയ തെരുവുകളൂം കോഫീ ഷോപ്പുകളും ബാറുകളും ക്ലബ്ബുകളുമടങ്ങുന്ന തക്സിം എന്ന കലാ നഗരത്തിലാണു സംഗീതാസ്വാദകരും ഗായകരും ഏതാനും വർഷം മുമ്പുവരെ സമ്മേളിച്ചിരുന്നത്. ‘രാഷ്ട്രീയ അനിശ്ചിതത്വങ്ങൾക്കിടയിൽ ഇതൊരു ആശാകേന്ദ്രമായി വളരുകയായിരുന്നു. പക്ഷെ മതരാഷ്ട്രീയ നേതൃത്വം ഇതിൽ അല്പം പോലും സന്തുഷ്ടരല്ലായിരുന്നു’. തുർക്കിയുടെ റോക്ക് സംഗീതജ്ഞയും ഗാനരചയിതാവുമായി ജനമനസ്സുകളിൽ സ്ഥാനം നേടിയ ഗയെ സു അക്യോൾ പരിതപിക്കുന്നു

ഇരുപത്തൊന്നാം നൂറ്റാണ്ടോടെ സംഗീതനഗരമായി രൂപാന്തരം പ്രാപിച്ച ഈ പ്രദേശം കലാപ്രേമികൾക്ക് ഒത്തുചേരാനൊരിടമായിരുന്നു. എന്നാൽ ഭരണകൂടത്തിൻ്റെ ഇംഗിതം ഇതിനെ അട്ടിമറിക്കുക എന്നതായിരുന്നു. സംഗീത നഗരത്തെ വിശ്വാസികളുടെ ഒരു നഗരമാക്കി മാറ്റാനായി പ്രസിഡൻ്റ് റീസെപ് തയ്യിപ് എർദോഗൻ കരുക്കൾ നീക്കി. മതമൗലികവാദികളുടെ സമ്മർദ്ദത്തിനുവഴങ്ങി നഗരത്തിൻ്റെ ഹൃദയഭാഗത്ത് ഗെസി പാർക്കിൽ ഒരു മസ്ജിദ് പണിയണമെന്നും പ്രസിഡൻ്റിൻ്റെ തീരുമാനം വന്നത് തിടുക്കത്തിലായിരുന്നു എന്ന് അക്യോൾ പറയുന്നു

യഥാർഥത്തിൽ പ്രസിഡൻ്റിൻ്റെ ലക്ഷ്യം ഈ സംഗീതനഗരത്തെ തകർക്കുക എന്നുള്ളതുതന്നെയായിരുന്നു. അക്യോളിൻ്റെ സംഗീതത്തിലുടനീളം രാഷ്ട്രീയമായിരുന്നു. ഭരണകൂടത്തിനെതിരെയുള്ള സംഗീതസന്ധ്യകളായിരുന്നു അവർ സൃഷ്ടിച്ചിരുന്നത്. മതമൗലികവാദത്തിനെതിരെ ശബ്ദിച്ച് തടവറക്കുള്ളിലായ കലാപകാരികൾക്ക് അത് സമർപ്പിക്കപ്പെട്ടിരുന്നു. ഈ മൂവ്മെൻ്റ് അട്ടിമറിക്കുക എന്നതായിരുന്നു എർദോഗാൻ്റെ ലക്ഷ്യം.

2013-ൽ, ആ പദ്ധതികൾക്കെതിരെ കലാസ്നേഹികൾ പ്രക്ഷോഭമാരംഭിച്ചു. അത് അക്രമാസക്തമായിരുന്നില്ലെങ്കിലും റോക്ക് സംഗീതവും നാടോടി ഈണങ്ങളും നിറഞ്ഞുതുളുമ്പിയ ദേശീയപാതയിലൂടെ നീങ്ങിയ പ്രകടനങ്ങളിൽ ആയിരങ്ങൾ പങ്കെടുത്തു. സർക്കാർ കയ്യും കെട്ടിയിരുന്നില്ല. പ്രക്ഷോഭത്തിനെതിരെയുള്ള പോലീസ് നടപടിയിൽ ഏതാനും സമരക്കാർ മരിക്കുകയും നിരവധി ആളുകൾക്ക് പരിക്കേൽക്കുകയും ചെയ്തു. . ഇത് കൂടുതൽ എർഡോസൻ വിരുദ്ധ പ്രതിഷേധത്തിലേക്ക് നയിച്ചു, പോലീസ് നടപടി പലപ്പോഴും അക്രമാസക്തമായി. സംഗീതപ്രവിശ്യയായി രൂപാന്തരം പ്രാപിച്ച തക്‌സിമിൽ സംഗീതജ്ഞർക്ക് ജോലി ചെയ്യുന്നത് അസാധ്യമായി. ചിലർ രാജ്യംവിട്ടുപോയി. മറ്റുള്ളവർ സംഗീതത്തെ വളരെയധികം പിന്തുണയ്ക്കുന്ന ഒരു കോസ്മോപൊളിറ്റൻ നഗരമായ കടിക്കോയിലേക്ക് പലായനം ചെയ്തു.

Read Also  'കഭീ കഭീ മേരേ ദിൽ' മേ ഹൃദയത്തിൽ തൊട്ട സംഗീതമൊരുക്കിയ ഖയ്യാം

എന്നാൽ ഈ വേനൽക്കാലത്തോടെ ഇസ്താംബൂൾ ചില രാഷ്ട്രീയമാറ്റങ്ങൾക്ക് സാക്ഷ്യം വഹിച്ചു. എർദോഗാൻ്റെ പാർട്ടിക്കെതിരെ പ്രതിപക്ഷപാർട്ടിയായ സി എച്ച് പിയിൽ നിന്നും മത്സരിച്ച എക്രേം ഇമോമോലുവിനായി അക്യോളും സംഗീതപ്രേമികളും പ്രചാരണം നടത്തി. അദ്ദേഹം വൻ ഭൂരിപക്ഷത്തിൽ തെരഞ്ഞെടുക്കപ്പെട്ടു. തെരഞ്ഞെടുപ്പ് വിജയത്തോടെ രാഷ്ട്രീയമാറ്റത്തിനു വിധേയമായ ഇസ്താൻബൂൾ നഗരത്തിൻ്റെ മേയറായി ഇമോമോലു നിയമിതനായി. ഇനി മതമൗലികവാദികൾക്ക് അനഭിമതമായ സംഗീതനഗരം മടക്കിക്കൊണ്ടുവരാൻ കഴിയുമെന്ന് ഗേ സു വും ആരാധകരും വിശ്വസിക്കുന്നു

കഴിഞ്ഞ ദിവസം തെരഞ്ഞെടുപ്പ് വിജയമാഘോഷിക്കാനായി , അക്യോൾ കടിക്കോയിലെ ഹോം ഗ്രൗണ്ടിൽ ഒരു ജനകീയ സംഗീതസന്ധ്യ ഒരുക്കിയിരുന്നു. രാഷ്ട്രീയപ്രതിഷേധസൂചകമായി കറുത്ത നിറത്തിൽ ചായം പൂശിയ ഒരു വലിയ ബേസ്മെൻറ് ഹാളിൽ, പാനീയങ്ങളുമായി കച്ചവടക്കാർ വശങ്ങളിൽ നിലയുറപ്പിച്ചിരുന്നു. അവരുടെ പങ്കാളിയും ഗിറ്റാറിസ്റ്റുമായ അലി ഗെലിമെക്കിന്റെ നേതൃത്വത്തിലുള്ള അവരുടെ നാല് പീസ് ബാൻഡ് ഇരുണ്ട ഗ്ലാസുകൾ ധരിച്ച് കറുത്ത പുരോഹിതനെപ്പോലെയുള്ള വസ്ത്രങ്ങൾ ധരിക്കുന്നു, അതേസമയം അക്യോൾ ഒരു വിദേശ ചിത്രശലഭത്തെപ്പോലെ വരുന്നു, ബൂട്ടും കറുത്ത ഷോർട്ട്സും ധരിച്ച്, നഗ്നമായ മിഡ്രിഫും അവരുടെ കൈത്തണ്ടയിൽ സുതാര്യമായ വെളുത്ത ചിറകുകൾ ഘടിപ്പിച്ചിരിക്കുന്നു. അതെ മാറ്റത്തിൻ്റെ സൂചകങ്ങൾ തൻ്റെ കലാപ്രകടനത്തിലൂടെ ആസ്വാദകരിലേക്കെത്തിക്കുകയാണു. സംഗീതം വെറും കലയല്ലെന്നും അതിൽ രാഷ്ട്രീയമുണ്ടെന്നും അക്യോൾ ഉറച്ചുവിശ്വസിക്കുന്നു. പക്ഷെ അത് രൂപകങ്ങളായി അവർ തൻ്റെ വരികളിലൊളിപ്പിച്ചിരിക്കുന്നു. വർഗ്ഗീയവാദികൾ പിടിമുറുക്കിയ ഭരണകൂടങ്ങൾ നിലനിൽക്കുന്ന മറ്റ് പല രാജ്യങ്ങളിലെയും കലാസ്വാദകരെപ്പോലെ പ്രതീക്ഷകളുടെ നാളെക്കായി അവർ കാത്തിരിക്കുകയാണു….

അവലംബം: റോബിൻ ഡെൻസ്ലോവിൻ്റെ ലേഖനം

LEAVE A REPLY

Please enter your comment!
Please enter your name here