Monday, January 18

ട്രംപിന് വഴിയൊരുക്കാൻ 200 ചേരിനിവാസികൾക്കു കുടിയൊഴിപ്പിക്കൽ നോട്ടീസ്

യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന് സ്വീകരണമൊരുക്കുന്നതിന്റെ ഭാഗമായി നിർമ്മിക്കുന്ന മതിലിനു അല്പം അകലെയുള്ള ചേരിനിവാസികളിൽ ഒരു വിഭാഗത്തിന് കുടിയൊഴിപ്പിക്കൽ നോട്ടീസ്. 200 അംഗങ്ങൾ അടങ്ങുന്ന 45 കുടുംബങ്ങൾക്ക് ഒഴിഞ്ഞ് പോകാൻ അഹമ്മദാബാദ് മുനിസിപ്പൽ കോർപ്പറേഷൻ (എഎംസി) തിങ്കളാഴ്ച നോട്ടീസ് നൽകിയിരിക്കുകയാണ്. ഡൊണാൾഡ് ട്രംപും പ്രധാനമന്ത്രി നരേന്ദ്ര മോദിയും പങ്കെടുക്കുന്ന ‘നമസ്‌തെ ട്രംപ്” പരിപാടി നടക്കുന്ന മോട്ടേര സ്റ്റേഡിയത്തിന് സമീപമുളള ചേരിയിൽ താമസിക്കുന്ന നിർമാണത്തൊഴിലാളികളായ 200 ഓളം ചേരി നിവാസികളടങ്ങുന്ന കുടുംബങ്ങൾക്കാണ് കുടിയൊഴിപ്പിക്കൽ നോട്ടീസ് നൽകിയിരിക്കുന്നത്.

നമസ്തേ ട്രംപ് പരിപാടിയുടെ ഭാഗമായി, രണ്ട് പതിറ്റാണ്ടായി തങ്ങൾ താമസിക്കുന്ന സ്ഥലത്ത് നിന്ന് മാറാൻ ആവശ്യപ്പെട്ടതായി ഇവർ ആരോപിച്ചു. എന്നാൽ ഈ നോട്ടീസിന് പരിപാടിയുമായി യാതൊരു ബന്ധവുമില്ലെന്ന് എ എം സി പ്രതികരിച്ചു. ട്രംപിന്റെ ഇന്ത്യന്‍ സന്ദര്‍ശനത്തോടനുബന്ധിച്ച് നഗരം മോടി പിടിപ്പിക്കുന്നതിന്റെ ഭാഗമായി അഹമ്മദാബാദിലെ ചേരിപ്രദേശങ്ങള്‍ മറച്ചുവയ്ക്കുന്നതിനായി മതില്‍ പണിയുന്നു എന്ന വാർത്ത വന്നതിന് പിന്നാലെയാണ് ഇവരോട് ഒഴിഞ്ഞ് പോകാൻ ആവശ്യപ്പെട്ട് നോട്ടീസ് നൽകിയിരിക്കുന്നത്. ഫെബ്രുവരി 24 നാണു ട്രൂമ്പിന്റെ സന്ദർശനം 

വളരെക്കാലം മുമ്പുമുതല്ക്കുതന്നെ ഈ ചേരിയിൽ വീട് വച്ച് താമസിക്കുന്നവരെയാണ് കുടിയൊഴിപ്പിക്കുന്നതു. പതിറ്റാണ്ടുകൾ പഴക്കമുള്ള ദേവ് സരണ്‍ ചേരി പ്രദേശത്തെ ജനസംഖ്യ 2,500 ആണ്.  500ൽ അധികം വീടുകളും ഇവിടെയുണ്ട്. സൗന്ദര്യവത്കരണത്തിന്റെ ഭാഗമായി സബർമതി റിവർ‌ഫ്രണ്ട് സ്ട്രെച്ചിനൊപ്പം വലിയ ഈന്തപ്പനകളും മുനിസിപ്പല്‍ കോര്‍പ്പറേഷൻ നടുന്നുണ്ട്.

“നോട്ടീസ് നൽകാനായി എത്തിയ കോർപറേഷൻ ഉദ്യോഗസ്ഥർ ഞങ്ങളോട് എത്രയും വേഗം ഒഴിയാൻ ആവശ്യപ്പെട്ടു. യുഎസ് പ്രസിഡന്റ് മോട്ടേര സ്റ്റേഡിയത്തിൽ എത്തുന്നുണ്ടെന്നും ഞങ്ങൾ പുറത്തുപോകണമെന്നും അവർ പറഞ്ഞു,” കഴിഞ്ഞ 22 വർഷമായി ചേരിയിൽ താമസിക്കുന്നുവെന്ന് അവകാശപ്പെടുന്ന 35 കാരിയായ തേജ മേദ പറഞ്ഞു. നിർമാണ തൊഴിലാളിയായ മേദയുടെ ജന്മദേശം മധ്യപ്രദേശിലെ ജാബുവ സ്വദേശിയാണ്.

ട്രംപും നരേന്ദ്ര മോദിയും പങ്കെടുക്കുന്ന വേദിയായ മോട്ടേര സ്റ്റേഡിയത്തിൽ നിന്ന് 1.5 കിലോമീറ്റർ അകലെ താമസിക്കുന്ന 65 ഓളം കുടുംബങ്ങളിൽ 45 കുടുംബങ്ങൾക്കാണ് നോട്ടീസ് നൽകിയിരിക്കുന്നത്. സ്റ്റേഡിയത്തെ വിസാറ്റ്-ഗാന്ധിനഗർ ഹൈവേയുമായി ബന്ധിപ്പിക്കുന്ന റോഡിലാണ് ഇവർ താമസിക്കുന്നത്.

“എവിടെയാണ് പോകേണ്ടത് എന്ന് ചോദിച്ചപ്പോൾ എങ്ങോട്ട് വേണമെങ്കിലും പൊയ്‌ക്കോളാനാണ് ഉദ്യോഗസ്ഥർ ഞങ്ങളോട് പറഞ്ഞത്. ഓരോ കുടുംബത്തിനും കുറഞ്ഞത് നാലോ അതിൽ കൂടുതലോ അംഗങ്ങൾ ഉണ്ട്. പെട്ടെന്ന് പറഞ്ഞാൽ ഞങ്ങൾ എങ്ങോട്ട് മാറും?” പങ്കജ് ദാമോർ എന്ന ചേരിനിവാസി പറഞ്ഞു.

പ്രതിപക്ഷം ഫേസ്‌ബുക്ക് പേജ്

പ്രതിപക്ഷം വാട്ട്സാപ്പിൽ

Spread the love
Read Also  ട്രമ്പ് ഇറാനോട് യുദ്ധത്തിനു പുറപ്പെട്ടു ; ഒടുവിൽ പിന്മാറിയെന്ന് ന്യൂയോർക്ക് ടൈംസ്

Leave a Reply