ജെ എൻ യു വിദ്യാർഥിയായ സൗമ്യത്താറിനി മിശ്ര പ്രധാനമന്ത്രിക്കയച്ച  വീഡിയോ വൈറലാകുന്നു. സർവ്വകലാശാലയിലെ ഉയർന്ന ഫീസ് താങ്ങാനാവാത്തതായതിനാൽ താനും മറ്റനേകം സഹപാഠികളും സുഹൃത്തുക്കളും പഠനമുപേക്ഷിച്ചുപോകാൻ തീരുമാനിച്ചിരിക്കുകയാണെന്നാണു ഒന്നാം വർഷ എം എ ലിംഗ്വിസ്റ്റിക് വിദ്യാർഥിയായ സൗമ്യത്താരിനി മിശ്ര പറയുന്നത്. ജെ എൻ യു വിൽ വന്ന സാഹചര്യങ്ങളെക്കുറിച്ച് അവർ പറയുന്നു:

‘പ്രീയപ്പെട്ട പ്രധാനമന്ത്രി

ഇന്ത്യയിലെ ഏറ്റവും മികച്ച സർവ്വകലാശാല എന്ന നിലയിലാണു ഞാൻ ജെ എൻ യു വിൽ അഡ്മിഷനെടുത്തത്. പ്രതികൂലസാഹചര്യങ്ങളിൽനിന്നും വരുന്ന ഏതൊരു വിദ്യാർഥിക്കും സുഗമമായി പഠിക്കാൻ കഴിയുന്ന സാഹചര്യമായിരുന്നു ജെ എൻ യു വിലുണ്ടായിരുന്നത്. വിദ്യാർഥികൾക്ക് മാസം തോറും 2000 രൂപ സ്കോളർഷിപ്പ് ലഭിക്കുമെന്നതിനാൽ ഒരു വിധം വിദ്യാഭ്യാസച്ചെലവുകൾ അതിലൂടെ നിർവ്വഹിക്കാൻ കഴിയുന്ന സ്ഥിതിയായിരുന്നു. പക്ഷെ വിദ്യാഭ്യാസം സംബന്ധിച്ച് ഉണ്ടായിരുന്ന എൻ്റെ വിശ്വാസമെല്ലാം തകർന്നടിയുകയായിരുന്നു.

ഭീമമായി ഫീസ് വർദ്ധിപ്പിച്ച ഇപ്പോഴത്തെ അവസ്ഥയിൽ ഈ യൂണിവേഴ്സിറ്റിയിൽ എനിക്ക് പഠനം തുടരാനാവില്ല. ആയിരക്കണക്കിനു മറ്റു പാവപ്പെട്ട വിദ്യാർഥികളെപ്പോലെതന്നെ എനിക്കും ഇവിടെ ഇനി പഠിക്കാനാവില്ല. ഞാൻ ഒഡീഷയിലെ ഒരു ദരിദ്ര കർഷക കുടുംബത്തിൽ നിന്നുമാണു വരുന്നത്. എൻ്റെ പിതാവ് പക്ഷാഘാതത്തെത്തുടർന്ന് മരണപ്പെട്ടു. അല്പം ഭൂമിയുള്ളതിൽ നിന്നുള്ള കാർഷികവിഭവങ്ങളാണു ആകെയുള്ള ചെറിയ വരുമാനം.

സ്കൂൾ വിദ്യാഭ്യാസം എനിക്ക് സൗജന്യമായിരുന്നു. കാരണം ഞാൻ ജവഹർ നവോദയ വിദ്യാലയത്തിലാണു പന്ത്രണ്ടാം ക്ളാസുവരെ പഠിച്ചത്. ബിരുദത്തിനു പഠിക്കുമ്പോൾ വളരെ ചെറിയ ഫീസായിരുന്നു. അത് ട്യൂഷനെടുത്തു ഞാൻ നിറവേറ്റി. ജെ എൻ യു വിലെത്തിയപ്പോഴും എൻ്റെ വിദ്യാഭ്യാസത്തിനുള്ള പണത്തിനായി വീട്ടുകാരെ ബുദ്ധിമുട്ടിക്കരുതെന്ന് ആഗ്രഹമുണ്ടായിരുന്നു. ഇവിടത്തെ സ്കോളർഷിപ്പിൽനിന്നുള്ള തുകയും ബാക്കിയുള്ളത് ചെറിയ പാർട്ട് ടൈം ജോലി ചെയ്ത് പഠനം തുടരാമെന്നും കരുതിയാണു ഇവിടെ വന്നത്. പക്ഷെ എൻ്റെ സ്വപ്നങ്ങളെല്ലാം തകർന്നു. ഇപ്പോഴത്തെ വർദ്ധിപ്പിച്ച ഹോസ്റ്റൽ ഫീസ് മാത്രം 7000 രൂപവീതം മാസം തോറും അടയ്ക്കണം. മറ്റുള്ള ചെലവുകൾ വേറെയും കണ്ടെത്തണം. അതെനിക്ക് കഴിയില്ല. 

ഫീസ് വർദ്ധനവ് പിൻ വലിക്കണമെന്ന് ആവശ്യമുന്നയിച്ച് ഞങ്ങളുന്നയിച്ച് നടത്തുന്ന സമരത്തെയാണു പോലീസ് തച്ചുതകർത്തത്. പ്രതിഷേധമാർച്ച് നടത്തിയ പെൺകുട്ടികളെയുൾപ്പെടെ ഞങ്ങൾ വിദ്യാർഥികളെ പോലീസ് ലാത്തി കൊണ്ട് തല്ലിച്ചതച്ചു. ബൂട്ടുകൊണ്ട് ചവിട്ടിമെതിച്ചു. സർക്കാർ പിന്നോട്ടില്ലെന്നാണു മനസ്സിലാക്കുന്നത്

ഞങ്ങളുടെ ഭാവി അപകടത്തിലാണു. എൻ്റെയും എന്നെപ്പോലെ പാവപ്പെട്ട വിദ്യാർഥികളുടെയും കുടുംബത്തിനു ഇപ്പോഴത്തെ വർദ്ധിപ്പിച്ച ഫീസ് താങ്ങാനാവില്ല. എൻ്റെ സ്വപ്നങ്ങളെല്ലാം അവസാനിച്ചു. എന്നെപ്പോലെയുള്ള ആയിരക്കണക്കിനു വിദ്യാർഥികൾക്കൊപ്പം ഞാനും വേദനയോടെ ജെ എൻ യുവിൻ്റെ പടിയിറങ്ങുകയാണു.

പ്രതിപക്ഷം ഫേസ്‌ബുക്ക് പേജ്

പ്രതിപക്ഷം വാട്ട്സാപ്പിൽ

 

Read Also  'ജെ എൻ യു കാമ്പസ് നിറയെ ഗർഭനിരോധന ഉറകൾ' ; അപവാദവുമായി സെൻ കുമാർ

LEAVE A REPLY

Please enter your comment!
Please enter your name here