Tuesday, May 26

‘ഞങ്ങൾ ഭാഷ നെയ്യുന്നു’ ; കറുപ്പിനെ അടയാളപ്പെടുത്തിയ ടോണി മോറിസൺ

കറുപ്പിനെ അടയാളപ്പെടുത്തിയ ലോകസാഹിത്യകാരികളിൽ ഏറ്റവും ഉന്നതമായ സ്ഥാനം നേടിയ സ്ത്രീപക്ഷ എഴുത്തുകാരിയായിരുന്നു കഴിഞ്ഞ ദിവസം ഈ ലോകത്തോട് യാത്ര പറഞ്ഞത്. ജീവിച്ചുതീർത്ത ഭൂമികയെ പ്രതിനിധീകരിച്ചു കലർപ്പില്ലാതെ ചരിത്രപരവും സാംസ്കാരികവുമായ ശക്തമായ അടിത്തറ എഴുത്തിലൂടെ കൊണ്ടുവന്ന ടോണി മോറിസണു നോബൽ സമ്മാനം നൽകി ആദരിച്ചിരുന്നു.

88 വയസ്സുള്ള ടോണി മോറിസൺ ആഫ്രിക്കൻ അമേരിക്കൻ എഴുത്തുകാരിയും സാഹിത്യത്തിനുള്ള നോബൽ സമ്മാനം ലഭിച്ചശേഷമാണു ലോകമെമ്പാടും അറിയപ്പെടാൻ തുടങ്ങിയത്. 1993 ലെ അവരുടെ നോബൽ അവാർഡ് പ്രഖ്യാപനം ആ എഴുത്തുകാരിയെ ഉദ്ധരിച്ച് ‘ദർശനാത്മകമായ ആഴമുള്ള മോറിസൺ കൃതികൾ അമേരിക്കയുടെ ഇരുണ്ട യാഥാർഥ്യങ്ങൾ കാവ്യാത്മകമായി വരച്ചുകാട്ടുന്നവയാണെ’ ന്ന് വിശേഷിപ്പിച്ചു. സമൂഹത്തെ നിയന്ത്രിക്കുന്ന ഭാഷ വ്യവഹാരത്തിൽ, അതു നിർണയിക്കുന്ന രീതിയിൽ, വിനിയോഗത്തിൽ എല്ലാം വ്യവസ്ഥിതിയുടെ ഭാഗമായി മാറുന്നതായി നിരീക്ഷിച്ചിട്ടുണ്ട്. അതുകൊണ്ടാണു ആദ്യകാലഘട്ടത്തിൽ ടോണി മോറിസൺ വിസ്മരിക്കപ്പെട്ടുപോയത്. പക്ഷെ നോബൽ സമ്മാനം നേടിയതോടെ പിൽക്കാലത്ത് അവർ ആദരിക്കപ്പെട്ടു എന്നത് ശരിയാണു.

വൃദ്ധയായ ഒരു കറുത്ത സ്ത്രീ മോറിസണിൻ്റെ കൃതിയിൽ കടന്നുവരുന്നുണ്ട് . അവരോട് ടോണി മോറിസൺ പറയുന്നു. നിങ്ങളെക്കുറിച്ചുള്ള ആഖ്യാാനം നിർണായകമാണു. ഇരുണ്ട ലോകങ്ങളിലും വെളിച്ചത്തിലും ലോകം നിങ്ങളെ എങ്ങനെയാണു കാണുന്നതെന്ന് അറിയാൻ കഴിയുന്നത് ആഖ്യാനത്തിലൂടെയാണു. ഒരു പുരുഷൻ എങ്ങനെയിരിക്കുമെന്ന്, എന്താണെന്ന് സമൂഹത്തിനു പ്രവചിക്കാൻ കഴിയും. എന്നാൽ സ്ത്രീയുടെ അവസ്ഥ അങ്ങനെയല്ല, അതും കറുത്ത, സമൂഹത്തിൽനിന്നും വിദൂരമായ അകലത്തിൽ നിൽക്കുന്ന സ്ത്രീകളുടെ അവസ്ഥയെ അനാവരണം ചെയ്യുകയാണു ടോണീ മോറിസൺ. പാർശ്വവൽക്കരിക്കപെട്ട ഈ സ്ത്രീകളുടെ ലോകത്തെക്കുറിച്ച് ടോണി മോറിസൺ രേഖപ്പെടുത്തിയതെല്ലാം പുതുമയുള്ള കഥാപരിസരങ്ങളിലൂടെയാണു.

ടോണി മോറിസണിൻ്റെ രണ്ടാമത്തെ നോവലായ സുല 1973 ലാണു പ്രസിദ്ധീകരിക്കുന്നത്. രണ്ടു കറുത്ത വംശജകളും ഒരു വിമതനും മറ്റൊരു ഇടനിലക്കാരനും പ്രത്യക്ഷപ്പെടുന്ന ഈ കൃതി ലോകമെമ്പാടും ചർച്ച ചെയ്യപ്പെട്ടതാണു. രണ്ടുപേരുടെയും തീവ്രമായ പോരാട്ടങ്ങളുടെ പൊരുത്തവും സമാനതയുമാണു കൃതിയിലുടനീളം അനാവരണം ചെയ്യുന്നത്. മറ്റൊരു നോവലായ സോംഗ് ഓഫ് സോളമൻ (1977) ചരിത്രപരമായും ഭൂമിശാസ്ത്രപരമായും തുറസായ ഒരു ക്യാൻ വാസിൽ രചിക്കപ്പെട്ട ഇതിഹാസസമാനമായ കൃതിയാണു. ഇതിൽ പ്രത്യക്ഷപ്പെടുന്ന കറുത്ത പുരുഷ കഥാപാത്രമായ മിൽക്ക്മാൻ ഡെഡ്, ആഖ്യാനത്തിൽ ആധിപത്യം നേടുന്നു. ഇവിടെ സുലയിൽ പ്രതിഫലിക്കുന്ന മാജിക്കൽ റിയലിസത്തിന്റെ ഘടകങ്ങൾ വികസിപ്പിച്ചെടുക്കുകയും ഒരു ദക്ഷിണാഫ്രിക്കൻ/അമേരിക്കൻ പാരമ്പര്യത്തിൽ മിൽക്ക്മാൻ തന്റെ വേരുകൾ കണ്ടെത്തിയതിന്റെ ചരിത്രം പകർത്തുകയും അടിമകൾ അമേരിക്കയിൽ നിന്നും രക്ഷപ്പെടുന്നതിൻ്റെ നേർക്കാഴ്ചകൾ അവതരിപ്പിക്കുകയും ചെയ്യുന്നു. ഈ കൃതി നാഷണൽ ബുക്ക് ക്രിട്ടിക്സ് സർക്കിൾ അവാർഡ് നേടി.

1931ല്‍ ഓഹിയോയിലെ ലോറെയിനില്‍ ജനിച്ച ടോണി മോറിസണ്‍ ബിലൌവ്ഡ് എന്ന നോവലിലൂടെയാണ് ലോകപ്രശസ്തയായത്. ഈ നോവലിന് 1988ല്‍ പുലിറ്റ്സര്‍ പുരസ്കാരവും അമേരിക്കന്‍ ബുക് അവാര്‍ഡും ലഭിച്ചു. 1993ല്‍ ഇതേ നോവലിന് നോബല്‍ പുരസ്കാരവും ലഭിച്ചു. 1998ല്‍ ബിലൌവ്ഡ് അതേ പേരില്‍ ഓപ്ര വിന്‍ഫ്രെയും ഡാനി ഗ്ലോവറും അഭിനയിച്ച് സിനിമയാക്കിയിട്ടുണ്ട്.

Read Also  സ്വവർഗ്ഗരതി ഒരു മർദ്ദനോപാധിയാകുമ്പോൾ ; ആഫ്രോ അമേരിക്കൻ ചരിത്രത്തിലൂടെ : വി കെ അജിത് കുമാർ

മോറിസന്റെ നോവല്‍ ത്രയത്തിലെ ആദ്യ പുസ്തകമാണ് ബിലൌവ്ഡ്. പിന്നീട് 1992ല്‍ ജാസും 1997ല്‍ പാരഡൈസും പുറത്തിറങ്ങി. 11 നോവലുകള്‍ രചിച്ചിട്ടുള്ള മോറിസന്റെ ആദ്യ നോവല്‍ 1970ല്‍ പ്രസിദ്ധീകരിച്ച ദി ബ്ലൂവെസ്റ്റ് ഐ ആണ്. 2015 ല്‍ പ്രസിദ്ധീകരിച്ച ഗോഡ് ഹെല്‍പ് ദി ചൈല്‍ഡ് ആണ് അവസാന പുസ്തകം. .

മോറിസൻ്റെ നൊബേൽ പ്രസംഗത്തിൽ നിന്നുള്ള ഒരു  പ്രധാനഭാഗം ഇങ്ങനെയാണു: “ഞങ്ങൾ മരിക്കുന്നു,… അതായിരിക്കാം ജീവിതത്തിന്റെ അർത്ഥം. പക്ഷെ ഞങ്ങൾ ഭാഷ നെയ്യുന്നു….. നമ്മുടെ ജീവിതത്തിന്റെ അളവുകോലു അതായിരിക്കാം.”

ഫോട്ടോ കടപ്പാട് : മർഡോ മക്ലിയോഡ്, ദി ഗാർഡിയൻ

പ്രതിപക്ഷം ഫേസ്‌ബുക്ക് പേജ്

പ്രതിപക്ഷം വാട്ട്സാപ്പിൽ

Leave a Reply

Your email address will not be published.