Saturday, January 29

പശ്ചിമ ബംഗാള്‍ ഇനി ‘ബംഗ്ല’ ആയി മാറുമോ?

പശ്ചിമ ബംഗാള്‍ സംസ്ഥാനത്തിന്റെ പേര് ‘ബംഗ്ല’ എന്നാക്കണമെന്ന് ആവശ്യപ്പെടുന്ന പ്രമേയം സംസ്ഥാന നിയമസഭ ഐകകണ്‌ഠേന പാസാക്കി. എന്നാല്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ അനുമതി ലഭിച്ചാല്‍ മാത്രമേ സംസ്ഥാനത്തിന്റെ പേര് മാറ്റാന്‍ സാധിക്കൂ. പേര് മാറ്റാനുള്ള നിര്‍ദ്ദേശം സംബന്ധിച്ച് കേന്ദ്രവും സംസ്ഥാനവും തമ്മില്‍ നിരവധി തര്‍ക്കങ്ങള്‍ക്ക് ശേഷമാണ് ഇപ്പോള്‍ പ്രമേയം പാസാക്കിയത്.

നേരത്തെ സംസ്ഥാനത്തിന്റെ പേരില്‍ ഇംഗ്ലീഷില്‍ ബംഗാള്‍ എന്നും ബംഗാളിയില്‍ ബംഗ്ല എന്നും മറ്റാനുള്ള സംസ്ഥാന നിര്‍ദ്ദേശം കേന്ദ്ര സര്‍ക്കാര്‍ തള്ളിയിരുന്നു. ബംഗാളിയില്‍ ബംഗ്ല എന്നും ഇംഗ്ലീഷില്‍ ബംഗാള്‍ എന്നും ഹിന്ദിയില്‍ ബന്‍ഗാള്‍ എന്നും മാറ്റാനുള്ള മറ്റൊരു സംസ്ഥാന നിര്‍ദ്ദേശവും കേന്ദ്രം തള്ളിയിരുന്നു. ഇതിനെ തുടര്‍ന്നാണ് മൂന്ന് ഭാഷകളിലും ബംഗ്ല എന്ന് മാറ്റാനുള്ള നിര്‍ദ്ദേശം മമത ബാനര്‍ജിയുടെ നേതൃത്വത്തിലുള്ള സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിക്കുന്നതെന്ന് സംസ്ഥാന വിദ്യാഭ്യാസമന്ത്രി പാര്‍ത്ഥ ചാറ്റര്‍ജി മാധ്യമങ്ങളോട് പറഞ്ഞു.

ഒരു പേര് മാത്രമേ അംഗീകരിക്കാനാവൂ എന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചതായി മുഖ്യമന്ത്രി മമത ബാനര്‍ജി വ്യാഴാഴ്ച നിയമസഭയെ അറിയിച്ചിരുന്നു. തുടര്‍ന്നാണ് ബംഗ്ല എന്ന ഒറ്റപ്പേരില്‍ സമവായമുണ്ടായത്. 2011ല്‍ തൃണമൂല്‍ കോണ്‍ഗ്രസ് അധികാരത്തില്‍ എത്തിയപ്പോള്‍ പശ്ചിം ബങ്കോ എന്ന പേര് സംസ്ഥാനം നിര്‍ദ്ദേശിച്ചെങ്കിലും അത് അന്നത്തെ കേന്ദ്ര സര്‍ക്കാര്‍ നിരാകരിച്ചിരുന്നു. കേന്ദ്ര സര്‍ക്കാര്‍ വിളിക്കുന്ന സംസ്ഥാനങ്ങളുടെ യോഗങ്ങളില്‍ അക്ഷരമാലക്രമത്തില്‍ പശ്ചിമ ബംഗാള്‍ ഏറ്റവും !ഒടുവില്‍ വരുന്നതാണ് പേര് മാറ്റലിനുള്ള മുഖ്യകാരണമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.

Spread the love
Read Also  വീണ്ടും മമത ബിജെപി പോര്: ബംഗാളിൽ അമിത്ഷായുടെ റോഡ്‌ഷോയ്ക്ക് അനുമതി നിഷേധിച്ചു

Leave a Reply