Monday, January 24

ഒറ്റയടിക്ക് അഞ്ചിലധികം സന്ദേശമയയ്ക്കാനാവില്ല, വാട്സ് ആപ് നിയന്ത്രണമേര്‍പ്പെടുത്തുന്നു

വ്യാജവാര്‍ത്തകളുടെയും സന്ദേശങ്ങളുടെയും അടിസ്ഥാനത്തില്‍ രാജ്യത്ത് വർദ്ധിച്ചു വരുന്ന അക്രമ പ്രവര്‍ത്തനങ്ങളുടെ പേരില്‍ വിമര്‍ശനം നേരിട്ട പശ്ചാത്തലത്തില്‍ വാട്സ് ആപ് സ്വയം നിയന്ത്രണം ഏര്‍പ്പെടുത്തുന്നു. . എന്നു മാത്രമല്ല ഒറ്റയടിക്ക് ഒരു സന്ദേശമയയ്ക്കാവുന്ന ആളുകളുടെ എണ്ണം അഞ്ചായി നിജപ്പെടുത്തുകയും ചെയ്തു.

നവീകരിച്ച വാട്സ് ആപ്പില്‍ നിന്നും ഒറ്റയടിക്ക് അഞ്ചിലധികം ആളുകള്‍ക്ക് സന്ദേശമയയ്ക്കാനാവില്ല. സ്വീകരിച്ചയയ്ക്കുന്ന സന്ദേശങ്ങള്‍ക്ക് മുകളില്‍ ഇപ്പോള്‍ത്തന്നെ ‘ഫോര്‍വേഡഡ്’ എന്ന ലേബല്‍ വരുന്നുണ്ട്.

അയയ്ക്കുന്നതിന് മുമ്പ് സന്ദേശം ആധികാരികമാണെന്ന് ഉറപ്പു വരുത്തണമെന്ന ഇംഗ്ലീഷിലും ഹിന്ദിയിലുമുള്ള വീഡിയോ ക്ലിപ്പുകള്‍ ഉള്‍ക്കൊള്ളുന്നതാണ് വാട്സ് ആപിന്‍റെ ബോധവല്കരണ കാമ്പയിന്‍. വ്യാജവാര്‍ത്തകളും തട്ടിപ്പുകളും എങ്ങനെ കണ്ടെത്താമെന്നും ബോധവല്കരണമുണ്ട്. സന്ദേശമയയ്ക്കുന്നതിന് മുമ്പ് സ്രഷ്ടാവിനെയും നിജസ്ഥിതിയും മനസ്സിലാക്കാനും, വ്സതുതകളെ പരിശോധിച്ച് ഉറപ്പു വരുത്താനും, സ്വീകരിച്ചയയ്ക്കുന്ന വാര്‍ത്തകളിലെ ‘ഫോര്‍വേഡഡ്’ ലേബലിന്‍റെ പ്രാധാന്യം അറിയിക്കുന്നതുമായ ബോധവല്കരണ വീഡിയോ ഈയാഴ്ച പുറത്തിറക്കുമെന്ന് വാട്സ് ആപ് വ്യക്തമാക്കി.

ആസാമിലും മഹാരാഷ്ട്രയിലും പശ്ചിമബംഗാളിലും ഝാര്‍ഖണ്ഢിലും ത്രിപുരയിലുമൊക്കെ വാട്സ് ആപ്പിലൂടെയുള്ള വ്യാജവാര്‍ത്തകള്‍ പ്രകാരം കൊലകള്‍ നടന്ന പശ്ചാത്തലത്തില്‍ വാട്സ് ആപ് ഇന്ത്യാ ഗവര്‍ണ്മെന്‍റിന്‍റെ സൂക്ഷ്മനിരീക്ഷണത്തിലാണ്.  വ്യാജവാര്‍ത്തയുടെ ശല്യം ഒഴിവാക്കുന്നതുമായി ബന്ധപ്പെട്ട് ഗവണ്മെന്‍റില്‍ നിന്നും വാട്സ് ആപ്പിന് ഇതിനകം രണ്ട് നോട്ടീസ് കിട്ടിക്കഴിഞ്ഞിട്ടുണ്ട്.

Spread the love