Monday, July 6

വാർത്ത കവർ ചെയ്യണോ?, അതോ ഒരു ജീവൻ രക്ഷിക്കണോ? റോയിറ്റേഴ്‌സ് ഫോട്ടോഗ്രാഫർ ചെയ്തത് ….

ജേർണലിസം ക്ളാസുകളിൽ സ്വാഭാവികമായും എല്ലായ്പ്പോഴും ഉയരുന്ന ഒരു ചോദ്യമാണ് നിങ്ങൾ ഒരു വാർത്ത കവർ ചെയ്യാൻ പോകുമ്പോൾ ഒരു ജീവൻ നിങ്ങൾക്ക് രക്ഷിക്കാൻ സാധിക്കുന്ന അവസ്ഥയിൽ നിങ്ങൾ ആ ജീവൻ രക്ഷിക്കുമോ അതോ വാർത്ത കവർ ചെയ്യുമോ എന്ന്. അതിന്റെ ഉത്തരം പ്രൊഫെഷണലിസവും മാനുഷികവുമായ പലതരത്തിൽ പലരും നിർവചിച്ചിട്ടുണ്ട്. പ്രത്യകിച്ച് നിങ്ങൾ ഒരു ഫോട്ടോ ഗ്രാഫർ കൂടിയാണെങ്കിലോ? ഓരോ നിമിഷവും ഒരു ഫോട്ടോഗ്രാഫറെ സംബന്ധിച്ചിടത്തോളം നിർണ്ണായകമാണ്. അടുത്ത സെക്കൻഡിൽ ഉദ്ദേശിച്ച ദൃശ്യം മറ്റൊന്നിലേക്ക് വഴുതി പോകും. അങ്ങനെ ഉള്ളപ്പോൾ വലിയ വാർത്ത പ്രാധാന്യം ലഭിക്കുമായിരുന്ന ഒരു ജോലി ഉപേക്ഷിച്ച് ജീവൻ രക്ഷിക്കുന്ന അവസരമുണ്ടായാലോ? അത്തരത്തിൽ ഒരു സംഭവമാണ് പറഞ്ഞു വരുന്നത്.

ചിത്രങ്ങൾ പകർത്താൻ വന്ന് വാർത്തയിലെ താരമായി മാറിയിരിക്കുകയാണ് പി.രവികുമാര്‍ എന്ന ഫ്രീലാന്‍സ് ഫോട്ടോഗ്രാഫര്‍. വാര്‍ത്താ ഏജന്‍സിയായ റോയിറ്റേഴ്‌സിന് വേണ്ടി ഹോളി ആഘോഷ ചിത്രങ്ങള്‍ പകര്‍ത്താന്‍ ചെന്നൈ നഗരത്തില്‍ എത്തിയതായിരുന്നു രവികുമാര്‍. ചെന്നൈയിൽ ഹോളി ആഘോഷങ്ങൾക്കിടയിൽ തന്റെ ജോലിയുടെ ഭാഗമായി ചിത്രങ്ങൾ പകർത്തുന്നതിനിടയിൽ പെട്ടന്ന് ഒരു കുട്ടി കുഴഞ്ഞു വീഴുകയായിരുന്നു. ഇതിനെപറ്റി രവികുമാർ പറയുന്നു.

‘അവിടെ ഏകേശം ആയിരത്തോളം ആളുകള്‍ ഉണ്ടായിരുന്നു. ഭൂരിപക്ഷവും യുവാക്കളായിരുന്നു. ഞാന്‍ ചിത്രങ്ങളെടുക്കാന്‍ തുടങ്ങി. എന്നാല്‍ പെട്ടെന്ന് ഒരു കുട്ടി ശ്വാസം നിലച്ച് കുഴഞ്ഞു വീണു. ഞാന്‍ ഉടന്‍ തന്നെ എന്റെ ക്യാമറ കൂടെ ഉണ്ടായിരുന്ന ഫോട്ടോഗ്രാഫറെ ഏല്‍പ്പിച്ച് ഓടിച്ചെന്നു. അവന്റെ ഒരു കണ്ണ് പതിയെ തുറന്നു നോക്കി. ആകെ വിളറിയിരുന്നു. ശരീരം തണുത്തിരുന്നു. അധികം സമയമില്ല എന്നു ഞാന്‍ തിരിച്ചറിഞ്ഞു.ഉടനെ ഞാൻ അവന്റെ നെഞ്ചിൽ ഇരു കൈകളും ഉപയോഗിച്ച് ശക്തിയായി അമര്‍ത്തി തുടങ്ങി. മൂപ്പത് തവണ ഒരുമിച്ച് അമര്‍ത്തി. പിന്നീട് വായിലൂടെ ശ്വാസം നല്‍കി. ഇത് തുടര്‍ന്നപ്പോള്‍ പതിയേ അവന്‍ അനങ്ങിത്തുടങ്ങി. അവന്‍ കൈകള്‍ ഇളക്കി. പിന്നീട് വെള്ളം തുപ്പി, ശേഷം അല്‍പ്പം രക്തവും. ആംബുലന്‍സ് വരുന്നതിന് മുമ്പായി ആരോ അവനെ ഓട്ടോറിക്ഷയില്‍ ആശുപത്രിയില്‍ എത്തിച്ചു.”

രവികുമാർ

ആരോ നൽകിയ ഫോൺ നമ്പർ പ്രകാരം രവികുമാർ തന്നെയാണ് കുട്ടിയുടെ രക്ഷാകർത്താക്കളെ വിവരം അറിയിച്ചത്. എല്ലാവരും ഡാൻസും പാട്ടും നടത്തികൊണ്ടിരിക്കുമ്പോൾ പെട്ടന്നായിരുന്നു അത് സംഭവിച്ചത്. എങ്ങനെയാണ് മുട്ടറ്റമുള്ള വെള്ളത്തില്‍ ആ കുട്ടി വീണത് എന്ന് ഇപ്പോഴും വ്യക്തമല്ലെന്ന് രവികുമാര്‍ പറയുന്നു.

‘മാസങ്ങള്‍ക്ക് മുമ്പാണ് എന്റെ അമ്മ മരിച്ചത്. ശ്വസന പ്രശ്‌നങ്ങള്‍ തന്നെയായിരുന്നു അമ്മയ്ക്കും. 76 വയസായിരുന്നു. ആശുപത്രിയിലേക്ക് കൊണ്ടു പോകുന്നതിനിടെ ഞാനും സഹോദരിയും ചേര്‍ന്ന് സിപിആര്‍ നല്‍കി.’ ഇത്തരം സംഭവങ്ങള്‍ ജീവന്‍ രക്ഷാ സ്‌കില്ലുകള്‍ പഠിക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ചുള്ള ബോധം തന്നില്‍ ഊട്ടിയുറപ്പിക്കുകയാണെന്ന് രവികുമാര്‍ പറയുന്നു.

Read Also  താം ലുവാങ് നാം ഗുഹയില്‍ക്കുടുങ്ങിയ മുഴുവൻ പേരെയും പുറത്തെത്തിച്ചു; ദൗത്യം പൂർണ്ണം

‘ഞാന്‍ ചെന്നൈയിലെ ഒരു മാളില്‍ ഒരു എന്‍ജിഒയുടെ നേതൃത്വത്തില്‍ നടത്തിയ പരിപാടിയില്‍ വച്ചാണ് ഇത് പഠിച്ചത്. എല്ലാവരും ഇത്തരം കാര്യങ്ങള്‍ പഠിക്കണം. ജീവിതത്തിൽ ഇത്പോലെ എപ്പോഴാണ് ആവശ്യം വരികയെന്ന് പറയാൻ സാധിക്കില്ലലോ. അത് പലരുടെയും ജീവൻ വരെ രക്ഷിച്ചേക്കാം’ രവികുമാർ പറഞ്ഞു.

രവികുമാർ ഈ സംഭാവമുണ്ടായതിന് ശേഷം പിന്നീട് അവിടെ ചിത്രങ്ങൾ എടുക്കാൻ നിന്നില്ല. അതിനു മുന്പെടുത്ത ചിത്രങ്ങൾ റോയിറ്റേഴ്‌സ് പ്രസദ്ധീകരിക്കുകയും ചെയ്തു. ഈ സംഭവം റോയിറ്റേഴ്‌സ് തന്നെ വാർത്തയായി നൽകി. ന്യൂസ് ഫോട്ടോഗ്രാഫർ തന്നെ വാർത്തയാകുമ്പോൾ എന്ന തലകെട്ടിൽ!. ചുരുക്കത്തിൽ ഒരു ജീവൻ രാശിക്കാവുന്ന സാഹചര്യത്തിൽ ജീവൻ രക്ഷിക്കുക. വാർത്ത രണ്ടാമതാകട്ടെ, അപ്പോൾ നിങ്ങൾ തന്നെ ഇത് പോലെ വാർത്തയാകും!

Spread the love

Leave a Reply