Wednesday, January 19

20 ഭാഷകളുടെ സങ്കരമായ അരുന്ധതിയുടെ പുതിയ നോവല്‍ വിവര്‍ത്തനം ചെയ്യുമ്പോള്‍

നഗരജീവികള്‍ക്ക്, എന്തിന് ബുദ്ധിജീവികള്‍ക്ക് പോലും പൊതുവില്‍ മനസിലാവാത്ത ഒന്നാണ് തായ്‌മൊഴി പ്രശ്‌നം. പല സംസ്‌കാരങ്ങള്‍ കൂടിക്കലര്‍ന്ന് ചേരുന്ന ഇടങ്ങളെന്ന നിലയില്‍ ഇവര്‍ ഉണ്ടാക്കിയെടുക്കുന്ന പൊതുബോധം ഒരുതരം പ്രാപഞ്ചിക മൊഴിയിലേക്കുള്ള കൂട് മാറ്റമായിരിക്കും. പക്ഷെ, ചില സന്ദര്‍ഭങ്ങളില്‍ ഇത് തെറ്റാറുണ്ട്. ഉദാഹരണത്തിന്, ബംഗളൂരുവില്‍ ഞാന്‍ ജോലി നോക്കുമ്പോള്‍ ഒരു വയസ്സായ കീഴുദ്യോഗസ്ഥന്‍ ഉണ്ടായിരുന്നു. മുസ്ലീം ആണ്. ബംഗളൂരുവില്‍ ആണ് ജനിച്ചു വളര്‍ന്നത്. ആയിടെ കന്നടത്തില്‍ ഒരു കത്ത് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ നിന്ന് കിട്ടി. ഞാന്‍ ഉടന്‍ അയാളെ വിളിച്ചു. കത്ത് വായിച്ചു കാര്യം എന്താണെന്ന് പറയാന്‍ ആവശ്യപ്പെട്ടു. അയാളുടെ മറുപടി എന്നെ അമ്പരിപ്പിച്ചു. അയാള്‍ക്ക് കന്നഡ വായിക്കാന്‍ അറിയില്ല. ഉര്‍ദുവാണ് അയാളുടെ ഭാഷ. ഒരു ജീവിതകാലം മുഴുവന്‍ ഒരു നഗരത്തില്‍ കഴിഞ്ഞിട്ടും അന്നാട്ടിലെ ഭാഷ പഠിക്കാതിരുന്നത് ചരിത്രപരമായ കാര്യങ്ങള്‍ ( ശാഠ്യം എന്നും പറയാം) കൊണ്ടേ ആവാന്‍ സാധ്യതയുള്ളൂ. ഉര്‍ദൂവിനെ ഇസ്ലാമിനോടും കന്നഡയെ ഹൈന്ദവതയോടും കൂട്ടികെട്ടിയിരിക്കയാണ് അവിടെ.

ഇതിന്റെ മറുവശവും കാണാന്‍ ഇടയുണ്ടായി. ബംഗളൂരുവില്‍ നിന്ന് ആള്‍ ഇന്ത്യ റേഡിയോവില്‍ ആദ്യമായി ഉര്‍ദുവില്‍ വാര്ത്താ പ്രക്ഷേപണം തുടങ്ങി. കന്നഡ ഭാഷാഭിമാനം സട കുടഞ്ഞു എണീറ്റു. അക്രമമായിരുന്നു പിന്നെ. അക്രമാസക്തമായ ഹര്‍ത്താല്‍. ബംഗളൂരുവില്‍ നിന്ന് തമിഴ്‌നാട്ടിലെ ഹോസൂര്‍ വരെ റോഡിനിരുവശവും കത്തിച്ച ബസ്സുകളും ലോറികളും നിരന്നു. എന്റെ ബസ്സും അതില്‍ ഉള്‍പ്പെട്ടു. കിലോമീറ്റരുകള്‍ നടന്നാണ് ഹൊസൂരില്‍ എത്തിയത്.

രണ്ടു മതങ്ങള്‍ക്കിടയില്‍ മാത്രമല്ല, രണ്ടു ഭാഷകള്‍ക്കിടയില്‍ പോലും വിവര്‍തത്തനം ദുഷ്‌ക്കരമാക്കുന്ന ചില ഘടകങ്ങളുണ്ട്. അരുന്ധതി റോയ് തന്റെ Minitsry of Utmost Happiness എന്ന നോവലിനെ വിവര്‍ത്തനങ്ങളുടെ ഒരു നോവല്‍ ആയി ഈയിടെ ഒരു ഭാഷണത്തില്‍ വിശേഷിപ്പിക്കുന്നതു ഇത്തരം ഒരു അവസ്ഥ നിലനില്‍ക്കുന്ന പശ്ചാത്തലത്തിലാണ്. ഏകദേശം ഇരുപതിലധികം ഭാഷകളുടെ ഒരു സങ്കരമാണ് തന്റെ നോവല്‍ എന്നു അവര്‍ പറയുന്നുണ്ട്. ഇത്രയും ഭാഷകള്‍ അടങ്ങിയിരിക്കുന്ന ഈ നോവല്‍ ലോകത്തെ 48 ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ടു കൊണ്ടിരിക്കയാണ്. ഓരോ വിവര്‍ത്തകനും ഇത് എങ്ങനെയാണ് കൈകാര്യം ചെയ്യുന്നത് എന്നത് ഒരു കീറാമുട്ടിയാണ്. ഇതില്‍ രണ്ടു ഭാഷകള്‍ ഹിന്ദിയും ഉര്‍ദുവുമാണ്. ചരിത്രത്തില്‍ മുഖാമുഖം എതിര്‍ ചേരികളില്‍ നില്‍ക്കുന്ന രണ്ടു ഭാഷകള്‍. പേര്‍ഷ്യന്‍അറബിക് ലിപിയില്‍ എഴുതപ്പെടുന്ന ഉര്‍ദു ഏതാണ്ട് നാമാവശേഷമാവുകയും അവശിഷ്ട്ട ഉര്‍ദു ദേവനാഗരി ലിപിയില്‍ എഴുതപ്പെടുന്ന അവസ്ഥയുമാണ് ഇപ്പോള്‍ ഉള്ളത്. ഈ രണ്ടു ഭാഷകളുടെ ചരിത്രത്തെ കുറിച്ചും അരുന്ധതി പറയുന്നുണ്ട്. സംസ്‌കൃതം അടിസ്ഥാനപ്പെടുത്തിയുള്ള ബ്രാഹ്മണരുടെ ഭാഷയായിരുന്ന നാഗരി ലിപിയാണ് പിന്നീട് ദേവ കൂട്ടിച്ചേര്‍ത്തു ദേവനാഗരി ആയതത്രേ. ഒരു ഭാഷയുടെ ലിപി മറ്റൊരു ഭാഷയുടെ ലിപിയില്‍ എഴുതപ്പെടുമ്പോള്‍ തന്നെ അതിന്റെ പതനം പൂര്‍ണമാവുന്നു എന്ന് അനുമാനിക്കാം.

Read Also  എം.ഡി.എം.കെ. നേതാവ് വൈക്കോയ്ക്ക് രാജ്യദ്രോഹ കേസിൽ ഒരു വർഷം തടവ്

മഹാനഗരസംസ്‌കാരങ്ങള്‍ക്ക് അനുയോജ്യമായ ഏകാഭാഷാ പ്രയോഗം നാടെങ്ങും പടര്‍ന്നുകൊണ്ടിരിക്കുന്ന ഹൈന്ദവ ദേശീയതയുമായി ഒത്തു പോവുന്നു എന്ന് കാണാന്‍ വിഷമമില്ല. നമ്മള്‍ പലരും തെറ്റിദ്ധരിക്കുന്ന പോലെ ഹിന്ദി ഇനിയും നമ്മടെ ദേശീയഭാഷയല്ല, രണ്ടു ഭരണഭാഷകളില്‍ ഒന്ന് മാത്രമാണ്. പക്ഷെ, ദ്രാവിഡരെ പ്രതിനിധീകരിക്കുന്ന തമിഴ് മൊഴി നടത്തിയ മൊഴിപ്പോരാട്ടത്തിലൂടെയാണ് ഭാഷാപരമായ ഒരു അധിനിവേശത്തില്‍ നിന്നു നമ്മള്‍ മലയാളികള്‍ വരെ രക്ഷപ്പെട്ടുനില്‍ക്കുന്നത് എന്നത് വ്യക്തമാണ്. മൊഴിപ്പോരാട്ടത്തില്‍ പങ്കെടുത്തവരെ ത്യാഗികള്‍ ( രക്തസാക്ഷികള്‍) ആയാണ് തമിഴ് സര്‍ക്കാര്‍ പരിഗണിക്കുന്നത്. സ്വാതന്ത്ര്യ സമര സേനാനികള്‍ക്കുള്ള പെന്‍ഷന്‍ അവര്‍ക്കും കൊടുക്കുന്നുണ്ട്.

ഹൈന്ദവ ഫാസിസത്തിന്റെ കടന്നുകയറ്റത്തിനെതിരെയും, ഇന്ത്യന്‍ ദേശീയതയ്ക്കും എതിരെയും എഴുതപ്പെട്ട ഒരു നോവല്‍ എന്ന നിലയില്‍, തന്റെ നോവലിലെ ഭാഷകളുടെ ആധിക്യത്തെ കുറിച്ച് അരുന്ധതി കാവ്യാത്മകമായി പറയുന്നത് ശ്രദ്ധേയമാണ്. “ഭാഷകളുടെ ഒരു സമുദ്രത്തില്‍ നിന്ന് ഉയര്‍ന്നു വരുന്ന ഒരു കഥയാണിത്. ജീവന്‍ തുടിക്കുന്ന പലതരം ജീവികളുടെ ഒരു ആവാസവ്യവസ്ഥയാണിത്. ഔദ്യോഗിക ഭാഷാമത്സ്യങ്ങള്‍, അനൗദ്ധ്യോഗിക വായ്‌മൊഴിചിപ്പികള്‍, വാഗ്മത്സ്യങ്ങളുടെ മിന്നിപ്പായുന്ന കൂട്ടങ്ങള്‍ എന്നിവ ഈ ആവാസവ്യവസ്ഥയില്‍ നീന്തുന്നു, ചിലത് സൗഹാര്‍ദ്ദത്തോടെ, ചിലത് തുറന്ന ശത്രുത പുലര്‍ത്തിിക്കൊണ്ട്, ചിലത് മറ്റു മീനുകളെ കൊന്നു തിന്നു കൊണ്ട്.”

വാസ്തവത്തില്‍, നമ്മുടെ ജനാധിപത്യം സജീവമായി നിലനില്‍ക്കണമെങ്കില്‍ ഭാഷാവൈവിധ്യത്തിന്റെ ഈ പരിസരം നമുക്ക് നിലനിര്‍്ത്തിയെ പറ്റൂ. അതിനു ഒരു ഭാഷയില്‍ ജീവിതം തുടിക്കുന്നതെങ്ങിനെ എന്ന് മറ്റൊരു ഭാഷയ്ക്ക് കാണിച്ചു കൊടുത്തേ പറ്റൂ. ഇവിടെയാണ്, വിവര്‍ത്തനങ്ങളുടെ സാംഗത്യം കടന്നു വരുന്നത്. വിവര്‍ത്തനം രണ്ടു ഭാഷകളെ ബന്ധിപ്പിക്കുക മാത്രമല്ല, ഒരു ഭാഷയുടെ സൗന്ദര്യം (അതിലൂടെ അത് നില കൊള്ളുന്ന സംസ്‌കാരത്തിന്റെ സൗന്ദര്യം) മറ്റൊരു ഭാഷയ്ക്കും സംസ്‌കാരത്തിനും അഭിമുഖപ്പെടുത്തിക്കൊടുക്കുക കൂടിയാണ് ചെയ്യുന്നത്. ഭാഷാപരവും ദേശീയവുമായ അതിക്രമങ്ങളെ മറികടക്കാന്‍ വിവര്‍ത്തനങ്ങള്‍ക്ക് അങ്ങിനെ കഴിയേണ്ടതാണ്. ആ നിലയ്ക്ക്, വിവര്‍ത്തനം ഒരു ഭാഷയുടെ ആയുധം കൂടിയാണ്. അരുന്ധതിയുടെ വാക്കുകള്‍ കടമെടുത്താല്‍ “വിവര്‍ത്തനം ദൈനംദിനജീവിതമാണ്, തെരുവില്‍ നടക്കുന്ന കാര്യങ്ങളാണ്, കൂടുതല്‍ കൂടുതല്‍, അത് സാധാരണ മനുഷ്യരുടെ അതിജീവനത്തിനായുള്ള ഉപകരണസഞ്ചിയുമാണ്.”

ഈണങ്ങളുടെ മാത്രമല്ല, നിലപാടുകളുടെയും രാജാവാണ് റഹ്മാന്‍: രവി ശങ്കര്‍ എന്‍ എഴുതുന്നു

Spread the love