Saturday, January 29

അർദ്ധരാത്രിയിലെ നോട്ട് നിരോധനം ചരിത്രപരമായ മണ്ടത്തരം ആകുന്നതെങ്ങനെ?

അർദ്ധരാത്രിയിൽ സ്വാതന്ത്ര്യം പ്രഖ്യാപിച്ച നാടാണ് ഇന്ത്യയുടേത്. ആ സ്വാതന്ത്ര്യ പ്രഖ്യാപനത്തിന് ശേഷം രാജ്യത്തെ ജനങ്ങളുടെ നെഞ്ചിലേക്ക് വർഷിച്ച തീ ഗോളം ആയിരുന്നു 2016 നവംബർ 8 അർദ്ധരാത്രിയിൽ നടപ്പിലാക്കിയ നോട്ട് നിരോധനം. രണ്ട് വർഷങ്ങൾ വേണ്ടി വന്നു റിസർവ് ബാങ്കിന് നിരോധിത നോട്ടുകൾ എണ്ണി തിട്ടപ്പെടുത്താൻ. റിസർവ് ബാങ്ക് നോട്ടുകൾ എണ്ണി തിട്ടപ്പെടുത്തിയപ്പോൾ എന്താണ് അവശേഷിച്ചത്? എത്ര കോടി കള്ളപ്പണം, കള്ളനോട്ടുകൾ, സർക്കാരിന് നശിപ്പിക്കാൻ പറ്റി? എത്ര കോടി രൂപയുടെ കള്ള നോട്ടുകൾ, കള്ള പണങ്ങൾ സർക്കാർ വെളുപ്പിച്ച് നൽകി? അർദ്ധരാത്രിയിൽ നോട്ട് നിരോധനം ചരിത്രപരമായ മണ്ടത്തരം ആയിരുന്നോ? ഇങ്ങനെ നീളുന്ന ചോദ്യങ്ങൾക്ക് ഉത്തരം നൽകേണ്ടത് കേന്ദ്രം ഭരിക്കുന്ന ബിജെപി സർക്കാരാണ്.

കോടികണക്കിന് രൂപയുടെ കള്ളനോട്ടുകളും കള്ളപ്പണവുമാണ് നോട്ട് നിരോധനം വഴി വെളുപ്പിക്കപ്പെട്ടത്. അനിയന്ത്രിതമായ ക്യൂവിനെ നിയന്ത്രിക്കാൻ നോട്ടുകൾ മാറി നൽകുന്നതിനായി മണിക്കൂറുകൾ അധികം അധ്വാനിക്കേണ്ടി വന്ന ബാങ്ക് ജീവനക്കാർക്ക് ഒരു പക്ഷേ കള്ളനോട്ടുകൾ ആണോ വരുന്നതെന്ന് നോക്കാനുള്ള നേരം ലഭിച്ചിരുന്നില്ല. ബാങ്കുകൾ വഴി ഇപ്രകാരം കോടി കണക്കിന് കള്ളനോട്ടുകൾ ആണ് രാജ്യത്ത് എത്തിച്ചേർന്നതെന്ന വിവരങ്ങൾ ആണ് കഴിഞ്ഞ ദിവസം റിസർവ് ബാങ്ക് പുറപ്പെടുവിച്ച റിപ്പോർട്ട് പ്രകാരം അനുമാനിക്കേണ്ടത്. കാരണം നിരോധിത നോട്ടുകളുടെ 99.3 ശതമാനം നോട്ടുകളും തീരെ എത്തിച്ചേർന്നുവെന്നാണ് കണക്ക്. ഇനിയും നേപ്പാൾ, ഭൂട്ടാൻ, തുടങ്ങി ഒട്ടനവധി രാജ്യങ്ങളിൽ വിനിമയത്തിലുണ്ടായിരുന്ന ഇന്ത്യൻ നിരോധിത നോട്ടുകൾ മാറി ലഭിക്കാത്തത് കാരണം അവിടുത്തെ ബാങ്കുകളിലും സ്വാകാര്യ ധനമിടപാട് സ്ഥാപനങ്ങളിലുമുൾപ്പടെ കെട്ടികിടക്കുന്നുണ്ട്. ഈ രാജ്യങ്ങളിൽ കെട്ടി കിടക്കുന്ന നോട്ടുകൾ എത്ര കോടിയോളം വരുമെന്ന് വ്യക്തമായ ധാരണ പോലും ഇന്ത്യൻ സർക്കാരിന് ഇല്ല.

ആരാധനാലയങ്ങളിൽ ഇപ്പോഴും വന്നു വീണുകൊണ്ടിരിക്കുന്ന നിരോധിത ഇന്ത്യൻ നോട്ടുകൾ, വ്യക്തമായ സമയം ലഭിക്കാത്തത് കാരണം മാറ്റി ലഭിക്കാനാവാതെ സ്വാകാര്യ വ്യക്തികളുടെയും മറ്റും കയ്യിൽ ഇപ്പോഴും സൂക്ഷിച്ചിരിക്കുന്ന നിരോധിത നോട്ടുകൾ, നശിപ്പിക്കപ്പെട്ട കോടിക്കണക്കിന് നിരോധിത നോട്ടുകൾ, കൗതുകത്തിന് വേണ്ടി സൂസഖിച്ചിരിക്കുന്ന നിരോധിത നോട്ടുകൾ ഇവയുടെ ഓക്കേ ആകെ കണക്ക് എടുത്താൽ എത്ര അധികം കോടി രൂപ കൂടെ തിരികെ റിസർവ് ബാങ്കിലേക്ക് എത്തി ചേരും നോട്ടുകൾ മാറി കിട്ടുവാൻ വീണ്ടും അവസരം ലഭിക്കുകയാണെങ്കിൽ ഒരുപക്ഷേ ? അച്ചടിച്ച നോട്ടുകളുടെ ഇരട്ടിയോളം ഇനിയും റിസർവ് ബാങ്കിലേക്ക് എത്തിച്ചേർന്നേക്കും!. അപ്പോൾ ആരാണ് നോട്ട് നിരോധനം വഴി രാജ്യത്ത് ലാഭം ഉണ്ടാക്കിയത് എന്നതാണ് ചോദ്യം? നോട്ട് നിരോധനം മൂലം ഉണ്ടായ ആത്മഹത്യകൾ, മരണങ്ങൾ ഇവയുടെ ഓക്കേ ഉത്തരവാദിത്വം ആരാണ് ഏറ്റെടുക്കുക? ഇവ ഭരണകൂട കൊലകൾ ആണെന്ന് എന്നാണ് നാം അഗീകരിക്കുക? എത്രകോടി കള്ളപ്പണം അവസാനിപ്പിക്കാൻ കഴിഞ്ഞു എന്ന് അറിയാൻ എങ്കിലും ഏറ്റവും കുറഞ്ഞ പക്ഷം നമുക്ക് അർഹതയില്ലേ?

Read Also  ആർ ബി ഐ യ്ക്ക് മുകളിലേക്ക് കേന്ദ്ര സർക്കാർ കടന്നുകയറുന്നു തോമസ് ഐസക്ക്

കള്ളപ്പണം മുഴുവൻ നോട്ട് കെട്ടുകളായി അലമാരിയിൽ സൂക്ഷിച്ചിരിക്കുകയാണെന്ന വിദഗ്ധാഭിപ്രായം സ്വീകരിക്കുന്ന നരേന്ദ്രമോദിയെ ഭക്തർ വാഴ്ത്തുന്നത് ഇന്ത്യൻ വികസനത്തിന്റെ പിതാവ് എന്നാണ്. മോദി കള്ളപ്പണം അവസാനിപ്പിച്ചു, രാജ്യത്തിന്റെ സമ്പത്ത് വ്യവസ്ഥയെ ശ്കതമാക്കി എന്നിങ്ങനെയുള്ള തള്ളലുകൾ കൊണ്ട് ഭകതർ ഇപ്പോഴും ആശ്വാസം കൊള്ളുന്നുണ്ട്. രാജ്യത്തിന്റെ സമ്പത്ത് വ്യവസ്ഥയുടെ സ്ഥിതികൾ നേരത്തെ തന്നെ പുറത്ത് വന്നതാണ്. ജിഡിപി തകർന്നു, ജിഡിപിയെക്കുറിച്ച് മുൻകൂട്ടി പ്രവചിച്ച മുൻ പ്രധാനമന്ത്രിയും എക്കണോമിസ്റ്റുമായ മൻമോഹൻസിംഗിനെ നരേന്ദ്രമോദി വിശേഷിപ്പിച്ചത് മഴക്കോട്ട് ഇട്ട് കുളിക്കുന്ന വ്യക്തി എന്നായിരുന്നു.

കള്ളപ്പണക്കാരും മാഫിയകളും ആരും പണമായി കയ്യിൽ സൂക്ഷിക്കാറില്ലെന്ന് ഇന്ത്യൻ പ്രധാനമന്ത്രിക്ക് അറിയാത്തത് കൊണ്ടായിരിക്കില്ല കള്ളപ്പണത്തിന്റെ പേരിൽ നോട്ട് നിരോധനം ഏർപ്പെടുത്തിയത്. നരേന്ദ്ര മോദി നടപ്പിലാക്കിയ ചരിത്രപരമായ മണ്ടത്തരം എന്നായിരിക്കും നോട്ട് നിരോധനം അറിയപ്പെടാൻ പോകുന്നത്. തനിക്ക് രണ്ട് മാസത്തെ സമയം തരൂ എല്ലാം ശരിയാക്കി തന്നില്ലെങ്കിൽ എന്നേ ജീവനോടെ കത്തിക്കൂ എന്നാണ് നരേന്ദ്ര മോദി അന്ന് പറഞ്ഞത്. ഇന്ത്യൻ ജനങ്ങളുടെ സംസ്ക്കാരം അദ്ദേഹത്തിൻറെ പ്രസ്ഥാനത്തിന്റെ സംസ്കാരം അല്ലാത്തത് കൊണ്ട് ജനങ്ങൾ ആ തീരുമാനം നാളിതുവരെ എടുത്തട്ടില്ല എന്നതിനാൽ അദ്ദേഹത്തിന് ഈ ജനതയുടെ മേൽ ഇനിയും ഇത് പോലെ മനോഹരമായ തീരുമാനങ്ങൾ എടുക്കാവുന്നതാണ്.

Spread the love