Friday, May 27

ആദിവാസികള്‍ ഹിന്ദുക്കളാണോ? ഹിന്ദുവിന്റെ നിര്‍വ്വചനങ്ങള്‍; കെ മനോജ്‌ കുമാര്‍ എഴുതുന്നു

തിരിഞ്ഞു നോട്ടം നടത്തുന്ന സമൂഹം സ്വന്തം ചരിത്രത്തിൽ നിന്ന് ഊർജം പകർന്നു കരുത്താർജിക്കും. അത്തരം അന്വേഷണങ്ങളിലൂടെയാണ് മലയാളി കരുത്താർജിച്ചതും. 

കഴിഞ്ഞ കുറേ നാളുകളായി നമ്മൾ നവോത്ഥാന ചരിത്രം മുതൽ ലിംഗനീതി വരെ ചർച്ച ചെയ്തു. ആർത്തവം മുതൽ ഗോത്രവർഗ അവകാശങ്ങൾ വരെ ഇതിന്റെ ഭാഗമായി. അതിനിടയിൽ ഹിന്ദുവാര് എന്ന ചോദ്യം ഉയർന്നു വന്നു. ആരാണ് ഹിന്ദുവിന്റെ നിയമങ്ങൾക്കു ഔപചാരികത കൊണ്ടുവന്നത്.

1772 ൽ വാറൻ ഹേസ്റ്റിംഗ്‌സ് ആണ് ഹിന്ദു നിയമങ്ങൾ ക്രോഡീകരിച്ചു ഏകികൃത രൂപമുണ്ടാക്കാൻ പതിനൊന്നംഗ പണ്ഡിറ്റുകളെ ചുമതലപ്പെടുത്തുന്നതു. 
വേദങ്ങളിൽ പറയുന്നതും മനു , യാജ്ഞവല്ക്യ , നാരദ, വിഷ്ണു തുടങ്ങിയ സ്മൃതികളിൽ ചർച്ചചെയ്തതുമായ സാഹചര്യങ്ങളെ ആണ് ഈ കമ്മിറ്റി വിലയിരുത്തിയത്. ഇക്കാലയളവിൽ ഹിന്ദു മുസ്ലിം വിഷയങ്ങളിൽ തീർപ്പു കല്പിച്ചിരുന്നത് പണ്ഡിറ്റുകളും മുസ്ലയാർമാരുമാണ്. 1860 കളിൽ ആണ് കൃത്യമായ ഹിന്ദു ആക്ട് നിലവിൽ വരുന്നത് എന്ന് പറയാം. ധര്‍മശാസ്ത്രത്തിന്റെ ഏകോപനം ഇതിലൂടെ നടന്നു. 

എന്നാൽ തങ്ങളുടെ കോടതിയിൽ വരുന്ന കേസുകളിൽ തീർപ്പാക്കാൻ ഈ നിയമങ്ങൾ അപര്യാപ്തമാണെന്ന് ആദ്യം പറഞ്ഞത് കൽക്കട്ട സുപ്രീം കോർട്ട്‌
ജഡ്ജ് ആയിരുന്ന വില്യം ജോൺസ്‌ എന്ന സായ്പാണ്. ഈ ധര്‍മശാസ്ത്രങ്ങൾ അപൂര്‍മാണെന്നും ശാസ്ത്രീയമായും നിയമവ്യവസ്‌ഥക്കനുസൃതമായും പുനരെഴുത്തുവേണമെന്നു അദ്ദേഹം നിർദേശിച്ചു. 

ഇതിനോടൊപ്പം കൽക്കത്തയിലെ എ സി ബർണേൽ ( A C Burnell ) മദ്രാസിലെ ജെ എഛ് നെൽസൺ ( J H Nelson ) എന്നീ ജഡ്ജ്മാർ ഈ നിയമ സംഹിതയിൽ അതൃപ്തി രേഖപ്പെടുത്തി. അതിന്റെ പ്രധാന കാരണം ബ്രാഹ്മണർക്കു മാത്രം അറിയാവുന്ന സംസ്കൃതത്തിലുള്ള ഗ്രന്ഥങ്ങളേ അടിസ്ഥാനമാക്കിയാണ് ഈ സംഹിതകൾ തയാറാക്കിയതെന്നതാണ്. Anglo-Hindu Law മുഴുവൻ ബ്രാഹ്മണരുടെയും മറ്റു സവര്‍ണ
രുടെയും താത്പര്യങ്ങൾ മാത്രം സംരക്ഷിക്കുകയും തദ്ദേശീയ പ്രാദേശിക ജീവിതക്രമങ്ങളെ ഉൾക്കൊള്ളാതിരിക്കുകയും ചെയ്യുന്നു എന്ന് അവർ പറഞ്ഞു. മാത്രമല്ല, തെക്കേ ഇന്ത്യയിലെ സാമൂഹിക ഘടനയുമായി ഇത് യാതൊരു തരത്തിലും പൊരുത്തപ്പെടുന്നില്ല എന്ന് നെൽസൺ ഉറപ്പിക്കുന്നു. തന്റെ മുന്നിൽ വന്ന കേസുകളിൽ സാധാരണക്കാരുടെ വ്യവഹാരങ്ങളിൽ ആര്യന്മാരുടെ വിശ്വാസങ്ങളിൽ നിന്നും ഏറെ അകലമുണ്ട്. ഇന്ത്യ പോലൊരു രാജ്യത്തു നിലനിൽക്കുന്ന വൈവിധ്യത്തെ ഈ നിയമം തകർക്കും. ഈ ധർമ്മശാസ്ത്രം നിയമവ്യവസ്ഥയുടെ ഭാഗമായാൽ ഇന്ത്യയിലെ എല്ലാ സമൂഹത്തിനുമേലും ആചാരങ്ങൾക്കുമേലും ബ്രാഹ്മണരുടെ അധീശത്വം ഉണ്ടാവും എന്ന് 1877 ൽ ഹിന്ദു ലോ യെ കുറിച്ചുള്ള ലേഖനത്തിൽ അദ്ദേഹം പറയുന്നുണ്ട്. ഹിന്ദുയിസവുമായി ബന്ധമില്ലാത്ത ആചാര നിയമങ്ങളാണ് മദ്രാസിൽ ഉള്ളത്. അത് നീതി നിർവഹണത്തിൽ ബുദ്ധിമുട്ടുണ്ടാക്കുന്നു. മനു എന്ന മനുഷ്യൻ ജീവിച്ചിരുന്നു എന്നുപോലും സംശയിക്കുന്ന ഘട്ടത്തിൽ എങ്ങനെ അതൊക്കെ ആധുനിക നിയമ വ്യവസ്ഥയുടെ ഭാഗമാകും. 

ബ്രാഹ്മണരെ പോലെ ശൂദ്രന്മാർക്കും അവരുടെ ഗുരുക്കന്മാരും പുജാരികളും ആരാധനാക്രമവും ജീവിത രീതിയുമുണ്ട്. അവരുടെ വിശ്വാസപ്രമാണങ്ങളെയും വിവിധ ജാതി മൂപ്പന്മാരുടെയും അഭിപ്രായങ്ങൾ ഹിന്ദു നിയമത്തിലേക്കു കൊണ്ടുവരേണ്ടതുണ്ട്. ( Nelson, 1877, p84) നെൽസൺ അഭിപ്രായപ്പെട്ടപോലെ മൂപ്പന്മാരുടെ അഭിപ്രായം തേടി നിയമത്തിൽ മാറ്റം നടത്തിയില്ല. മറിച്ചു, അദ്ദേഹം പ്രവചിച്ചപോലെ പ്രാക്തന ഗോത്രങ്ങൾക്കും ശൂദ്രന്മാർക്കും മേലെ ആചാര വിശ്വാസ ക്രമങ്ങളിൽ ബ്രാഹ്മണ മേധാവിത്വം ഉണ്ടാകുകയും ചെയ്തു. 

Read Also  ആഘാതത്തിൽനിന്നും കോൺഗ്രസ്സ് പഠിക്കേണ്ട പാഠങ്ങൾ

ഇതുതന്നെയാണ് മലയരയ മൂപ്പന്മാരും പറയുന്നത്. സ്വതന്ത്ര ഇന്ത്യയിൽ ഭരണഘടനാ ധാർമികതയെ അവഗണിക്കുകയും അതിനെതിരെ ഹിന്ദു ഏകോപനത്തിന്റെ കയ്യൂക്കുകാട്ടി നിശബ്ദമാക്കുകയും ചെയ്തിട്ടുണ്ട്. മണ്ഡൽ കമ്മീഷൻ , അയോദ്ധ്യ തുടങ്ങിയ നിരവധി വിഷയങ്ങളിൽ ഒളിഞ്ഞും തെളിഞ്ഞും അത് പുറത്തുവന്നിട്ടുണ്ട്. അവയെല്ലാംതന്നെ സവർണ മൂല്യങ്ങളെ സംരക്ഷിക്കാൻ ഹിന്ദുവെന്ന വിശ്വസത്തെ ഉപയോഗപ്പെടുത്തുക മാത്രമായിരുന്നു. അതിലൂടെ ബ്രാഹ്മണിക് മൂല്യങ്ങൾ ആധുനിക ഇന്ത്യയിലെ ഭരണഘടനയ്ക്കും നിയന്ത്രിക്കാൻ ആവാത്ത ആധിപത്യ വിശ്വാസമായി വളർത്തി. അതിന്റെ തുടർച്ച മാത്രമാണ് ശബരിമലയും.

Spread the love

Leave a Reply