Thursday, January 20

ജനകീയ സമരങ്ങൾ തീവ്രവാദി, മാവോയിസ്റ്റ് സമരങ്ങളും ശബരിമല സമരം വിശ്വാസ സമരവുമാകുന്നത് എന്ത് കൊണ്ട്?

ജനകീയ സമരങ്ങളെ തീവ്രവാദി, മാവോയിസ്റ്റ്, നക്സലിസ്റ്റ്, ഇസ്ലാമിസ്റ്റ് മുദ്രകൾ കുത്തുന്ന പിണറായി സർക്കാർ എന്ത് കൊണ്ടാണ് ശബരിമലയുടെ മറവിൽ നടക്കുന്ന സമരത്തെ വിശ്വാസ സമരമായി കാണുന്നത്?. വിഎസ് അച്യുതാനന്ദൻ മുതൽ സിപിഐഎമ്മിലെ ഓരോ പാർട്ടി മെമ്പർമാർ വരെ ജനകീയ സമരങ്ങളെ മുകളിൽ പറഞ്ഞ ചാപ്പകൾ കുത്താൻ മത്സരിക്കുന്ന കാഴ്ചകൾ കേരളം നേരത്തെ കണ്ടിട്ടുണ്ട്. എന്നാൽ ഒരു വട്ടം പോലും ഒരു സൈബർ സഖാവ് പോലും ശബരിമലയുടെ മറവിൽ നടക്കുന്ന സമരത്തെ അത്തരത്തിൽ തീവ്രവാദ സമരമെന്നോ മാവോയിസ്റ്റ് സമരമെന്നോ സർക്കാരിനെ അട്ടിമറിക്കാനുള്ള നീക്കമാണെന്നോ അബദ്ധവശാൽ പോലും പറഞ്ഞു കണ്ടില്ല. ഈ നിതാന്ത ജാഗ്രത സർക്കാരും സിപിഐഎമ്മും എങ്ങനെ സൂക്ഷിക്കുന്നു?

ഒരൊറ്റ പൊലീസ് റിപ്പോർട്ടോ, ഒരു ഇന്റലിജൻസ് റിപ്പോർട്ടോ സമരത്തിന് പിന്നിലുള്ളവരുടെ ഉദ്ദേശശുദ്ദിയെ സംശയിച്ച് പുറത്ത് വന്നട്ടില്ല. ഒരു മാധ്യമങ്ങൾ പോലും ഈ നടക്കുന്ന സമരങ്ങൾ എന്തിനു വേണ്ടിയാണെന്നൊ ഇതിന്റെ ഫണ്ടുകൾ എവിടെ നിന്ന് വരുന്നുവെന്നോ പുറകിൽ ചരടുകൾ വലിക്കുന്നത് ആരൊക്കെയാണെന്നോ സംശയം പോലും പ്രകടിപ്പിച്ചിട്ടില്ല. എന്ത് കൊണ്ടാണ് കേരളം ഹിന്ദുത്വ സമരങ്ങളെ ഇത്രമേൽ താലോലിക്കുന്നത്. ജനകീയ സമരങ്ങൾ എന്ത് കൊണ്ടാണ് ഹിന്ദുത്വ കേരളത്തിന് തീവ്രവാദ സമരമാകുന്നത്?

പകൽ മുഴുവൻ വിശ്വാസ പ്രകാരം നോമ്പ് നോറ്റ് ആ നോമ്പ് മുറിക്കാൻ വൈകുന്നേരം സമൂസ മേടിക്കാൻ പോയി എന്ന കുറ്റത്തിന് ആലുവ എടത്തല സ്വദേശി ഉസ്മാനെയും, ഉസ്മാനെ മർദ്ദിച്ചതിൽ പ്രതിഷേധം സംഘടിപ്പിച്ച മുസ്ളീം സമൂഹത്തിന് നേരെയും ആലുവ സ്വതന്ത്ര റിപ്പബ്ലിക്ക് അല്ലെന്ന് പറയാനുണ്ടായ ആർജ്ജവം പിണറായി വിജയൻ എന്ന കേരള മുഖ്യമന്ത്രിയ്ക്ക് എന്ത് കൊണ്ട് ഹിന്ദുത്വ സംഘടനകൾ നടത്തുന്ന സമരത്തിനെതിരെ പറയാൻ കെൽപ്പില്ലാത്ത പോകുന്നു?. ഈ ഇരട്ടത്താപ്പുകളെ എത്രനാൾ കണ്ടില്ലെന്ന് നടിക്കും?

കീഴാറ്റൂരില്‍ ജനകീയ സമരം സംഘടിപ്പിച്ചവരെ ഇടത് സർക്കാരും സിപിഐഎം നേതാക്കളും വിളിച്ചത് തീവ്രവാദികളുടെ സമരമെന്നായിരുന്നു. മാവോയിസ്റ്റുകളുടെ പിന്തുണകൊണ്ട് ആണ് കീഴാറ്റൂരിൽ സമരം നടക്കുന്നതെന്നും ഇവർ ആരോപിച്ചു. ഈ ആരോപണങ്ങളൊന്നും ശബരിമലയുടെ പേരിൽ സമരം ചെയ്യുന്നവരെ ബാധിക്കുന്നില്ല. അങ്ങനെ ഒരാക്ഷേപം ഉന്നയിക്കാൻ പോലും സിപിഐഎം ധൈര്യപെടാത്തതിന്റെ പിന്നിലേ കാരണമെന്താണ്?

വടയമ്പാടി ജാതിമതിൽ വിരുദ്ധ പ്രക്ഷോപം സംഘടിപ്പിച്ചവർക്കെതിരെ മാവോയിസ്റ്റ് ബന്ധമായിരുന്നു പൊലീസ് ഉന്നയിച്ചിരുന്നത്. സർക്കാരും പോലീസും സമരത്തിൽ മുസ്ളീം തീവ്രവാദികൾ വരെയുണ്ടെന്ന് കണ്ടെത്തി. ഇന്റലിജൻസ് റിപ്പോർട്ടുകളും ഇതിന്റെ പേരിൽ പുറത്ത് വന്നുകൊണ്ടേ ഇരുന്നു. മാധ്യമങ്ങൾ ഈ മാവോയിസ്റ്റ് ഇസ്ലാമിസ്റ്റ് ബാന്ധവത്തെത്തക്കുറിച്ച് പ്രത്യക പേജുകൾ തന്നേ നീക്കി വെക്കുന്നതും കേരളം കണ്ടു. എന്നിട്ടും ശബരിമലയുടെ മറവിൽ നടക്കുന്ന ഈ സമരത്തിനെ ഭക്തി സമരം എന്ന് മാധ്യമങ്ങളും പിണറായി സർക്കാരും വിശേഷിപ്പിക്കുന്ന വികാരം എന്താകും?

Read Also  ഗുജറാത്ത് വംശഹത്യ: ബിൽക്കീസ് ബാനുവിന് 50 ലക്ഷം രൂപയും സർക്കാർ ജോലിയും നൽകാൻ നിർദ്ദേശം

ഗെയിൽ വാതക പൈപ്പ് ലൈൻ ജനവാസ മേഖലകളിലൂടെ സ്ഥാപിക്കുന്നതിനെതിരെ നടത്തിയ സമരങ്ങൾ തീവ്ര ഇസ്ലാമിക് സംഘടനകളുടെ സമരമെന്നായിരുന്നു സിപിഐഎം വിശേഷണം. ഒരിക്കൽ പോലും തീവ്ര ഹിന്ദുത്വ സംഘടനകളുടെ സമരമാണ് ശബരിമലയുടെ മറവിൽ നടക്കുന്നതെന്ന് പറയാൻ സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ മാധ്യമങ്ങളെ കണ്ടിട്ടില്ല.

ഹിന്ദുത്വം ഹിന്ദുത്വത്തിന്റെ പേരിൽ തന്നെ നടത്തുന്ന സമരങ്ങൾ കേരളത്തിനും സിപിഐഎമ്മിനും സർക്കാരിനും പൊലീസ് വകുപ്പുകൾക്കും ജനാധിപത്യ മതേതരത്വ സമാധാന സമരങ്ങൾ മാത്രമാണ്. ഇത്തരം സമരങ്ങൾക്ക് പിന്നിൽ ഏതെങ്കിലും തരത്തിലുള്ള ബന്ധങ്ങൾ ഉണ്ടെന്ന് ആരോപിക്കുന്നത് പോലും കൊടിയ കുറ്റകൃത്യമാണ്. അതേസമയം ഏതെങ്കിലും ക്വാറി മാഫിയകൾക്കെതിരെയോ, വയൽ നികത്തുന്നതിനെതിരെയോ, സമാധാന ജീവിതം തകർക്കുന്നവർക്കെതിരെ നടത്തുന്ന നിരാഹാര സമരങ്ങൾ പോലും സർക്കാരിനും പൊലീസിനും സിപിഐഎമ്മിനും തീവ്രവാദ, മാവോയിസ്റ്റ്, നക്സലിസ്റ്റ് ഇസ്ലാമിസ്റ്റ് സംഘടനകളുടെ സ്‌പോൺസേർഡ് സമരമാകും. കിനാലൂരിലും പുതു വൈപ്പിനിലും എന്ന് വേണ്ട സകല ജനകീയ സമരങ്ങളിലും ഉയരുന്ന പിണറായി സർക്കാരിന്റെ പൊലീസ് ലാത്തികൾ ഹിന്ദുത്വത്തിന്റെ നേരെ ഉയരില്ല. അതാണ് ഈ നാട്ടിലെ സെക്കുലർ ബോധം. ഇതാണ് ഇടത് ബോധമുള്ള, ചുവന്ന മണ്ണുള്ള കേരളത്തിന്റെ സെക്കുലർ നിയമം.

Spread the love

Leave a Reply