Monday, January 17

എന്തിന് നിങ്ങള്‍ മാവോ വായിക്കുന്നു? എന്തിന് നിങ്ങള്‍ മാര്‍ക്സിനെ വായിക്കുന്നു? എന്തിന്? എന്തിന്? എന്തിന്?

എന്‍റെ മുപ്പത് വര്‍ഷത്തെ പാണ്ഡിത്യജീവിതം അഞ്ച് മിനിട്ടുകൊണ്ട് നശിപ്പിക്കപ്പെട്ടു. അവര്‍ എന്നോട് ചോദിച്ചു, “എന്തിന് നിങ്ങള്‍ മാവോ വായിക്കുന്നു?”, “എന്തിന് നിങ്ങള്‍ മാര്‍ക്സിനെ വായിക്കുന്നു?”.” എന്തിനാണ് നിങ്ങളുടെ കൈയ്യില്‍ ഗദ്ദറുടെ പാട്ടുകള്‍?”, “എന്തിനാണ് നിങ്ങള്‍ ദേവീദേവന്മാരുടെ ചിത്രങ്ങള്‍ക്ക് പകരം അംബേദ്കറുടെയും ഫൂലെയുടെയും ചിത്രങ്ങള്‍ തൂക്കുന്നത്?”. ഇത്തരം ചോദ്യങ്ങള്‍ക്ക് ശേഷം അവര്‍ ചോദിച്ചത് “എന്തിന് നിങ്ങളൊരു ബുദ്ധിജീവി ആകാന്‍ ശ്രമിക്കുന്നു?” “എന്തുകൊണ്ട് നിങ്ങള്‍ കിട്ടുന്ന പണംകൊണ്ട് സന്തോഷിക്കുന്നില്ല?” എന്നുമാണ്.

“അതെ ഞാന്‍ സന്തുഷ്ടനാണ്.

പക്ഷെ എനിക്ക് വായിക്കുകയും പഠിപ്പിക്കുകയും വേണം”.

– പ്രൊഫസര്‍ സത്യനാരായണ –

 

കഴിഞ്ഞ ദിവസം പോലീസ് റെയിഡിന് വിധേയനായ പ്രൊഫസര്‍ സത്യനാരായണയുടെ വാക്കുകളാണ് മുകളില്‍ വായിച്ചത്. ഹൈദ്രാബാദിലെ ഇംഗ്ലീഷും വിദേശഭാഷകളും യൂണിവേഴ്സിറ്റി (EFLU)യിലെ സാംസ്കാരികപഠനകേന്ദ്രം തലവനും ഇന്‍റര്‍ ഡിസിപ്ലനറി പഠനകേന്ദ്രം ഡീനുമായ പ്രൊഫസര്‍ സത്യനാരായണയുടെ വീട്ടില്‍ മഹാരാഷ്ട്ര തലുങ്കാന പോലീസ് റെയിഡ് നടത്തിയിരുന്നു. ഭീമ കൊറേഗാവ് പ്രതിരോധവുമായി ബന്ധപ്പെട്ട് രാജ്യത്തെമ്പാടുമുള്ള പണ്ഡിതരെയും മനുഷ്യാവകാശപ്രവര്‍ത്തകരെയും അറസ്റ്റ് ചെയ്യുന്നതിന്‍റെ ഭാഗമായാണ് പ്രൊഫസര്‍ സത്യനാരായണയുടെ വീട്ടിലും റെയിഡ് നടന്നത്.

മുന്‍കൂട്ടിയുള്ള യൊതൊരറിയിപ്പും കൂടാതെ എത്തിച്ചേര്‍ന്ന റെയിഡ് സംഘം കുടുംബാംഗങ്ങള്‍ ഉള്‍പ്പെടെ എല്ലാവരെയും ഒരു ദിവസം മുഴുവന്‍ വീട്ടുതടങ്കലിലാക്കിയത്. പ്രൊഫസറുടെ വീടിന് പുറത്ത് എത്തിയ സഹപ്രവര്‍ത്തകരുമായോ വിദ്യാര്‍ത്ഥികളുമായോ സംസാരിക്കാന്‍ അദ്ദേഹത്തെ അനുവദിച്ചില്ല. പ്രസിദ്ധ മനുഷ്യാവകാശപ്രവര്‍ത്തകനും കവിയുമായ വരവരറാവുവിന്‍റെ മരുമകനാണെന്നതിനപ്പുറം യാതൊരു കുറ്റവും ആരോപിക്കാതെയായിരുന്നു പോലീസ് റെയിഡെന്നാണ് പ്രൊഫസര്‍ സത്യനാരായണ അതേപ്പറ്റി പറയുന്നത്.

തന്‍റെ മുപ്പത് വര്‍ഷത്തെ പാണ്ഡിത്യജീവിതം നശിപ്പിക്കപ്പെടുകയും താന്‍ അപമാനിക്കപ്പെടുകയും ചെയ്തുവെന്നാണ് പ്രൊഫസര്‍ പറയുന്നത്. പോലീസ് ലാപ്ടോപ്പും ഹാര്‍ഡ് ഡിസ്കുകളും പെന്‍ ഡ്രൈവുകളും മറ്റെല്ലാ പഠനസാമഗ്രികളും കണ്ടു കെട്ടിയതായി അദ്ദേഹം പരാതിപ്പെടുന്നു. ഒപ്പം ഫോണും ഇ-മെയിലും ബ്ലോക്ക് ചെയ്യുകയും ചെയ്തു. ഈ അധികാര നടപടിയ്ക്കെതിരെ സര്‍വ്വ കലാശാല വിദ്യാര്‍ത്ഥികളും അധ്യാപകരും അനധ്യാപകരും പ്രതിഷേധിച്ചു.

 

അവലംബം: സാജ്ദ് എഫ്ലുവിന്‍റെ ഫേസ് ബുക് പോസ്റ്റ്.

പ്രൊഫസര്‍ സത്യനാരായണയുടെ വീഡിയോയും കാണാം.

ലിങ്ക്: https://www.facebook.com/100010723390193/videos/889655831401855/

 

Spread the love