Saturday, January 22

ഞാൻ എന്തുകൊണ്ട് SFI വിട്ടു?; റഷ അഹമ്മദ് എഴുതുന്നു

മടപ്പള്ളി സർക്കാർ കോളേജിൽ കഴിഞ്ഞ ദിവസങ്ങളിൽ എസ്എഫ്ഐയുടെ ആക്രമണത്തിന് ഫ്രറ്റേർണിറ്റി, യുഡിഎസ്എഫ്, ഹരിത പ്രവർത്തകർക്ക് പരിക്കേറ്റിരുന്നു. സ്ത്രീകൾ ഉൾപ്പടെയുള്ളവരെ എസ്എഫ്ഐ പ്രവർത്തകർ ആക്രമിച്ചുവെന്നാണ് ഇവർ പറയുന്നത്. ഈ അവസരത്തിൽ മുൻ എസ്എഫ്ഐ പ്രവർത്തക താൻ എന്ത് കൊണ്ടാണ് മടപ്പള്ളി കോളേജിലെ എസ്എഫ്ഐയിൽ നിന്നും രാജി വെക്കാനുണ്ടായ കാരണം എന്ന് വെളിപ്പെടുത്തുന്നു.

റഷ അഹമ്മദ്

എന്നെ പരിചയപ്പെടുത്തിക്കൊണ്ടു തന്നെ തുടങ്ങട്ടെ. ഞാൻ റഷ അഹമ്മദ്. യഥാർത്ഥത്തിൽ, ഒരു ‘മടപ്പള്ളിയൻ’ ആയതിൽ ഞാൻ ലജ്ജിക്കുന്നു. SFI വിട്ട് UDSF ലേക്കുള്ള എന്‍റെ മാറ്റത്തിന്‍റെ കഥയാണ് ഞാനിനി പറയാൻ പോകുന്നത്. മടപ്പള്ളി ഗവ. കോളേജിൽ അഡ്മിഷൻ എടുക്കുക എന്നുള്ളത് എന്‍റെ ആഗ്രഹമായിരുന്നു. പക്ഷെ, എന്‍റെ ഹയർ സെക്കണ്ടറി അധ്യാപകർക്കും രക്ഷിതാക്കൾക്കും ഞാൻ ആ ക്യാമ്പസിൽ പോകാനുദ്ദേശിക്കുന്നതിനോട് വിരോധമുണ്ടായിരുന്നു. ഇതിനെകുറിച്ച് അന്വേഷിച്ചപ്പോൾ എസ്.എഫ്.ഐ ഗുണ്ടകളാൽ ആക്രമിക്കപ്പെടുന്ന സൽവ അബ്ദുൽ ഖാദറിന്‍റെയും തംജിദയുടെയും വീഡിയോകള്‍ അവരെനിക്ക് കാണിച്ചു തന്നു.

ഞാനും എന്‍റെ അമ്മാവനും ഇടതുപക്ഷക്കാരാണ്. അതുകൊണ്ടു തന്നെ പെൺകുട്ടികളോട് എസ്.എഫ്.ഐ ഇത്തരത്തിൽ പെരുമാറുമെന്നത് എനിക്ക് വിശ്വസിക്കാൻ പറ്റുമായിരുന്നില്ല. ഇടതുപക്ഷത്തിലുള്ള വിശ്വാസം കാരണം ഞാനെന്‍റെ ബാപ്പയോട് ഒരുപാട് തർക്കിച്ചു. ജൂലൈ മാസത്തിലാണ് ഞാൻ ആദ്യമായി കാമ്പസിലെത്തുന്നത്. പക്ഷെ, എന്‍റെ ഉപ്പയുടെ വാദങ്ങൾക്ക് നേർവിപരീതമായുള്ള കാഴ്ച്ചകളായിരുന്നു ഞാനവിടെ കണ്ടത്. ക്യാമ്പസ് മുഴുവൻ എസ്.എഫ്.ഐ ഹെൽപ് ഡെസ്കുകളാൽ നിറഞ്ഞിരിക്കുന്നു. ക്ലാസുകൾ ആരംഭിച്ചപ്പോൾ ഞാൻ എസ്.എഫ്.ഐയുടെ ഭാഗമാവുകയും മാർച്ചുകളിലും മറ്റും പങ്കെടുക്കുകയും ചെയ്തു.

സ്വാതന്ത്ര്യം, ജനാധിപത്യം, സോഷ്യലിസം, SFI സിന്ദാബാദ് എന്നൊക്കെ അഭിമാനത്തോടെ ഞാനും ഉറക്കെ വിളിച്ചു. പക്ഷെ, ക്യാമ്പസിലെ ക്രൂര യാഥാർത്ഥ്യങ്ങളിലേക്ക് എത്തിയപ്പോൾ എന്‍റെ പിതാവ് പൂർണമായും ശരിയായിരുന്നുവെന്ന് ഞാൻ മനസ്സിലാക്കി. എസ്.എഫ്.ഐയുടെ മൂല്യങ്ങൾ വെറും വാക്യങ്ങളിൽ മാത്രമായിരുന്നു. അവർക്കെതിരെ ശബ്ദമുയർത്തുന്നവർക്ക് ഒരു സ്വാതന്ത്ര്യവും അവിടെയുണ്ടായിരുന്നില്ല.

ജനാധിപത്യത്തിന് പകരം ഏകാധിപത്യമായിരുന്നു അവിടെ നില നിന്നിരുന്നത്. സോഷ്യലിസം ആ എസ്.എഫ്.ഐ ഗുണ്ടകളിൽ നിന്ന് ഒരുപാടൊരുപാട് അകലെയായിരുന്നു. ഞങ്ങളുടെ മുമ്പിൽ വെച്ച് തന്നെ അവർ മറ്റു പാർട്ടികളുടെ പോസ്റ്ററുകളും ബാനറുകളും പറിച്ചെറിയുകയും കത്തിക്കുകയും ചെയ്യുന്നത് എനിക്ക് കാണേണ്ടി വന്നു. എന്നെ എസ്.എഫ്.ഐ വിരുദ്ധയാക്കിയ ആ വഴിത്തിരിവ് ഇതായിരുന്നു. ഞാനും എന്‍റെ ചില കൂട്ടുകാരും യാഥാർത്ഥ്യം മനസ്സിലാക്കാൻ തുടങ്ങി. ഈ തെമ്മാടിത്തത്തിനെതിരെ ഞങ്ങൾ ശബ്ദമുയർത്താൻ തുടങ്ങി. SFIയിൽ നിന്നും വിട്ട് UDSFന്‍റെ ഭാഗമാവുകയും ചെയ്തു.

ഇപ്പോഴും, എന്തുകൊണ്ട് ഞങ്ങൾക്കിത് അധ്യാപകരോട് പരാതിപ്പെട്ടുകൂടാ എന്ന് നിങ്ങൾ ചിന്തിക്കുന്നുണ്ടാവും. അവരെ അധ്യാപകരെന്നു വിളിക്കാൻ തന്നെ എനിക്ക് ബുദ്ധിമുട്ടാണ്. ഒരു അധ്യാപകനാകാൻ വേണ്ടത് PHD ഒന്നുമല്ല, ഒരു നല്ല ഹൃദയമാണ്. മറ്റാരെക്കാളും അധ്യാപകരാണ് കലാലയങ്ങളിലെ സന്തുലിതാവസ്ഥ നിലനിർത്തേണ്ടവർ. തെറ്റുകളെ അവർ തടഞ്ഞിരിക്കണം. പക്ഷെ, അവരെല്ലാവരും അടിമകളാണ്. രാഷ്ട്രീയ സമ്മർദ്ദങ്ങളുടെ അടിമകൾ.

Read Also  എസ് ഐ യും സി പി എം ഏരിയ സെക്രട്ടറിയുമായി ഒരു ഫോൺ മല്പിടിത്തം ; ഓഡിയോ വൈറലായി

2018ലെ ആ നോമിനേഷൻ ഡേ എനിക്കൊരിക്കലും മറക്കാനാവില്ല. കേളേജിൽ വെച്ച് ഞാൻ ആദ്യമായി കരഞ്ഞ ദിവസം അന്നായിരുന്നു. UDSFന്‍റെ ശക്തനായ സ്ഥാനാർത്ഥിയായ എന്‍റെ സുഹൃത്തിനെ നോമിനേഷൻ സമർപ്പിക്കാൻ മടപ്പള്ളിയിലെ SFI ഗുണ്ടകൾ സമ്മതിച്ചില്ല. അവൻ വിജയിച്ച് പോകുമോ എന്ന ഭയത്താൽ അവർക്ക് അവനെ ഒരു എതിരാളിയായി അംഗീകരിക്കാനാകുമായിരുന്നില്ല. അവനെ യൂണിയൻ ഓഫിസിലേക്ക് കൂട്ടിക്കൊണ്ടുപോയി. ക്യാമ്പസിലെ ഭൂരിഭാഗം SFIക്കാരും അവിടെയെത്തിയിട്ടുള്ളത് പഠിക്കാനല്ല, മറിച്ച് 3 വർഷത്തെ ക്വൊട്ടേഷന്‍റെ ഭാഗമായിട്ടാണെന്നും കേസുകളൊക്കെ പാർട്ടി ഏറ്റെടുത്ത് കൊള്ളുമെന്നതിനാൽ തങ്ങൾക്ക് പേടിക്കാനൊന്നുമില്ലെന്നൊക്കെയാണ് അവർ അവനോട് പറഞ്ഞത്.

നിലവിൽ ഞങ്ങളുടെ മേൽ ഒരുപാട് കേസുകളുണ്ടായതിനാൽ തന്നെ പുതിയൊരു കേസ് ഞങ്ങൾക്കൊരു പ്രശ്നമല്ലെന്നും അവർ കൂട്ടിച്ചേർത്തു. അതുകൊണ്ട് നോമിനേഷൻ കൊടുക്കാതിരിക്കുകയാണ് നിനക്ക് നല്ലത് എന്നൊക്കെ പറഞ്ഞായിരുന്നു അവർ ഭീഷണിപ്പെടുത്തിയത്.

ഞങ്ങൾ ഇലക്ഷനിൽ മത്സരിക്കാതിരിക്കാൻ തന്നെ അവർ ഒരു പാട് ശ്രമങ്ങൾ നടത്തി. അവർക്കെതിരായുള്ള ഒരു മത്സരവും അവർ അനുവദിച്ചിരുന്നില്ല. വിയോജിപ്പില്ലാത്തിടത്ത് ജനാധിപത്യമില്ലെന്ന് അവർ സൗകര്യപൂർവ്വം മറന്നു കളയുകയായിരുന്നു.

ഒരുപാടു തവണ അധ്യാപകരോട് ഞങ്ങൾ പരാതിപ്പെട്ടെങ്കിലും ഒരു ഫലവുമുണ്ടായിരുന്നില്ല. ഇതൊരു ഒറ്റപ്പെട്ട സംഭവമൊന്നുമല്ല. UDSFൽ പ്രവർത്തിച്ചതിന്‍റെ പേരിൽ എന്‍റെ സുഹൃത്തുക്കളിൽ പലർക്കും ഇരുമ്പുദണ്ഡുകൾ കൊണ്ട് ഭീഷണി നേരിടേണ്ടി വന്നിട്ടുണ്ട്. മറ്റു പാർട്ടികളിലുള്ളവർക്കൊക്കെ ഇതൊക്കെ ഒരു തരം ഞെട്ടലുകളായിരുന്നു. പക്ഷെ അവർ ഞങ്ങളെ ഉപദ്രവിച്ചുകൊണ്ടേയിരുന്നു.

സത്യത്തിൽ ക്യാമ്പസിൽ ഒരു ഒരുമയും ഉണ്ടായിരുന്നില്ല. ഞങ്ങളിവിടെയെത്തിയിട്ടുള്ളത് പഠിക്കാനാണ്. അല്ലാതെ ഒരുപാട് കേസുകൾക്ക് പിറകെ നടക്കാനല്ല. SFIക്കാരുടെ നിരന്തരമായ ഭീഷണി മൂലം എന്‍റെ ഒരു സുഹൃത്തിന് ഈ കോളേജ് തന്നെ ഉപേക്ഷിക്കേണ്ടി വന്നു. അവൻ ചെയ്ത ഒരേയൊരു തെറ്റ് 2017ലെ ഇലക്ഷനിൽ മത്സരിച്ചു എന്നതായിരുന്നു.

കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി അത്ര സുഖകരമായ കാര്യങ്ങളല്ല കോളേജിൽ സംഭവിച്ചുകൊണ്ടിരിക്കുന്നത്. ആൾക്കൂട്ടത്തിനു മുമ്പിൽ വെച്ചുപോലും പെൺകുട്ടികളെ SFI ഗുണ്ടകൾ ക്രൂരമായി അക്രമിച്ചിരിക്കുകയാണ്. ക്യാമ്പസിൽ നേതാക്കാളായി വളർന്നു വരുന്നുണ്ട് എന്നവർക്ക് തോന്നുന്നവരെയും തങ്ങൾക്കെതിരെ ചോദ്യങ്ങളുയർത്തുന്നവരുമായ മുഴുവൻ ആൺകുട്ടികളെയും അവർ ക്രൂരമായി മർദ്ദിച്ചിരിക്കുകയാണ്.

പെൺകുട്ടികളാരെങ്കിലും അവർക്കെതിരിൽ വിരൽ ചൂണ്ടിയാൽ ‘നീ വെറുമൊരു പെണ്ണാണ്’ എന്നതായിരുന്നു സഖാക്കളുടെ മറുപടി. സമത്വത്തെപ്പറ്റി വാ തോരാതെ സംസാരിക്കുന്ന “പുരോഗമനവാദി”കളായ അവർ പറഞ്ഞ് നാവെടുക്കുന്നതിന് മുമ്പ് ഇത്തരത്തിലാണ് പെൺകുട്ടികളോട് പെരുമാറുന്നത്. സമത്വ സുന്ദര ഭാരതത്തെക്കുറിച്ച് വാതോരാതെ സംസാരിക്കുന്ന, സഖാവേ, നിങ്ങളിൽ നിന്ന് വിദ്യാർത്ഥിനികൾ (ഒന്നും പ്രതീക്ഷിക്കുന്നില്ലെങ്കിലും) പ്രതീക്ഷിക്കുന്നതിതല്ല. സഖാവേ, സ്വയം മാറാൻ തയ്യാറാവുക.

ഞാനും ഒരു കമ്മ്യൂണിസ്സാണ്. പക്ഷെ ഞാനറിഞ്ഞ യഥാർത്ഥ കമ്മ്യൂണിസം ഇതല്ല. മടപ്പള്ളിയിലെ SFI അക്രമകാരികളെന്നെ ഞാൻ നിങ്ങളെ വിളിക്കൂ. നിങ്ങൾ ശരിയാണെങ്കിൽ നിങ്ങൾക്കെതിരെയുള്ള ചോദ്യങ്ങളെ നിങ്ങൾക്കടിച്ചമർത്തേണ്ടി വരില്ല. എന്തുകൊണ്ട് നിങ്ങൾക്കവയെ സ്വീകരിച്ചു കൂടാ ?

Read Also  ജെ.എന്‍.യു. വിദ്യാര്‍ഥി യൂണിയന്‍ തെരഞ്ഞെടുപ്പിൽ ഇടത് സഖ്യത്തിന് മുൻ‌തൂക്കം; അക്രമവുമായി എ.ബി.വി.പി.

SFI സിന്ദാബാദ് എന്ന് വിളിച്ചിരുന്ന അതേ നാവുകൊണ്ടുതന്നെ SFI മൂർധാബാദ് എന്ന് ഇന്നെനിക്ക് വിളിക്കാനാറിയാം. ഒരു പേടിയുമില്ലാതെ തന്നെ. SFI മൂർധാബാദ്… മൂർധാബാദ്… മൂർധാബാദ്…
മടപ്പള്ളിയിലെ SFI തെമ്മാടികളെ, SFIകാരിയായിരുന്ന ഞാൻ ഒരു SFI വിരുദ്ധയായി മാറിയത് നിങ്ങളുടെ പ്രവർത്തനമൊന്നു കൊണ്ടു മാത്രമാണ്.

ഇത് എന്‍റെ മാത്രം കഥയല്ല. മര്യാദകെട്ട ഈ കൂട്ടത്തിനെതിരെ ശബ്ദമുയർത്താൻ ഇനിയുമൊരുപാട് പേരുണ്ടവിടെ. പക്ഷെ അവർക്കൊക്കെ ഇവരുടെ മേൽ ഒരുതരം പേടിയാണ്. പക്ഷെ എന്നെ അവരുടെ കൂട്ടത്തിൽ എണ്ണരുത്. ഞാൻ പൊരുതുന്നത് എനിക്കു വേണ്ടിയല്ല. മടപ്പള്ളിയിലെ ഓരോരുത്തർക്കും വേണ്ടിയാണ്. ഞങ്ങൾക്ക് വേണ്ടത് സമാധാനവും ഒത്തൊരുമയുമാണ്. SFI എന്നാൽ Students Federation of India എന്നാണ്. അല്ലാതെ വിദ്യാർത്ഥി വിരുദ്ധ സംഘടന എന്നല്ല.

റഷ അഹമ്മദ്

Spread the love

Leave a Reply