Monday, January 24

ലോകമെങ്ങും പത്രങ്ങളുടെ ശവമടക്ക് കഴിഞ്ഞിട്ടും ഓൺലൈൻ വാർത്താ മാധ്യമങ്ങളോട് അയിത്തം കൽപ്പിക്കുന്ന മലയാള മാധ്യമങ്ങൾ

കേരളത്തിലെ പത്ര ദൃശ്യ മാധ്യമങ്ങൾ ഓൺലൈൻ മീഡിയകളോട് അവ ഉണ്ടായ കാലം മുതൽക്കേ കാണിച്ചുകൊണ്ടിരിക്കുന്ന മനോഭാവത്തെ അയിത്തം എന്നേ വിശേഷിപ്പിക്കാൻ കഴിയൂ. ഇന്ന് എല്ലാ പത്ര ദൃശ്യ മാധ്യമങ്ങൾക്കും ഓൺലൈൻ മീഡിയ ഉണ്ടായിരിക്കുമ്പോൾ തന്നെയാണ് ഇവർ ഇത്തരത്തിൽ അയിത്തം കൽപ്പിക്കുന്നത്. എന്നാൽ ഈ ഓൺലൈൻ മാധ്യമങ്ങൾ പുറത്ത് കൊണ്ടുവരുന്ന വാർത്തകൾ അതേപോലെ പബ്ലീഷ് ചെയ്യുന്നതിലൊന്നും യാതൊരു ഉളുപ്പും ഇവർ കാണിക്കാറുമില്ല. അത്തരത്തിൽ കോപ്പി പേസ്റ്റ് ചെയ്യുന്ന വാർത്തകൾക്ക് ഒരു ക്രെഡിറ്റ് പോലും ഈ മുതു മുത്തശ്ശൻ/ മുത്തശ്ശി /അമ്മാവൻ പത്ര ദൃശ്യ മാധ്യമങ്ങൾ കാണിക്കാറും ഇല്ല.

ദേശീയ ഓൺലൈൻ മാധ്യമങ്ങളായ ദി വയർ, സ്ക്രോൾ തുടങ്ങിയ സൈറ്റുകളിൽ വരുന്ന വാർത്തകളാണ് ഇവിടുത്തെ ഒട്ടുമിക്ക ഓൺലൈൻ മാധ്യമങ്ങളും പത്ര ദൃശ്യ മാധ്യമങ്ങളും കൊടുക്കുന്നത് എന്നതും ആർക്കും തിരസ്ക്കരിക്കാനാവാത്ത വസ്തുതയാണ്. അത്തരത്തിൽ വാർത്തകളെ ‘ചൂഷണം’ ചെയ്യുന്നതിൽ ഇവർക്കാർക്കും ഒരു മടിയും ഇതുവരെ കണ്ടിട്ടില്ല . എന്നാൽ ഓൺലൈൻ മാധ്യമങ്ങളെ മാധ്യമങ്ങളാണ് എന്ന് അംഗീകരിക്കുവാൻ ഇവർ ഇനിയും തയ്യാറായിട്ടില്ല എന്നതാണ് കൗതുകം.

യൂറോപ്പ് പോലുള്ള സാങ്കേതിക വിദ്യ അധികം വികസിച്ചിരിക്കുന്ന രാജ്യങ്ങളിൽ പ്രിൻ്റ് മീഡിയകളുടെ ശവമടക്ക് കഴിഞ്ഞതും ഇവരാരും തിരിച്ചറിഞ്ഞിട്ടില്ലെന്ന് വേണം കരുതാൻ. ലണ്ടനിൽ നിന്ന് പ്രസിദ്ധീകരിച്ചിരുന്ന ദി ഇൻഡിപെൻഡന്റ് തങ്ങളുടെ പ്രിന്റ് എഡിഷൻ അവസാനിപ്പിച്ചിട്ട് രണ്ട് വർഷം കഴിഞ്ഞു. ഓൺലൈൻ മീഡിയകളുടെ സാധ്യത തിരിച്ചറിഞ്ഞ അവർ ഇപ്പോൾ പൂർണ്ണമായും ഓൺലൈൻ മാധ്യമമായി മാറി കഴിഞ്ഞു. ഇത്തരത്തിൽ പ്രിൻ്റ് നിർത്തലാക്കുകയും ഓൺലൈൻ ആവുകയും ചെയ്ത ധാരാളം പ്രമുഖ പത്രങ്ങൾ നിലനിക്കുമ്പോഴും ഇവിടുത്തെ ‘ഫ്യൂഡൽ പത്രങ്ങൾക്ക്’ തങ്ങളല്ലാതെ മറ്റാരും ഈ രംഗത്ത് വരരുത് എന്ന വാശി മാത്രമാണ്.

മലയാളത്തിലെ ആദ്യ മുഴുനീള വാർത്ത ചാനൽ എന്ന ടാഗ് ലൈനോട് കൂടി ഇന്ത്യാവിഷൻ 24 മണിക്കൂർ വാർത്ത സംപ്രേഷണവുമായി രംഗത്ത് വന്നത് ഈ ഫ്യൂഡൽ മാധ്യമങ്ങളെ കുറച്ചൊന്നുമായിരുന്നില്ല അന്ന് പൊള്ളിച്ചത്. 24 മണിക്കൂർ വാർത്ത ആളുകൾ കാണുന്നത് എങ്ങനെയാ?, അതിന് മാത്രം വാർത്തകൾ എവിടുന്നാണ്, ഇവർ എങ്ങനെ നിലനിൽക്കും?, പരസ്യം ആരാണ് ഇവർക്ക് നൽകുക തുടങ്ങിയ ഒരു പാട് ചോദ്യങ്ങൾക്കിടയിലാണ് ഇന്ത്യാവിഷൻ അതിൻ്റെ സംപ്രേഷണം ആരംഭിച്ചത്. (പിന്നീട് ഇന്ത്യാവിഷൻ ചാനലിന് എന്ത് സംഭവിച്ചു എന്നത്  മറ്റൊരു ചരിത്രം).

കഴിഞ്ഞ കുറച്ചു നാളുകളായി പ്രധാന മലയാള പത്രങ്ങളുടെ ഒരു കൺസോർഷ്യം പരസ്യം കാണാമായിരുന്നു. വാർത്ത ചാനലുകളിൽ ആളുകൾ പരസ്യം കാണുന്നതിൽ കൂടതൽ ഇത്ര ശതമാനം പരസ്യം കാണുന്നത് തങ്ങളിലൂടെയാണ് എന്ന പത്രങ്ങളുടെ വിശദീകരണമായിരുന്നു അത്. പരസ്യത്തിന് വേണ്ടി പരസ്യം ചെയ്യുക. പരസ്യ വിപണികളിലുള്ളവർക്ക് കൃത്യമായി യുവത ഏത് വഴിക്കാണ് നീങ്ങുന്നത് എന്നുള്ള ധാരണ ഉള്ളത് കൊണ്ട് സ്വാഭാവികമായും അവർ പത്രങ്ങളിൽ നിന്നുള്ള പരസ്യങ്ങൾ പിൻവലിക്കുകയും അവ ഓൺലൈൻ, ദൃശ്യ മാധ്യമങ്ങൾക്ക് നൽകുകയും ചെയ്തു. ഇത് പത്ര സ്ഥാപനങ്ങളെ കുറച്ചൊന്നുമല്ല സ്തംഭനാവസ്ഥയിൽ ആക്കിയിട്ടുള്ളത്. തങ്ങളുടെ ദൃശ്യ മാധ്യമങ്ങൾ തന്നെയാണ് വാർത്താ മേഖലകളിൽ മുന്നിൽ എങ്കിലും പ്രിന്റ് വഴി ലഭിക്കുന്ന ലാഭം ഇതിലൂടെ ലഭിക്കുന്നില്ല എന്നത് തന്നെയാണ് അതിന് പിന്നിലെ കാരണം.

Read Also  'മൊബൈലിൽ സിനിമ കാണുന്നത് നികൃഷ്ടജന്മങ്ങൾ' ; ഓൺലൈൻ റിലീസിംഗിനെതിരെ അടൂർ

ഇന്ത്യാ വിഷനിലേക്ക് തന്നെ വരാം  അതിൻ്റെ ആരംഭകാലത്ത് കേരള പത്ര പ്രവർത്തക യൂണിയൻ അക്ഷരാർത്ഥത്തിൽ അയിത്തം മാത്രമായിരുന്നു കാണിച്ചിരുന്നത്. പത്ര സമ്മേളനങ്ങളിൽ ചോദ്യം ചോദിയ്ക്കാൻ പോലും അവർക്ക് അനുവാദം ഉണ്ടായിരുന്നില്ല. തുടർന്ന് നാളുകൾ നീണ്ട സമാന്തര പ്രതിഷേധങ്ങൾക്കൊടുവിൽ, തങ്ങളുടെ ദൃശ്യ ചാനലുകൾ കൂടി രംഗത്ത് വരുന്നതിന്റെ ഫലമായാണ് ദൃശ്യ മാധ്യമങ്ങളിൽ നിന്നുള്ളവരെ വാർത്ത മാധ്യമം ആയി അംഗീകരിക്കാൻ ഇക്കൂട്ടർ തയ്യാറായത്.

 

ഓൺലൈൻ മാധ്യമങ്ങളുടെ വരവോടു കൂടി വാർത്തകളെ തമസ്ക്കരിക്കാൻ കഴിയാത്ത അവസ്ഥ സംജാതമായി. ഒരു വാർത്തയ്ക്കും അതിന്റെ പ്രാധാന്യം നഷ്ട പ്പെടുന്ന അവസ്ഥ ഉണ്ടാവുന്നില്ല. എല്ലാ വാർത്തകളും വായനക്കാരിലേക്ക് എത്തുകയാണ്. രാവിലെ അഞ്ച് രൂപ കൊടുത്ത് മേടിക്കുന്ന പത്രത്തിലുള്ള വർത്തകളോടെ വാർത്തകൾ അവാനിക്കുന്നില്ലെന്ന് മനസ്സിലാക്കി തന്നത് ദൃശ്യ വാർത്താ മാധ്യമങ്ങൾ ആയിരുന്നു. അവിടെ നിന്നും ഒരു പടി കൂടെ കടന്ന് ലോകം വിരൽ തുമ്പിൽ കളിക്കുമ്പോൾ അവിടേക്ക് വാർത്തകളെ എത്തിക്കുന്ന ജോലിയാണ് ഓൺലൈൻ മാധ്യമങ്ങൾ ചെയ്യുന്നത്. അവിടെ വാർത്തകളെ കാശ് വാങ്ങിച്ചോ സ്വാധീനം കൊണ്ടോ ഇല്ലാതാക്കുവാൻ ഇന്ന് സാധ്യമല്ല. ഏതെങ്കിലും പ്രത്യക രാഷ്ട്രീയത്തിന്റെയോ മതത്തിന്റെയോ വക്താക്കളായി ഈ ഓൺലൈൻ മാധ്യമങ്ങൾക്ക് സ്ഥിരമായി നിലകൊള്ളാനും സാധ്യമല്ല. അത്തരത്തിൽ പ്രവർത്തിക്കുന്ന ഓൺലൈൻ മാധ്യമങ്ങൾ ഉണ്ടെങ്കിൽ പോലും അവർക്ക് എതിർപക്ഷങ്ങളെ പൂർണ്ണമായും കാണാതെ ഇരിക്കുവാനും ഓൺലൈനിൽ സാധ്യമല്ല.

വായനക്കാരുടെ പ്രതികരണങ്ങൾ വാർത്ത പബ്ലീഷ് ചെയ്ത ആ നിമിഷം മുതൽ ലഭ്യമാവുന്ന എന്നതാണ് ഓൺലൈൻ മാധ്യമങ്ങളുടെ മറ്റൊരു ഗുണം. വായിക്കുന്നവരുടെ പ്രതികരണങ്ങളിലേക്ക് വാർത്ത എത്തുന്നു എന്നതും മറ്റ് മീഡിയകളിൽ നിന്നും ഓൺലൈൻ മാധ്യമങ്ങളെ വ്യത്യസ്തമാക്കുന്നു. പ്രിന്റ് മാധ്യമങ്ങൾക്കും ദൃശ്യമാധ്യമങ്ങൾക്കും ഉള്ള എഡിറ്റോറിയൽ ബലം പിടിത്തം ഇല്ലാത്തതും, വാർത്തകളെ ജനങ്ങളുടെ ഭാഷയിൽ ജനങ്ങളിലേക്ക് അവതരിപ്പിക്കുക എന്ന നവസാധ്യതകളെ ഉപയോഗിക്കുന്നത് കൊണ്ടും ഓൺലൈൻ മാധ്യമങ്ങളെ തള്ളിക്കളഞ്ഞു ഈ ഫ്യൂഡൽ മാധ്യമങ്ങൾക്ക് ദീർഘകാലം നിലനിൽക്കാൻ സാധിക്കില്ല.

 

ചുംബന സമരം, നിൽപ്പ് സമരം, വടയമ്പാടി ഭൂ സമരം, മലബാർ ഗോൾഡിനെതിരെയുള്ള സമരം, ടെക്സ്റ്റൈൽ സ്ത്രീ തൊഴിലാളികളുടെ സമരം, വിനായകൻ, മധു, കുഞ്ഞുമോൻ, തുടങ്ങിയ ഒട്ടനവധി കൊലകൾ, ഹാദിയ വിഷയം, സംഘപരിവാറിന്റെ ഘർവാപ്പസി കേന്ദ്രങ്ങൾ, ട്രാൻസ്ജെൻഡറുകൾക്കെതിരെ നിരന്തരം നടക്കുന്ന അതിക്രമങ്ങൾക്കെതിരെയുള്ള വാർത്തകൾ, പാർശ്വ വൽക്കരിക്കപ്പെട്ട സമൂഹങ്ങളുടെ അവസ്ഥകളെ തുറന്ന് കാണിക്കുന്നത് ഉൾപ്പടെ കേരളത്തിലെ പത്രങ്ങളും ദൃശ്യ വാർത്താ ചാനലുകളും ഏറ്റെടുക്കാത്ത ഒരുപാട് വാർത്തകൾ സമൂഹ മനസ്സിലേക്ക് കൊണ്ട് വരികയും അതിനെ അത്തരത്തിൽ കൃത്യമായി പ്ലേസ് ചെയ്യുകയും ചെയ്യുന്നതിൽ ഓൺലൈൻ മാധ്യമങ്ങൾ വഹിക്കുന്ന പങ്ക് നിസ്സാരമല്ല.

തുടക്കകാലത്ത് ദൃശ്യമാധ്യമങ്ങളോട് പത്രപ്രവർത്തക സംഘടന കാണിച്ച അതേ അയിത്തം തന്നെയാണ് ഇപ്പോൾ ഓൺലൈൻ മീഡിയകളോട് ഇവർ കാണിക്കുന്നതും. കഴിഞ്ഞ ദിവസം എറണാകുളം പ്രസ് ക്ലബ്ബിൽ കണ്ടതും അത് തന്നെയായിരുന്നു. ഇതാദ്യമായല്ല ഇവർ ഓൺലൈൻ മീഡിയകളോട് അയിത്തം കാണിക്കുന്നത്, മുൻപും ഓൺലൈൻ മാധ്യമ പ്രവർത്തകർ പലപ്പോഴായി ഇത്തരം അനുഭവങ്ങൾ സമൂഹ മാധ്യമങ്ങൾ വഴി പങ്കുവെച്ചിട്ടുള്ളതാണ്. പ്രിന്റ്, ദൃശ്യ മാധ്യമങ്ങൾ കാണിക്കുന്ന അയിത്തത്തിനെതിരെ ഓൺലൈൻ മാധ്യമ പ്രവർത്തകൻ പ്രതീഷ് രമ ഫേസ്‌ബുക്കിൽ കുറിച്ച വാക്കുകൾ കൊണ്ട് അവസാനിപ്പിക്കാം ;ആരൊക്കെ മാറ്റി നിർത്തിയാലും നമ്മൾ ഇവിടെ തന്നെ സർവൈവ് ചെയ്യും’.

Spread the love

Leave a Reply