Monday, January 24

എന്നിട്ടുമെന്തേ അര്‍ജന്റീനയെ മലയാളികൾ ഇത്രമേല്‍ സ്‌നേഹിക്കുന്നു?

എന്നിട്ടുമെന്തേ അര്‍ജന്റീന?. കസാന്‍ അരീനയിലെ പുല്‍മൈതാനത്തില്‍ നിന്ന്, പോരാട്ടത്തിന്റെ കനല്‍വഴികള്‍ ലോകത്തിനു പകര്‍ന്ന ചെഗുവേരയുടെ നാട്ടുകാരായ, മെസി നയിച്ച അര്‍ജന്റീന ടീം അവസാനശ്വാസം വരേയും ഫ്രാന്‍സിനോട് പൊരുതിനിറഞ്ഞ്, കണ്ണീരോടെ മടങ്ങിയപ്പോള്‍, ട്രോളുകളുടെ പെരുമഴയായിരുന്നു വാട്‌സ് ആപ്പ് നിറയെ.

ഒരു ഗ്രൂപ്പിലെ ചെറുപ്പക്കാരന്റെ ചോദ്യം ഇങ്ങനെയായിരുന്നു; എന്നിട്ടുമെന്തേ അര്‍ജന്റീനയെ ആള്‍ക്കാര്‍ ഇത്രമേല്‍ സ്‌നേഹിക്കുന്നു?


ഏതാനും നാളുകള്‍ക്കു മുമ്പ്, അര്‍ജന്റീന പ്രീ ക്വാര്‍ട്ടറില്‍ കളിക്കളത്തിലിറങ്ങുന്ന നാളില്‍, കോട്ടയത്തെ സേക്രഡ് ഹാര്‍ട്ട് പള്ളിയില്‍ ഇടവകകളിലെ വനിതാകൂട്ടായ്മയുടെ പരിപാടിയില്‍ സംവാദത്തിനായി ചെന്നപ്പോള്‍ ഇതേ ചോദ്യം ഞാനവരോട് ചോദിച്ചിരുന്നു; മിക്കവരും പറഞ്ഞത് മെസി കാരണമെന്നാണ്. ആ മെസി ഗോളുകളൊന്നുമടിക്കാതെ അന്നു രാത്രി ക്രൊയേഷ്യയോട് നിരുപരാധികം മൂന്നുഗോളിന് കീഴടങ്ങുകയും, പള്ളിക്കടുത്തു തന്നെയുള്ള മീനച്ചിലാറിലെ ഗോള്‍മുഖത്തേക്ക് ഓടിക്കയറും പോലുള്ള ഓളപ്പരപ്പില്‍ മെസിയുടെ ആരാധകന്‍ ചാടിവീണ് ചുവപ്പുകാര്‍ഡ് കാണുകയും ചെയ്തത് അര്‍ജന്റീനന്‍ ആരാധകരുടെ വികാരാധിക്യം കുറച്ചൊന്നുമല്ല കൂട്ടിയത്. യഥാര്‍ത്ഥത്തില്‍ മലയാളികളുടെ അര്‍ജന്റീന ആരാധനയ്ക്കു മൂലകാരണം മെസിയല്ലെന്നത് ഞാനടക്കമുള്ള തലമുറ വരെയുള്ളവര്‍ക്കെല്ലാം കൃത്യമായി അറിയാവുന്നതാണ്. അതിനെല്ലാം ഒറ്റ കാരണം നമ്മുടെ ദൂരദര്‍ശനും മെസി മിശിഹയാവും മുമ്പ് ഫുട്‌ബോളിന്റെ ദൈവമായിക്കഴിഞ്ഞ മാറഡോണയും മെക്‌സിക്കന്‍ തിരമാല പോലെ അതിനെ കാത്തുസൂക്ഷിച്ച മെസിയുമാണെന്നു പറയാം.

നമ്മളൊക്കെ പിച്ചവെച്ചു നടന്നു തുടങ്ങിയ കാലത്താണ്, മറഡോണ തന്റെ പതിനഞ്ചാം വയസ്സില്‍ സീനിയര്‍ ഒന്നാം ഡിവിഷന്‍ ക്ലബ്ബായ അര്‍ജന്റീനോസ് ജൂനിയേഴ്‌സിനു വേണ്ടി ഉജ്വല അരങ്ങേറ്റം നടത്തിയത്. പ്രായക്കുറവിന്റെ കാരണത്താല്‍ കോച്ച് സീസര്‍ മെനോട്ടി മറഡോണയെ സൈഡ് ബെഞ്ചിലിരുത്തിയതിനാല്‍ ആ കളിയുടെ കാവ്യാത്മകത കാണാന്‍ ലോകം പിന്നെയും കാത്തിരിക്കേണ്ടി വന്നു. അപ്പോഴാണ്, 1985-ല്‍ ലീഡര്‍ കരുണാകരന്‍ ദൂരദര്‍ശന്റെ ഭൂതല സംപ്രേഷണം കേരളത്തില്‍ ഉദ്ഘാടനം ചെയ്യുന്നത്. ടി.വി. വാങ്ങാന്‍ സാധാരണക്കാരന് പാങ്ങില്ലാത്തതിനാലും സംപ്രേഷണം തിരുവനന്തപുരത്തു മാത്രമായി ചുരുങ്ങിയതിനാലും അതത്ര വലിയ ചലനമൊന്നുമുണ്ടാക്കിയില്ല. ഈ നേരത്താണ്,1986-ല്‍ മെക്‌സിക്കോയില്‍ ലോകകപ്പ് തുടങ്ങുന്നത്; ഒപ്പം ദൂരദര്‍ശന്റെ ഭൂതലസംപ്രേഷണം കേരളം മുഴുവനുമെത്തുന്നതും. ടി.വി. വീടുകളിലപ്പോഴും അപൂര്‍വമായിരുന്നു, ഉള്ളതാകട്ടെ കറുപ്പിലും വെളുപ്പിലും കാണാവുന്നതും. നാട്ടിന്‍പുറത്തെ ചെറുപ്പക്കാര്‍ ലോകകപ്പ് കളി ആദ്യമായി കാണാന്‍ അവസരമൊരുങ്ങിയ ആവേശത്തില്‍ ബ്ലാക്ക് ആന്‍ഡ് വൈറ്റ് ടി.വി.വാങ്ങാന്‍ മൂവായിരം രൂപയ്ക്കായി കേരളമങ്ങോളമിങ്ങോളം പിരിവെടുക്കുന്നതും ആദ്യമായിട്ടായിരുന്നു. രാഷ്ട്രീയത്തിനല്ലാത്ത ആദ്യത്തെ മെഗാപിരിവ്.

മാടത്തിന്റെ മുകളിലെ ക്ലബ്ബുകളിലും ചിലപ്പോള്‍ അപൂര്‍വമായി ടി.വി.യുള്ള വീടുകളിലും രാത്രി പകലാക്കി പുരുഷാരം നിറഞ്ഞു. അവരുടെ നെഞ്ചിടിപ്പിനു മുകളിലൂടെ അതിനേക്കാള്‍ സ്പന്ദിക്കുന്ന വേഗതയില്‍ മറഡോണ പന്തുമായി മുന്നേറി. ഇടയ്ക്കദ്ദേഹത്തിന്റെ കാലുകള്‍ തളരുമ്പോള്‍ പലരും തകർന്നു. രാവിനെ പകലാക്കിയുള്ള കളിക്കൊടുവില്‍ എപ്പോഴോ കിടന്നുറങ്ങി. അങ്ങനെ മലയാളികളാദ്യമായി ലോകകപ്പിന്റെ വശ്യസൗന്ദര്യം ടി.വി.യില്‍ തത്സമയം ആസ്വദിച്ചു. പിന്നീട് ഫൈനലില്‍, ജര്‍മനിക്കെതിരേ, ഞങ്ങള്‍ വീര്‍പ്പടക്കി നിന്ന നിമിഷത്തില്‍ എങ്ങുനിന്നോ മറിഞ്ഞു വന്ന പന്ത് കാലിലൊതുക്കി, അലയടിച്ചു വരുന്ന ജര്‍മന്‍ പടയെ അപ്രതീക്ഷിത ചലനങ്ങളാല്‍ കബളിപ്പിച്ച്, ഒരു നിമിഷത്തേക്ക് നിശ്ചലമായ നെഞ്ചിടിപ്പ് വീണ്ടെടുത്ത് ദിഗന്തം പൊട്ടുമാറുച്ചത്തില്‍ അലറിവിളിച്ച യുവത്വത്തിന്റെ ആവേശത്തെ ലഹരിയോടെ ഏറ്റുവാങ്ങി, ഞൊടിയിടയില്‍ ബൂട്ടില്‍ നിന്ന് മറഡോണ അഴിച്ചുവിട്ട പാസ്, ഓടിക്കയറുകയായിരുന്ന ബുറുച്ചേഗ വെറുതെയൊന്നു തട്ടി വലയിലിട്ടപ്പോള്‍, അസൂയയും ആരാധനയും കലര്‍ന്ന വികാരത്തോടെ ജര്‍മന്‍ പട കളിക്കളം വിടുമ്പോള്‍, ലോകകിരീടം ഉയര്‍ത്തിപ്പിടിച്ച് മറഡോണ ഇതാ ആവേശത്തിന്റ ലോകകപ്പ് എന്നു മന്ത്രിച്ചത് മലയാളികളായ ഞങ്ങളോടു കൂടെയായിരുന്നു. അതോടെയാണ് മലയാളികള്‍ മറഡോണയുടെ ആരാധകരായത്; അതുവഴി അര്‍ജന്റീനയുടെയും.

Read Also  ഒടുവില്‍ മെസി ഗോള്‍

പിന്നെ തൊണ്ണൂറില്‍ ലോകകപ്പ് വരുമ്പോള്‍ ടി.വി. ബ്ലാക്ക് ആന്‍ഡ് വൈറ്റില്‍ നിന്ന് മാറി കളറായിരുന്നു. ഒരു വര്‍ഷം നീണ്ട രാമായണ പരമ്പര പാമരന്മാരുടെ വീട്ടിലും ബ്ലാക്ക് ആന്‍ഡ് വൈറ്റ് ടി.വി.യെങ്കിലും എത്തിച്ചു തുടങ്ങിയിരുന്നു. അന്നും അര്‍ജന്റീനയെ മാറഡോണ എന്ന മാന്ത്രികന്‍ ഇറ്റലിയുടെ പുല്‍മൈതാനങ്ങളിലൂടെ ലോകകപ്പിന്റെ ഫൈനല്‍ വരെയെത്തിച്ചു. അന്ന് ജര്‍മനി പകരം വീട്ടിയെങ്കിലും, മികച്ച ടീമായിരുന്നിട്ടു കൂടി അവര്‍ക്ക് ലോകം മുഴുവന്‍ ശത്രുക്കളെ സമ്പാദിക്കാനായതു മാത്രമാണ് മിച്ചം. 94-ല്‍ അമേരിക്കയില്‍ ലോകകപ്പ് നടന്നപ്പോള്‍, കളര്‍ ടി.വികള്‍ മലയാളി വീടുകളില്‍ സാധാരണ കാഴ്ചക്കാരായിത്തുടങ്ങിയിരുന്നു. ലോകകപ്പ് വന്നതോടെ ടി.വി. വില്‍ക്കാനായി മാത്രം ഇന്‍സ്റ്റാള്‍മെന്റ് കച്ചവടക്കാരും എത്തിത്തുടങ്ങി. അന്ന് മധ്യനിരയുടെ ചലനാത്മകത നഷ്ടപ്പെടുത്താനുള്ള മാംസപിണ്ഡം മാത്രമായിരിക്കും മറഡോണ എന്ന് പലരും പരിഹസിച്ചു. ആദ്യകളിയില്‍ത്തന്നെ, ഗ്രീസിനുനേരെ ഡിഫന്‍ഡര്‍മാര്‍ക്കിടയിലൂടെ ഉഗ്രന്‍ ഇടങ്കാലനടി മറഡോണ ഗോളാക്കി മാറ്റിയപ്പോള്‍ ഫുട്‌ബോള്‍ ലോകം മതിമറന്നു. ദൈവത്തിന്റെ മകന്റെ ഗോള്‍വസന്തം ഒഴിഞ്ഞിട്ടില്ലെന്ന് അവര്‍ ആഹ്ലാദിച്ചു. മറഡോണയുടെ ഒരു പാസ്, ഒരു ഡ്രിബിള്‍, ഇടങ്കാലുകൊണ്ടിരിടി അതുമാത്രം മതിയായിരുന്നു ഫുട്‌ബോളിന്. ദൈവത്തിനുപോലും ആ കളിയില്‍ അസൂയ തോന്നിത്തുടങ്ങിയത് പെട്ടെന്നായിരുന്നു. അതോടെ മറഡോണയുടെ ജീവിതത്തില്‍ ചെകുത്താന്‍ കയറിക്കളിക്കാന്‍ തുടങ്ങി. കളിക്കളത്തില്‍ ബൂട്ടണിയാനദ്ദേഹത്തിനു വിലക്കായി.

ആ പാരമ്പര്യം കാക്കാനായി പക്ഷേ മെസി വന്നു. 2010-ല്‍ മാറഡോണ മെസിയുടെ കോച്ചായി ദക്ഷിണാഫ്രിക്കയില്‍ ലോകകപ്പിനെത്തി, ഗ്രൂപ്പ് ചാമ്പ്യന്മാരായി ആദ്യഘട്ടം പിന്നിട്ടു. പക്ഷേ ക്വാര്‍ട്ടര്‍ ഫൈനലില്‍ ബദ്ധവൈരികളായ ജര്‍മനിയോട് മാറഡോണയുടെ മെസി നയിച്ച ടീം 4-0 ന് തോറ്റു. അടുത്ത ലോകകപ്പ് ഫൈനല്‍ വരെ മെസി എത്തിയെങ്കിലും വീണ്ടും ജര്‍മനിയോട് ഒരു ഗോളിന് തോല്‍ക്കാനായിരുന്നു വിധി. ഇത്തവണ ക്വാര്‍ട്ടര്‍ പോലുമെത്താതെ മടക്കം.

അപ്പോള്‍ മുന്‍തലമുറയുടെ മനസ്സില്‍ തറച്ച മാറഡോണ തന്നെയാണ് അര്‍ജന്റീനയ്ക്കിത്രയും ആരാധകരെ ഉണ്ടാക്കിയതെന്നു വ്യക്തം. അര്‍ജന്റീനയുടെ മണ്ണില്‍, ബ്യൂണസ് അയേഴ്‌സിലെ ബോംബനേറാ സ്‌റ്റേഡിയത്തില്‍ ആരു മികച്ചവന്‍ എന്നു മറഡോണയെ താരതമ്യം ചെയ്യാന്‍ ലോകമുപയോഗിക്കുന്ന പെലെയെ സാക്ഷി നിര്‍ത്തി, തന്നെ താനാക്കിയ പുല്‍ക്കൊടികളെ കണ്ണീരോടെ ചുംബിച്ച് അന്തിമമായി ബൂട്ടഴിച്ച് കളിയുടെ ലോകത്തുനിന്ന് മറഡോണ വിടവാങ്ങുമ്പോള്‍, അദ്ദേഹത്തോട് ചേര്‍ന്നു നിന്നു വിതുമ്പിയ പെണ്‍മക്കളെ പോലെ ലോകത്തെങ്ങുമുള്ള ഹൃദയങ്ങളും അറിയാതെ തേങ്ങി.

ഇന്നലെ മെസി കളിക്കളത്തില്‍ കുനിഞ്ഞിരുന്ന് ചുംബിക്കുമ്പോഴും അതു തന്നെയാണ് സംഭവിച്ചത്. അതില്‍ തകര്‍ന്ന്, ലഹരിയില്‍ ഇടറിയ കാലുമായി മറഡോണ ഗാലറി വിടുന്നതുമപ്പോള്‍ കാണാമായിരുന്നു. ഇനി അടുത്ത ലോകകപ്പിന് മറഡോണയെ പോലെ വരാന്‍ മെസിക്കാവുമോ?. പഴയ പ്രതാപത്തില്‍ വരാന്‍ അര്‍ജന്റീനക്കാവുമോ? അല്ലെങ്കില്‍ ലാറ്റിനമേരിക്കന്‍ സാഹിത്യത്തിന്റെ ചാരുത പോലെ വായിച്ചറിയേണ്ടി മാത്രം വരുമോ ചെഗുവേരയുടെ മണ്ണിലെ കളിവീര്യം? കാത്തിരിക്കാം!.

 

(മാധ്യമ പ്രവർത്തകനായ പ്രകാശൻ പുതിയേട്ടി ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തത്)

Spread the love