Thursday, January 20

എന്തുകൊണ്ട് മുസ്ലിങ്ങൾക്ക് ഒരു ക്യൂർ ആയിക്കൂടാ? എന്തുകൊണ്ട് ഒരു ക്യൂറിനു മുസ്ലിമായിക്കൂടാ?

എന്തുകൊണ്ട് മുസ്ലിങ്ങൾക്ക് ഒരു ക്യൂർ ആയിക്കൂടാ? എന്തുകൊണ്ട് ഒരു ക്യൂറിനു മുസ്ലിമായിക്കൂടാ? എന്തുകൊണ്ട് ക്യൂർ മുസ്ലിങ്ങൾ അവരുടെ സമൂഹത്തിൽ സ്വത്വം വെളിപ്പെടുത്തുന്നില്ല? എന്തുകൊണ്ടാണ് ക്യൂർ മുസ്ലിങ്ങൾ ഹോമോഫോബിയയുടെയും ഇസ്‌ലാമോഫോബിയയുടെയും ഇരകളായി ഒരു പോലെ മാറുന്നത്?

ലിംഗപരമായും വിശ്വാസപരമായും നിലനിൽക്കുന്ന രണ്ടു സ്വത്വങ്ങളെ അനുരഞ്ജിപ്പിക്കുന്നതു സംബന്ധിച്ച വലിയ ദുർഘടമായ ചോദ്യങ്ങൾ നേരിടുകയാണ് ക്യൂർ ആക്ടിവിസ്റ്റായ റഫിയുൾ ആലം റഹ്‌മാൻ. ഒരു ക്യൂർ മുസ്ലിമിന് സമൂഹത്തിന്റെ അധിക്ഷേപത്തെയോ സമുദായഭ്രഷ്ടിനെയോ ഭയക്കാതെ സ്വന്തം ഇടം കണ്ടെത്താൻ ശ്രമിക്കുന്നതിന്റെ നാന്ദിയായാണ് റഹ്‌മാന്റെ രംഗപ്രവേശം. “രണ്ട് സമൂഹങ്ങളില്‍ നിന്നും ഒരുപോലെ പാര്‍ശ്വല്‍ക്കരിക്കപ്പെടുന്നു എന്നതാണ് ഒരു ക്യൂര്‍ മുസ്ലീം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. ക്യൂർ സമൂഹത്തിൽ തന്നെ സ്വീകാര്യതയുണ്ടാക്കി എടുക്കുന്നതിൽ ഒരു ക്യൂർ മുസ്ലിം പരാജയപ്പെടുകയാണ്. മതപരമായ സ്വത്വത്തിൽ നിന്നുകൊണ്ടുതന്നെ ലൈംഗികതയെ സംബന്ധിച്ച നിലപാട് വെളിപ്പെടുത്താൻ ഒരു ക്യൂർ മുസ്ലിം സമാന്തരമായ വെല്ലുവിളികൾ നേരിടുകയാണ്. ഇസ്‌ലാമിന്റെ വിശ്വാസങ്ങൾക്കൊപ്പം തന്റെ ലിംഗപരമായ സ്വത്വത്തിന്റെ നിലപാടും ഭയരഹിതമായി ചർച്ച ചെയ്യാനുള്ള ഇടം ക്യൂർ മുസ്ലിങ്ങൾക്കാവശ്യമാണ്.”

പാശ്ചാത്യരാജ്യങ്ങളിൽ രൂപംകൊണ്ട ദി ക്യൂർ മുസ്ലിം പ്രോജക്ടിലെ (TQMP) ക്യൂർ മുസ്ലിം ഗ്രൂപ്പുകളുമായി തങ്ങളുടെ സ്വത്വപരമായ പ്രശ്നങ്ങൾ ചർച്ചചെയ്യാനും നിരന്തരമായി അനുഭവങ്ങൾ പങ്കുവെയ്ക്കാനും എൽ ജി ബി ടി ക്യൂ വുമായി ബന്ധപ്പെട്ട അറിവുകൾ കൈമാറാനും തടസ്സമില്ലാതെ ഒരു ഓൺലെയിൻ ഇടം തയ്യാറാക്കിയെടുക്കുന്നതിനു വേണ്ടിയാണ് റഹ്‌മാൻ ഇന്ത്യയിലെത്തിയത്.

അമേരിക്കയിലെ ടെക്‌സാസ് സർവ്വകലാശാലയിൽ ക്യൂർ മുസ്ലിം സമൂഹവുമായി ബന്ധപ്പെട്ട് ഗവേഷണം നടത്തുന്നതിനിടയിൽ ഇന്ത്യയിലെ എൽ ജി ബി ടി ക്യൂർ മുസ്ലിങ്ങളെ സംബന്ധിച്ച വിവരം ലഭിക്കാതെ വന്നപ്പോൾ പാതിവഴിയിൽ പി എച്ച് ഡി ഉപേക്ഷിച്ചു ടി ക്യൂ എം പി യുടെ സജീവപ്രവർത്തനങ്ങളിലേക്ക് കടന്നുവന്നയാളാണ് റഹ്‌മാൻ.

സമുദായത്തിനുള്ളിലെ കാർക്കശ്യമായ നിലപാടുകൾ തടസ്സം സൃഷ്ടിച്ചപ്പോൾ ധാരാളം എൽ ജി ബി ടി ക്യൂ അനുയായികൾ ഇസ്‌ലാമോഫോബിയ ഒഴിവാക്കാനായി ഇസ്‌ലാമികചര്യകൾ ഉപേക്ഷിക്കാൻ തുടങ്ങിയെന്നു അദ്ദേഹം പറയുന്നു.

“എൽ ജി ബി ടി ക്യൂർ സമൂഹത്തിന്റെ ആശയങ്ങൾ ഇസ്‌ലാമിന്റെ മുഖ്യധാരയിൽ പാപബോധമുണ്ടാക്കുന്നതും ശിക്ഷിക്കപ്പെടേണ്ടതുമാണെന്ന് ബോധ്യമുള്ളതുകൊണ്ടും പലരും ‘ഞാനൊരു ക്യൂർ ആണ്, എന്നാൽ മുസ്ലിമല്ല” എന്ന് പ്രഖ്യാപിക്കുന്നത് കേട്ടിട്ടുണ്ട്. ” റഹ്‌മാൻ പറഞ്ഞു. ഇസ്‌ലാമും സ്വവർഗ്ഗരതിയുമായിട്ടുള്ള കലഹത്തെക്കുറിച്ചു കൂടുതൽ മനസ്സിലാക്കാനുള്ള ഒരു പദ്ധതി ആസൂത്രണം ചെയ്യേണ്ടതാവശ്യമാണെന്നു അദ്ദേഹം വിശ്വസിക്കുന്നു.

പരസ്യമായി രംഗത്തുവരാനറയ്ക്കുന്ന മുസ്ലിം സ്വവർഗ്ഗരതിക്കാരിലേക്കെത്തുകയെന്നത് ടി ക്യൂ എം പി യുടെ ദൗത്യമാണ്. അതിലൂടെ ഈ പ്രസ്ഥാനത്തെ ശക്തിപ്പെടുത്തണം. ഇസ്‌ലാമിലെ നല്ലതും ചീത്തയുമായ അനുഭവങ്ങളും എൽ ജി ബി ടി ക്യൂ വിന്റേയും ക്യൂർ മുസ്ലിങ്ങളുടെയും ഇസ്‌ലാമിലെ അനുഭവങ്ങളും വികാരങ്ങളും ‘ഡു ഇറ്റ് യുവർസെല്ഫ് ഇസ്‌ലാം’ എന്ന ബാനറിൽ ഓഗസ്റ് 5 ഞായറാഴ്ച ദില്ലിയിൽ നടക്കുന്ന വർക്ക്ഷോപ്പിലൂടെ ചർച്ച ചെയ്യാൻ കഴിയുമെന്ന് അദ്ദേഹം വിശ്വസിക്കുന്നു.

Read Also  'തീർച്ചയായും ഇത് മുസ്ളീം വേട്ടയാണ്'; പോപ്പുലർ ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ് നാസറുദ്ദീന്‍ എളമരം

മുസ്ലിം അലയിൻസ് ഫോർ സെക്ഷ്വൽ ആന്റ് ജെണ്ടർ ഡൈവേഴ്‌സിറ്റി യുടെ സജീവപ്രവർത്തകനും ന്യൂയോർക്ക് നഗരത്തിലെ ക്യൂർ മുസ്ലിമുമായ ഫൈസ താജുദ്ദീൻ ഈ ചർച്ചയിൽ പങ്കെടുക്കുന്നുണ്ട്. ക്യൂർ മുസ്ലിങ്ങളുടെ താല്പര്യം സംരക്ഷിക്കാൻ വേണ്ടി, അവരുടെ ശബ്ദം പൊതുസമൂഹത്തിലേക്കെത്തിക്കാൻ വേണ്ടിയുമാണ് ഇത് സംഘടിപ്പിക്കുന്നതെന്ന് റഹ്‌മാൻ പറയുന്നു.

“വിമർശകർ ഇതിനുള്ളിൽ ഒരു പിളർപ്പുണ്ടാക്കാൻ ആഗ്രഹിക്കുന്നതുകൊണ്ടു എൽ ജി ബി ടി ക്യൂ സമൂഹം പാക്കിസ്ഥാനിലേക്ക് പോ എന്ന രീതിയിൽ തുടർച്ചയായി ട്രോൾ ചെയ്യപ്പെട്ടുകൊണ്ടിരിക്കുകയാണ്.”

റഹ്‌മാൻ കൂട്ടിച്ചേർത്തു. എന്നാൽ ക്യൂർ മുസ്ലിം സമൂഹത്തിന്റെ മുസ്ലിം അനുഭവങ്ങൾ ജനങ്ങളുമായി സംവദിക്കാനുള്ള ഒരു വഴികൂടി ഇതിലൂടെ സൃഷ്ടിക്കപ്പെടുമെന്നുള്ളതുകൊണ്ടു പൊതുജനങ്ങളുമായുള്ള ചർച്ചയുണ്ടാകേണ്ടതും അനിവാര്യമാണെന്ന് ഞങ്ങൾ കരുതുന്നു.”
റഹ്‌മാൻ പറഞ്ഞുനിർത്തി

(അവലംബം : ഇന്ത്യൻ എക്സ്പ്രസ് )

Spread the love