Friday, July 30

കൊല്ലപ്പെട്ട സൈനികൻ വസന്തകുമാറിന് 25 ലക്ഷം; സജിത്ത് ലാലിനും കൃപേഷിനുമോ?

കശ്മീരിലെ പുല്‍വാമയില്‍ സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ട മലയാളിയായ സിആര്‍പി എഫ് ജവാന്‍ വി. വി. വസന്ത് കുമാറിന്റെ കുടുംബത്തിന് കേരള സര്‍ക്കാര്‍ 25 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. വസന്തകുമാറിന്റെ അമ്മയ്ക്ക് 10 ലക്ഷം രൂപയും ഭാര്യയ്ക്ക് 15 ലക്ഷം രൂപയും സർക്കാർ ജോലിയിൽ സ്ഥിര നിയമനവും നല്‍കാന്‍ ഇന്നുചേര്‍ന്ന മന്ത്രിസഭാ യോഗമാണ് തീരുമാനിച്ചത്. രാജ്യത്തിന്റെ അതിർത്തി കാക്കുന്ന ജോലിക്കിടയിലാണ് വസന്തകുമാർ എന്ന സൈനികൻ കൊല്ലപ്പെടുന്നത്.

കൊല്ലപ്പെട്ട സൈനികന് സർക്കാർ ആനൂകൂല്യങ്ങൾ നൽകട്ടെ, അതിൽ പരാതിയില്ല, എന്നാല്‍ മറ്റ് ചില സാഹചര്യങ്ങള്‍ കൂടി ഇതേസമയം പരിഗണിക്കേണ്ടതുണ്ട്. രാഷ്ട്ര സേവനത്തിനിടയില്‍ കൊല്ലപ്പെടുന്നതുപോലെ പ്രാധാന്യമര്‍ഹിക്കുന്നതാണ്  രാജ്യത്തിന്റെ, സംസ്ഥാനത്തിന്റെ സുരക്ഷ ഒരുക്കുന്ന എജന്‍സികളുടെ വീണ്ടു വിചാരമില്ലായ്മയിലൂടെ ജിവന്‍ നഷ്ടമായവരുടെ കാര്യവും. ഇവരുടെ കുടുംബത്തെ എത്രമാത്രം പരിഗണിക്കുന്നു, അല്ലെങ്കില്‍ അവര്‍ ഉയര്‍ത്തുന്ന നീതിക്കായുള്ള ആവശ്യങ്ങളെ  തെരഞ്ഞെടുക്കപ്പെട്ട ഭരണകൂടം എങ്ങനെ കാണുന്നുവെന്നതും.

തിരുവനന്തപുരത്ത് രണ്ട് വർഷത്തിലധികമായി തന്റെ സഹോദരനെ കൊന്ന പൊലീസുകാരെ ശിക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് സമരം നടത്തുന്ന ശ്രീജിത്തിന്റെ കുടുംബത്തിന് സർക്കാർ എന്ത് ധനസഹായം നൽകിയാലാണ് അത് ഒരു ജീവന്റെ നഷ്ട പരിഹാരം ആവുക? ഈ സർക്കാരിന്റെ കാലത്ത് മാത്രം വിവിധ പൊലീസ് അതിക്രമങ്ങളിലായി കൊല്ലപ്പെട്ടത് 22 പേരോളമാണ്. കേരളത്തിൽ പൊലീസ് അതിക്രമങ്ങളിൽ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾക്ക് സർക്കാർ മതിയായ നഷ്ടപരിഹാരം നൽകിയിട്ടുണ്ടോ?

അതായത്  ഇന്ത്യയുടെ സൈനിക വൃത്തിയാണ് വസന്തകുമാർ ചെയ്തതെങ്കിൽ കേരളത്തിന്റെ സൈനികവൃത്തി ചെയ്യുന്ന കേരള പൊലീസ് നിരപരാധികളെ കൊന്ന് തള്ളിയതിന്റെയും കൊല്ലാതെ പ്രാണൻ മാത്രം ബാക്കിയാക്കി വിട്ടവരുടെയും ജീവിതത്തിന് എന്ത് നഷ്ടപരിഹാരം, എന്ത് ധനസഹായമാണ് കേരള സർക്കാർ നൽകുക? രാജൻ കേസിൽ തുടങ്ങിയ പൊലീസ് കൊലകൾ ഇന്നും നിർബാധം തുടരുകയാണ്. പോലീസിനെതിരെ ശബ്‌ദിക്കുന്നവരെ നിശ്ശബ്ദരാക്കാൻ മാവോയിസ്റ്റ്, നക്സലൈറ്റ് ബന്ധവും ആരോപിച്ചാണ് പിന്നീടുള്ള ക്രൂര കൃത്യങ്ങൾ. നക്സലൈറ്റ് നേതാവായിരുന്ന എ. വർഗീസിനെ പൊലീസ് കൊലപ്പെടുത്തിയതെല്ലാം പൊലീസിന്റെ വീരകഥകളായാണ് ആഘോഷിക്കപ്പെടുന്നത്.

ഇനി നേരിട്ടാല്ലാതെ സര്‍ക്കാര്‍ വകുപ്പുകളുടെ ഇടപെടല്‍മൂലം ജിവന്‍ നഷ്ടമായവരെ പറ്റിയും ചിന്തിക്കണം.

കെഎസ്ആർടിസി ഓടിക്കുമ്പോൾ ഉണ്ടാകുന്ന അപകടത്തിൽ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾക്ക് സർക്കാർ എത്ര ലക്ഷം രൂപയുടെ നഷ്ടപരിഹാരം നൽകിയിട്ടുണ്ട്? കെഎസ്ഇബി ഉദ്യോഗസ്ഥർ വിവിധ അപകടങ്ങളിൽ കൊല്ലപ്പെടുമ്പോൾ സർക്കാർ എത്ര ലക്ഷം രൂപയുടെ നഷ്ടപരിഹാരമാണ് നൽകിയിട്ടുള്ളത്? ഈ ജോലികളെല്ലാം രാജ്യത്തിനുവേണ്ടിയുള്ള, പ്രതിഫലം പറ്റിയുള്ള ‘സർവീസു’കൾ തന്നെയാണ്. പിന്നെ എങ്ങനെയാണ് ഒരു തൊഴിൽ മാത്രം വാഴ്ത്തപ്പെടുന്നത്?

രക്തസാക്ഷിയായ സൈനിക ഉദ്യോഗസ്ഥന്‍റെ കുടുംബത്തിനു പാരിതോഷികങ്ങള്‍ പ്രഖ്യാപിക്കുമ്പോള്‍ മറന്ന് പോകുന്ന മറ്റു ചിലത് കൂടിയുണ്ട്. 

കേന്ദ്ര സർക്കാരിന് കീഴിൽ ജോലി ചെയ്ത ഒരാൾക്ക് കേരള സർക്കാർ പൊതു ഖജനാ വിൽ നിന്നും ഇത്രയും തുകയും അനൂകൂല്യങ്ങളും നൽകുന്നത് എന്തടിസ്ഥാനത്തി ലാണ്? സർക്കാർ ശമ്പളം കൈപ്പറ്റുന്ന ഒരധ്യാപകൻ, ഒരു ഡ്രൈവർ, ഒരു ലാസ്റ്റ് ഗ്രേഡ് ജിവനക്കാര്‍ അതിലും താഴെ വരുന്നവര്‍ അവരെപ്പോലെതന്നെ സർക്കാർ ശമ്പളം പറ്റുന്ന മറ്റൊരു ഉദ്യോഗസ്ഥനായ സൈനികൻ മാത്രം വാഴ്ത്തപ്പെടുകയും പൊതുഖജനാവിൽനിന്ന് ഇത്രയധികം തുക അദ്ദേഹം സർവീസിൽ ഇരിക്കുമ്പോൾ കൊല്ലപ്പെടുന്നതിന് നൽകാൻ കഴിയുന്നതെങ്ങനെയാണ്? തീർച്ചയായും സർവീസിൽ ഇരിക്കുമ്പോൾ കൊല്ലപ്പെടുന്ന വ്യക്തിയ്ക്ക് നഷ്ടപരിഹാരം നൽകേണ്ടതുണ്ട്. അത് ഒരു വിഭാഗം ജോലിക്കാർക്ക് മാത്രമാകരുത്. എല്ലാവർക്കും ആ നഷ്ടപരിഹാരം നൽകേണ്ടതുണ്ട്.

Read Also  എവിടെയാണ് ബോംബിട്ടത്? വിവരങ്ങള്‍ പുറത്തുവിടണമെന്ന് മമത

സ്വന്തം ജീവൻ പണയം വെച്ചിട്ടാണ് സൈനികൻ രാജ്യത്തിന് വേണ്ടി കാവൽ നിൽ ക്കുന്നത് എന്നുള്ള സംഘപരിവാർ ന്യായീകരണങ്ങളിൽ യാതൊരു കഴമ്പുമില്ല. ആ ജീവൻ പണയം വെയ്ക്കുന്നതിനുള്ള അർഹമായ പ്രതിഫലം അവർക്ക് ലഭിക്കുന്നുണ്ട് എന്നത് തന്നെയാണ് അവർ ആ ജോലി തിരഞ്ഞെടുക്കാൻ കാരണം. ആകർഷക മായ ശമ്പളവും ആനൂകൂല്യങ്ങളും ലഭിക്കുന്നത് കൊണ്ട് തന്നെയാണ് സൈനിക വൃത്തിയിൽ ആളുകൾ കൂടുതൽ ആകൃഷ്ടരാകുന്നതിന് കാരണവും.

സംഘപരിവാർ ഉണ്ടാക്കിയെടുത്ത രാജ്യ സുരക്ഷയും ദേശ സ്നേഹവും എന്ന ഏറ്റവും മുന്തിയ മാർക്കറ്റ് വിലയുള്ള ഉൽപ്പന്നത്തിന്റെ പ്രായോജകർ ആകുകയാണ് കേരളത്തിലെ ഇടത് സർക്കാരും. ചോദ്യം ചെയ്യപ്പെടാൻ കഴിയാത്ത ഒന്നായി രാജ്യ സ്നേഹം മാറുമ്പോൾ എതിർപക്ഷത്ത് നിൽക്കുന്നവരുടെ രാഷ്ട്രീയ ശരികളെ ആരും പരിഗണിക്കുന്നില്ല. എതിർപക്ഷത്ത് നിൽക്കുന്നവരുടെ ശരികളെ പറ്റി ജനാധിപത്യത്തിൽ ഊറ്റം കൊള്ളുമ്പോഴും നാം ആലോചിക്കുന്നില്ല. പകരം ഒരു ഭാഗം മാത്രം പിടിച്ച് ഒരു വിഭാഗത്തിനെ മാത്രം തൃപ്തിപെടുത്തി നാം നമ്മുടെ ശരികളെ ജനാധിപത്യത്തിന്റെ ശരികളാക്കുകയാണ്.

സൈനികരുടെ മരണങ്ങളുടെ ആഘോഷ ഏറ്റെടുക്കലുകളുടെ കുത്തക സംഘപരിവാർ ആണ് എല്ലാ കാലവും കൈകാര്യം ചെയ്തുവരുന്നത്. അവർ ഉണ്ടാക്കിയെടുത്ത ആൾകൂട്ട മനസ്സിനെ തൃപ്തിപെടുത്താൻ വേണ്ടി മാത്രമാണ് കേന്ദ്ര സർവീസ് ജോലി ആയിരുന്നിട്ടും സംഘപരിവാർ നയിക്കുന്ന കേന്ദ്ര സർക്കാർ തീരുമാനത്തിൻ്റെ ചുവടുപിടിച്ച് കേരള സർക്കാർ ഇത്ര വലിയ തുക പ്രഖ്യാപിക്കുന്നതും സർക്കാർ ജോലി വാഗ്ദാനം നൽകുന്നതും.

കൊല്ലപ്പെട്ട സൈനികന് സർക്കാർ ആനൂകൂല്യങ്ങൾ നൽകട്ടെ, അതിൽ പരാതിയില്ല, അത്പോലെ രാജ്യ സേവനത്തിനിടയിൽ കൊല്ലപ്പെടുന്ന എല്ലാവർക്കും ഇതേപോലെ സഹായങ്ങളുമായി സർക്കാർ ഓടിയെത്തണം എന്ന് മാത്രം.

ഇതേ സൈനിക വൃത്തിയുടെ പരാജയം കൊണ്ടാണ് കാസറഗോഡ് യൂത്ത് കോൺഗ്രസ് പ്രവർത്തകരായ സജിത്ത് ലാലും കൃപേശും സിപിഐഎം പാർട്ടി പ്രവർത്തകരാൽ കൊല്ലപ്പെടുന്നത്. കൃത്യമായ നിയമവും ആക്രമണങ്ങളെ തടയുന്നതിന് സ്വീകരിക്കേണ്ട മതിയായ സുരക്ഷാ സംവിധാനങ്ങളും സ്വീകരിക്കാത്തത് കൊണ്ടാണ് എല്ലായ്പ്പോഴും അക്രമങ്ങൾ ഉണ്ടാകുന്നത്. ഇവിടെയും സംഭവിച്ചത് അത് തന്നെയാണ്. ഇന്റലിജൻസ് വിഭാഗങ്ങളുടെയും മറ്റ് രഹസ്യന്വേഷണ ഏജൻസികളുടെയും പരാജയങ്ങളാണ് ഇത്തരം കൊലകൾ നടക്കുന്നതിന് കാരണം. ഇവരുടെ നഷ്ടപെട്ട ജീവന് എങ്ങനെയാണ് പരിഹാരം കാണുക? സർക്കാർ എത്ര ലക്ഷം രൂപയാണ് ഇവരുടെ ജീവന് നഷ്ടപരിഹാരം ഈടാക്കി നൽകുക? രാഷ്ട്ര സേവനത്തിന് ഇറങ്ങി തിരിച്ചവരാണ്  ഒരർത്ഥത്തിൽ ആ ചെറുപ്പക്കാരും. രാഷ്ട്രീയ വൈരാഗ്യങ്ങളുടെ കൊലക്കത്തിക്ക് മുന്നിൽ അവർ വീണുപോയെന്ന് മാത്രം. അവർക്കും നഷ്ടപരിഹാരം ലഭ്യമാക്കേണ്ടതുണ്ട്. വസന്തകുമാറിന് ലഭിച്ച 25 ലക്ഷവും കുടുംബത്തിന് നൽകിയ ജോലിയും പോലെ കൃപേഷിനും സജിത്‌ലാലിനും നഷ്ടപരിഹാരവും ഉറ്റവർക്കു ജോലിയുമായി സർക്കാർ മുന്നോട്ടുവരുമോ?.

പിണറായി വിജയൻ, നിങ്ങളൊരു പരാജയപ്പെട്ട ആഭ്യന്തര മന്ത്രിയാണ്

Spread the love

Leave a Reply