Thursday, January 20

റോജര്‍ ഫെഡറര്‍ കളം വിടുമ്പോള്‍ മലയാളിക്ക് വിംബിള്‍ഡനില്‍ മഴ പെയ്യുന്നുവോ?

അവസരത്തിനൊത്ത് ഉയരുന്നവരാണ് നാം മലയാളികള്‍ എന്നൊരു മിഥ്യാധാരണ സമൂഹത്തിന് മൊത്തത്തിലുള്ളതാണ്. എല്ലാക്കാര്യത്തിലും അഭിപ്രായം പറയുന്നതു മുതല്‍ എനിക്കറിയാം അതെല്ലാം എന്ന ഭാവം വരെയും അതിന്‍റെ പ്രത്യക്ഷസൂചനകളാണ്. എന്നാല്‍ അത് പലപ്പോഴും അവസരത്തിനൊത്തുയരലല്ല; അവസരവാദമാണെന്നാണ് പറയാവുന്നത്. അവസരസമത്വം വാദിച്ചു വാദിച്ച് അവസരം വരുമ്പോള്‍ തന്‍കാര്യത്തിലെത്തുന്ന രാഷ്ട്രീയനിലപാടുകളും നമുക്കന്യമല്ലല്ലോ! അതുകൊണ്ടാണല്ലോ തിരഞ്ഞെടുപ്പുകളില്‍ നാം മാറി മാറി അവസരവാദികളായതും സ്വത്വം വിട്ട സഖാക്കള്‍ സംഘികളായതും സംഘിസഖാക്കളുണ്ടായതും എല്ലാം നമുക്ക് ആഘോഷങ്ങളാകുന്നതും എല്ലാത്തിനെയും നാം ആഘോഷമാക്കുന്നതും.

കളിയെക്കുറിച്ചാണ് പറയേണ്ടത്. മറ്റെന്തിനെക്കുറിച്ചെന്ന പോലെയും കളിയെക്കുറിച്ച് പറയുമ്പോഴും കളിയായെങ്കിലും രാഷ്ട്രീയം കടന്നു വരും. കാരണം നമ്മുടെ കളിക്കളത്തെ നാളിതുവരെയും നിയന്ത്രിച്ചത് രാഷ്ട്രീയമായിരുന്നല്ലോ. അങ്ങനെ ടെലിവിഷന്‍ ചാനലുകളും ഉപഭോക്തൃസ്വഭാവവും വന്നപ്പോള്‍ ക്രിക്കറ്റ് നമുക്ക് ആഘോഷമായി. അല്ലെങ്കില്‍ നമ്മുടെ രാഷ്ട്രീയം ക്രിക്കറ്റിനെ നമ്മുടെ ആഘോഷമാക്കി. യുവത്വം രാഷട്രീയം വിട്ടു കളി തുടങ്ങി. രാഷ്ട്രീയക്കാര്‍ അവരുടെ കളികളും നടത്തി. കായിക പങ്കാളികളെക്കാള്‍ സ്പോര്‍ട്സ് അതോറിറ്റി രാഷ്ട്രീയ മേലാളന്മാര്‍ പങ്കെടുക്കുന്നതാണ് നമ്മുടെ ഒളിമ്പിക് ടീം.

ലോകകപ്പൊക്കെ പണ്ടും കായികപ്രേമികളായ മലയാളികള്‍ക്ക് പ്രിയപ്പെട്ടതാണെങ്കിലും ഒടുവില്‍ ഒരു ഐ.എസ്.എല്‍ വേണ്ടി വന്നു ക്രിക്കറ്റില്‍ നിന്നും മോചിപ്പിച്ച് നമ്മെ മൊത്തംഫുട്ബോളില്‍ കാലുറപ്പിക്കാന്‍.

ബെയ് ചുങ് ബൂട്ടിയ

അന്താരാഷ്ട്രകളിക്കാര്‍ നമ്മുടെ കളങ്ങളില്‍ കളി തുടങ്ങിയപ്പോള്‍ നമ്മുടെ കാലുകളും അതിനൊത്തു ചലിച്ചു തുടങ്ങുകയായിരുന്നു. സ്വന്തം നാടിനു വേണ്ടി കൂടുതല്‍ ഗോള്‍ നേടിയവരുടെ പട്ടികയില്‍ ബെയ് ചുങ് ബൂട്ടിയ രണ്ടാം സ്ഥാനത്തെത്തിയിട്ടും ഇന്ത്യയെ ലോകകപ്പിന്‍റെ നാലയലത്തെത്തിക്കാന്‍ ഇന്ത്യയ്ക്ക് കഴിഞ്ഞില്ല. 2034ല്‍ എത്തിയേക്കുമെന്ന് ജ്യോത്സ്യന്മാര്‍ പറയുന്നുവെന്നൊക്കെ ഭരണകൂടം പോലും നമ്മെ പറഞ്ഞു വിശ്വസിപ്പിക്കുന്നു.

ഭരണകൂടവിശ്വാസം വിട്ട് നാം കളിയില്‍ നമ്മുടെ രാഷ്ട്രീയം കലര്‍ത്തുകയായിരുന്നു. ആദ്യം ഞാന്‍ ഹാട്രിക് നേടിയ റൊണാള്‍ഡോയില്‍ വിശ്വസിച്ചു. പക്ഷെ, മെസ്സിയിലുള്ള അമിതതാല്പര്യവും അര്‍ജന്‍റീനയോട് മറഡോണ വഴിയും മറ്റും വന്നു ചേര്‍ന്നിട്ടുള്ള ബോബി ചെമ്മണ്ണൂരിയന്‍ സ്വാധീനവുമൊക്കെയായി ആവേശം കൊണ്ടു. അപ്പോഴും ബ്രസീലിനൊപ്പമുണ്ടായിരുന്ന ഒരു ലാറ്റിനമേരിക്കന്‍ താല്പര്യം അര്‍ജന്‍റീന പുറത്തായതോടെ വെളിച്ചത്തെടുത്തു. മെസ്സിക്കുവേണ്ടി നില കൊണ്ട മനസ്സ് നെയ്മറിനായി കുതിച്ചു. അതും പോയി ഫ്രഞ്ച് വിരോധത്തില്‍ ബെല്‍ജിയത്തിനായും ഇംഗ്ളണ്ട് വിരോധത്തില്‍ ക്രൊയേഷ്യയ്ക്കായും കാല്‍ തരിച്ചു. ഇപ്പോഴിതാ ഫ്രഞ്ച് വിരോധത്തിന് ആക്കം കൂടി. ലാറ്റിനമേരിക്കയില്ലേല്‍ യൂറോപ്പിലെ പാവങ്ങള്‍ നേടട്ടെ എന്നതാവാം വീണ്ടും ക്രൊയേഷ്യയിലേക്ക് ചേര്‍ന്നു നില്ക്കുന്നു. രാഷ്ട്രീയത്തിന്‍റെ എന്തോ ചില ഉള്‍പ്രേരണകളില്ലെങ്കില്‍ എന്തുകൊണ്ടാണ് പിന്തുണകള്‍ ഇങ്ങനെ മാറി മറിഞ്ഞെതെന്ന് എത്ര ആലോചിച്ചിട്ടും പിടി കിട്ടുന്നില്ല. അതിനാല്‍ ഇത് എന്‍റെ സ്വകാര്യ ചിന്തയാണെന്നും പൊതുബോധത്തിന്‍റേതല്ലെന്നും തീരുമാനിക്കുന്നു.

പരിസ്ഥിതിദിനത്തില്‍ ഫ്ലക്സ് നിര്‍മ്മാര്‍ജ്ജനപ്രതിജ്ഞയെടുത്ത ചെറുപ്പക്കാര്‍ കൂടി ഒരുതരം തിരഞ്ഞടുപ്പിന്‍റെ മത്സരാവേശത്തിലാണ് നാട്ടിലാകെ കളിയെ മത്സരമാക്കിയത്. നാടിന്‍റെ ഓരോ കവലയിലും ഉയര്‍ന്ന കൂറ്റന്‍ ഫ്ലക്സ് ബോര്‍ഡുകളും അതില്‍ പലതിലും കണ്ട മുദ്രാവാക്യസമാനമായ വെല്ലുവിളികളും കണ്ടാല്‍ അതിന്‍റെ കാഠിന്യം അറിയാം. എന്തായാലും ഒരു പ്രേമിയുടെ മനം നൊന്ത ആത്മാഹൂതി ഒഴിച്ചാല്‍ മറ്റ് അനിഷ്ടസംഭവങ്ങളൊന്നും ഉണ്ടാകാതിരുന്നത് നമ്മുടെ നേതാക്കള്‍ക്ക് ഫുട്ബോളില്‍ കാലു മുറുകാതിരുന്നതിന്‍റെ ഭാഗ്യം.

പറഞ്ഞു വരുന്നത് അതല്ല. ലോകകപ്പില്ലായിരുന്നെങ്കില്‍ നമ്മുടെ കായികപ്രേമികള്‍ പിന്തുടരുമായിരുന്ന ഒരു മറവിയെക്കുറിച്ചാണ്. അതായത് ചിലപ്പോഴെങ്കിലും ഇന്ത്യയും പ്രതിനിധാനം ചെയ്തിട്ടുള്ള ഒരു കളിക്കളവും ഈ വര്‍ഷം ക്വാര്‍ട്ടറില്‍ അതില്‍ നിന്നും തോറ്റിറങ്ങേണ്ടി വന്ന നമ്മുടെ പ്രിയകളിക്കാരനെയും ഓര്‍മ്മിക്കാന്‍ വേണ്ടി പറഞ്ഞെന്നു മാത്രം. കളിക്കളം വിംബിള്‍ഡനും കളിക്കാരന്‍ റോജര്‍ ഫെഡററുമാണ്.

യുകി ഭാംബ്രി

 

ജഴ്സിക്കുള്ള സ്പോണ്‍സര്‍ പോലുമില്ലാതെ വിംബിള്‍ഡനിലെത്തിയ ഇന്ത്യയുടെ യുകി ഭാംബ്രി  സ്പെയിനിന്‍റെ തോമസ് ഫാബിയാനോയോട് ആദ്യറൗണ്ടില്‍ തന്നെ തോറ്റു മടങ്ങിയതില്‍ വിഷമിക്കേണ്ടതില്ല. കാരണം കൊട്ടും കുരവയുമായിട്ടല്ലല്ലോ യുകിയെ നാം വിട്ടത്.

 

തെക്കേ ആഫ്രിക്കയുടെ കെവിന്‍ ആന്‍ഡേഴ്സനോട് 2-6, 6-7 (5), 7-5, 6-4, 13-11 എന്ന സെറ്റിന് തോറ്റാണ് വിംബിള്‍ഡന്‍ ക്വാര്‍ട്ടറില്‍ ഫെഡററിന്‍റെ പിന്മടക്കം. സെമിയില്‍ കെവിന്‍ ആന്‍ഡേഴ്സന്‍റെ എതിരാളിയായ ജോണ്‍ ഇസ്നര്‍ അമേരിക്കക്കാരനായതിനാല്‍ കെവിനൊപ്പം കൂടിപ്പോകുന്നു. മറ്റൊരു സെമിയില്‍ സ്പെയിന്ന്‍റെ റാഫേല്‍ നദാല്‍ സെര്‍ബിയയുടെ നൊവാക് ജോക്കോവിച്ചിനെ നേരിടുമ്പോള്‍ അവള്‍ക്കൊപ്പം വേണമോ അമ്മയ്ക്കൊപ്പം വേണമോ എന്ന പോലെ ഒരു ആശങ്ക.

റോജര്‍ ഫെഡറര്‍

കാര്യങ്ങള്‍ ഇങ്ങനൊക്കെയാണ്. എങ്കിലും നാം മറന്നു കൂടാത്ത നമ്മുടെ വിംബിള്‍ഡണ്‍ പ്രാതിനിധ്യത്തെ ഒന്നു ചികഞ്ഞു നോക്കാം.

സര്‍ദാര്‍ നിഹാല്‍ സിംഗ്

സര്‍ദാര്‍ നിഹാല്‍ സിംഗാണ് 1908ല്‍ വിംബിള്‍ഡനില്‍ കളിക്കുന്ന ആദ്യ ഇന്ത്യക്കാരന്‍. തുടര്‍ന്ന 1909ലും 10ലുമായി മൂന്നു തവണയാണ് അദ്ദേഹം സിംഗിള്‍സിലും ഡബിള്‍സിലും കളിച്ചത്. 1910ല്‍ അദ്ദേഹം മൂന്നാം റൗണ്ട് കടന്നിരുന്നു.

1954ല്‍ ആണ്‍കുട്ടികളുടെ സിംഗിള്‍സില്‍ വിംബിള്‍ഡന്‍ കിരീടം

രാമനാഥന്‍ കൃഷ്ണന്‍

ചൂടിയാണ്  1959ല്‍ രാമനാഥന്‍ കൃഷ്ണന്‍ വിംബിള്‍ഡനിലെത്തിയത്. മൂന്നാം റൗണ്ടിലാണ് അന്ന് രാമനാഥന്‍ കൃഷ്ണന്‍ പുറത്തായത്. 1960ല്‍ സെമിയില്‍ നീല്‍ ഫ്രേസറിനോട് തോറ്റ അദ്ദേഹം  1961ല്‍ സെമിയില്‍ റോയ് എമേഴ്സനോട് തോറ്റാണ് പിന്‍വാങ്ങിയത്. 1962 ല്‍ വിംബിള്‍ഡനില്‍ ഉന്നത സീഡില്‍ നില്‍ക്കുമ്പോള്‍ കളിക്കിടെ മുട്ടുവേദനമൂലം പിന്‍വാങ്ങുകയായിരുന്നു.

വിജയ് അമൃതരാജ്

1973ലെ വിംബിംള്‍ഡന്‍ മത്സരത്തില്‍ ക്വാര്‍ട്ടര്‍ ഫൈനല്‍ വരെയെത്തിയ വിജയ് അമൃതരാജ് എട്ടു വര്‍ഷത്തിനുശേഷം വീണ്ടും ക്വാര്‍ട്ടറിലെത്തി. 1986ലാണ്

രമേഷ് കൃഷ്ണന്‍

വിംബിംള്‍ഡന്‍ കോര്‍ട്ടില്‍ ഇന്ത്യന്‍ ടെന്നീസിന്‍റെ മക്കള്‍ മാഹാത്മ്യം എത്തിയത്. മുന്‍ വിംബിള്‍ഡന്‍ കളിക്കാരന്‍ രാമനാഥന്‍ കൃഷ്ണന്‍റെ മകന്‍ രമേഷ് കൃഷ്ണന്‍ അന്ന് ക്വാര്‍ട്ടറിലെത്തി.

1990കളിലും 2000 കാലഘട്ടത്തിലും മിക്സഡ് കിരീടമൊക്കെയായി വിംബിള്‍ഡനില്‍ ഇന്ത്യന്‍ ചരിത്രം കുറിച്ചവരാണ് മഹേഷ് ഭൂപതിയും ലിയാന്‍ഡര്‍ പേസും. ഒറ്റയ്ക്കും മറ്റുള്ളവര്‍ക്കൊപ്പം ചേര്‍ന്നും ഇരുവരും ടെന്നീസില്‍ ഇന്ത്യന്‍ ഇതിഹാസങ്ങള്‍ തീര്‍ക്കുകയുണ്ടായി.

മഹേഷ് ഭൂപതിയും ലിയാന്‍ഡര്‍ പേസും

2003ല്‍ റഷ്യയുടെ അലിസാ ക്ലെയ്ബനോവയ്ക്കൊപ്പം സ്ത്രീകളുടെ ഡബിള്‍സില്‍ ചാമ്പ്യനായിരുന്നെങ്കിലും 2015ല്‍ മാര്‍ട്ടിന ഹിന്‍ജിസിനൊപ്പം സ്ത്രീകളുടെ ഡബിള്‍സില്‍ ഗ്രാന്‍ഡ് സ്ലാം നേടിയതോടെയാണ് സാനിയ മിര്‍സ വിംബിള്‍ഡനിലെ ഇന്ത്യന്‍ വനിതാ താരമായത്. സാനിയ മിര്‍സയുടെ താരശരീരം അക്കാലത്ത് ടെലിവിഷന്‍ സ്ക്രീനിലെ ചടുലചലനങ്ങള്‍ക്കൊപ്പം നമ്മെ ടെന്നീസിലും ചടുലതയുള്ളവരാക്കിയിരുന്നു.

സാനിയ മിര്‍സ

സുമിത് നഗാല്‍

2015ല്‍ ആണ്‍കുട്ടികളുടെ ഡബിള്‍സില്‍ നാം ഹോങ്ങിനൊപ്പം ഗ്രാന്‍സ്ലാം നേടിയ സുമിത് നഗാല്‍ ആണ് വിംബിള്‍ഡനിലെ മറ്റൊരു ഇന്ത്യന്‍ വിജയം.

2018 വിംബില്‍ഡനില്‍ യുകി ഭാംബ്രി പുറത്തായെങ്കിലും ഇന്ത്യന്‍ അഭിമാനം വിംബിള്‍ഡനില്‍ ഇപ്പോഴും സാന്നിദ്ധ്യം തുടരുന്നു. വിംബില്‍ഡന്‍ മാച്ചില്‍ കളിയെ നിയന്ത്രിക്കാന്‍ ഇത്തവണ ഇന്ത്യാക്കാരനായ അമ്പയറുണ്ട്.

വിംബിള്‍ഡനിന്‍റെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ അമ്പയര്‍ കൂടിയായ ഇന്ത്യക്കാരനാണ് ഇപ്പോള്‍ നമ്മുടെ അഭിമാനം. ആ അഭിമാനത്തിന്‍റെ ഗ്രാന്‍സ്ലാം മൈസൂരുകാരനായ 23 വയസ്സുള്ള സാഗര്‍ കാഷ്യപിന് നല്കാം.

സാഗര്‍ കാഷ്യപ്

ലോകകപ്പ് ഫുട്ബോള്‍ ഫൈനല്‍ ദിവസമായ ഞായറാഴ്ചയാണ് ആദ്യ വിംബിള്‍ഡന്‍ സെമി എന്നതിനാല്‍ കളിക്ക് നാം അവധി കൊടുക്കുമെങ്കിലും.

Spread the love