Sunday, January 16

മതമില്ലാത്ത മന്ത്രവാദക്കൊലകളും നവകേരളവും

വി കെ അജിത് കുമാര്‍

കേഡൽ ജിൻസൻ രാജ ആത്മീയമുക്തിയിലാണോയെന്നു ചോദിച്ചാൽ അയാളിപ്പോൾ ജയിലിലാണെന്നുമാത്രമേ ഉത്തരമുള്ളു. അതീന്ദ്രിയമായ എന്തോ ഒന്നിനെ തിരഞ്ഞുപോയ അയാൾ നരബലി നടത്തിയത് അയാളിവിടെ ജനിക്കാനും ജീവിക്കാനും കാരണമായവരെത്തന്നെയായിരുന്നു. ജന്മം നൽകിയവരുടെ ജീവിതം കൊണ്ടായിരുന്നു അയാൾ വിശ്വാസത്തെ പരീക്ഷിച്ചത്.

അതിക്രൂരമായ കൊലപാതകങ്ങളാണ് വിശ്വാസത്തിൻ്റെ പേരിൽ കേരളത്തിൽ തന്നെ നടന്നിട്ടുള്ളത്. നദാപുരത്ത് ജിന്നുപിടിച്ചെന്ന് പറഞ്ഞു നടത്തിയ ആത്മീയ ശുശ്രൂഷയിൽ കൊല്ലപ്പെട്ട ഷമീന, പത്തനംതിട്ടയിൽ മന്ത്രവാദത്തിനിടെ തീപ്പൊള്ളലേറ്റ് മരിച്ച ആതിര ഈ ഉദാഹരണങ്ങളിൽ ഒരു മതേതരസ്വഭാവം നിലനിൽക്കുന്നു.

മതവിശ്വാസം ഒരു മഹാരോഗമാണെന്നു വാദിച്ചത് സിഗ്മണ്ട് ഫ്രോയ്ഡായിരുന്നു. ഇവിടെ അത്തരം മതവിശ്വാസവും കഴിഞ്ഞുപോകുന്നതലമാണ് ചർച്ചചെയ്യപ്പെടേണ്ടത്.

ഇടുക്കിയിലെ കമ്പകകാനത്ത് കഴിഞ്ഞ ദിവസം കൊലചെയ്യപ്പെട്ട ഒരു കുടുംബം മുൻപ് സൂചിപ്പിച്ച ആഭിചാരക്കൊലകളിലെ  അവസാന കണ്ണിയൊന്നുമാകില്ല… കാരണം അത്രയ്ക്കു  മാറിക്കൊണ്ടിരിക്കുന്നു നമ്മളും നമ്മുടെ ചുറ്റുപാടുകളും. ഉത്തരംകിട്ടാത്ത പലചോദ്യങ്ങൾക്കും നമ്മൾ അവസാനം കണ്ടെത്തിയ വാക്ക് ദൈവനാമമായിരുന്നു. ജീവിതത്തിലെ അരക്ഷിതാവസ്ഥയും പലപ്പോഴും ഇത്തരം വ്യത്യസ്തങ്ങളായ വിശ്വാസങ്ങളിലേക്ക് ജനങ്ങളെ കൊണ്ട് ചെന്നെത്തിക്കുന്നു.

കല്യാണപരസ്യത്തിൽ മുതൽ വൃക്കദാനത്തിൽ വരെ ജാതിയൊരു കണ്ടീഷനായി വയ്ക്കുന്ന പുതിയ മലയാളി പൊതുബോധം തന്നെയാണ് ഇപ്പോൾ വളരുന്ന ഈ അന്ധവിശ്വാസങ്ങളുടെയും പിന്നിലുള്ളത്. വർഗ്ഗിയതയും അന്ധവിശ്വാസവും തുലയട്ടെയെന്ന ചുവരെഴുത്തിൽ തീരുന്നതല്ല മനുഷ്യൻ്റെ മനസിൽ തഴച്ച് വളരുന്ന വിശ്വാസങ്ങൾ. വിശ്വാസങ്ങൾക്കൊപ്പം തന്നെ വളരുന്ന ചരിത്രമാണ് അന്ധവിശ്വാസങ്ങൾക്കുമുള്ളത്.

മരുന്നിനും മന്ത്രത്തിനും പ്രാധാന്യമുണ്ടെന്ന വാമൊഴിപ്പഴക്കവുമായിജീവിച്ചഒരു സമൂഹത്തെ മുതലാക്കുവാൻ പെട്ടെന്നു കഴിയുമെന്ന തിരിച്ചറിവു നേടിയവരായിരുന്നു ചിലർ. അവരെ നമ്മൾ മന്ത്രവാദികളെന്നുവിളിച്ചു. സിദ്ധന്മാരെന്നു വിളിച്ചു എല്ലാ മതങ്ങളിലും ഇതേപോലെയൊരു ശാഖ പെട്ടെന്ന് തഴച്ചു വളർന്നു.

 അസുഖം ഭേദമാക്കാമെന്നു പറഞ്ഞും സർവ ഐശ്വര്യങ്ങളും വരുത്തിതീർക്കാമെന്നും വാഗ്ദാനം നൽകി അവർ ജനങ്ങളെ മുതലെടുപ്പു നടത്തിക്കൊണ്ടിരിക്കുന്നു. അതായത് ലോകം മുഴുവൻ നിറഞ്ഞു നിലക്കുന്ന അന്ധവിശ്വാസത്തിൻ്റെ ഒരു കാണാചരടുണ്ട്, അതു ഓരോ വിശ്വാസിയുടെയും മനസിൽ നിലനില്‍ക്കുന്നുമുണ്ട്. അത്തരം വിശ്വാസങ്ങളെയാണ് റാസ് പുട്ടിൻ മുതൽ ഇങ്ങിപ്പുറം നക്ഷത്ര ആമയുടെയും സ്വർണ്ണചേനയുടെയും അക്ഷയതൃതീയയുടെയും മഹാസിദ്ധി ആഭരണങ്ങളുടെയുമൊക്കെ പേരിൽ ഒരു വിഭാഗത്തെ ചൂഷണം ചെയ്യാനായി ഉപയോഗിച്ചുകൊണ്ടിരിക്കുന്നവരുടെവരെ പൊതുസ്വഭാവമെന്ന് വിലയിരുത്താം.

കമ്പകകാനത്ത് കൊലചെയ്യപ്പെട്ട കൃഷ്ണൻ പേരുകേട്ട ഒരു ആഭിചാരക്രിയാ വിദഗ്ദ്ധനായിരുന്നു. കൃഷ്ണനെ കൊന്നാൽ അയാളുടെ ശക്തികൂടി ലഭിക്കുമെന്നാണ് അയാളെയും കുടുംബത്തെയും വകവരുത്തിയ അനീഷിൻ്റെ വിശ്വാസം. ഒരുമനുഷ്യനെ കൊലചെയ്യുന്നതിനുള്ള കാരണം ധനവും പെണ്ണും രാഷ്ട്രീയവും കഴിഞ്ഞ്  എവിടെയെത്തിനിൽക്കുന്നുവെന്നതാണ് ചിന്തിക്കേണ്ടത്.

ഇനി മറ്റൊന്നിലേക്ക് പോകാം. ഒരു സംഘടിത മതം എങ്ങനെ വിശ്വാസത്തെ അല്ലെങ്കിൽ വിശ്വാസികളെ ചൂഷണം ചെയ്യുന്നുവെന്നു നോക്കാം.

ഒരു സംഘടിതമതത്തിനപ്പുറം നിൽക്കുന്ന ക്രിമിനൽ സംഘമില്ലെന്ന വാദം പലരും ഉയർത്തിയിട്ടുണ്ട്. അതിൻ്റെ ഉദ്ദാഹരണങ്ങളാണ് കുമ്പസാര രഹസ്യങ്ങളുടെയും മറ്റും മുതലെടുപ്പിലേക്ക് കടക്കുന്നത്.

ക്രിസ്തു ചെറുതിലെ മരിച്ചുപോയതുകൊണ്ടാണ് എൻ്റെ പ്രായം വരെ ജീവിച്ചിരുന്നെങ്കിൽ അദ്ദേഹം പലതിനേയും ചോദ്യം ചെയ്യുമായിരുന്നുവെന്നു ഫ്രഡറിക് നീത്ഷെ പറഞ്ഞിട്ടുണ്ട്. ഇങ്ങനെ മതത്തെയും ദൈവങ്ങളെയും വ്യഖ്യാനിച്ചതിലെ പൊള്ളത്തരങ്ങൾ തുറന്നുകാണിച്ചവർ നിരവധിയാണ്.ഒരു പക്ഷെ ചരിത്രത്തിലെ സമീപകാലത്ത് രൂപപ്പെട്ട കുമ്പസാരത്തെപ്പോലും ഇത്തരത്തിൽ ഒരു പുരാലോചനയിലൂടെ ക്രമീകരിക്കേണ്ടിയിരിക്കുന്നു.

Read Also  കുട്ടികളെ നരബലി നൽകിയെന്ന് അഭ്യൂഹം; എട്ടുപേരെ തല്ലിക്കൊന്നു

മറ്റൊന്നുകൂടി പുതിയ കേരളത്തിൻ്റെ അവസ്ഥയിൽ ചിന്തിക്കേണ്ടതാണ് അതു മനുഷ്യൻ്റെ സർഗ്ഗാത്മകതയേയും സ്വതന്ത്രചിന്തയേയും മതബോധം എങ്ങനെ കടന്നാക്രമിക്കുന്നുവെന്നുള്ളതാണ്. അല്ലെങ്കിൽ മതബോധം നമ്മെ എത്രമാത്രം ശിഥിലീകരിച്ചിരിക്കുന്നുവെന്നതാണ്. ഞാനൊരു ഹിന്ദുവാണെന്ന ബോധമുണ്ടാകാൻ എതിർവശത്ത് ഒരു മുസ്ലിമോ കൃസ്ത്യാനിയോ വേണമെന്ന മതവാദം… ഇത് തിരിച്ചുമാകാം. പുതിയകാലത്തെ സാഹിത്യത്തെയും സിനിമയേയും എല്ലാ സുകുമാരകലകളേയും വിലയിരുത്തേണ്ടത് ഈ സന്ധിഗ്ദ്ധാവസ്ഥയിൽ നിന്നു വേണം.

ആദ്യനോവൽ രചനയിൽ മുഴുകിയപ്പോൾ ഓ ചന്തുമേനോൻ ഇന്ദുലേഖയിൽ ഒരിടത്ത് ഇങ്ങനെ എഴുതിയതായി ഓർമ്മിക്കുന്നു:  “എനിക്ക് ഈശ്വരന്‍ എന്നൊരു പ്രത്യേകശക്തിയുണ്ടെന്ന് വിശ്വാസമില്ല. ജഗത്ത് എല്ലാം സ്വഭാവനുസരണമായി ഉണ്ടാവുകയും സ്ഥിതി ചെയ്യുകയുകയും വര്‍ദ്ധിക്കുകയും നശിക്കുകയും ചെയ്യുന്നു എന്ന് ഞാന്‍ അറിയുന്നു. അതിലധികം ഒന്നും എനിക്കറിയില്ല. ഈശ്വരന്‍ എന്നൊരു സാധനത്തേയോ ആ സാധനത്തിന്റെ വിശേഷവിധിയായ ഒരു ശക്തിയേയോ ഞാന്‍ എങ്ങും കാണുന്നില്ല. പിന്നെ  അതുണ്ടെന്ന് ഞാനെങ്ങനെ വിശ്വസിക്കും?” എതാണ്ട് നൂറുവർഷങ്ങൾക്കു മുൻപാണ് ചന്തുമേനോൻ ഇങ്ങനെയെഴുതിയത്. വായിച്ചവരിലധികവും ഉറപ്പായും ചന്തുമേനോൻ കൂടി ഉൾപ്പെടുന്ന വർഗ്ഗത്തിലോ മതത്തിലോ പെട്ടവർ തന്നെയായിരിക്കാനാണ് സാധ്യതയും. ഇവിടെ നിന്നു വേണം പുതിയ സാംസ്കാരിക ജാതികേരളത്തെപ്പറ്റി ചിന്തിക്കുവാൻ. ഇവിടെ നിന്നുവേണം മതത്തിൻ്റെ നവവ്യാഖ്യാനത്തിലേക്കും ജാതികേരളത്തിൻ്റെ അവസ്ഥയിലേക്കും കടന്നുചെല്ലുവാൻ.

      ഇന്ദുലേഖാകാലത്തെ സ്മാർത്തവിചാരണയെപ്പറ്റിയും അയിത്താചാരത്തെപ്പറ്റിയുമെല്ലാം എതിർ വാദങ്ങളുണ്ടാകാം. എന്നാൽ സഖെ, നമ്മൾ അതിൽനിന്നെല്ലാം വിടുതൽ പ്രാപിച്ചവരാണെന്നാണ് വിചാരം. നമ്മൾ ക്ഷേത്രപ്രവേശനവിളംബരവും പന്തിഭോജനവുമെല്ലാം കഴിഞ്ഞെത്തിയവരല്ലെ, പിന്നെ സമ്പൂർണ്ണ സക്ഷരതയിലും എത്തിയവരും. ആ വ്യത്യാസത്തിൽ നിന്നുവേണം പുതിയ സമ്പൂർണ്ണകേരളത്തെ കാണേണ്ടത്.

അത്രമേൽ പ്രതീക്ഷയൊന്നുമില്ല… ഇനിയും ആഭിചാരക്കൊലകൾ ഇവിടെയുണ്ടാകും. കാരണം അക്ഷരകേരളം  ചിന്തയുടെയും പ്രവർത്തനത്തിൻ്റെയും ഇരുട്ടിലേക്കാണ് അനുദിനം പ്രയാണം ചെയ്തുകൊണ്ടിരിക്കുന്നത്, അതുകൊണ്ടുതന്നെ.

 

Spread the love