Friday, September 17

സാക്ഷര കേരളമേ ഈ കൊല ചെയ്തത് നിങ്ങളാണ്; കാലം 2019 മാർച്ച് മാസം, സ്ഥലം മലപ്പുറം, കേരളം

നവോത്ഥാന മതിൽ പണിത കേരളം, രാഷ്ട്രീയ പ്രബുദ്ധമായ കേരളം, സ്ത്രീ പുരുഷാനുപാതത്തിൽ മുന്നിൽ നിൽക്കുന്ന കേരളം, സാക്ഷരത വിദ്യാഭ്യാസത്തിൽ രാജ്യത്ത് ഒന്നാമത് നിൽക്കുന്ന കേരളം. സർക്കാർ പരസ്യങ്ങളിലും ലോകത്തിന്റെ മുന്നിലും കേരളം അങ്ങനെ പലതുമാണ്. എന്നാൽ യഥാർത്ഥ കേരളം എങ്ങനെയാണ്? അന്ധവിശ്വാസങ്ങളുടെയും അനാചാരങ്ങളുടെയും കൂത്തരങ്ങാണ് ഈ കേരളം.ഇവിടെ ആചാരങ്ങളുടെ പേരിൽ  ആയിരകണക്കിന് മനുഷ്യരെയാണ് കൊന്നുകൊണ്ടിരിക്കുകയാണ്.  ഈ കൊലകൾക്ക്  ഭരണകൂടവും നിയമസംവിധാനങ്ങളും ഉത്തരവാദിത്വമുള്ള വ്യക്തികളെന്ന നിലയിൽ നമ്മൾ ഓരോരുത്തരും  പ്രതിപക്ഷം ഡോട്ട് ഇൻ ഉൾപ്പടെയുള്ള മാധ്യമങ്ങളും ഉത്തരവാദികളാണ്.

മലപ്പുറം ജില്ലയിലെ കരുളായി പത്തുതറപ്പടി, കൊളപ്പറ്റ ഫിറോസ് അലി എന്ന 39 വയസ്സുള്ള ചെറുപ്പക്കാരൻ മന്ത്രവാദത്തിന്റെ പേരിൽ കഴിഞ്ഞ മാർച്ച് ഒന്നിന് കൊലചെയ്യപ്പെട്ടു . രണ്ടാം തീയതി ആ യുവാവിന്റെ ശവസംസ്ക്കാര ചടങ്ങും കഴിഞ്ഞു. കേരളം എല്ലാ പ്പോലെയും ഈ മരണവും നമ്മൾ മറക്കാൻ തുടങ്ങുകയാണ്. ലിവർ സിറോസിസ് എന്ന അസുഖത്തെ തുടർന്നുണ്ടായ മരണമെന്ന് ബന്ധുക്കളും നാട്ടുകാരും പറയുന്നു. എന്നാൽ കൊല്ലപ്പെട്ട ഫിറോസും ഫിറോസിന്റെ സുഹൃത്തുക്കളും ഇത് മരണമല്ല കൊലയാണെന്ന് പറയുന്നു.

കൊല്ലപ്പെട്ട ഫിറോസ് മരിക്കുന്നതിന് ദിവസങ്ങൾ മുൻപ് പൊലീസിന് കൊടുക്കാനായി തയ്യാറാക്കിയ മൊഴി

“സാർ, ഞാൻ ഫിറോസ് കെ.പി. കരുളായി, എനിക്ക് ലിവർ സിറോസിസിന്റെ അസുഖമുണ്ട്. ഞാൻ ഹോമിയോ മരുന്ന് കുറച്ചു കുടിച്ചു. അതിൽ സുഖം കാണാത്തത് കൊണ്ട് ആയുർവേദ മരുന്ന് കുടിച്ചുകൊണ്ടിരിക്കുകയാണ്. അതിൽ എനിയ്ക്ക് ആശ്വാസം ഉണ്ടായിരുന്നു. എന്നാൽ അതിനിടയ്ക്ക് എന്റെ കുടുംബങ്ങളെ സ്വാധീനിച്ച്, ഈ മന്ത്രവാദികൾ പറഞ്ഞത് ലിവർ സിറോസിസ് അതില്ല. അങ്ങനെ ഒരു അസുഖം നിനക്കില്ല. വയറിന്റെ ഉള്ളിൽ ഗണപതിയാണ്. ആ ഗണപതിയെ കൊന്നെങ്കിലെ എന്റെ അസുഖം മാറുകയുള്ളൂ, അല്ലാതെ വേറെ ഒരു കുഴപ്പവുമില്ല. അങ്ങനെ ഒരു പത്ത് ഇരുപത്തി ആറ് ദിവസത്തോളം എന്നെ ചികിൽസിച്ചു. അതിക്രൂരമായിരുന്ന ചികിത്സാ രീതികളായിരുന്നു. ഒരു മരുന്ന് പോലും അവരെന്നെ കുടിക്കാൻ സമ്മതിച്ചില്ല. മരുന്ന് അത് മുസ്ലീങ്ങൾക്ക് ഇവിടുത്തെ മരുന്ന് കുടിക്കാൻ പറ്റില്ല. ഇത് അമുസ്‌ളീം രാജ്യമാണ്. എന്നൊക്കെ പറഞ്ഞു അങ്ങനെ തെറ്റിദ്ധരിപ്പിച്ച് വിശ്വാസം ഇല്ലാത്ത എന്നെയും എന്റെ കുടുംബത്തെയും ചതിക്കുകയായിരുന്നു സാർ. അതുകൊണ്ട് ഇവർക്കെതിരെ ശക്തമായ നടപടിയെടുക്കണം. ഇനി മേലിൽ എന്റെ പോലൊരു അനുഭവം വേറെയാർക്കും സംഭവിക്കരുത്. ഈ ചികിത്സയ്ക്ക് ശേഷം ഞാൻ ശാരീരികമായി ആകെ തളർന്നു. എനിക്ക് ആരോഗ്യപരമായി നടക്കാനോ ഭക്ഷണം കഴിക്കാനോ ഇരിക്കാനോ യാതൊരു ബുദ്ധിമുട്ടില്ലായിരുന്നു. എന്നാൽ അതിന് ശേഷം ഭക്ഷണം കഴിക്കാൻ വയ്യ എന്റെ ശരീരം പറ്റെ ക്ഷീണിച്ചു, പറ്റെ തളർന്നു അങ്ങനത്തെ ഒരവസ്ഥയിലാണ് ഞാൻ ഉള്ളത്.

സാർ എനിക്കെന്റെ ഫാമിലിയിട്ട ഒരു പേരുണ്ട്‌ ഫിറോസ്‌, ഇവരെന്നെ എപ്പഴും വിളിച്ച പേര് ശെയ്ത്താൻ ശെയ്ത്താൻ എന്നാണ്. സാർ അതിനുള്ള ശിക്ഷ അവരനുഭവിക്കണം

ഇവരുടെ ചികിത്സയ്ക്ക് ഒരു ദിവസം എന്ത് ചിലാവാകുന്നുവെന്ന് ഞാൻ അന്വേഷിച്ചു. 10,000 രൂപയാണ് ഒരു ദിവസത്തിന് കൊടുക്കേണ്ടത്. സാധാരണ ഈ ചികിത്സയ്ക്ക് ദിവസം ഒരു ഒട്ടകം പ്രതിഫലം എന്ന നിലയ്ക്കാണ്, പക്ഷേ ഞങ്ങളുടേത്‌ ഒരു മര്യാദ, പതിനായിരം കൊടുത്താൽ മതി, ഒരു ദിവസത്തിന്. അതിനു കാരണം ക്യാഷ്‌ അവരത്ര എന്റെ കുടുമ്പങ്ങളിൽ നിന്നും പറ്റി. എന്നാൽ ഈ കാശ് എവിടുന്നാണ് കൊടുത്തതെന്ന് എനിക്ക് അറിയില്ല, എനിക്ക് ശ്രദ്ധിക്കാൻ പോലും കഴിയുന്ന അവസ്ഥയിലല്ലായിരുന്നു. ഞാൻ അത്രത്തോളം തളർന്നിരുന്നു. പത്ത് ഇരുപത്തി അഞ്ച് ദിവസത്തോളം കഫക്കെട്ട് പിടിപെട്ടിട്ട് എനിക്ക് സംസാരിക്കാനോ ഒന്നിനും കഴിയില്ലായിരുന്നു. ഭയങ്കര ബുദ്ധിമുട്ടായിരുന്നു. അത് ഞാനിപ്പോഴും അനുഭവിക്കുന്നു. ഒരു മരുന്നുപോലും കുടിക്കാൻ അവർ സമ്മതിച്ചിട്ടില്ല. അതെന്റെ ചങ്കില് ഗണപതിയാണ് പൂജാരിയാണ് എന്നൊക്കെ തെറ്റിദ്ധരിപ്പിച്ച് ശാരീരികമായി പീഡിപ്പിക്കുകയായിരുന്നു. അവസാന നിമിഷം ഞാൻ അവിടെ നിന്നും ചാടി രക്ഷപെടാനുള്ള ശ്രമം ഒക്കെ നടത്തി. അതിന് എന്നെ ബലം പ്രയോഗിച്ച് കെട്ടി നിർത്തി. രണ്ട് മൂന്ന് ആളുകൾ കൂടി അതിക്രൂരമായി എന്നെ ഉപദ്രവിച്ചു. അവിടെനിന്ന് രക്ഷപെടാൻ കഴിയാതെ അവരെന്നെ അതിനുള്ളിൽ തന്നെയാക്കി.

Read Also  വിപ്ലവം വായാടിത്തമെന്ന് ദേശാഭിമാനി; തീവ്ര ഇടത് സാഹസികതയുടെ അധഃപതിച്ച രൂപമാണ് മാവോയിസ്റ്റികളെന്നും എഡിറ്റോറിയൽ
മരുന്ന് അത് മുസ്ലീങ്ങൾക്ക് ഇവിടുത്തെ മരുന്ന് കുടിക്കാൻ പറ്റില്ല. ഇത് അമുസ്‌ളീം രാജ്യമാണ്.

സാർ എനിക്കെന്റെ ഫാമിലിയിട്ട ഒരു പേരുണ്ട്‌ ഫിറോസ്‌, ഇവരെന്നെ എപ്പഴും വിളിച്ച പേര് ശെയ്ത്താൻ ശെയ്ത്താൻ എന്നാണ്. സാർ അതിനുള്ള ശിക്ഷ അവരനുഭവിക്കണം, എനിക്ക്‌ നേരിൽ വന്ന് പറയാനോ ഒന്നിനും കഴിയാത്ത അവസ്ഥയാണിപ്പോ, അപ്പോ അതിനു എന്റെ ഫാമിലി അതും ഒരു ഇതാണ്. നാട്ടുകാർ നാട്ടിലറിഞ്ഞാലുള്ള മാനക്കേടും ഒക്കെ അവരും അനുഭവിച്ചുകൊണ്ടിരിക്കുകയാണ്. അതുകൊണ്ട്‌ എന്തെങ്കിലും നടപടികൾ ഉണ്ടാവണം എന്ന് ഞാൻ പറയുകയാണു സാർ.”

നിസ്സഹായനായി ഒരു മനുഷ്യൻ തനിക്ക് ലഭിക്കേണ്ട അടിസ്ഥാന ചികിത്സകൾ പോലും ലഭിക്കാതെ കൊല്ലപ്പെടുന്നതിന് മുൻപ് പറഞ്ഞ കാര്യങ്ങളാണ് മുകളിൽ. മന്ത്രാവാദം മൗലികമായി ഫിറോസിന് ലഭിക്കേണ്ട ചികിത്സകൾ മുടക്കി, അന്ധവിശ്വാസത്തിന്റെ പിടിയിൽ അകപ്പെട്ട കുടുംബം ഫിറോസിനെ നിർബന്ധിച്ച്, ബലം പ്രയോഗിച്ചും ഇവരുടെ അടുത്ത് എത്തിക്കുകയായിരുന്നു.

“മഞ്ചേരി ചെരണിയിൽ എൻഡിഎഫിന്റെ സത്യസരണി ഉള്ള റോഡിലൂടെ പോകുമ്പോൾ രണ്ടാമത്തെ പോക്കറ്റ് റോഡിലെ ഏറ്റവും അവസാനം ഇടത് ഭാഗത്ത് ഉള്ള ഉയർന്ന് നിൽക്കുന്ന വീട്ടിലാണ് ഇവരുടെ ചികിത്സാ കേന്ദ്രം. ഒരാളുടെ പേര് ഫിറോസ്, പിന്നേ അബ്ദുൽ സലാം നഖ്‍വി പിന്നേ വേറൊരാളിന്റെ പേരുണ്ട്, ഈ ഫിറോസിന്റെ ജേഷ്ഠൻ അത് പേരെന്തെന്ന് എനിക്ക് കൃത്യമായി ഓർമ്മയില്ല. അതാണ് അഡ്രെസ്സ്.” ഫിറോസ് അലി കൊല്ലപ്പെടുന്നതിന് മുൻപ് സുഹൃത്ത് ഷാജിയ്ക്കയച്ച ഓഡിയോ സന്ദേശത്തിൽ നിന്ന്.

“ഇവരുടെ വീടെവിടാണെന്ന് ചോദിച്ചാൽ ഈ റോഡ് തന്നെ നേരെ പോയാൽ റഹ്മത്ത് നഗർ എന്ന കോളനി മാതിരി, ഉള്ളിലേക്ക് അങ്ങ് പോയാൽ റഹ്മത്ത് കോളനി ആ ചെറിയ റോഡിലൂടെ അങ്ങ് പോയാൽ വലത്തോട്ട് തിരിഞ്ഞു ഒരു കോർട്ടേഴ്‌സ് കാണാം. ആ കോർട്ടേഴ്സിലാണ് ഇവരുടെ താമസം. അവിടെ നിന്നും ഇവർ ചികിത്സകൾ ചെയ്യുന്നുണ്ട്. എന്നെ ആദ്യം കൊണ്ട് പോയത്, ഞാൻ ആദ്യം പറഞ്ഞ സ്ഥലത്തേയ്ക്കാണ്. അവിടുന്ന് ഒരു എട്ട് ദിവസം കഴിഞ്ഞിട്ട് ഈ കോർട്ടേഴ്സിലേക്കാണ്. അവിടുന്നാണ് എന്നെ ഈ ദുർമന്ത്രവാദങ്ങൾ മുഴുവൻ ചെയ്തത്. റഹ്മത്ത് കോളനി മറക്കരുത്, എത്രയും പെട്ടന്ന്. പിന്നേ ഷാജി, എന്റെ ഫാമിലിയെ ഇത് എങ്ങനെയും ബാധിക്കാതെ നോക്കണം. കാരണം കേസ് അന്വേഷണങ്ങൾക്ക് പോകുമ്പോൾ ഞാനാണ് ഇതിന് പിന്നിലെന്ന് അറിയുമ്പോൾ ഭയങ്കര പ്രശ്നമാവും മിക്കവാറും ഒക്കെ.”സ്ഥലവും ബാക്കി കാര്യങ്ങളുമെല്ലാം ഫിറോസ് തന്റെ ദമാമിൽ ജോലി ചെയ്യുന്ന സുഹൃത്ത് ഷാജിയോട് പങ്കുവെച്ചതാണിത്.

ഇരുപത്തി അഞ്ച് ദിവസത്തോളം ചികിത്സ നടത്തി. അന്നെനിക്ക് കഫകെട്ടായി. അപ്പോഴാണ് കഫക്കെട്ട് ആദ്യമായി തുടങ്ങുന്നത്. ഞാൻ പറഞ്ഞു എനിക്ക് ഈ മരുന്ന് തന്നെ കുടിക്കണം. എന്റെ കഫവും സൗണ്ടും ഓരോ ദിവസവും എനിക്ക് … അപ്പൊ ഓരു പറഞ്ഞു, കഫകെട്ടല്ല നിനക്ക് ഗണപതിയാണ്. ഇവിടെ ഗണപതിയാണ്. അപ്പൊ ഗണപതിയാണത്. അപ്പൊ അതിന് റുഖിയ ചെയ്യണം. അങ്ങോട്ടാക്കണം ഇങ്ങോട്ടക്കണം… പിന്നേ എന്റെ വയറിന്റെ ഉള്ളിൽ പിന്നേ ഏതോ പൂജാരിയാണ്. അതാണ് ഇതാണ് എന്നൊക്കെ പറഞ്ഞു. ഞാൻ പറഞ്ഞു എനിക്കിത് വിശ്വസിക്കാൻ പറ്റില്ല. ഞാനും ഓരും അങ്ങനെ അങ്ങോട്ടും ഇങ്ങോട്ടും കുറെ വാദ പ്രതിവാദങ്ങൾ ഉണ്ടായി, ചർച്ചകൾ ഉണ്ടായി.

Read Also  തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥയെ മാവോയിസ്റ്റുകൾ കൊലപ്പെടുത്തി

നിന്റെ ശരീരത്തിൽ ഗണപതിയാണ്, പൂജാരിയാണ്. പൂജാരിപച്ചക്കറിയെ കഴിക്കൂ, അത്കൊണ്ട് നീ മാംസാഹാരം കഴിക്കണം

“പിന്നെ എന്നോട് ഡോക്ടർ പറഞ്ഞത് ഭക്ഷണം, മാംസാഹാരങ്ങൾ കഴിക്കരുത്, ഇറച്ചി മീൻ എണ്ണ ഈ കാര്യങ്ങൾ എല്ലാം ഒഴിവാക്കണം. അപ്പോൾ ഓരു പറഞ്ഞത് അത് നിന്റെ ശരീരത്തിൽ പൂജാരി ഉള്ളത് കൊണ്ടാണ്. പൂജാരി സസ്യാഹാരമേ കഴിക്കുകയുള്ളൂ. അനക്ക് എല്ലാ ഭക്ഷണവും കഴിക്കാം. ഞാൻ അത് കഴിച്ചതോട് കൂടി എന്റെ ശരീരം പൂർണ്ണമായും പറ്റെ അവതാളത്തിലായി. ഈ നീര് കണ്ടമാനം കൂടി. ശരീരത്തിൽ ഒരുപാട് ബുദ്ധിമുട്ടുകൾ ഉണ്ടായി.” ഫിറോസ് കൊല്ലപ്പെടുന്നതിന് മുൻപ് പറഞ്ഞത്.

പച്ചക്കറി കഴിക്കുന്ന പൂജാരി / ഗണപതി ശരീരത്തിൽ ഉള്ളത് കൊണ്ട് അതിനെ പുറത്ത് ചാടിക്കാൻ മാംസാഹാരങ്ങൾ കഴിപ്പിക്കുക., ചികിത്സയാണ് ഇതെല്ലാം, ആധുനിക വൈദ്യശാസ്ത്രത്തെ കുറിച്ച് പറയുമ്പോൾ അതെന്ത്കൊണ്ട് പറ്റുന്നില്ല ഇതെന്തുകൊണ്ട് നിങ്ങളുടെ വൈദ്യശാസ്ത്രത്തിന് പറ്റുന്നില്ല എന്നൊക്കെയുള്ള ചോദ്യങ്ങൾ ചോദിക്കുന്ന ഇവരുടെ ചികിത്സകൾ ഇതാണ്. കേരളം ചികിൽസിക്കുകയാണ്. കൊല്ലാനായി ചികിൽസിക്കുന്നു.

ഈ യുവാവിനെ കേരളം അതിന്റെ ഊറ്റം കൊള്ളുന്ന പ്രബുദ്ധതയിൽ കൊന്നതാണ്. നവമാധ്യമങ്ങളിലൂടെ ആധുനിക വൈദ്യശാസ്ത്രം തട്ടിപ്പാണെന്നും 700 രൂപയ്ക്ക് ഡോക്ടർ ആകാം എന്നും, പ്രതിരോധ കുത്തിവെയ്പ്പും മരുന്നുകളും അമേരിക്ക ഉൾപ്പടെയുള്ള ലോക രാഷ്ട്രങ്ങൾ മൂന്നാം ലോക രാജ്യങ്ങളിലെ കുട്ടികളെ ഇല്ലാതാക്കാൻ കണ്ടുപിടിച്ച മാർഗങ്ങൾ ആണെന്നും പ്രഷറോ ഷുഗറോ എന്നിങ്ങനെയുള്ള രോഗങ്ങൾ ഇല്ലെന്നും മറ്റും ദിവസവും തട്ടിപ്പ് പ്രചാരണങ്ങൾ നടത്തിയിട്ടും സുഖമായി നടക്കുന്ന ഇവരുൾപ്പടെയുള്ളവർ കൂടി കൊന്നതാണ് ഈ യുവാവിനെ. തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികൾക്കൊപ്പം ഒരേ വേദി പങ്കിടുകയും ഇത്തരക്കാരെ അഭിനന്ദിക്കുകയും ഷാൾ അണിയിക്കുകയും ചെയ്യുന്ന ഈ നാട്ടിലെ രാഷ്ട്രീയക്കാരും ഈ കൊലയ്ക്ക് ഉത്തരവാദികൾ ആണ്. വശീകരണ യന്ത്രവും, സാമ്പത്തിക ഉയർച്ചയ്ക്ക് ഉള്ള ചരടും, അയല്പക്കത്തെ യുവാവിന്റെ നോട്ടം കിട്ടാതെ ഇരിക്കാൻ കെട്ടുന്ന ചരടും പരസ്യങ്ങളായി നൽകുന്ന മാധ്യമങ്ങളും കൂടി നടത്തിയതാണ് ഈ കൊല.

ഇതിൽ ആർക്കും നീതി വാങ്ങി കൊടുക്കാൻ ഇല്ല. മരിച്ച ആൾക്ക് നീതി കൊടുക്കുക എന്നത് സങ്കല്പികമാണ്. ‘ശാസ്ത്ര അഭിരുചിയും മാനവികതയും അന്വേഷണത്വരയും പരിഷ്കരണബോധവും വളര്‍ത്തുക എന്നത് ഇന്ത്യയിലെ ഏതൊരു പൗരന്റെയും കടമയാണ്’ എന്ന് ഭരണഘടനയിൽ എഴുതിവെച്ചാൽ മാത്രം പോരാ, അതിനായി ശ്രമിക്കുകയും ഇത്തരം അനാചാര അന്ധവിശ്വാസങ്ങൾക്കെതിരെയുള്ള നിയമനടപടികൾ എടുക്കുകയും വേണം. നീതി ജീവിച്ചിരിക്കുന്നവർക്കാണ് വേണ്ടത്. ഇനിയും ഒരു മനുഷ്യൻ കൊല്ലപ്പെടാതെ ഇരിക്കാൻ, ജീവിച്ചിരിക്കുന്നവർക്ക് നീതി ലഭിക്കാൻ ഭരണകൂടവും അതിന്റെ മെഷനറികളും പ്രവർത്തിക്കട്ടെ. ഇനിയും ഇത്തരത്തിൽ ഓരു വാർത്ത ചെയ്യാൻ ഇടവരാതെ ഇരിക്കട്ടെ.

അംബേദ്ക്കറുടെ പ്രതിമയാണ് ഞങ്ങൾക്കാവശ്യം വംശീയവാദിയായ ഗാന്ധിയുടേതല്ല; ഘാന സർവകലാശാല പ്രൊഫസർ ഒബതാല കംബോൺ

ബിഎസ്എഫ് ചരിത്രത്തിലെ ആദ്യ വനിതാ ‘പട്ടാളക്കാരി’ തനു ശ്രീ തന്റെ പട്ടാള ജീവിതത്തെക്കുറിച്ച് സംസാരിക്കുന്നു

കംപ്ലീറ്റ് ആക്ടർ, അൾട്ടിമേറ്റ് ആക്ടർ ഇതൊക്കെ ചാർത്തിക്കൊടുക്കുന്ന പട്ടമാണ് ; നാടകപ്രവർത്തക ജെ ശൈലജയുമായുള്ള അഭിമുഖം

‘മുസ്ലീമായതിന്റെ പേരിൽ സംഘപരിവാറും പോലീസും എന്നെ തീവ്രവാദിയാക്കുന്നു’: മുഹമ്മദ് ഹനീൻ

 

 

Spread the love