Monday, January 24

സ്ത്രീ വിരുദ്ധത എന്നത് അനുഷ്ഠാനവും ആചാരവുമായ ഒരു സമൂഹമാണ് നമ്മുടേത്; ശ്രീദേവി എസ് കർത്ത

ഇന്ന് ഒരപൂര്‍വ ബഹുമതി പട്ടമാണ് ലോകശക്തിയാവാന്‍ കുതിക്കുന്ന ഇന്ത്യയ്ക്ക് ലഭിച്ചിരിക്കുന്നത്. സ്ത്രീകള്‍ ഒട്ടും സുരക്ഷിതമല്ലാത്ത രാജ്യങ്ങളില്‍ ഒന്നാം സ്ഥാനം ഇന്ത്യയ്ക്കാണ്. ലജ്ജിച്ച് തലതാഴ്‌ത്തേണ്ട വിധത്തില്‍ വര്‍ദ്ധിച്ചുവരുന്ന സ്ത്രീപീഢന വാര്‍ത്തകളിലൂടെയാണ് ഓരോ ദിവസവും നാം മുന്നോട്ട് പോകുന്നത്. എന്തുകൊണ്ട് ഇന്ത്യ? എന്താണ് ഇതിന്റെ അടിസ്ഥാന കാരണങ്ങള്‍? ചില പ്രമുഖ വനിതകളുടെ നിരീക്ഷണങ്ങള്‍ ഞങ്ങള്‍ പ്രസിദ്ധീകരിക്കുകയാണ്. കവിയും വിവര്‍ത്തകയുമായ ശ്രീദേവി എസ് കര്‍ത്തയുടെ  പ്രതികരണം ആദ്യം:

ശ്രീദേവി എസ് കർത്ത

സ്ത്രീയെ ഒരു വസ്തുവായാണ് നമ്മള്‍ കാണുന്നത്. അതുകൊണ്ട് എത്ര വിദ്യാഭ്യാസം ഉണ്ട്, ഏത് പദവി അലങ്കരിക്കുന്നു, എത്ര വിവേകം ഉണ്ട്, എത്ര സര്‍ഗ്ഗാത്മകത ഉണ്ട്, ഇതൊന്നും വിഷയമല്ല. സ്ത്രീ സുഖം നല്‍കുന്ന ഒരു വസ്തുവാണെന്നും ആക്രമിക്കപ്പെടേണ്ടവളാണെന്നുമാണ് നമ്മളെ പഠിപ്പിച്ചിരിക്കുന്നു. ഏതെങ്കിലും ഒരു ജെണ്ടര്‍ പ്രശ്‌നമല്ല ഇത്. പുരുഷന്റെ മാത്രം കാഴ്ചയല്ല, പൊതു സമൂഹത്തിന്റെ മൊത്തമുള്ള പ്രശ്‌നമാണ്. സ്ത്രീകള്‍ ഉള്‍പ്പടെയുള്ളവരുടെ പ്രശ്‌നമാണിത്. സ്ത്രീകളുടെ കാഴ്ച വേറൊരു തരത്തിലാണ്.  ഒരു ഒബ്ജക്റ്റ് ആയത് കൊണ്ട് നീ സൂക്ഷിക്കണം എന്നാണ് പറയുന്നത്. സ്ത്രീകള്‍ തന്നെയാണിത് പറയുന്നത്. കുഞ്ഞുന്നാള്‍ മുതല്‍ ഈ സമൂഹത്തെ ഭയക്കണം എന്ന് നമ്മെ പറഞ്ഞു പഠിപ്പിച്ചിരിക്കുകയാണ്. ഇക്കാര്യത്തില്‍ പുരുഷന്റെയും സ്ത്രീയുടെയും അന്തര്‍ധാര ഒന്ന് തന്നെയാണ്.

നമ്മളെക്കാള്‍ സാക്ഷരതാ കുറഞ്ഞ രാജ്യങ്ങള്‍, നിരന്തരം സൈനീക ആക്രമണങ്ങള്‍ നേരിടുന്ന രാജ്യങ്ങള്‍, ശിരോവസ്ത്രം കൊണ്ട് ശരീരം പൂര്‍ണ്ണമായും മൂടിയ സ്ത്രീകള്‍ ഉള്ള രാജ്യങ്ങള്‍ ഇവിടങ്ങളിലൊക്കെ സ്ത്രീകള്‍ക്ക് മെച്ചപ്പെട്ട ഒരവസ്ഥയാണ് ഉള്ളത്. ഇതിന്റ ഏറ്റവും മോശമായ വശം സ്ത്രീകള്‍ മാത്രമായി പാഠശാലകള്‍ തുടങ്ങിയ ലോകത്തിലെ അപൂര്‍വം രാജ്യങ്ങളില്‍ ഒന്നാണ്‌ ഇന്ത്യയെന്നുള്ളതാണ്.

സംസ്‌ക്കാരം എന്നു പറയുന്നിടത്താണ് ഇതിന്റെയെല്ലാം വേരുകള്‍ കിടക്കുന്നത്. സംസ്‌ക്കാരം എന്നത് എത്രമാത്രം സ്ത്രീ സൗഹര്‍ദപരമാണ് എന്നതാണ് ഇവിടുത്തെ അടിസ്ഥാന പ്രശ്‌നം. സ്ത്രീ വിരുദ്ധത എന്നത് അനുഷ്ഠാനവും ആചാരവുമായ ഒരു സമൂഹമാണ് നമ്മുടേത്. നേടുന്ന വിദ്യാഭ്യാസവും നടിക്കുന്ന പുരോഗമനവുമൊന്നും ഇതിനെ തിരുത്തുന്നില്ല എന്നും നാം തിരിച്ചറിയേണ്ടിയിരിക്കുന്നു.

സ്ത്രീകളെ ആക്രമിക്കുന്നത് ഒരു അപമാനമാണ് എന്ന് തിരിച്ചറിയുമ്പോള്‍ മാത്രമേ യഥാര്‍ത്ഥത്തില്‍ ഈ സ്ഥിതിക്ക് മാറ്റമുണ്ടാവൂ. അത് ഒരാള്‍ മാത്രം വിചാരിച്ചാല്‍ നടക്കുന്ന കാര്യമല്ല. ഒരു സമൂഹത്തിന്റെ കൂട്ടായ ശ്രമത്തിലൂടെ മാത്രമേ അത്തരത്തിലൊരു മാനസികാവസ്ഥ വളര്‍ത്തിയെടുക്കാന്‍ സാധിക്കൂ.   അടിസ്ഥാനപരമായി സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവര്‍ മാറണം.

മാറ്റങ്ങള്‍ ഇല്ലെന്ന് ഞാന്‍ പറയുന്നില്ല, ശക്തമായ പ്രതികരണത്തിന്റെ ഭാഗമായി മാറ്റങ്ങള്‍ ഉണ്ടാകുന്നുണ്ട് സ്ത്രീകള്‍ ആക്രമിക്കപ്പെടുമ്പോള്‍ നമ്മള്‍ ആക്രമിച്ചവനും ആക്രമിക്കപെട്ടവളും എന്ന രണ്ട് പക്ഷത്തിലേക്ക് മാറുകയാണ്. യഥാര്‍ത്ഥത്തില്‍ അതല്ല വേണ്ടത്. ഈ പൊതു ബോധം മാറണം.  വളരെ തരം താണ പ്രവര്‍ത്തിയാണ് ചെയ്യുന്നതെന്നുള്ള ബോധം, ലജ്ജാകരമായ കാര്യമാണ് ചെയ്യുന്നതെന്നുള്ള ബോധം, നീചമായ കാര്യമാണെന്നുള്ള ബോധം, മനുഷ്യത്വ വിരുദ്ധമാണെന്നുള്ള ബോധം ഉണ്ടാവണം.  സ്ത്രീകള്‍ പ്രതികരിക്കുന്നത് വഴി, ആണുങ്ങള്‍ തിരിച്ചറിയുന്നത് വഴി, കുഞ്ഞുങ്ങളെ പഠിപ്പിക്കുന്നത് വഴി ഒക്കെയാണ് അങ്ങനെയൊരു ബോധം വളര്‍ത്തിയെടുക്കാന്‍ സാധിക്കുന്നത്.

Read Also  ടിക്കാറാം മീണയ്ക്കെതിരെ സ്ത്രീത്വത്തെ അപമാനിച്ചതിന് കേസെടുക്കണമെന്നാവശ്യപ്പെട്ട് ഡിജിപിയ്ക്ക് പരാതി

എന്നാല്‍ ചെറിയ മാറ്റങ്ങള്‍ സംഭവിക്കാതിരിക്കുന്നില്ല. ശാരീരികമായ ഉപദ്രവങ്ങള്‍ മാത്രമല്ല സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളില്‍ വരുന്നത് എന്നൊരു പൊതുബോധം ഇന്ന് വളര്‍ന്ന് വന്നിട്ടുണ്ട്. മാനസികമായ പിഢനങ്ങളും ആംഗ്യവിക്ഷേപങ്ങളും ദ്വയാര്‍ത്ഥ പ്രയോഗങ്ങളും കൊണ്ടുള്ള അപമാനിക്കലുമെല്ലാം അതിക്രമങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ ഇന്ന് സമൂഹം തയ്യാറാവുന്നുണ്ട്.

ഇത്തരം ചെറിയ മാറ്റങ്ങളെ പോസിറ്റിവ് ആയി കാണണം എന്നാണ് ഞാന്‍ പറയുന്നത്. സോഷ്യല്‍ മീഡിയ പോലുള്ള പ്ലാറ്റ് ഫോമുകള്‍ നമുക്ക് അതിനുണ്ട്. കത്വ പോലുള്ള സംഭവങ്ങള്‍ നമ്മള്‍ സോഷ്യല്‍ മീഡിയ വഴിയാണ് അറിയുന്നത്. അല്ലെങ്കില്‍ നമ്മളത് അറിയാതെ പോകുമായിരുന്നു. എല്ലാത്തരത്തിലുള്ള മാര്‍ജിനലൈസ്ഡ് സംഭവങ്ങള്‍ക്കുമുള്ള പ്ലാറ്റ് ഫോമുകള്‍ അത് നല്‍കുന്നുണ്ട്. പക്ഷെ അതേപോലെ തന്നെ അതൊരു ആക്രമണ ആയുധമായി ഉപയോഗിക്കുന്നുമുണ്ട്. ഇതേ സോഷ്യല്‍ മീഡിയ തന്നെ സ്ത്രീകള്‍ക്ക് എതിരെയുള്ള അക്രമങ്ങള്‍ വ്യാപകമായി നടക്കുന്നുണ്ട്.

ഈ അവസ്ഥയില്‍ നിന്നും ഒരു മോചനം നേടാന്‍ എത്രയോ കാലമായി നമ്മള്‍ ശ്രമിക്കുന്നു, എന്തെല്ലാം പ്രവര്‍ത്തനങ്ങള്‍ നടത്തുന്നു, എന്തിലെല്ലാം ഏര്‍പ്പെടുന്നു? എന്നിട്ടും ഇങ്ങനെ ഒരു സര്‍വ്വേ വരുമ്പോള്‍ അതിന്റെ ഫലം പ്രതികൂലമാവുന്നത്‌ നിരാശ ഉണ്ടാക്കുന്നു. നമ്മള്‍ കേരളത്തില്‍ നിന്ന് സംസാരിക്കുന്നതു പോലെയല്ല ഇന്ത്യയിലെ പല ഗ്രാമങ്ങളിലും ഉള്ള അവസ്ഥ എന്നതും നമ്മള്‍ മനസ്സിലാക്കേണ്ടതുണ്ട്.

Spread the love

Leave a Reply