Monday, January 24

ചരിത്രത്തിൽ ആദ്യമായി സന്നിധാനത്ത് വനിതാ പൊലീസ്: കനത്ത സുരക്ഷയിൽ ശബരിമല

ചിത്തിര ആട്ടത്തിരുനാളിനു ശബരിമല നട ഇന്നു വൈകുന്നേരം അഞ്ചിന് തുറക്കുന്നതിന് മുന്നോടിയായി സുരക്ഷാ മുൻകരുതലുകളുടെ ഭാഗമായി സംസ്ഥാന ചരിത്രത്തിൽ ആദ്യമായി വനിതാ പൊലീസുകാരെ സന്നിധാനത്ത് വിന്യസിച്ചു. 15 വനിതാ പൊലീസുകാരെയാണ് ഇപ്പോൾ സന്നിധാനത്ത് വിന്യസിച്ചിരിക്കുന്നത്. ആവശ്യം വന്നാൽ 15 വനിതാ പൊലീസുകാരെ കൂടെ സന്നിധാനത്ത് വിന്യസിക്കും. 50 വയസ്സിന് മേൽ പ്രായമുള്ള വനിതാ പൊലീസിനെ ആണ് നിലവിൽ സന്നിധാനത്ത് വിന്യസിച്ചിരിക്കുന്നത്. 50 വയസ്സിന് മേൽ പ്രായമുള്ള സ്ത്രീകളെ വെച്ച് സമരക്കാർ സന്നിധാനത്ത് സമരം ചെയ്യുമെന്ന രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോർട്ട് പ്രകാരമാണ് വനിതാ പൊലീസിനെ നിയോഗിച്ചിരിക്കുന്നത്.

കനത്ത സുരക്ഷയാണ് സന്നിധാനത്തും പരിസരത്തും പൊലീസ് ഒരുക്കിയിരിക്കുന്നത്. ആറു മേഖലകളിലായി 3000 പൊലീസുകാരെയാണ് ഇവിടെ നിയോഗിച്ചിട്ടുള്ളത്. യുവതികൾ ദർശനത്തിനുവന്നാൽ സൗകര്യം ഒരുക്കുമെന്നും എന്നാൽ ആക്ടിവിസ്റ്റുകളെ ശബരിമലയിലേക്ക് കടത്തി വിടില്ലെന്നും സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്.

വ്യാപാരകേന്ദ്രങ്ങൾ, വിശ്രമകേന്ദ്രങ്ങൾ, അതിഥിമന്ദിരം എന്നിവിടങ്ങളിൽ അനാവശ്യമായി ആരെയും തങ്ങാൻ അനുവദിക്കില്ല.
പമ്പയിലും സന്നിധാനത്തും കൂടുതൽ നിരീക്ഷണ ക്യാമറകൾ സ്ഥാപിച്ചു. 12 മുഖംതിരിച്ചറിയൽ ക്യാമറകളും സ്ഥാപിച്ചിട്ടുണ്ട്. മുമ്പുനടന്ന പ്രതിഷേധങ്ങളിൽ അറസ്റ്റിലായവരുടെ ചിത്രങ്ങൾ പരിശോധിച്ച് ഇവരിലാരെങ്കിലും വീണ്ടുമെത്തുകയാണെങ്കിൽ കസ്റ്റഡിയിലെടുക്കും.

ഇരുമുടി കെട്ടില്ലാത്തവരെ സംശയം തോന്നിയാൽ പരിശോധിച്ച ശേഷം മാത്രമേ മല കയറാൻ അനുവദിക്കൂ. തീർഥാടകരുടെ കൈവശം ഏതെങ്കിലും തിരിച്ചറിയൽ കാർഡുണ്ടാകണമെന്നും പൊലീസ് പറഞ്ഞു.

Spread the love
Read Also  സുപ്രീം കോടതി വിധിയെ വീണ്ടും വെല്ലുവിളിച്ച് രാഹുൽ ഈശ്വർ

Leave a Reply