ലൈംഗിക പീഡനക്കേസിൽ കുറ്റാരോപിതനായ ബിജെപി നേതാവും മുൻകേന്ദ്രമന്ത്രിയുമായ സ്വാമി ചിന്മയാനന്ദിനെ ഏഴു മണിക്കൂറോളം ചോദ്യം ചെയ്ത് അന്വേഷണ സംഘം.  രാത്രിയാണ് സുപ്രീം കോടതി നിയമിച്ച പ്രത്യേക അന്വേഷണ സംഘം ചിന്മയാനന്ദിനെ ചോദ്യം ചെയ്തത്. വൈകിട്ട് 6:20നു തുടങ്ങിയ ചോദ്യംചെയ്യൽ രാത്രി ഒരുമണി വരെ നീണ്ടെന്നാണു വിവരം. അന്വേഷണവുമായി പൂർണമായി സഹകരിക്കുന്നുണ്ടെന്നും അന്വേഷണസംഘത്തിനു മുന്നിൽ വീണ്ടും ഹാജരാകുമെന്നും ചിന്മയാനന്ദിന്റെ അഭിഭാഷകൻ അറിയിച്ചു.

നിയമവിദ്യാർഥിനിയാണു ചിന്മയാനന്ദനെതിരെ പരാതി നൽകിയിരിക്കുന്നത്. ചിന്മയാനന്ദ് തന്നെയും കുടുംബത്തെയും ഭീഷണിപ്പെടുത്തുന്നുവെന്നു പറഞ്ഞ് പരാതിക്കാരിയായ പെൺകുട്ടിയും കുടുംബവും പ്രതിഷേധം ഉയർത്തിയിരുന്നു. നേരത്തേ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്യലിനു ഹാജരാകണമെന്ന് ആവശ്യപ്പെട്ടെങ്കിലും ആരോഗ്യകാരണം പറഞ്ഞ് ചിന്മയാനന്ദ് ഒഴി‍ഞ്ഞുമാറുകയായിരുന്നെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ വ്യക്തമാക്കിയിരുന്നു.

രണ്ടാമത്തെ വാജ്പേയ് മന്ത്രിസഭയിൽ അംഗയായിരുന്ന ചിന്മയാനന്ദ് (72) വിഡിയോ ദൃശ്യങ്ങൾ കാട്ടി ഭീഷണിപ്പെടുത്തി ഒരു വർഷത്തോളം പീഡിപ്പിച്ചെന്നാണ് 23കാരിയായ നിയമവിദ്യാർഥിനി പരാതി നൽകിയത്. തന്റെ കണ്ണടയിൽ ഘടിപ്പിച്ച ക്യാമറ ഉപയോഗിച്ച് ചിന്മയാനന്ദിന്റെ ദൃശ്യങ്ങൾ പകർത്തിയിട്ടുണ്ടെന്നു വിദ്യാർഥിനി പറഞ്ഞു.

മുൻ കേന്ദ്രമന്ത്രിയായ ഒരു രാഷ്ട്രീയ നേതാവ് തന്റെ കോളജിൽ വിദ്യാർഥിനികളെ ദുരുപയോഗം ചെയ്യുകയാണെന്ന് ചിന്മയാനന്ദിന്റെ പേര് വെളിപ്പെടുത്താതെ ഫെയ്സ്ബുക് വിഡിയോയിലൂടെ ഓഗസ്റ്റിൽ ആരോപണമുന്നയിച്ചതിനു പിന്നാലെ വിദ്യാർഥിനിയെ കാണാതായിരുന്നു. പെൺകുട്ടിയെ കാണാതായതോടെ പ്രതിഷേധമുയർന്നെങ്കിലും മൂന്നു ദിവസത്തിനു ശേഷം മാതാപിതാക്കൾ പരാതി നൽകിയതോടെയാണ് ഉത്തർപ്രദേശ് പൊലീസ് കേസെടുത്തത്.

പിന്നീട് രാജസ്ഥാനിൽ നിന്നാണ് വിദ്യാർഥിനിയെ കണ്ടെത്തിയത്. തുടർന്ന് സുപ്രീംകോടതിയിൽ ഹാജരാക്കുകയും വിദ്യാർഥിനിയുടെ ആരോപണങ്ങൾ കേട്ട കോടതി, സംഭവം അന്വേഷിക്കാൻ പ്രത്യേക സംഘത്തെ നിയോഗിക്കുകയും ചെയ്തു. ചിന്മയാനന്ദിനെ ചോദ്യം ചെയ്യുകയോ കുറ്റം ചുമത്തുകയോ ചെയ്യാത്തതിനെ തുടർന്ന് ഒരാഴ്ച മുൻപ് ഇയാൾക്കെതിരെ പീഡനക്കുറ്റം ആരോപിച്ച് വിദ്യാർഥിനി പൊലീസിൽ പരാതി നൽകിയിരുന്നു. തെളിവുകൾ തേടി ചൊവ്വാഴ്ച അന്വേഷണ സംഘം ഹോസ്റ്റലിൽ പരിശോധന നടത്തുകയും ചെയ്തു.

ചിന്മയാനന്ദ ഇടപെട്ടു കേസിലെ തെളിവുകൾ നശിപ്പിച്ചുവെന്നു പരാതിക്കാരിയായ നിയമവിദ്യാർഥിനിയുടെ പിതാവ് ആരോപിച്ചു. ഒളിക്യാമറ ഘടിപ്പിച്ച രണ്ടു കണ്ണടകളുപയോഗിച്ച് മകൾ ശേഖരിച്ച തെളിവുകൾ ഹോസ്റ്റൽ മുറിയിൽ സൂക്ഷിച്ചിരുന്നെന്നും കോടതി ഉത്തരവിനെ തുടർന്ന് മുദ്രവച്ച മുറി വ്യാഴാഴ്ച തുറന്നപ്പോൾ അതു നഷ്ടമായിരുന്നെന്നുമാണ് പിതാവ് പറഞ്ഞത്. പെൺകുട്ടി പ്രത്യേക അന്വഷണസംഘത്തിന് അയച്ച കത്തിലും തെളിവുകൾ നഷ്ടമായെന്നു വെളിപ്പെടുത്തിയിരുന്നു. മകളുടെ സുഹൃത്ത് പെൻഡ്രൈവിൽ ശേഖരിച്ച തെളിവുകൾ അന്വേഷണസംഘത്തിന്‌ കൈമാറിയിരുന്നെന്നും അദ്ദേഹം പറഞ്ഞു.

Read Also  നടിയെ ആക്രമിച്ചതിൻ്റെ ദൃശ്യങ്ങൾ ദിലീപിനു കൈമാറരുതെന്ന് സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ

LEAVE A REPLY

Please enter your comment!
Please enter your name here