Thursday, January 20

പ്രതിഷേധം നേരിട്ട സ്ത്രീകള്‍ ശബരിമല ദര്‍ശനം നടത്തി

ശബരിമല ദര്‍ശനത്തിനെത്തിയ സ്ത്രീകള്‍ക്കെതിരെ പ്രതിഷേധമുയര്‍ന്നു. അമ്പത് വയസ്സ് തികഞ്ഞില്ലെന്നാരോപിച്ചായിരുന്നു പ്രതിഷേധം. എന്നാല്‍ പോലീസെത്തി അമ്പത് വയസ്സ് കഴിഞ്ഞവരെന്ന് സ്ഥിരീകരിച്ച ശേഷം ദര്‍ശനത്തിന് അനുമതി നല്കുകയായിരുന്നു. ഇരുമുടിക്കെട്ടില്ലാതെ എത്തിയവര്‍ വടക്കേ നടയിലൂടെയാണ് സന്നിധാനത്ത് പ്രവേശിച്ചത്.

ഭക്തി ആള്‍ക്കൂട്ട ഭ്രാന്താവുന്നതായിരുന്നു കഴിഞ്ഞ കുറെ നാളായി ശബരിമലയിലെ സംഭവങ്ങള്‍ വെളിവാക്കുന്നത്. ആചാര വിശ്വാസങ്ങളെ മുറുകെ പിടിക്കുന്നവര്‍ പോലും അയ്യപ്പധര്‍മ്മത്തിന് വിരുദ്ധമായി ആവശ്യങ്ങളുന്നയിക്കുന്നതായിരുന്നു ഇന്നലെ കാണാന്‍ കഴിഞ്ഞത്. നഗ്നപാദരായി നടന്ന് മല കയറുകയെന്നത് ഇപ്പോള്‍ ധര്‍മ്മമല്ലാതായിരിക്കുന്നു. വാഹനങ്ങളില്‍ പോകാന്‍ വേണ്ടിയായിരുന്നു ഇന്നലത്തെ മുറവിളി.

നാവ് കുഴഞ്ഞിട്ടോ ഫലമില്ലെന്ന് കണ്ടിട്ടോ എന്താണെന്ന് അറിയില്ല നാമജപസമരം അവസാനിപ്പിച്ചതായാണ് അറിയാന്‍ കഴിയുന്നത്. ഇതിനിടെ കഴിഞ്ഞ ദിവസം ബി ജെ പി സംസ്ഥാന പ്രസിഡന്‍റ് പി. എസ് ശ്രീധരന്‍പിള്ളയുടെ വെളിപ്പെടുത്തല്‍ രാഷ്ട്രീയ ഗൂഢോദ്ദേശങ്ങളെ തുറന്നടിച്ചതായിരുന്നു. ആ വെളിപ്പെടുത്തലോടെ യഥാര്‍ത്ഥ ഭക്തരുടെ വൈകാരികത രാഷ്ട്രീയ ലക്ഷ്യങ്ങളുടെ ഗൂഢതന്ത്രങ്ങളില്‍ പമ്പ കടന്നതായി കരുതാം. കാലം സ്ത്രീവിരുദ്ധതയെ കട പുഴക്കാനുള്ള സാധ്യതയാണ് ഇപ്പോള്‍ ശബരിമലയില്‍ തെളിഞ്ഞു കൊണ്ടിരിക്കുന്നത്.

സന്നിധാനത്ത് മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരേ കൈയ്യേറ്റം നടന്നിട്ടും പോലീസ് ഇടപെട്ടില്ലെന്ന പരാതിയും ഉയര്‍ന്നിട്ടുണ്ട്. തൃശൂര്‍ സ്വദേശിയായ സ്ത്രീയെയും കൈയ്യേറ്റം ചെയ്തതായി പരാതിയുണ്ട്. ശമദമാദികളുടെ അയപ്പധര്‍മ്മം അക്രമമാണോ എന്ന് വിശ്വാസികള്‍ ചിന്തിക്കേണ്ട സമയം സംജാതമായിരിക്കുകയാണ്.

 

Spread the love

Leave a Reply