Monday, January 24

മാഡം രേഖ ശര്‍മ്മ, രാഷ്ട്രീയ പ്രസ്താവനകളല്ല ജനം നിങ്ങളില്‍നിന്നും പ്രതീക്ഷിക്കുന്നത്; നീതിപൂര്‍വമായ ഇടപെടലുകളാണ്

പ്രതിപക്ഷം

ദേശീയ വനിതാകമ്മിഷന്റെ സ്ഥാപനോദ്ദേശത്തെ കുറിച്ച് യാതൊരു സംശയത്തിനുമിടമില്ല. ഇന്ത്യയിലിന്ന് നിലനില്‍ക്കുന്ന സാമൂഹിക സാഹചര്യത്തില്‍ ആ സ്ഥാപനത്തിന്റെ ഇടപെടല്‍ എത്രയുണ്ട് അല്ലെങ്കില്‍ എത്രമാത്രം ആത്മാര്‍ത്ഥത നിറഞ്ഞതാണെന്ന കാര്യത്തില്‍ മാത്രമേ സംശയത്തിന് അവകാശമുള്ളു. രാജ്യത്ത് കഴിഞ്ഞിടയുണ്ടായ ചില വിഷയങ്ങളില്‍ ദേശീയ വനിത കമ്മീഷന്‍ താല്‍ക്കാലിക അദ്ധ്യക്ഷ രേഖ ശര്‍മ്മ നടത്തുന്ന ഇടപെടലുകളും മറ്റു ചില പ്രശ്‌നങ്ങളില്‍ പുലര്‍ത്തുന്ന സംശയകരമായ മൗനവുമാണ് പലരുടെയും നെറ്റി ചുളിപ്പിക്കുന്നത്. ഇടപെടലുകളിലെയും പ്രഖ്യാപനങ്ങളിലെയും രഷ്ട്രീയ ഭാഷ്യങ്ങളാണ് ഭരണഘടനാ പദവിയുള്ള ഇത്തരം സ്ഥാപനങ്ങളെ സംശയങ്ങളുടെ മുള്‍മുനയില്‍ നിര്‍ത്തുന്നതും.

ദൗര്‍ഭാഗ്യകരമെന്നു പറയാം, നിലവില്‍ ഇന്ത്യയിലുണ്ടാവുന്ന സ്ത്രീസംബന്ധമായ വിഷയങ്ങളെല്ലാം തന്നെ മതവുമായി നേരിട്ടു ബന്ധപ്പെടുന്നതാണ്. മുന്‍പും ഇങ്ങനെ തന്നെയെന്ന വാദം നിലനില്‍ക്കുന്നുണ്ട്. കാരണം ഇന്ത്യയെന്ന മഹാരാജ്യത്തു മനുഷ്യനെ എപ്പൊഴും ഔദ്ധ്യോഗികമായോ അല്ലാതെയോ പരിഗണിച്ചിരുന്നത് മതങ്ങളുടെയോ ജാതിയുടെയോ ഒക്കെ പേരില്‍ തന്നെയാണ്. പുതിയ ഇന്ത്യന്‍ കാലാവസ്ഥയില്‍ ഭരണം കയ്യാളുന്ന ബിജെപി മന്ത്രിസഭ പ്രതിനിധീകരിക്കുന്ന മതസങ്കല്‍പ്പത്തില്‍ തന്നെ വേണമല്ലൊ അപ്പോള്‍ വനിതാകമ്മീഷനും പ്രവര്‍ത്തിക്കാന്‍.

എത്ര ലളിതമയാണു നമ്മുടെ വനിതാകമ്മീഷന്‍ കത്വായിലെ ക്ഷേത്രത്തില്‍ പീഡനത്തിനു വിധേയയായി കൊലചെയ്യപ്പെട്ട എട്ടുവയസുള്ള ആ പെണ്‍കുട്ടിയുടെ കര്യത്തില്‍ ഇടപെട്ടത്. പീഢനത്തിന് ഇരയായി കൊല്ലപ്പെട്ടത് എട്ടുവയസുകാരിയായതിനാല്‍ വിഷയം കമ്മീഷന്റെ പരിധിയില്‍ പെടുന്നതല്ലെന്നും അത് ബാലവകാശ കമ്മീഷന്റെ അധികാരപരിധിയില്‍ വരുന്നതാണെന്നുമായിരുന്നു അന്ന് രേഖ ശര്‍മ്മ വാദിച്ചത്. എന്നാല്‍ പ്രശ്‌നം രാഷ്ട്രീയവല്‍ക്കരിക്കുകയോ മതവല്‍ക്കരിക്കുകയോ ചെയ്യരുതെന്നും അതൊരു ക്രിമിനല്‍ പ്രവൃത്തി മാത്രമാണെന്നും ചൂണ്ടിക്കാണിക്കാന്‍ അവര്‍ മടിച്ചതുമില്ല. ഉന്നാവോ ബലാല്‍സംഗ കേസിലും ഇതേ നിലപാട് തന്നെയാണ് അവര്‍ സ്വീകരിച്ചത്.  പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെന്ന സാങ്കേതിക്ത്വം ഉയര്‍ത്തിയായിരുന്നുവെന്നുള്ളതാണ് ഗുരുതരമായ പ്രശ്‌നം.  എന്നാല്‍ കാര്യത്തിന്റെ ഉള്ളിലേക്ക് കടന്നാല്‍ മനസിലാകും വനിതാകമ്മിഷന്‍ ആ സ്ഥാനത്തിരിക്കുമ്പോള്‍ ആരെയൊക്കെയോ സംരക്ഷിക്കാന്‍ അവര്‍ ബാധ്യതസ്ഥയാണെന്ന്. ഇതേ വനിതാകമ്മീഷന്‍ തന്നെയാണ് ഡര്‍ജിലിംഗ്ഗില്‍ നൂറ്റിയഞ്ചു ദിവസത്തിലധികമായി സമരം ചെയ്ത വനിതകളെ കാണാന്‍ പോലും ശ്രമിക്കാതിരുന്നത്. ഒടുവില്‍ അവിടെയെത്തിയപ്പോള്‍ ആരും പരാതിയുമായി തന്റെയടുത്തേക്ക് വന്നില്ലെന്ന് ഒരു പരിദേവനം ട്വീറ്റ് ചെയ്ത് അവര്‍ തടിതപ്പി.

പക്ഷേ വനിതാകമ്മീഷന്‍ വളരെ തീവ്രമായി ഇടപെട്ടവിഷയ്യങ്ങളില്‍ പലതും കേരളത്തില്‍ നിന്നുള്ളതായിരുന്നു. ഹാദിയ വിഷയത്തില്‍ കമ്മിഷനുണ്ടാക്കിയ കോലാഹലം ചില്ലറയായിരുന്നില്ല. നേരത്തെ തീരുമാനിച്ചുറപ്പിച്ച പോലുള്ള അഭിപ്രായങ്ങളായിരുന്നു അവരില്‍നിന്നുമുണ്ടായത്. ഹാദിയയെ സന്ദര്‍ശിച്ച ശേഷം അവര്‍ സുഖമായി ഇരിക്കുന്നെന്നും പീഢനങ്ങളൊന്നും ഏല്‍ക്കുന്നില്ലെന്നും രേഖ ശര്‍മ്മ പരസ്യമായി പറഞ്ഞു. തനിക്ക് വീട്ട് തടങ്കലില്‍ നിന്നും മോചനമാണ് വേണ്ടതെന്നും പ്രായപൂര്‍ത്തിയായ തനിക്ക് ഇഷ്ടപ്പെട്ട ആളോടൊപ്പം ജീവിക്കാനുള്ള അവകാശമുണ്ടെന്നുമള്ള ഹാദിയയുടെ ഭരണഘടനാപരമായ അവകാശവാദങ്ങളൊന്നും ഒരു ഭരണഘടന സ്ഥാപനത്തിന്റെ തലപ്പത്തിരിക്കുന്ന വ്യക്തിയുടെ ചെവിയില്‍ കേറിയില്ല. പകരം, കേരളത്തില്‍ നിര്‍ബന്ധിത മതപരിവര്‍ത്തനം നടക്കുന്നുണ്ട് എന്ന് ആരോ പഠിപ്പിച്ചുകൊടുത്ത പാഠം ഒരു തത്തയുടെ ആര്‍ജ്ജവത്തോടെ അവര്‍ പാടി. മനുഷ്യക്കടത്തും നിര്‍ബന്ധിത മതപരിവര്‍ത്തനവും കേരളത്തില്‍ വലിയ അളവില്‍ നടക്കുന്നുണ്ടെന്ന് തീരെ നിരുത്തരവാദപരവും ഒരു കണക്കിന്റെയും പിന്‍ബലമില്ലാത്തതുമായ ആരോപണങ്ങള്‍ ഉന്നയിച്ച ശേഷം അവര്‍ അന്ന് മടങ്ങി.

Read Also  ന്യൂനപക്ഷത്തിന്റെ നിർവചനവും മാനദണ്ഡവും പുതുക്കി നിശ്ചയിക്കണമെന്നാവശ്യപ്പെട്ട് ബിജെപി നേതാവ് കോടതിയിൽ

പുതിയ വിവാദവുമായാണ് വനിതാകമ്മീഷന്‍ വീണ്ടും കേരളത്തിലെത്തിയത്. അതും ഭരണഘടന അനുശാസിക്കുന്ന മതപരമായ അനുഷ്ടാന സ്വാതന്ത്ര്യം എന്ന വളരെ ലോലമായ ഒരു പ്രശ്‌നത്തില്‍ ഇടപെട്ടുകൊണ്ട്. കുമ്പസാരപ്രക്രിയ നിരത്തലാക്കണമെന്നവര്‍ പറയുന്നുത്. കേരളത്തിലെ ക്രിസ്തീയ സമൂഹങ്ങളുടെ വികാരങ്ങളെയും പ്രവര്‍ത്തനങ്ങളെയോ എന്തിന് അവരുടെ സംസ്‌കാരത്തെയോ മനസിലാക്കിക്കൊണ്ടല്ല ദേശീയ വനിത കമ്മീഷന്‍ അദ്ധ്യക്ഷ അത്തരം ഒരു പ്രസ്താവന നടത്തിയതെന്ന് വ്യക്തം.

അതുതന്നെയാണ് ഇന്നലെ ബിജെപി നേതാവും ദേശീയ ന്യൂനപക്ഷ കമ്മീഷന്‍ ഉപാദ്ധ്യക്ഷനുമായ ജോര്‍ജ്ജ് കുര്യന്‍ ഒരു ചാനല്‍ ചര്‍ച്ചയില്‍ ചൂണ്ടിക്കാണിച്ചതും. മതപരമായ ഒരനുഷ്ടാനം നിരോധിക്കാനുള്ള ഏതൊരു നീക്കത്തെയും ന്യൂനപക്ഷ കമ്മീഷന്‍ എതിര്‍ക്കുമെന്ന് കുര്യന്‍ സംശയലേശമന്യേ വ്യക്തമാക്കി. കുമ്പസാരം പോലെയുള്ള ഒരു അനുഷ്ടാനം നിറുത്തലാക്കുന്നത് ഇന്ത്യയിലൊട്ടാകെയുള്ള ക്രൈസ്തവരുടെ മാനസിക, ആത്മീയ വ്യാപാരങ്ങളെ എത്രത്തോളും പ്രതികൂലമായി ബാധിക്കുമെന്ന് കുര്യന് തിരിച്ചറിയാന്‍ സാധിക്കും. അത്തരത്തിലുള്ള തിരിച്ചറിവാണ് പ്രാന്തവല്‍ക്കരിക്കപ്പെടുകയും ചവിട്ടിയരയ്ക്കപ്പെടുകുയും ചെയ്യപ്പെടുന്ന ഇന്ത്യയിലെ സ്ത്രീകളുടെ ക്ഷേമം നോ്ക്കാന്‍ ചുമതലയേല്‍പ്പിക്കപ്പെട്ട ഒരു കമ്മീഷനില്‍ നിന്നും ജനങ്ങള്‍ പ്രതീക്ഷിക്കുന്നത്.

ഇങ്ങനെ വളരെ വൈകാരികമായി യതൊരു ഉത്തരവദിത്ത്വവുമില്ലാത്ത തരത്തിലുള്ള പ്രസ്താവനകളിറക്കുകയും ഇടപെടുകയും ചെയ്യുന്ന പ്രവൃത്തികളല്ല ഒരു ഭരണഘടന പദവിയുള്ള സ്ഥാപനത്തില്‍ നിന്നും ജനങ്ങള്‍ പ്രതീക്ഷിക്കുന്നത്. ഇത്തരം സ്ഥാപനങ്ങളുടെ തലപ്പെത്തെത്തുന്നവര്‍ തങ്ങളുടെ രാഷ്ട്രീയ താല്‍പര്യങ്ങള്‍ അതീതമായി പ്രവര്‍ത്തിക്കാന്‍ ബാധ്യസ്ഥരാണെന്ന് രേഖ ശര്‍മ്മ തിരിച്ചറിയണം. അരികുവല്‍ക്കരിക്കപ്പെട്ടവര്‍ അനുഭവിക്കുന്ന നിയമലംഘനങ്ങള്‍ക്കും പീഢനങ്ങള്‍ക്കുമെതിരെ നടപടികള്‍ സ്വീകരിക്കുന്നതിനാണ് രാജ്യത്ത് വിവിധ കമ്മീഷനുകള്‍ക്ക് രൂപം നല്‍കിയിരിക്കുന്നത്. ഭരണഘടന അനുശാസിക്കുന്ന അവകാശങ്ങളും സംരക്ഷണവും ഇരകള്‍ക്ക് ഉറപ്പാക്കുകയാണ് ഇത്തരം കമ്മീഷനുകളുടെ ചുമതല. അല്ലാതെ സ്വന്തം രാഷ്ട്രീയ താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നതിനും മേലാളന്മാരെ തൃപ്തിപ്പെടുത്തുന്നതിനും വേണ്ടി ചില വിഭാഗങ്ങളുടെ കൈയടി നേടുന്ന പ്രസ്താവനകള്‍ പുറപ്പെടുവിക്കുന്നതല്ല.

കുമ്പസാരം: വനിത കമ്മീഷനെ തള്ളി ന്യൂനപക്ഷ കമ്മീഷന്‍

.

Spread the love

Leave a Reply