Saturday, January 29

‘കൂട്ടിലടച്ച തത്ത’ യജമാനദാസരെ കൽത്തുറുങ്കിലടയ്ക്കാൻ ശ്രമിച്ചാൽ; തത്ത കൂടുപൊളിച്ചിറങ്ങുന്നു: സഫിയ പ്രകാശിന്റെ കുറിപ്പ്

സഫിയ പ്രകാശ് 

അഗത ക്രിസ്റ്റിയുടെയോ ആർതർ കൊനൻ ഡോയിലിന്റെയോ എഡ്ഗാർ അലൻ പോയുടെയോ ത്രസിപ്പിക്കുന്ന ഡിറ്റക്റ്റീവുകളെപ്പോലെ ശിരസ്സുയർത്തിവന്ന ഒരന്വേഷണ സംഘമായിരുന്നു സി ബി ഐ. ലോകത്ത് മുൻ നിരയിൽ നിൽക്കുന്ന ഡിക്ടറ്റീവുകൾ തങ്ങൾക്കുണ്ട് എന്ന് അന്താരാഷ്ട്രവേദികളിലെ സെമിനാറുകളിലൂടെ സി ബി ഐ അവകാശപ്പെട്ടിരുന്നു. ഇതെല്ലാം ലോകം അംഗീകരിക്കുകയും ചെയ്തതാണ്. എന്നാൽ ഏറ്റവും പുതിയ സംഭവവികാസങ്ങളിലൂടെ ഈ വിശ്വാസങ്ങളെയാകെ തകിടംമറിച്ചുകൊണ്ടു സി ബി ഐ ആസ്ഥാനത്ത് വൻ യുദ്ധത്തിനു വേദിയൊരുങ്ങിയിരിക്കുകയാണ്. ജൈവബോംബുകളായിരുന്നു തുടക്കമെങ്കിൽ കടുത്ത രാസായാധുമാണ് ഏറ്റവുമൊടുവിൽ തൊടുത്ത മിസൈലുകൾ.

സ്ഥാനഭ്രഷ്ടനായ സി ബി ഐ ഡയറക്ടർ അലോക് വർമ്മ സുപ്രീം കോടതിയെ സമീപിച്ചതായാണ് ഏറ്റവുമൊടുവിൽ വന്ന വാർത്ത. ഇനി കോടതിയിലെ യുദ്ധത്തിൽ എന്തുസംഭവിക്കുമെന്നു ഒരു ത്രില്ലർ മൂവി കാണുന്നത് പോലെ കാത്തിരുന്നു കാണാം. കാരണം എതിരാളി ഒരു തികഞ്ഞ അഴിമതിക്കാരൻ എന്നതും കൗതുകമുണർത്തുന്ന വസ്തുതയാണ്.

കാൽ നൂറ്റാണ്ടായി തുടർച്ചയായി വിവാദച്ചുഴിയിൽപ്പെട്ടുകൊണ്ടിരിക്കുന്ന അന്വേഷണ ഏജൻസിയാണ് സി ബി ഐ. കഴിഞ്ഞ ആഴ്ച അതിനുള്ളിൽ നടന്ന പരസ്യയുദ്ധത്തിൽ തലപ്പത്തിരിക്കുന്ന പ്രധാനമന്ത്രി തന്നെ ഇടപെടേണ്ടി വന്നത്. അതിന്റെ അർദ്ധവിരാമമെന്നോണമാണ് അധികാരമാറ്റത്തിന് പ്രധാനമന്ത്രി ഇടപെട്ടു നിർദ്ദേശം നൽകിയത് എന്ന് അനുമാനിക്കാം. ഇന്നലെ അർദ്ധരാത്രിയിലുണ്ടായ നാടകീയനീക്കങ്ങൾക്കൊടുവിലാണ് ഡയറക്ടർ അലോക് വർമ്മയെ സ്ഥാനഭ്രഷ്ടനാക്കിയത്. പകരക്കാരനായി കൊണ്ടുവന്നത് ചിത്രത്തിലില്ലാത്ത എം നാഗേശ്വര റാവുവിനെയാണ്. പ്രധാനമന്ത്രിയുടെ വിശ്വസ്തനായ സ്‌പെഷ്യൽ ഡയറക്ടർ രാകേഷ് അസ്താനയെ അവധിയിൽ പോകാൻ നിർദ്ദേശിച്ചിട്ടുണ്ട്.

അഴിമതിക്കാരനാണെന്നറിഞ്ഞിട്ടും എന്തിനു വേണ്ടിയാണ് പ്രധാനമന്ത്രി രാകേഷ് അസ്താനയെ സ്‌പെഷ്യൽ ഡയറക്ടർ സ്ഥാനത്തേയ്ക്ക് കൊണ്ടുവന്നത്. സി ബി ഐ യെ തനിക്കു ഇഷ്ടാനുസരണം ഉപയോഗിക്കാൻ സത്യസന്ധനായ ഓഫീസർ എന്ന ഖ്യാതി പരക്കെ നേടിയ അലോക് വർമ്മയെ ഉപയോഗിക്കാൻ കഴിയില്ലെന്ന് നരേന്ദ്രമോദിയ്ക്കു നല്ല ബോധ്യമുണ്ടായിരുന്നു. ഇടപെടാൻ കഴിയുമെങ്കിലും വിധേയനായ കാര്യസ്ഥൻ എന്ന ഉവാച അടിയനല്ല വർമ്മ എന്ന് മോദി വാലകൾക്കു നന്നായറിയാം. സത്യസന്ധനായ ഓഫീസർമാർ നിർണായകമായ ഘട്ടങ്ങളിൽ ഭരണകൂടത്തിന് തലവേദന സൃഷ്ടിക്കുമെന്ന് ഗുജറാത്തിന്റെ അനുഭങ്ങൾ വെച്ച് മോദിക്കു നന്നേ ബോധ്യപ്പെട്ടിരുന്നു. സഞ്ജീവ് ഭട്ടും ആർ ബി ശ്രീകുമാറും ജാതവേദൻ നമ്പൂതിരിയുമൊക്കെ ചില്ലറ തലവേദനകളൊന്നുമല്ല ഗുജറാത്തിന്റെ തലപ്പത്തിരുന്നു ചെയ്തുകൂട്ടിയത്. മോദി ഒറ്റയൊരാളായതുകൊണ്ടാണ് അതിൽ നിന്നൊക്കെ തലയൂരി രക്ഷപ്പെട്ടതും സില്ബന്ധികളെ രക്ഷപ്പെടുത്തിയതും.

അസ്താനയുടെ നിയമനം നടന്ന ദിവസം തന്നെ സി ബി ഐ ആസ്ഥാനത്ത് പ്രശ്നങ്ങൾ മുളച്ചുപൊന്തി. ഗുജറാത്തിലെ ഹവാല കേസിൽ ഡയറിയിൽ പേരുവന്നുവെന്ന കിരീടം ചാർത്തിനിൽക്കുന്ന അസ്താനയെ വേണ്ട എന്ന നിലപാട് കടുപ്പിച്ചെങ്കിലും അലോകിനു പ്രധാനമന്ത്രിയുടെ ഉഗ്രശാസനത്തിനുമുമ്പിൽ മുട്ടുമടക്കേണ്ടി വന്നു. എങ്കിലും നിയമനടപടി നേരിട്ടുകൊണ്ടിരുന്ന പ്രധാനമന്ത്രിയുടെ വത്സലനെ രക്ഷിക്കാൻ അലോക് വർമ്മ മുൻ കൈ എടുത്തില്ല. പകരം അധികാരത്തിൽ കൈകടത്തിക്കൊണ്ടു സമാന്തര അധികാരപാത വെട്ടിത്തെളിച്ചുമുന്നേറിയ അസ്താനയെ കടിഞ്ഞാണിടാനും അലോക് മുന്നിട്ടിറങ്ങി. ഇഷ്ടക്കാരെ രക്ഷിക്കാനും ശത്രുക്കളെ കുടുക്കാനും ലക്ഷ്യമിട്ട അമിത്-മോദി സഖ്യത്തിന് ചൂട്ടുപിടിക്കാൻ ഏറാൻ മൂളിയായ സ്‌പെഷ്യൽ ഡയറക്ടർ കഠിനപ്രയത്നം നടത്തി.

Read Also  ദേശവിരുദ്ധരെ കണ്ടെത്താൻ കേന്ദ്രം സൈബർ വോളൻ്റിയർമാരെ നിയമിക്കുന്നു

മോയിൻ ഖുറേഷി എന്ന വ്യവസായിയുടെ കള്ളപ്പണം വെളുപ്പിക്കാൻ 5 കോടി രൂപ രാകേഷ് അസ്താന കൈക്കൂലി വാങ്ങിയതിനെതിരെ അലോക് വർമ്മ രംഗത്തുവന്നു. മാത്രമല്ല സ്റ്റെർലിങ് ബയോടെക് എന്ന കമ്പനിയുമായി ബന്ധപ്പെട്ട കേസിലും അയാൾ കൈക്കൂലി വാങ്ങിയെന്നാണ് ആരോപണം. ഈ പരാതികൾക്കെതിരെ സി ബി ഐ ഡയറക്ടർ നടപടികളുമായി മുന്നോട്ടു പോയതോടെയാണ് യുദ്ധം മുറുക്കിയത്. ഇഷ്ടക്കാരനെതിരെ നടപടിയെടുത്താൽ മോദി-അമിത് സഖ്യം വെറുതെയിരിക്കില്ലെന്നു അലോകിനു ഉറപ്പായിരുന്നു. അതിന്റെ മൂർത്തമായ പരിണാമമാണ് അലോകിനെ തെറിപ്പിക്കുന്നതിലേക്കു എത്തിനിൽക്കുന്നത്

മൻമോഹൻ സിംഗിന്റെ കാലത്ത് സി ബി ഐ യെ കോൺഗ്രസ്സ് ബ്യുറോ ഓഫ് ഇൻവെസ്റ്റിഗേഷൻ എന്നാണു നരേന്ദ്ര മോദി പരിഹസിച്ചത്. എന്നാൽ ഇന്ന് അത് മോദിയുടെ മനസ്സറിയുന്ന തത്തയായി മാറിയിരിക്കുന്നു. 2013 ൽ ഒരു വിധി പരാമർശിക്കുന്നതിനിടെ സുപ്രീം കോടതി സി ബി ഐ യെ ‘കൂട്ടിലടച്ച തത്ത’യെന്നു വിളിച്ചിരുന്നു. അന്ന് കൽക്കരി ഖനി പാടങ്ങളിലെ അഴിമതികളിൽ അഴിമതിക്കാരെ സംരക്ഷിക്കാനായി ഈ അന്വേഷണ ഏജൻസിയെ വ്യാപകമായി സർക്കാർ ഉപയോഗിച്ച് എന്നത് പരസ്യമായ രഹസ്യമായിരുന്നു. അതിന്റെ രോഷം കോടതിയിലൂടെയും പല തവണ പുറത്തുവന്നതാണ്.

സുപ്രീം കോടതി ചീഫ് ജസ്റ്റിസ്, സി ബി ഐ ഡയറക്ടർ തുടങ്ങിയ പദവികളിലേക്കു അങ്ങേയറ്റം കീഴ്‍വഴക്കങ്ങളും സീനിയോറിട്ടിയും പാലിച്ചുകൊണ്ട്‌ ഒരു സമിതിയുടെ സ്വതന്ത്രവും നീതിയുക്തവുമായ മാർഗ്ഗത്തിലൂടെയാണ് തെരഞ്ഞെടുക്കുന്നത്

ഏറെക്കാലമായി ഗ്ലാമറസ് അന്വേഷണ ഏജൻസിയായി പേരുകേട്ട സി ബി ഐ യുടെ പകിട്ട് മങ്ങി അസ്ഥികൾ ക്ഷയിച്ചു പക്ഷാഘാതം വന്നു ദുര്ബലമാനസരായി മാറുകയാണ്. ഇനിയൊരു മടക്കം സാധ്യമല്ലാത്തതുപോലെ.

Spread the love

Leave a Reply