Monday, October 26

മഹാരാജാസ് കോളേജിനെക്കുറിച്ച് ഒരു ചിത്രകവിത

മലയാള കവിതയിൽ ആധുനികതയുടെ സങ്കീർണ്ണ നടനം അടങ്ങിയതിനു ശേഷം വന്ന കവികളിൽ പ്രധാനപ്പെട്ടയാളാണ് എസ്.ജോസഫ്.

കവിതയുടെ രൂപഭാവങ്ങളിൽ ആധുനികർ കടുത്ത പരീക്ഷണങ്ങൾ നടത്തുകയുണ്ടായി. വൃത്തത്തിലും ചതുരത്തിലും പദ്യത്തിലും ഗദ്യത്തിലും കവിതകൾ ശിൽപ്പപ്പെട്ടു. ഈണത്തിൽ, താളത്തിൽ കൊഞ്ചിക്കുഴഞ്ഞാടാവുന്ന കവിതകൾ എഴുതിയവർ തന്നെ അലറി വിളിക്കുന്ന രീതിയിൽ കവിതകൾ ചൊല്ലി. നിലവിളി പോലെയും മോങ്ങൽ പോലെയുമുള്ള ചൊൽക്കവിതകൾ ഹരമായിക്കരുതിയവരുണ്ട്. സങ്കീർണ്ണബിംബങ്ങൾ നിറഞ്ഞ ഗദ്യകവിതകൾ ആകട്ടെ ആർക്കും മനസ്സിലായതുമില്ല. എഴുതിയ കവിക്കും മനസ്സിലായില്ല. വായനക്കാരനും മനസ്സിലായില്ല. വളരെ വില കുറച്ച് കിട്ടുന്ന പട്ടച്ചാരായമുണ്ടായിരുന്നതിനാൽ സങ്കീർണ്ണബിംബങ്ങൾ മനസ്സിലായ ചിലരും ഉണ്ടായിരുന്നു, ദോഷം പറയരുതല്ലോ.
കവിതയിലെ ഈയൊരു സങ്കീർണ്ണവൃത്തത്തിൻ്റെ വെളിയിൽ നിന്നു കൊണ്ടാണ് ജോസഫ് എഴുതിത്തുടങ്ങിയത്.

പ്രാന്തവൽക്കരിക്കപ്പെട്ടവരുടെ കവിത എന്ന കള്ളിയിലേക്ക് സവർണ്ണ ഭാവുകത്വത്തിൻ്റെ ചുമടേറ്റിയവർ ആ കവിതയെ ഒതുക്കാൻ വെമ്പൽ കൊണ്ടെങ്കിലും ജോസഫിൻ്റെ കവിത അങ്ങനെ ഒതുങ്ങിയില്ല. ഒതുക്കാൻ ആകാത്ത വിധം നിഷ്കളങ്കത ആ കവിതകൾക്കുണ്ടായിരുന്നു. പച്ച വെള്ളം പോലെ, ഉപ്പൻ്റെ കൂവൽ പോലെ ഒരു പ്രാദേശിക ശുദ്ധി ആ കവിതകളെ കനമുള്ളതാക്കി.

ചിത്രകലയെ പുണരുന്ന കവിതകൾ ജോസഫ് എഴുതി. മലയാള കവിതയിലെ നവ അനുഭവങ്ങളിലൊന്നായിരുന്നു അത്. കവിതയിൽ വർണ്ണങ്ങൾ വാരി വിതറിയില്ല ഈ കവി. എന്നാൽ ചിത്രകലയിലെ വിവിധ സങ്കേതങ്ങൾ ആ കവിതയിൽ കലർന്നു. പെയിൻ്റിംഗുകൾ കണ്ടു കണ്ടാണ് എസ്.ജോസഫ് കവിതകൾ എഴുതിയത്. ഉപ്പൻ്റെ കൂവലുകൾ വരയ്ക്കാൻ ആഞ്ഞ വേറേതൊരു കവിയുണ്ട് മലയാളത്തിൽ. വാക്കുകളിൽ വർണ്ണങ്ങൾ സൂക്ഷ്മതയോടെ കലർന്നത് കാണണമെങ്കിൽ എസ്.ജോസഫിൻ്റെ കവിതകൾ വായിക്കണം.

താൻ കാണുന്ന ചുറ്റുപാടിനെ, പരിസരത്തെ ചിത്രപ്പെടുത്തുന്നവയാണ് ജോസഫിൻ്റെ കവിതകൾ. കട്ടക്കളങ്ങളും കൈത്തോടും ഇഴഞ്ഞു പോകുന്ന ചേരപ്പാമ്പും സൂര്യൻ്റെ ആകൃതിയുള്ള പാതി മെടഞ്ഞ കുട്ടയുമൊക്കെ കവിതയിൽ വരച്ചിടപ്പെട്ടത് അതുമൂലമാണ്. കവി താൻ കുറേ വർഷങ്ങളായി വേല ചെയ്തു കൊണ്ടിരിക്കുന്ന സ്ഥാപനത്തെ ചിത്രമാക്കിയിരിക്കുന്നു ഏറ്റവും ഒടുവിൽ പ്രസിദ്ധീകരിച്ച കവിതയിൽ. ‘മഹാരാജാസ് ഒരു ചിത്രണം’ എന്ന കവിതയിൽ .
മഹാരാജാസ് കോളേജ് കേരളത്തിലെ ഏറ്റവും തലയെടുപ്പുള്ള ഉന്നത വിദ്യാഭ്യാസ സ്ഥാപനമാണ്. അവിടെ പഠിക്കുകയും പഠിപ്പിക്കുകയും ജോലി ചെയ്യുകയും ചെയ്ത / ചെയ്യുന്ന പതിനായിരങ്ങളുടെ ഉയിരാണത്. എത്രയെത്ര കഥകൾ മഹാരാജാസിനെക്കുറിച്ച് കേട്ടിരിക്കുന്നു. അനുഭവങ്ങൾ, ഓർമ്മക്കുറിപ്പുകൾ അങ്ങനെയങ്ങനെ മഹാരാജാസിനെ നെഞ്ചേറ്റിയവർ എത്രയോ പേർ.

കവി, മഹാരാജാസ് കോളേജിലെ മലയാള വിഭാഗം അധ്യക്ഷനാണ്. പണ്ഡിറ്റ് കറുപ്പൻ തൊട്ട് കെ.ജി.എസ് വരെയുള്ള കവികൾ ഇരുന്ന കസേര. സി.ആർ. ഓമനക്കുട്ടൻ എന്ന കഥാകൃത്തായ അധ്യാപകൻ മഹാരാജാസിൻ്റെ നിറപ്പകിട്ടുകൾ എഴുതി എഴുതി തളർന്നിട്ടുണ്ട്, ശോ തെറ്റി, തളിർത്തിട്ടുണ്ട്. മഹാരാജാസിൻ്റെ ചുറ്റുപാടുകളെ ജോസഫ് ഇതാ ചിത്രകവിതയാക്കിയിരിക്കുന്നു.

ചിത്രകവിതകൾ എന്ന ഒരു സങ്കേതം കവിതയിലുണ്ട്. ആ അർത്ഥത്തിലല്ല ഇവിടെ ചിത്രകവിത എന്നെഴുതുന്നത്. സങ്കേതങ്ങൾക്കപ്പുറം ആഘോഷങ്ങളില്ലാതെ മലയാള കവിതയെ നയിച്ച കവിയാണ് എസ്.ജോസഫ് എന്നതിനാൽ സങ്കേതങ്ങളെ വിട്ട് എഴുതിയതാണ്. ശാർദ്ദൂലവിക്രീഡിതം എന്ന സംസ്കൃത വൃത്തത്തിലുള്ള ശ്ലോകങ്ങളിലൂടെ മഹാരാജാസിനെ വരച്ചിട്ടിരിക്കുന്നു. പണ്ടത്തെ ശാർദ്ദൂലവിക്രീഡിതത്തിൻ്റെ കടുപടുക്കഠിന സംസ്കൃതപദങ്ങൾ ഈ കവിതയിലില്ല.എന്നാൽ ആ വൃത്തത്തിൻ്റെ താളമുണ്ട്, ലയമുണ്ട് കവിതയിൽ . നിശ്ശബ്ദമായും ഇത്തിരി ശബ്ദമെടുത്തും ഈണത്തിൽ ചൊല്ലുമ്പോൾ നല്ല രസം. മലയാള കവിതയുടെ പഴയ കാല ഊടുവഴികളിലൂടെ നടന്നു കയറിപ്പോകുന്ന പോലത്തെ ഒരു രസം.

Read Also  തിരുനിഴൽമാല, ആറന്മുള, ഒരു നാട്ടു ചരിത്ര ഗ്രന്ഥം ;

പതിവില്ലാത്ത വിധം വർണ്ണങ്ങൾ ഈ കവിതയിൽ കവി ചാലിച്ചിട്ടുണ്ട്. യൗവനങ്ങൾ പൂത്തുലയുന്ന കാമ്പസല്ലേ. നിറപ്പൊലിമ ഈ കവിതയിൽ വന്നു പോകും. എങ്കിലും അവിടെയും ചായങ്ങൾ ഏറുന്നില്ല. അതിഭാവുകത്വമോ അതിരോമാഞ്ചമോ കവി അണിയുന്നില്ല.

കവിതയെ ഇഴപിരിച്ച് അർത്ഥം പറഞ്ഞ് വ്യാഖ്യാനിക്കാൻ എന്നെ കിട്ടില്ല .ഒരു ശ്ലോകം എടുത്തു ചേർത്തുകൊണ്ട് ഈ ലഘു വിവരണം അവസാനിപ്പിക്കാം.

‘വർണങ്ങൾക്ക് കലർപ്പു
പ്രേമഭരിതം രേഖാങ്കനം
ക്രൂരതയ്ക്കുണ്ടേ കൃഷ്ണമണിത്തിളക്ക, മതിലെൻ
ഛായാപടം മുദ്രിതം
കാണാം വിസ്മയഭാവവും ദയയുമേ
സൂക്ഷ്മത്തിൽ സൂക്ഷ്മങ്ങളായ്
വെള്ളത്തേപ്പിൽ
തവിട്ടു പൊട്ടുകളതിൻ
മാറത്തമൂർത്തങ്ങളായ് ‘

ചിത്രകലയിൽ ശിക്ഷണം നേടിയ ഒരു കവിയുടെ സഫലമായ ചിത്രകവിതയാണ് ‘മഹാരാജാസ് ഒരു ചിത്രണം’ എന്നു പറഞ്ഞാൽ മതിയല്ലോ.

പിൻകുറിപ്പ് :

ഈ കവിതയുമായി ബന്ധപ്പെട്ട് കവിതാ ബാഹ്യമായ ചില വിവാദങ്ങൾ സോഷ്യൽ മീഡിയയിൽ നടക്കുന്നുവത്രേ. ഇതര കവികളൊക്കെ അതിൽ ഉൾപ്പെട്ടിട്ടുണ്ടത്രേ. കൊറോണക്കാലമായതിനാൽ കവികളും വെറുതെ വീട്ടിൽ ഇരിക്കുകയല്ലേ. വിവാദിച്ചോട്ടെ, വിവാദിച്ചോട്ടെ. വിവാദം കഴിഞ്ഞ് സമയമുണ്ടെങ്കിൽ ചങ്ങമ്പുഴ എന്ന മഹാകവി എഴുതിയ ‘സാഹിത്യകാരൻമാർ ‘ എന്ന കവിത എടുത്തു വായിക്കുക. സാഹിത്യകാരൻമാരെ ആ വർഗ്ഗത്തിൽ പെട്ട പ്രമുഖനായ ഒരാൾ തന്നെ വല്ലാതെ ‘പുകഴ്ത്തുന്ന ‘ ഇന്നും പ്രസക്തി നഷ്ടപ്പെടാത്ത ഒരു കവിതയാണത്.

Spread the love

Leave a Reply