Tuesday, May 26

‘കേൾക്കാം പുളിമരക്കൊമ്പിൽ നിന്നും കാക്ക കരഞ്ഞിടും താര നാദം’ ;  സജയ് കെ.വി.യുടെ നിരൂപണ രീതിയെക്കുറിച്ച്

കേരളത്തിലെ ഒരു മാതിരിപ്പെട്ട സാഹിത്യകാരൻമാരെല്ലാം പ്രായലിംഗജാതിമത സമുദായഭേദമെന്യേ സോദ്ദേശ്യ രചന നടത്തി അർമ്മാദിച്ചുകൊണ്ടിരിക്കുകയാണ്. ചൂണ്ടുവിരലിന്റെ രൂപത്തിൽ പോലീസിനും പോലീസിന്റെ പോലീസായ അമിത്ഷായ്ക്കും നേരെ നൽകിയ താക്കീതിനെക്കുറിച്ചൊക്കെ പല പല കവിതകൾ വന്നു കൊണ്ടേ ഇരിക്കുന്നു. വിഷയ ദാരിദ്ര്യം മൂലം എഴുതാതെ ഭാവനയെ പട്ടിണിക്കിട്ടിരുന്നവർക്കെല്ലാം പൗരത്വ ഭേദഗതി നിയമവും പൗരപട്ടികയും സമൃദ്ധമായ വിഷയം നൽകിയിരിക്കുന്നു. പാല് പിരിയുന്ന കാലം നോക്കി കഥകളും കവിതകളും പപ്പടം പരത്തുന്നതു പോലെ പരത്തി ആഴ്ച്ചപ്പതിപ്പുകളിൽ ഉണക്കാനിട്ടിരിക്കുന്നു. പുരോഗമന കലാസാഹിത്യ സംഘടനയിൽ ഇപ്പോഴും ഉറച്ചു നിൽക്കുന്ന അശോകൻ ചരുവിലൊക്കെ ഈ പ്രതിബദ്ധ സാഹിത്യം കണ്ട് അദ്ഭുതപ്പെടുന്നുണ്ടാകണം.

സിദ്ധാന്തത്തിന്റെയും പ്രതിബദ്ധതയുടെയും മർക്കടമുഷ്ടിയില്ലാത്ത സാഹിത്യ നിരൂപകനാണ് കെ.വി.സജയ്. സ്ത്രീപക്ഷ, ദളിത്പക്ഷ, പരിസ്ഥിതിപക്ഷ, സാംസ്കാരിക വിമർശകരയേ ഇക്കാലത്ത് മലയാളത്തിൽ കാണാനുള്ളൂ. സിദ്ധാന്തക്കുഴിയിൽ വീണുപോയവർക്ക് അവിടെക്കിടന്നു കൊണ്ട് എഴുതുന്നതിന് ഒരു പരിധിയും പരിമിതിയുമുണ്ട്. ജനാധിപത്യം, സമത്വം, ബഹുസ്വരം എന്നൊക്കെ മുട്ടിനു മുട്ടിന് പറയുമെങ്കിലും അന്യ സ്വരങ്ങളെ കേൾക്കാനോ ഉൾക്കൊള്ളാനോ ഉള്ള സഹിഷ്ണുത ഇവർക്ക് കുറയും. നവ സിദ്ധാന്തങ്ങൾ എല്ലാം ജനിച്ചത് അന്യദേശത്താണ്. അവയെ ഇവിടേക്കു കുടിയിറക്കിയിരിക്കുകയാണ്. പകുതിയും കാൽ ഭാഗവും ഒക്കെ മനസ്സിലാക്കിയ സിദ്ധാന്തങ്ങളിലേക്ക് പാവം മലയാള കവിതയെയും കഥയെയും നോവലിനെയുമൊക്കെ ഇറക്കിവെച്ച് എഴുതിപ്പിടിപ്പിക്കുമ്പോഴേക്കും വിമർശകൻ ഉദ്ദേശിച്ചതെന്താണെന്ന് കവിക്കു പോലും മനസ്സിലാകില്ല. കവി ഉദ്ദേശിച്ചതിനെക്കുറിച്ചെഴുതുന്ന വിമർശകരുടെ ഭാഷാശൈലിയൊക്കെ അത്രകണ്ട് വികലവും വിരൂപവും ഭീതിജനകവുമായിരിക്കും.

കെ.വി. സജയ് എഴുതുന്നത് മനുഷ്യന് മനസ്സിലാകും. മലയാളത്തിലെ കവിതകൾ ഒട്ടുമിക്കതും പല പാടു വായിച്ചുൾക്കൊണ്ടതിനു ശേഷമാണ് ഈ ഇംഗ്ലീഷ് അധ്യാപകൻ നിരൂപണത്തിനിറങ്ങിയിരിക്കുന്നത്. ആ ഒരു ശക്തി സജയ്യുടെ എഴുത്തിന് നൽകുന്ന ചന്തം ചെറുതല്ല.

‘കാക്കത്തൊള്ളായിരം ‘ എന്ന പേരിൽ സജയ് എഴുതിയ ലേഖനവും അസ്സലായിട്ടുണ്ട്. ‘കാകൻ പറന്നുപുനരന്നങ്ങൾ പോയ വഴി ‘ എന്ന് എഴുത്തച്ഛൻ ഹരിനാമകീർത്തനത്തിൽ എഴുതി. ‘കാക്കയും അരയന്നവും’ കഥ മഹാഭാരതത്തിൽ കർണ്ണപർവ്വത്തിൽ ശല്യർ പറയുന്നതാണ്. കർണ്ണനാണ് കാക്ക എന്നാരംഭിക്കുന്ന ലേഖനം മലയാള കവിതയിലെ കാക്കപ്പറക്കലിന്റെ അവർണ്ണചരിത്രം കോറിയിടുന്നു. ‘ഞാൻ ഒരു കാക്കയാണ് എന്ന് സ്വയം പരിചയപ്പെടുത്തിയ കവിക്കാണ് നമ്മുടെ ഭാഷയുടെ പിതൃത്വം എന്നത് എത്ര അഭിമാനകരം!’

എഴുത്തച്ഛൻ തൊട്ട് കെ.എ. ജയശീലൻ വരെ കാക്കയെ കവിതയിൽ എങ്ങനെ ആവിഷ്കരിച്ചു എന്ന് എഴുതിവരവേ തന്നെ ആകർഷകങ്ങളായ പല നിരീക്ഷണങ്ങളും സജയ് നടത്തുന്നുണ്ട്. വൈദ്യുതിക്കമ്പിയിൽ ചേക്കേറിയ കാക്കകളെ വൈകുന്നേരത്തെ അരണ്ട വെളിച്ചത്തിൽ നോക്കിയാൽ ഇരട്ടവരയിട്ട പകർത്തെഴുത്തുപുസ്തകത്തിൽ ഏതോ കുട്ടി ,’കാക്ക, കാക്ക’ എന്നെഴുതിപ്പഠിച്ചതു പോലെ കാണപ്പെടും എന്നൊക്കെ എഴുതിയത് വായിക്കാൻ എന്ത് രസം. ഉള്ളുണർത്തുന്ന എഴുത്താണ് സജയ് നടത്തുന്നത്.

മലയാളത്തിലെ സമകാല നിരൂപണത്തിലെ താര നാദമാണത്. കാക്കയുടെ കരച്ചിലല്ലത് കുയിൽ നാദമാണ് എന്നെഴുതിയതു കൊണ്ട് കാക്കയ്ക്കോ സജയിനോ കുഴപ്പമൊന്നും സംഭവിക്കില്ല. ഒരു കാക്കയും കൊത്തിക്കൊണ്ടു പോകില്ല.

Read Also  തോരാനിടയില്ലാത്ത മഴ എങ്ങനെ തോർന്നു? എസ് കലേഷിന്റെ പുതിയ കവിതയെപ്പറ്റി കെ രാജേഷ്‌കുമാർ-കവണി

വാൽ– കാക്ക എന്ന വാക്ക് ഇപ്പോൾ വലിയ പ്രശ്നമായിരിക്കുകയാണ്.കാക്കാൻ അഥവാ കാക്കാലൻ എന്നു വിളിപ്പേരുള്ള ഒരു ജാതി സമൂഹം ഇവിടുണ്ട് എന്നുള്ള കാര്യം സകലരും മറന്നു പോയെന്നു തോന്നുന്നു. അവരെ കേന്ദ്രമാക്കി ഒരു കലാരൂപവും ഉണ്ടായിരുന്നു. കാക്കാരശ്ശി നാടകം. കാക്കാരശി നാടകത്തിലെ നായക കഥാപാത്രങ്ങളായ കാക്കാനും കാക്കാത്തിമാരും കറുത്ത ചായം വാരിതേച്ചാണ് വരുന്നത്. കാക്കക്കറുപ്പ് കൊണ്ടാകാം കാക്കാൻ എന്ന് കാക്കാനെ വിളിച്ചത്. എന്നാൽ വെളിച്ചത്തിന്റെ പക്ഷി കൂടിയാണ് കാക്ക എന്നോർക്കുക. ‘കൂരിരുട്ടിന്റെ കിടാത്തിയെന്നാൽ ! സൂര്യപ്രകാശത്തിന്നുറ്റ തോഴി ‘

പ്രതിപക്ഷം ഫേസ്‌ബുക്ക് പേജ്

പ്രതിപക്ഷം വാട്ട്സാപ്പിൽ

3 Comments

Leave a Reply

Your email address will not be published.